“ഞാനൊരു വ്യാവസായിക ഡിസൈനര്‍, ആശയങ്ങള്‍ക്കും പ്രേരണകള്‍ക്കുമായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നു. ഇന്റര്‍നെറ്റില്‍ നിന്നു സ്വരൂപിക്കുന്ന വിജ്ഞാനത്തിന്റെ വെളിച്ചത്തില്‍ നൂതനമായ രൂപകല്‍പ്പനകള്‍ നടത്തുന്നതിലൂടെയാണു് ഞാന്‍ എന്റെ വരുമാനത്തിന്റെ മുഖ്യപങ്കും കണ്ടെത്തുന്നതു്. എന്റെ അനുവാദമില്ലാതെ തന്നെ എന്റെ ഒട്ടേറെ രൂപരേഖകളും കലാസൃഷ്ടികളും ഫോട്ടോഗ്രാഫുകളും കടല്‍കൊള്ളയ്ക്കും പങ്കുവയ്ക്കലിനും വില്‍പ്പനയ്ക്കും വിധേയമായിട്ടുണ്ടു്. എനിക്കു വരുമാനനഷ്ടമുണ്ടായിട്ടുണ്ടാവാം, പക്ഷെ പുതിയ കാര്യങ്ങള്‍ പഠിക്കുവാനും ആത്മാവിഷ്കാരത്തിനുമുള്ള അവകാശം നിഷേധിക്കപ്പെടുന്നതിലും അഭികാമ്യം, കടല്ക്കൊള്ളക്കാരിലേക്കു് പണംചോരുന്നതാവും. സെന്‍സര്‍ഷിപ്പിനെ അപേക്ഷിച്ച് ഞാന്‍ കടല്‍ക്കൊള്ളയെ സ്വാഗതം ചെയ്യുന്നു.”
യുഎസ് ഭരണകൂടം പരിഗണിച്ച രണ്ടുബില്ലുകള്ക്കെതിരെ ഇന്റര്‍നെറ്റില്‍ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഇമറാത്തില് നിന്നു് ഒരു ബ്ലോഗര്‍ ഗൂഗിള്‍ പ്ലസ് എന്ന സോഷ്യല്‍ നെറ്റ്വര്ക്കില് എഴുതിയ പ്രതിഷേധക്കുറിപ്പിന്റെ സ്വതന്ത്രപരിഭാഷയാണിതു്. കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഭാഷാമുദ്രണം ആസ്കിയില് കുരുങ്ങിക്കിടന്നിരുന്ന കാലത്തു്, യൂണിക്കോഡ് വ്യാപനം പ്രോത്സാഹിപ്പിക്കാനായി മലയാളം ബൈബിള്‍ പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്തു് യൂണിക്കോഡില്‍ ലഭ്യമായ ആദ്യ മലയാളഗ്രന്ഥമാക്കി മാറ്റിയ നിഷാദ് ഹുസൈന് കൈപ്പള്ളിയാണു്, ഈ ബ്ലോഗര്‍.

തന്റെമേല്‍ സെന്‍സര്‍ഷിപ്പിന്റെ കത്രികപ്പൂട്ടുവീഴുന്നതിനേക്കാള് തന്റെ സൃഷ്ടികള്‍ കൊള്ളയടിയ്ക്കപ്പെടുന്നതിനെ സ്വാഗതം ചെയ്യുന്നു എന്നു് ഇദ്ദേഹം പറയുന്നതു് ചക്രം വീണ്ടുംവീണ്ടും കണ്ടുപിടിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കാനാണു്. മനുഷ്യനു് സഹായകമായ ഒരു കണ്ടെത്തല്‍, രൂപരേഖ ഇതൊക്കെ പങ്കുവയ്ക്കപ്പെടുന്നതു് ബൌദ്ധികാദ്ധ്വാനത്തെ ലഘൂകരിക്കും. തന്റെ അദ്ധ്വാനത്തിന്റെ ഫലം മറ്റുള്ളവര്‍ ഭുജിക്കുംപോലെ തനിക്കും മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെ പങ്കുപറ്റാനാവും. ഇങ്ങനെ അദ്ധ്വാനഭാരം വികേന്ദ്രീകരിക്കപ്പെടും. സ്വന്തമായി ഒന്നും ചെയ്യാത്ത ചില പരാന്നഭോജികള്‍ ഇതില്‍നിന്നു് അനര്‍ഹമായ ലാഭം നേടും എന്നതുകൊണ്ടുമാത്രം കൂടുതല്‍ മെച്ചപ്പെട്ട സൃഷ്ടികള്‍ക്കു് വഴിതുറക്കാവുന്ന ആശയങ്ങളുടെ പകര്പ്പെടുക്കലിനെ കോര്‍പ്പറേറ്റ് ലാഭക്കൊതിയുടെ ദുഷ്ടലാക്കിനു് വിട്ടുകൊടുക്കേണ്ടതില്ല. മറ്റാരെങ്കിലും കണ്ടെത്തിയതോ വികസിപ്പിച്ചതോ ആയ ആശയത്തിന്റെ ഗുണഫലമനുഭവിക്കാത്ത ആരുമില്ലെന്നിരിക്കെ തന്റെ അദ്ധ്വാനത്തിന്റെ പങ്കുപറ്റുന്നതില്നിന്നും മറ്റാരെയും തടയേണ്ടതുണ്ടെന്നും തോന്നുന്നില്ല.
“അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം തുടങ്ങിയ ‘നല്ല മുദ്രാവാക്യങ്ങളുടെ’ ആകര്‍ഷണത്തിലല്ല, മലയാളം പോര്‍ട്ടലുകള്‍ ഈ സമരത്തില്‍ പങ്കെടുത്തതു്. തീര്‍ച്ചയായും അവയൊക്കെ പ്രസക്തമാണു്. പക്ഷെ ഈ പോര്‍ട്ടലുകളുടെ നടത്തിപ്പുകാരെ സംബന്ധിച്ചിടത്തോളം ഇതു് അവരുടെ ബിസിനസ്സാണു്. വ്യക്തിസ്വാതന്ത്ര്യത്തെക്കാള്‍ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെ ബാധിക്കുന്ന പ്രശ്നമെന്നനിലയിലാണു് അവര്‍ ഇതില്‍ ഇടപെടുന്നതു്. “
നിഷാദിന്റെ വാചകങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്ന ഒരുവാക്കുണ്ടു് – കടല്‍ക്കൊള്ള. ഡിജിറ്റല്‍ ആയി ലഭ്യമായ ഏതൊരു വസ്തുവും പങ്കുവയ്ക്കുന്നതിനെ മോശമായി ചിത്രീകരിക്കാന്‍ കുത്തകമുതലാളിത്തം കണ്ടെത്തിയ ചീത്തപ്പേരാണു് പൈറസിഅഥവാ കടല്‍ക്കൊള്ള. നിസ്സഹായരായ കപ്പലുകളെ നടുക്കടലില്‍ വളഞ്ഞുപിടിച്ച് സ്വത്തുകൊള്ളയടിക്കുകയും നാവികരെ മീനിനെറിഞ്ഞുകൊടുക്കുകയും ശേഷം കപ്പലിനു തീയിടുകയും ചെയ്യുന്ന പൈറേറ്റുകള്‍ അഥവാ കടല്ക്കൊള്ളക്കാരോടാണു്, ഇഷ്ടപ്പെട്ട പാട്ടും ചിത്രവും പുസ്തകവും പങ്കുവയ്ക്കുന്നവരെ ഉപമിച്ചിരിക്കുന്നതു്.
എന്നുമുതലാണു് പങ്കുവയ്ക്കല്‍ കടല്ക്കൊള്ളയായതെന്നു് ആലോചിക്കേണ്ടതുണ്ടു്. ഗോത്രകാലംമുതല്ക്കേ, ഉപകരണങ്ങളും ആയുധങ്ങളും വേട്ടയിറച്ചിയും പോലെയുള്ള ഭൌതികവസ്തുക്കളും പാട്ടും വരയും നൃത്തവും അടക്കമുള്ള കലാവിഷ്കാരങ്ങളും പങ്കുവച്ചും പകര്ന്നുകൊടുത്തുമാണു് മനുഷ്യന് ഇക്കാണായ സാംസ്കാരികസാമ്പത്തികവളര്ച്ചയൊക്കെ നേടിയെടുത്തതു്.
സത്സ്വഭാവമായി ഗണിക്കേണ്ടിയിരുന്ന ഈ പ്രവൃത്തി ഇന്നു കുറ്റകൃത്യമാണു്. ഇതു് ഒരു നല്ല ശീലമാണെന്നു പറയുന്നവരെ പോലും ബുദ്ധിസ്ഥിരതയില്ലാത്തവരെന്നോണമാണു് ഇന്നു സമൂഹം കാണുന്നതു്. ഈ ഒരു കോണ്ടെക്സ്റ്റില് നിന്നുകൊണ്ടാണു്, ഇന്നു് ലോകരാഷ്ട്രങ്ങളില്‍ പകര്‍പ്പവകാശ നിയമങ്ങളിലും മറ്റും വരുന്ന പുതുക്കലുകളെ കാണേണ്ടതു്. (ചേര്‍ത്തുവായിക്കാന്‍: Why I am a pirate?)

2011 ഒക്റ്റോബറില്‍ അഞ്ചു ചെറുപ്പക്കാര്‍ ചേര്‍ന്നു രൂപീകരിച്ച ഫൈറ്റ് ഫോര്‍ ദ ഫ്യൂച്ചര്‍ എന്ന സംഘടനയാണു് യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സ്റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്റ്റ് (SOPA), യുഎസ് സെനറ്റ് പരിഗണിച്ച പ്രൊട്ടക്റ്റ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ആക്റ്റ് (PIPA) എന്നീ നിയമങ്ങള്‍ക്കെതിരെ ബോധവത്കരണവും സമരവും തുടങ്ങുന്നതു്. നവംബര്‍ 16നു് ആദ്യ ‘ആക്ഷന്‍ ഡേ’ ആയി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു, അവരുടെ തുടക്കം. ആ പ്രതിഷേധമാണു് 2012 ജനുവരി 18നു് ഏഴായിരത്തോളം വെബ്സൈറ്റുകള്‍ പങ്കെടുത്ത ഇന്റര്‍നെറ്റ് ബ്ലാക്ഔട്ട് ആയി മാറിയതു്.
റെഡ്ഡിറ്റ് എന്ന സോഷ്യല്‍ ന്യൂസ് വെബ്സൈറ്റ് ആണു് ജനുവരി 18നു് ബ്ലാക്ഔട്ട് പ്രഖ്യാപിച്ചതെങ്കിലും തൊട്ടുപിന്നാലെ ഫയര്‍ഫോക്സ് ബ്രൌസറിന്റെ നിര്‍മ്മാതാക്കളായ മൊസില്ല ഫൌണ്ടേഷന്, വിക്കിപ്പീഡിയയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൌണ്ടേഷന്, ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫൌണ്ടേഷന്, ഫ്രീ സോഫ്റ്റ്വെയര് ഫൌണ്ടേഷന്, ക്രിയേറ്റീവ് കോമണ്‍സ് തുടങ്ങിയ സംഘടനകളും ബ്ലോഗിങ് പ്ലാറ്റ്ഫോമായ ടംബ്ലറും ഇംഗ്ലീഷിലെ പ്രമുഖ അധോഭാഷാനിഘണ്ടുവായ അര്‍ബന്‍ ഡിക്ഷനറിയും ഹാക്കേഴ്സ് നെറ്റ്വര്ക്സായ 4ചാനും അനോണിമസും, സെന്റര്‍ ഫോര്‍ ഡെമോക്രസി ആന്‍ഡ് ടെക്നോളജി പോലെയുള്ള നിരവധി എന്‍ജിഒകളും ഒക്കെ സമരത്തില്‍ പങ്കുചേരുന്നതായി അറിയിക്കുകയായിരുന്നു.
ഇക്കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള ഏതാനും വെബ്സൈറ്റുകളും അന്നേദിവസം അപ്ഡേറ്റിങ് നിര്‍ത്തിവച്ചും ഹോംപേജില്‍ ബ്ലാക്ഔട്ട് സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചും സമരത്തിനൊപ്പം അണിനിരന്നു. ഈ ലേഖകന്‍ എഡിറ്റര്‍ ആയ മലയാളരാജ്യം എന്ന വാര്‍ത്താവലോകന പോര്‍ട്ടല്‍ സമരത്തില്‍ പങ്കാളിയായിരുന്നു. കൂടാതെ നാലാമിടം എന്ന മാഗസിനൈസ്ഡ് ഡെയ്ലി, മറുനാടന്‍ മലയാളി, ഡൂള്ന്യൂസ്തുടങ്ങിയ വാര്‍ത്താപോര്‍ട്ടലുകള്‍, കുറുപ്പന്തറ, കടുത്തുരുത്തി ന്യൂസ് തുടങ്ങിയ പ്രാദേശിക വെബ്സൈറ്റുകള്‍, m3db എന്ന മലയാളം ചലച്ചിത്രങ്ങളുടെയും ഗാനങ്ങളുടെയും ഡേറ്റാബേസ് സൈറ്റ്, ജാലകം ബ്ലോഗ് അഗ്രിഗേറ്ററും മറ്റും നടത്തുന്ന സൈബര്‍ജാലകം എന്ന ടെക്നോളജി പോര്‍ട്ടല്‍ എന്നീ മലയാളം സൈറ്റുകളും ബ്ലാക്ഔട്ടില് പങ്കുചേര്‍ന്നു. മലയാളത്തിലെ ആദ്യ പ്രാദേശിക വാര്‍ത്താ സൈറ്റ് എന്നവകാശപ്പെടുന്ന കാസര്‍ഗോഡ് വാര്‍ത്ത ഹോംപേജില്‍ സമരത്തെ അനുകൂലിക്കുന്ന ബാനര്‍ പ്രദര്‍ശിപ്പിച്ചും രംഗത്തെത്തി. #piracy over #censorship, #privacy over #surveillance, എന്നതായിരുന്നു ഈ സമരത്തിന്റെ പ്രധാന മുദ്രാവാക്യം.
കടലില്പെയ്യുന്ന മഴയ്ക്കു് കരയില്‍ കുടചൂടേണ്ടതുണ്ടോ? യുഎസിലെ നിയമങ്ങള്‍ക്കെതിരെ എന്തിനാണു് മലയാളം വെബ്സൈറ്റുകളും പണിമുടക്കുന്നതു്? കാതലായ ചോദ്യം. ഇതിനു് ഉത്തരം പലതാണു്.
- ഈ നിയമങ്ങള്‍ യുഎസ് ഫെഡറല്‍ ജൂറിസ്ഡിക്ഷനു പുറത്തു് സെര്‍വറും മറ്റും സ്ഥാപിച്ചു പ്രവര്‍ത്തിക്കുന്ന, മറ്റു രാജ്യങ്ങളില്‍ നിന്നു് നിയന്ത്രിക്കപ്പെടുന്ന വെബ്സൈറ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ യുഎസ് ഭരണകൂടത്തെ അനുവദിക്കുന്ന നിയമമാണു്. യുഎസില്‍ സെര്‍വര്‍ സ്ഥാപിച്ചിട്ടുള്ള വെബ്സൈറ്റുകള്‍ക്കെതിരെ ഡിജിറ്റല്‍ മില്ലേനിയം കോപ്പിറൈറ്റ് ആക്റ്റ് (DMCA) എന്ന കരിനിയമം ഉപയോഗിക്കാന്‍ അവര്‍ക്കാവും.
- നിയമത്തിലെ പല വ്യവസ്ഥകളും ഏതു വെബ്സൈറ്റിനെതിരെയും എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയുംവിധം വ്യാഖ്യാനങ്ങള്‍ക്കു് സാധുതയുള്ളതാണു്. ഇതിലെ വ്യവസ്ഥകള്‍ പാലിച്ച് ഒരു സൈറ്റ് പ്രവര്‍ത്തിക്കുന്നതു്, വന്‍മുതല്‍മുടക്കും വളരെ വലിയ മനുഷ്യവിഭവശേഷിയും ദുഷ്കരമായ സാങ്കേതികപിന്തുണയും ആവശ്യപ്പെടുന്ന കാര്യമാണു്. അതു് ഇന്റര്‍നെറ്റിനെ തകര്‍ക്കാന്‍ ഇടയാക്കും.
- ക്രൌഡ് സോഴ്സിങ്ങിന്റെ ഈ കാലത്തു് യൂസര്‍ ജനറേറ്റഡ് കണ്ടന്റിന്റെ ഉത്തരവാദിത്വം കൂടി സര്‍വീസ് പ്രൊവൈഡറുടെ / വെബ്സൈറ്റിന്റെ ചുമലിലേക്കു് മാറ്റുന്നതു് ആരോ ചെയ്ത കൊലപാതകത്തിന്റെ ശിക്ഷ ഗോവര്‍ദ്ധന്റെ കഴുത്തിലെ കുരുക്കായി മാറ്റുന്നതിനു സമമാണു്. ഇതു് ക്രൌഡ് സോഴ്സിങ് എന്ന മാര്‍ഗ്ഗത്തെ അടയ്ക്കുമെന്നു മാത്രമല്ല, സിറ്റിസണ്‍ ജേണലിസത്തെ തന്നെ ഇല്ലാതാക്കും. മുല്ലപ്പൂവിപ്ലവവും ഒക്കുപ്പൈ മൂവ്മെന്റും പോലെയുള്ള സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ ഉപയോഗിക്കുന്ന പ്രക്ഷോഭങ്ങള്‍ ഇനിയങ്ങോട്ടു നടക്കില്ലെന്നുവരും. അഥവാ, പ്രക്ഷോഭങ്ങള്‍ക്കു് സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാന്‍ സ്വന്തം നിലനില്പ്പുനോക്കുന്ന സോഷ്യല്‍ മീഡിയ കമ്പനികള്‍ സമ്മതിക്കാത്ത സ്ഥിതിയുണ്ടാവും.
- ഇന്റര്‍നെറ്റ് ഇന്ഫ്രാസ്റ്റ്രക്ച്ചറിന്റെ സിംഹഭാഗവും യുഎസ് കേന്ദ്രിതമാണു്. സെര്‍വറുകളില്‍ ബഹുഭൂരിപക്ഷത്തിന്റെ ഫിസിക്കല്‍ ലൊക്കേഷന്‍ യുഎസിലാണു്. ഏറ്റവുമധികം ഉപയോക്താക്കളുള്ള ഇമെയ്ല് സര്‍വീസ്, സേര്‍ച്ച് എഞ്ചിന്, ബ്ലോഗിങ് പ്ലാറ്റ്ഫോം, സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സേവനദാതാക്കള്‍ യുഎസ് കമ്പനികളാണു്. എന്തിനേറെ, ഇന്റര്‍നെറ്റിനെ നിയന്ത്രിക്കുന്ന ICANN, ഇന്റര്‍നെറ്റ് സാങ്കേതികമാനകങ്ങള് നിശ്ചയിക്കുന്ന W3C തുടങ്ങിയ സംഘടനകളും യുഎസിലാണുള്ളതു്. ഇക്കാരണത്താല്‍ ഇന്റര്‍നെറ്റിനെ നിയന്ത്രിക്കാന്‍ യുഎസ് നിശ്ചയിച്ചാല്‍ ലോകത്തിനു വഴങ്ങുകയേ നിവൃത്തിയുള്ളൂ.
- യുഎസ് പാസാക്കുന്ന ഒരു നിയമം അവിടെ മാത്രമായി ഒതുങ്ങിനില്‍ക്കില്ല. തങ്ങളുടെ നയതന്ത്രകാര്യാലയങ്ങളുപയോഗപ്പെടുത്തി ഇതരരാഷ്ട്രങ്ങളെക്കൊണ്ടു് സമാനമായ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ അവര്‍ ശ്രദ്ധവയ്ക്കുന്നു. സ്പാനിഷ് പാര്‍ലമെന്റിലവതരിപ്പിച്ച ഓണ്‍ലൈന്‍ പൈറസി ബില്ലില്‍ (സിന്‍ഡെ ലോ) തുടര്നടപടികളുണ്ടാവാത്തത് പ്രതികാരനടപടികളെ വിളിച്ചുവരുത്തുമെന്നു ഭീഷണിപ്പെടുത്തി മാഡ്രിഡിലെ യുഎസ് അംബാസിഡര്‍ സ്പാനിഷ് പ്രധാനമന്ത്രിയ്ക്കു് അയച്ച കത്തു് “എല്‍ പെയ്സ്” എന്ന സ്പാനിഷ് ദിനപ്പത്രം പുറത്തുകൊണ്ടുവന്നിരുന്നു. പ്രധാനമന്ത്രി ഹോസെ ലൂയിസ് റോഡ്രിഗസ് സപതെറോ, സാംസ്കാരികമന്ത്രിയും ബില്ലിന്റെ അവതാരകനുമായ ഏഞ്ചലസ് ഗോണ്‍സാലെസ് സിന്‍ഡെ എന്നിവര്‍ക്കായിരുന്നു യുഎസ് അംബാസിഡര്‍ അലന് സോളൊമണ്ട് ഭീഷണിക്കത്തയച്ചതു്. യുഎസ് പോലും പരിഗണനയില്‍ വച്ചിരിക്കുന്ന ഒരു നിയമം നടപ്പാക്കാത്തതിന്റെ പേരിലാണു് മറ്റൊരു പരമാധികാര രാഷ്ട്രത്തെ മുള്മുനയില്നിര്ത്താന് കേവലം ഒരു നയതന്ത്രപ്രതിനിധി തയ്യാറാവുന്നതു്. സ്പെയിനില്‍ വലിയ രാഷ്ട്രീയകോളിളക്കമാണു്, ഈ സംഭവം സൃഷ്ടിച്ചതെന്നു് ഗാര്ഡിയന് പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
- സദാ, ഉപയോക്താവിന്റെ ഇന്റര്‍നെറ്റ് കാല്പ്പാടുകളെ പിന്തുടരാന് ക്രൌഡ് സോഴ്സിങ് ഉപയോഗപ്പെടുത്തുന്ന സൈറ്റുകളെ പ്രേരിപ്പിക്കുന്നതു് ഓര്‍വേലിയന്‍ സര്‍വൈലന്‍സ് സ്റ്റേറ്റിന്റെ സ്വഭാവമാണു്.
- ഇന്‍ഫ്രിഞ്ച്മെന്റ് നടത്തിയ ഒരു ഫയലെങ്കിലും ഒരു സൈറ്റിലുള്ളതായോ ചാത്തനുരുപ്പടികള് (counterfeit goods) വിറ്റഴിക്കാന്‍ സഹായകമായ നിലയില്‍ അത്തരം സൈറ്റുകളിലേക്കു ലിങ്കുസൂക്ഷിക്കുന്നതായോ കണ്ടുപിടിച്ചാല്‍ സൈറ്റ് ഉടമയുടെ ഭാഗം കേള്‍ക്കാതെ തന്നെ സൈറ്റ് ഡൌണ്‍ ചെയ്യാനും ഡിഎന്‍എസ് ബ്ലോക്ക് ചെയ്യാനും കോടതിക്കു് ഉത്തരവിടാം. ഇതിനെതിരെ അപ്പീല്‍ കൊടുക്കാന്‍ കേവലം അഞ്ചുദിവസം മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഇതു് സ്വാഭാവികനീതിയുടെ നിഷേധമാണു്.
ഇങ്ങനെ ഒട്ടേറെ കാരണങ്ങള്‍ ഇനിയും പറയാനുണ്ടാകും.
അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം തുടങ്ങിയ ‘നല്ല മുദ്രാവാക്യങ്ങളുടെ’ ആകര്‍ഷണത്തിലല്ല, മലയാളം പോര്‍ട്ടലുകള്‍ ഈ സമരത്തില്‍ പങ്കെടുത്തതു്. തീര്‍ച്ചയായും അവയൊക്കെ പ്രസക്തമാണു്. പക്ഷെ ഈ പോര്‍ട്ടലുകളുടെ നടത്തിപ്പുകാരെ സംബന്ധിച്ചിടത്തോളം ഇതു് അവരുടെ ബിസിനസ്സാണു്. വ്യക്തിസ്വാതന്ത്ര്യത്തെക്കാള്‍ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെ ബാധിക്കുന്ന പ്രശ്നമെന്നനിലയിലാണു് അവര്‍ ഇതില്‍ ഇടപെടുന്നതു്. ദിവസവും ഒട്ടേറെ സ്റ്റോറികള്‍ പോസ്റ്റ് ചെയ്യപ്പെടുന്ന, ഒട്ടേറെ കമന്റുകള്‍ ലഭിക്കുന്ന, ഒട്ടധികം പേരെഴുതുന്ന, ഒട്ടേറെ ലിങ്കുകള്‍ ഷെയര്‍ ചെയ്യപ്പെടുന്ന ഏതൊരു വെബ്സൈറ്റിലും ഉള്ളടക്കത്തിലോ കമന്റിലോ നിന്നു് ഒരു പകര്പ്പവകാശലംഘനമെങ്കിലും കണ്ടെത്തുക അത്ര പ്രയാസമല്ല.
മറ്റൊരാള്‍ക്കു പകര്‍പ്പവകാശമുള്ള ഒരു ചിത്രമെങ്കിലും ഉപയോഗിച്ചുപോയാല് എന്നുവേണ്ട, പകര്‍പ്പവകാശലംഘനം നടത്തിയ ഫയലിലേക്കോ വെബ്സൈറ്റിലേക്കോ ലിങ്കെങ്കിലും സൂക്ഷിച്ചാല്‍,അതിന്റെ പേരില്‍ ഇത്രനാളത്തെ അദ്ധ്വാനവും മുതല്‍മുടക്കും വെള്ളത്തിലാവുമെന്നും സ്വത്തുപിടിച്ചെടുക്കപ്പെടുമെന്നും യുഎസിലേക്കു് നാടുകടത്തപ്പെടുമെന്നും അഞ്ചുവര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കാമെന്നതും അടക്കമുള്ള സാധ്യതകള്‍ ഈ നിയമം തുറന്നിടുന്നുണ്ടു്. ഇതു് സെലക്റ്റീവ് ആയി മാത്രമേ ഉപയോഗിക്കാന്‍ സാധ്യതയുള്ളുവെന്നതു് വേറെകാര്യം. പക്ഷെ സെലക്റ്റീവായി ഉപയോഗിക്കാന്‍ കഴിയും എന്നിടത്തുതന്നെയാണു്, ഇതിന്റെ അപകടവും. യുഎസ് തന്നെ അത്തരമൊരു നിയമനിര്‍മ്മാണത്തിനു തുടക്കംകുറിക്കുമ്പോള്‍ ഇന്ത്യ പിന്നിട്ടുനില്ക്കുമെന്നു തോന്നുന്നുണ്ടോ? സാങ്കേതികവിദ്യയെക്കുറിച്ചു് ഒന്നുമറിയാത്ത ന്യായാധിപരും കാലംപുരോഗമിച്ചതറിയാതെ എഴുതിയുണ്ടാക്കിയ പഴയതും പുതിയതുമായ നിയമങ്ങളും പൌരന്റെമേല് സ്റ്റേറ്റിന്റെ പിടി കൂടുതല്‍കൂടുതല്‍ മുറുക്കുകയാണു്.

ഈ നിയമത്തിന്റെ അപഹാസ്യതയറിയണമെങ്കില് കോണ്‍ഗ്രസില്‍ ഈ ബില്‍ അവതരിപ്പിച്ച ലാമര്‍ സ്മിത്തിനു നേരിടേണ്ടിവന്ന വിമര്‍ശം കൂടി അറിയണം. അദ്ദേഹത്തിന്റെ ഔദ്യോഗിക ക്യാമ്പെയ്ന് സൈറ്റിന്റെ ബാക്ഗ്രൌണ്ട് ആയി ഉപയോഗിച്ചിരുന്ന ചിത്രംക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം ആട്രിബ്യൂഷന്‍ നല്കി സൌജന്യമായി ഉപയോഗിക്കാമായിരുന്ന ഒന്നാണു്. oxherder എന്ന ഉപയോക്താവു് ഫ്ലിക്കര്‍ എന്ന ഫോട്ടോഷെയറിങ് സൈറ്റില്‍ പ്രസിദ്ധീകരിച്ച Mist Lifting off Cedars എന്ന ചിത്രമാണു് പകര്പ്പുപേക്ഷാവ്യവസ്ഥ (copyleft condition) ലംഘിച്ചു് ആട്രിബ്യൂഷന്‍ നല്‍കാതെ ലാമാര്‍ സ്മിത്ത് തന്റെ വെബ്സൈറ്റിന്റെ പിന്നണിച്ചിത്രമാക്കിയതു്. സ്വയംപാലിക്കാത്ത ഒരു കാര്യത്തെ കടുത്തകുറ്റകൃത്യമാക്കി ബില്‍ ഒരുക്കിയ സ്മിത്തിന്റെ ഈ പ്രവൃത്തിദോഷം യുഎസില്‍ സോഷ്യല്‍മീഡിയയിലൂടെ വന്ചര്ച്ചാവിഷയമായി.

അതവിടെ നില്ക്കട്ടെ. ഇത്രയും വായിച്ചതില്‍ നിന്നു് ഒരുപക്ഷെ വായനക്കാര്‍ക്കു ലഭിച്ച ചിത്രം, ‘മോഷണമുതല്‍’ സംരക്ഷിക്കാനുള്ള അവകാശത്തിനുവേണ്ടിയാവും, ഈ പോരാട്ടം എന്നാവും. മറ്റൊരാളെടുത്ത ചിത്രം, മറ്റൊരാള്‍ പാടിയ പാട്ട്, മറ്റൊരാളെടുത്ത സിനിമ, ഇതൊക്കെ സൂക്ഷിച്ചതിന്റെ പേരില്‍ ഞങ്ങള്‍ക്കെതിരെ എന്തിനു നടപടിയെടുക്കണം എന്നല്ല വെബ്പോര്ട്ടലുകള് ചോദിക്കുന്നതു്. മറിച്ചു് ഹോളിവുഡ് സ്റ്റുഡിയോകളും മ്യൂസിക് ലേബലുകളും അടങ്ങുന്ന വമ്പന്‍ ലോബിയുടെ ഉത്പന്നങ്ങള്‍ മാത്രം എക്കാലത്തും വിറ്റഴിക്കപ്പെടാനും ഈ വിപണി ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനികള്‍ പിടിച്ചെടുക്കാതിരിക്കാനുമുള്ള കുതന്ത്രങ്ങളാണു് ബില്ലിനു പിന്നില്‍. അക്കാര്യം വ്യക്തമാക്കാന്‍ രണ്ടു് അനുഭവങ്ങള്‍ കൂടി പങ്കുവയ്ക്കാം.
ആദ്യ ഉദാഹരണം കാലിഫോര്‍ണിയ ആസ്ഥാനമായ ഇന്റര്‍നെറ്റ് ടെലിവിഷന്‍ കമ്പനി വിയോ(Veoh)യുടേതാണു്. നവംബര്‍ 2004ല്‍ മധുവിധുവാഘോഷവേളയിലാണു് ദ്മിത്രി ഷാപിറോയ്ക്കു് ആര്‍ക്കും ഇന്റര്‍നെറ്റിലൂടെ വീഡിയോ ബ്രോഡ്കാസ്റ്റ് ചെയ്യാനുള്ള സൌകര്യം ഒരുക്കിയാല്‍ നന്നായിരിക്കും എന്നൊരാശയം മനസ്സിലുദിക്കുന്നതു്. ബ്രോഡ്ബാന്‍ഡ്, വിലകുറഞ്ഞ വീഡിയോ ക്യാമറകള്‍ എന്നിവ വ്യാപകമായതും ഡെസ്ക്ടോപ്പുകള്‍ വാങ്ങുന്നവര്‍ക്കു് ബണ്ടില്‍ഡ് ആയി ലഭിക്കുന്ന പ്രോഗ്രാമുകളില്‍ വീഡിയോ എഡിറ്റിങ് സോഫ്റ്റ്വെയറും ഉള്പ്പെട്ടുതുടങ്ങിയതും ആ കാലത്താണു്. വീഡിയോയിലൂടെ ‘ഫ്രീ സ്പീച്ച്’ പ്രോത്സാഹിപ്പിക്കാനുള്ള സേവനം ലോഞ്ച് ചെയ്യാന്‍ പറ്റിയ സമയം. Akonix Systems എന്ന നാലുവര്‍ഷമായ തന്റെ കമ്പനിയുടെ നേതൃത്വത്തില്‍ ഇതിനുള്ള ശ്രമം, തിരികെവന്നയുടന്‍ ദ്മിത്രി ആരംഭിച്ചു (ദ്മിത്രി തന്നെ ഈ കഥ ഇവിടെ പറയുന്നുണ്ടു്).
ഇന്റര്‍നെറ്റിലൂടെ ആരും അമച്വര്‍ വീഡിയോ കാണാനിടയില്ലെന്നായിരുന്നു, ആദ്യമാദ്യം ഫണ്ടിങ്ങിനു സമീപിച്ച വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളുടെ വാദം. ഒടുവില്‍ നീണ്ട എട്ടുമാസങ്ങളെടുത്തു, ദ്മിത്രിക്കു് കമ്പനിയുടെ പ്രവര്‍ത്തനത്തിലുള്ള ആദ്യഗഡു കണ്ടെത്താന്‍. ഓഗസ്റ്റ് 2005ല്‍ 2.5 മില്യന്‍ ഡോളറിന്റെ ഫൈനാന്‍സിങ് കമ്പനിക്കു ലഭ്യമായി. ആ വര്‍ഷം സെപ്റ്റംബറില്‍ കമ്പനിയുടെ ആദ്യ പ്രോഡക്റ്റ് മാര്‍ക്കറ്റിലെത്തുമ്പോള്‍ യൂട്യൂബ് ലോഞ്ച് ചെയ്തിട്ടു് മൂന്നുമാസങ്ങളായിരുന്നു. അതിനകം തന്നെ യൂട്യൂബ് വമ്പന്‍ ഹിറ്റാവുകയും ചെയ്തു. എങ്കിലും സ്വന്തമായി ഒരു മാര്‍ക്കറ്റ് പ്രസന്‍സ് ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഷെല്‍റ്റര്‍ ക്യാപിറ്റല്‍ പാര്‍ട്നേഴ്സിന്റെ ആര്‍ട് ബില്ജര്, ടംബ്ലറിന്റെയും ട്വിറ്ററിന്റെയും ഇന്‍വെസ്റ്റേഴ്സില്‍ പ്രധാനികളായ സ്പാര്ക് ക്യാപിറ്റല്‍, ലോകത്തെ ഏറ്റവും വലിയ മീഡിയ കമ്പനിയായ ടൈം വാര്‍ണര്‍, ഡിസ്നിയുടെ മുന്‍ സിഇഒ മൈക്കല്‍ എയ്സ്നര്, വയാകോമിന്റെ മുന്‍ സിഇഒമാരായ ജോണ്‍ ഡോല്ജന്, ടോം ഫ്രെസ്റ്റണ്‍, പണവ്യാപാരസ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ്, ഫോട്ടോഷോപ്പ് നിര്‍മ്മാതാക്കളായ അഡോബി കോര്പ്പറേഷന്, മൈക്രോചിപ്പ് കമ്പനിയായ ഇന്റല്‍ കോര്പ്പറേഷന് തുടങ്ങിയ വന്‍കിടക്കാന്‍ തന്നെ അതിനോടകം വിയോ എന്ന ഈ പുതിയ കമ്പനിയില്‍ പണമിറക്കിക്കഴിഞ്ഞിരുന്നു.
ഇന്‍വെസ്റ്റേഴ്സിന്റെ കൂടെ സഹായത്തോടെ എബിസി, സിബിഎസ്, ടര്‍ണര്‍ തുടങ്ങിയ ബ്രോഡ്കാസ്റ്റിങ് കമ്പനികളുമായി വിയോ പങ്കാളിത്തക്കരാറുകളിലേര്പ്പെട്ടു. ഹോളിവുഡ് സ്റ്റുഡിയോകളുടെ സംഘടനായ മോഷന്‍ പിക്ചേഴ്സ് അസോസിയേഷന് ഓഫ് അമേരിക്ക (MPAA) പോലെയുള്ള വ്യാവസായികസംഘങ്ങളുടെ നിര്‍ദ്ദേശാനുസരണം മികച്ച ഓഡിയോ ഫില്‍റ്ററിങ് ടെക്നോളജി അടക്കം വികസിപ്പിച്ചാണു്, ഇവര്‍ ഉള്ളടക്കത്തിന്റെ നിയമസാധുത ഉറപ്പാക്കിയതും ദുരുപയോഗസാധ്യത തടഞ്ഞതും. യൂട്യൂബ് യൂസര്‍ ജനറേറ്റഡ് കണ്ടന്റില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ആ സമയത്തു് സിബിഎസ്, എബിസി, വാര്‍ണര്‍ ബ്രോസ്, എംടിവി നെറ്റ്വര്‍ക്ക്സ്, ഇഎസ്പിഎന്‍, ഫിയര്നെറ്റ്, ബില്‍ബോര്‍ഡ്, ഫോര്‍ഡ് മോഡല്‍സ്, യുഎസ് വീക്ക്ലി, ടിവി ഗൈഡ് തുടങ്ങിയ മീഡിയ കമ്പനികളുടെ മുഴുനീള പ്രോഗ്രാമുകളും ടെലിവിഷന്‍ ഷോകളുടെ എല്ലാ എപ്പിസോഡുകളും മുഴുനീളചലച്ചിത്രങ്ങളും അടക്കം വിയോ ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കി.

അഡോബി ഫ്ളാഷ് ഉപയോഗിച്ചു് സൈറ്റില്‍ തന്നെ സ്ട്രീം ചെയ്യുന്ന വിധത്തിലും വിയോടിവി എന്ന പേരില്‍ ആദ്യവും വിയോ വെബ് പ്ലേയര്‍ എന്ന പേരില്‍ പിന്നീടും ലഭ്യമായ അവരുടെ സോഫ്റ്റ്വെയര് ആപ്ലിക്കേഷനുപയോഗിച്ചു കാണാനാവുന്ന വിധത്തിലും രണ്ടുതരം കണ്ടന്റാണു് വിയോ ലഭ്യമാക്കിയതു്. പിയര്‍ ടു പിയര്‍ (P2P) നെറ്റ്വര്‍ക്ക് ഉപയോഗിച്ചാണു് വിയോ വെബ് പ്ലേയര്‍ പ്രവര്‍ത്തിക്കുന്നതു്. ഇതുവഴി വളരെ നീളമേറിയ വീഡിയോകള്‍ കുറഞ്ഞ ബാന്‍ഡ് വിഡ്ത്തില്‍ വിജയകരമായി ഉപയോക്താക്കളുടെ പിസിയില്‍ എത്തിക്കാനാവും. P2P നെറ്റ്വര്ക്കുകളെയാണു്, മ്യൂസിക് ലേബലുകള്‍ ഏറ്റവും എതിര്‍ക്കുന്നതു് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അവ ഡിആര്‍എം ടെക്നോളജിയെ മറികടക്കാന്‍ ഉപയോഗിക്കുന്നു എന്നാണു് അവരുടെ വാദം.
കുപ്രസിദ്ധമായ DMCA പ്രകാരം “ഡിജിറ്റല്‍ റൈറ്റ്സ് മാനേജ്മെന്റ്” എന്നു് കോപ്പിറൈറ്റ് വ്യവസായികള്‍ നമ്മെ തെറ്റിദ്ധരിപ്പിക്കുന്ന DRM ടെക്നോളജിയെ മറികടക്കാന്‍ സഹായിക്കുന്ന ഏതു സാങ്കേതികവിദ്യയും (അത്തരം ആവശ്യത്തിനു് ഉപയോഗിച്ചില്ലെങ്കില്‍ പോലും) പകര്‍പ്പവകാശലംഘനത്തെ സഹായിക്കുന്നതാണു്. നോക്കണേ, കളി! ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം അവന്റെ കൈവശമുള്ള, അവന് പണംകൊടുത്തുവാങ്ങിയ, ഒരു ഡിജിറ്റല്‍ ഉത്പന്നം എന്തുചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശം പരിമിതപ്പെടുത്തുന്ന പരിപാടിയെ ഡിജിറ്റല്‍ റൈറ്റ്സ് മാനേജ്മെന്റ് എന്നാണു പോലും വിശേഷിപ്പിക്കേണ്ടതു്. ഒരുവന് വിലകൊടുത്തുവാങ്ങിയ സിഡിയിലെ പാട്ടു് എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്കോ യുഎസ്ബി ഡ്രൈവോ പോലെയുള്ള മറ്റു സ്റ്റോറേജ് ഡിവൈസുകളിലേക്കു മാറ്റുന്നതിനെപ്പോലും ഡിആര്‍എം സാങ്കേതികവിദ്യ തടയുന്നു. ഇവിടെ ആരുടെ റൈറ്റ്സ് ആണു് ഈ സാങ്കേതികവിദ്യ മാനേജ് ചെയ്യുന്നതു്? ഇതു ശരിക്കും “ഡിജിറ്റല്‍ റെസ്ട്രിക്ഷന്‍സ് മാനേജ്മെന്റ്” എന്നല്ലേ വിളിക്കപ്പെടേണ്ടതു്?
ഏതായാലും 2006 ജൂണ്‍ 23നു് വിയോയ്ക്കെതിരെ അശ്ലീലചിത്ര നിര്‍മ്മാതാക്കളായ IO ഗ്രൂപ്പ് വടക്കന്‍ കാലിഫോര്‍ണിയയിലെ ജില്ലാക്കോടതിയില്‍ പകര്‍പ്പവകാശലംഘനം ആരോപിച്ചു് കേസ് ഫയല്‍ ചെയ്തു. തങ്ങളുടെ പത്തോളം ചിത്രങ്ങള്‍ ആറു സെക്കന്‍ഡ് മുതല്‍ 40 മിനിറ്റ് വരെയുള്ള ദൈര്‍ഘ്യങ്ങളില്‍ വിയോയില്‍ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടു് എന്നായിരുന്നു, ഇവരുടെ അവകാശവാദം. ഡിഎംസിഎ പ്രകാരം വിയോയ്ക്കു് നോട്ടീസ് നല്‍കാതെയായിരുന്നു, ഐഒയുടെ നീക്കം. എന്നാല്‍ നിയമത്തിലെ “സുരക്ഷിതതുറമുഖ ആനുകൂല്യം” (safe harbour provision) അത്തവണ വിയോയ്ക്കു് സഹായകമായി.
സുരക്ഷിതതുറമുഖ ആനുകൂല്യം രക്ഷയാകണമെങ്കില് മൂന്നു വ്യവസ്ഥകള്‍ കൂടിയുണ്ടു്. ഒന്നു്, കമ്പനി സേവനദാതാവാകണം (service provider) (അതായതു്, യൂട്യൂബിനു കിട്ടും. പക്ഷെ യൂട്യൂബിലെ ഉള്ളടക്കം സ്ട്രീം ചെയ്യുന്ന മറ്റൊരു സൈറ്റിനു് കിട്ടില്ല). രണ്ടു്, സേവനദാതാവിന്റെ സിഎംഎസില്‍ തന്നെ സ്ഥിരം പകര്‍പ്പവകാശലംഘനം നടത്തുന്ന യൂസര്‍ അക്കൌണ്ടുകള്‍ കണ്ടെത്താനും അക്കാര്യം അവരെ അറിയിക്കാനും അക്കൌണ്ടുകള്‍ നിര്‍ത്തലാക്കാനുമുള്ള നയം നടപ്പാക്കിയിരിക്കണം. മൂന്നു്, പകര്‍പ്പവകാശം ഉള്ളവര്‍ തങ്ങളുടെ അവകാശം ലംഘിച്ചു് അപ്ലോഡ് ചെയ്യപ്പെട്ട ഫയലുകള്‍ കണ്ടെത്താനുപയോഗിക്കുന്ന സാങ്കേതിക നടപടികളില്‍ ഇടപെടാതിരിക്കുകയും അനുവദിക്കുകയും ചെയ്യണം. ഈ കേസില്‍ ഇക്കാര്യങ്ങളെല്ലാം വയോ നിവര്ത്തിക്കുന്നുണ്ടായിരുന്നു. തന്നെയുമല്ല, ഈ കേസ് വരുന്ന സമയത്തുതന്നെ, തങ്ങളുടെ നെറ്റ്വര്ക്കില് അഡല്‍റ്റ് കണ്ടന്റ് അനുവദിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയും അത്തരം വീഡിയോകള്‍ കോപ്പിറൈറ്റ് ഇന്‍ഫ്രിഞ്ച്മെന്റ് ഇല്ലെങ്കില്‍ പോലും നീക്കം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
“ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം അവന്റെ കൈവശമുള്ള, അവന് പണംകൊടുത്തുവാങ്ങിയ, ഒരു ഡിജിറ്റല്‍ ഉത്പന്നം എന്തുചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശം പരിമിതപ്പെടുത്തുന്ന പരിപാടിയെ ഡിജിറ്റല്‍ റൈറ്റ്സ് മാനേജ്മെന്റ് എന്നാണു പോലും വിശേഷിപ്പിക്കേണ്ടതു്. ഒരുവന് വിലകൊടുത്തുവാങ്ങിയ സിഡിയിലെ പാട്ടു് എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്കോ യുഎസ്ബി ഡ്രൈവോ പോലെയുള്ള മറ്റു സ്റ്റോറേജ് ഡിവൈസുകളിലേക്കു മാറ്റുന്നതിനെപ്പോലും ഡിആര്‍എം സാങ്കേതികവിദ്യ തടയുന്നു. ഇവിടെ ആരുടെ റൈറ്റ്സ് ആണു് ഈ സാങ്കേതികവിദ്യ മാനേജ് ചെയ്യുന്നതു്? ഇതു ശരിക്കും “ഡിജിറ്റല്‍ റെസ്ട്രിക്ഷന്‍സ് മാനേജ്മെന്റ്” എന്നല്ലേ വിളിക്കപ്പെടേണ്ടതു്?”
വിയോയുടെ യൂസര്‍ പോളിസി പ്രകാരം പകര്‍പ്പവകാശലംഘനം നടത്തി ഒരു വീഡിയോയും ഒരാളും തങ്ങളുടെ സിസ്റ്റത്തിലേക്കു് അപ്ലോഡ് ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്തതായി കണ്ടെത്തുന്നപക്ഷം ഉടനെ തന്നെ ഉപയോക്താവിനെ വിവരമറിയിക്കുകയും ആ വീഡിയോ നീക്കം ചെയ്യുകയും ചെയ്യും. അതേ വീഡിയോയുടെ മറ്റുപകര്പ്പുകള് ഇല്ലെന്നുറപ്പുവരുത്താനും, അവ വീണ്ടും വന്നാല്‍ അപ്പോള്‍ തന്നെ കണ്ടെത്താനും വേണ്ട സാങ്കേതികസൌകര്യവും വിയോ ഒരുക്കിയിരുന്നു. രണ്ടാംതവണയും പകര്‍പ്പവകാശലംഘനം നടത്തുന്ന യൂസറുടെ അക്കൌണ്ട് ടെര്‍മിനേറ്റ് ചെയ്യാനും അയാളുടെ കണ്ടന്റ് അപ്പാടെ ഡിലീറ്റ് ചെയ്യാനും വിയോ നടപടി സ്വീകരിച്ചിരുന്നു. തന്നെയുമല്ല, ടെര്‍മിനേറ്റ് ചെയ്യപ്പെട്ട അക്കൌണ്ട് തുടങ്ങുന്ന സമയത്തു് നല്‍കിയിരുന്ന ഇമെയ്ല് ഐഡി ഉപയോഗിച്ചു് പുതിയ അക്കൌണ്ട് തുറക്കുന്നതും തടയപ്പെട്ടിരുന്നു. പകര്‍പ്പവകാശലംഘനം നടത്തിയ 1,096 യൂസര്‍ അക്കൌണ്ടുകള്‍ അതിനകം വിയോ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇവയൊക്കെ കണക്കിലെടുത്താണു് വിയോയ്ക്കു് ഈ ആനുകൂല്യം ലഭ്യമായതു്.
എന്നാല്‍ ഇതിനെതിരെ ഐഒ നിരത്തിയ വാദമുഖങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണു്. സോപ്പയ്ക്കെതിരായ ഇന്റര്‍നെറ്റ് ബ്ലാക്ഔട്ട് നടന്നതിന്റെ പിറ്റേദിവസം മെഗാഅപ്ലോഡ് ഡോട്ട് കോം എന്ന സൈറ്റിനെ അടച്ചുപൂട്ടാന്‍ എഫ്ബിഐ ഉപയോഗപ്പെടുത്തിയതു് ഐഒ ഉയര്‍ത്തിയ തരത്തിലുള്ള തടസ്സവാദങ്ങായിരുന്നു. വിയോയുടെ കേസില്‍ കോടതി തടസ്സവാദങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും മെഗാഅപ്ലോഡിനെതിരെ അവ ഉപയോഗിക്കാനായി. പറയുവാനുള്ള രണ്ടാമത്തെ ഉദാഹരണം മെഗാഅപ്ലോഡിനെ സംബന്ധിച്ചായതിനാല്‍ അക്കാര്യവും വിസ്തരിക്കേണ്ടതുണ്ടു്.
ഒരു യൂസര്‍ അക്കൌണ്ട് ടെര്‍മിനേറ്റ് ചെയ്യപ്പെട്ടാലും മറ്റൊരു ഇമെയ്ല് ഐഡി ഉപയോഗിച്ചു് അതേവ്യക്തിക്കു് വീണ്ടും അക്കൌണ്ട് തുറക്കാന്‍ സാധിക്കുമെന്നും അതുതടയാന്‍ വിയോ ഒന്നും ചെയ്തില്ലെന്നുമായിരുന്നു ഐഒയുടെ ഒരു വാദം. ഉപയോക്താക്കളെ അവരുടെ ശരിയായ പേരും ഐപി അഡ്രസും ഉപയോഗിച്ചാവണം ട്രാക്ക് ചെയ്യേണ്ടതെന്നും ഇമെയ്ല് ഐഡി പോരെന്നും അവര്‍ വാദിച്ചു. (ഐഎസ്പികള്‍ ഡൈനാമിക് ഐപി അസൈന്‍ ചെയ്യുന്ന കാലത്തോളം ഐപി ഉപയോഗിച്ചു യൂസര്‍ അക്കൌണ്ട് ട്രാക് ചെയ്യുന്ന പദ്ധതി വിജയമാവില്ല എന്നതു വേറെ കാര്യം.) എന്നാല്‍ പകര്‍പ്പവകാശലംഘനത്തിന് അക്കൌണ്ട് തടയപ്പെട്ട ഉപയോക്താവു് വീണ്ടും പുതിയ ഇമെയ്ല് ഐഡി ഉപയോഗിച്ചു് അക്കൌണ്ട് തുടങ്ങി പകര്‍പ്പവകാശലംഘനം തുടര്‍ന്ന ഒരു കെയ്സ് പോലും ഉദാഹരിക്കാന്‍ ഐഒയ്ക്ക് കഴിയാതെ പോയതു് കോടതി കണക്കിലെടുത്തു.
രണ്ടാമത്തെ മറുവാദം വീഡിയോ സൂക്ഷിക്കാനുപയോഗിക്കുന്ന ഫോര്‍മാറ്റിനെ ചൊല്ലിയായിരുന്നു. വീഡിയോ പിടിക്കാന്‍ അസംഖ്യം ഫോര്മാറ്റുകളുണ്ടായിരിക്കെ വെബില്‍ ലഭ്യമായ വീഡിയോയുടെ ഫോര്‍മാറ്റ് ഏകീകരിക്കാന്‍ വിയോയുടെ സംവിധാനത്തിലേക്കു് അപ്ലോഡ് ചെയ്യുന്ന എല്ലാ വീഡിയോയും ഓട്ടോമാറ്റിക്കായി ഫ്ളാഷ് ഫോര്മാറ്റിലേക്കു് മാറ്റിയിരുന്നു. ഉപയോക്താക്കള്‍ പകര്‍പ്പവകാശലംഘനം നടത്തി അപ്ലോഡ് ചെയ്യുന്ന ഫയലുകളും ഇങ്ങനെ കണ്‍വേര്‍ട്ട് ചെയ്യപ്പെടുന്നുണ്ടു്. അതുവഴി പകര്പ്പവകാശലംഘനത്തില് വിയോയും പങ്കുചേരുന്നു എന്നായിരുന്നു വാദം. പകര്‍പ്പവകാശലംഘനം നടത്തിയ വീഡിയോ സ്റ്റോര്‍ ചെയ്യുന്നതിനു മാത്രമേ ഡിഎംസിഎയുടെ സേഫ് ഹാര്‍ബര്‍ പ്രൊവിഷന്‍ പ്രകാരമുള്ള പ്രൊട്ടക്ഷന്‍ ലഭ്യമാവൂ എന്നും എന്നാല്‍ സ്റ്റോറേജ് എന്നതില്‍ നിന്നുമാറി കണ്ടന്റ് ഡിസ്ട്രിബ്യൂഷന്റെ ആവശ്യത്തിലേക്കായി അവ ഒരു ഫോര്മാറ്റിലേക്കു് കണ്‍വേര്‍ട്ട് ചെയ്യുന്നതോടെ ഈ ആനുകൂല്യം നഷ്ടമാകുമെന്നും അവര്‍ വാദിച്ചു. ഡിഎംസിഎയുടെ ഒരു വകുപ്പിന്റെ ഇടുങ്ങിയ വ്യാഖ്യാനം അനുസരിച്ചു് ഇതു് ഐഒയ്ക്ക് അനുകൂലമാകേണ്ടതായിരുന്നു. എന്നാല്‍ അതേ വകുപ്പിന്റെ അല്‍പ്പം ബ്രോഡര്‍ ആയ ഡെഫനിഷനാണു് കോടതി സ്വീകരിച്ചതു്. ഇതനുസരിച്ചു് യൂസര്‍ ജനറേറ്റഡ് കണ്ടന്റിന്റെ മേല്‍ നടക്കുന്ന ഓട്ടോമേറ്റഡ് ആയ “ഗേറ്റ്വേ ഫങ്ഷനുകള്‍” സുരക്ഷിതതുറമുഖ ആനുകൂല്യത്തിനു തടസ്സമാകാന്‍ പാടില്ലെന്ന നിലപാടിലേക്കു് കോടതി വന്നു.
വിയോയ്ക്കെതിരെ കോപ്പിറൈറ്റ് ഇന്‍ഫ്രിഞ്ച്മെന്റ്, കോണ്‍ട്രിബ്യൂട്ടറി കോപ്പിറൈറ്റ് ഇന്‍ഫ്രിഞ്ച്മെന്റ്, വൈക്കേറിയസ് കോപ്പിറൈറ്റ് ഇന്‍ഫ്രിഞ്ച്മെന്റ് എന്നിങ്ങനെ മൂന്നു കൌണ്ടുകളിലായിരുന്നു, ഐഒ കേസ് നല്കിയിരുന്നതു്. ഇവയില്‍ പൊതുനിയമത്തില്‍ വരുന്ന വൈക്കേറിയസ് ലയബിലിറ്റി അഥവാ ബദല്‍ ബാധ്യത എന്ന ഉത്തരവാദിത്വത്തിന്റെ പുറത്തു് സുരക്ഷിതതുറമുഖ ആനുകൂല്യം നിഷേധിക്കാന്‍ ഡിഎംസിഎയില് വ്യവസ്ഥയുണ്ടു്. ഉപയോക്താവു് നടത്തുന്ന പകര്‍പ്പവകാശലംഘനം തടയാന്‍ സേവനദാതാവ് എന്ന നിലയില്‍ അവകാശവും കെല്‍പ്പും ഉണ്ടായിട്ടും ഇന്ഫ്രിഞ്ചിങ് ആക്റ്റിവിറ്റിയിലൂടെ സാമ്പത്തികമെച്ചം ലഭിക്കുന്നുണ്ടെങ്കിലാണു് സംരക്ഷണം നഷ്ടമാവുക. മെഗാഅപ്ലോഡിനെതിരെ ഈ നൂലാമാലയാണു്, എഫ്ബിഐ ഉപയോഗപ്പെടുത്തിയതു്. എന്നാല്‍ വിയോയുടെ കേസിലാവട്ടെ, അപ്ലോഡ് ചെയ്യുന്ന ഓരോ വീഡിയോയും പകര്‍പ്പവകാശലംഘനം നടത്തിയതാണോ എന്നു കണ്ടെത്താനുള്ള പരിശോധന നടത്തുക സാധ്യമല്ലെന്നും ഐഒയ്ക്കുപോലും പകര്‍പ്പവകാശലംഘനം തെളിയിക്കാന്‍ ഹാജരാക്കിയിരുന്ന തങ്ങളുടെ ടൈറ്റിലുകളുടെ പട്ടികയില്‍ നിന്നു് വിചാരണയ്ക്കിടയില്‍ ഒരു ടൈറ്റില്‍ മാറ്റുകയും മൂന്നു ടൈറ്റില്‍ പുതുതായി ചേര്‍ക്കുകയും ചെയ്യേണ്ടതായി വന്നുവെന്നും ചൂണ്ടിക്കാട്ടി, അതിനുള്ള കെല്‍പ്പില്ല എന്നു കണ്ടെത്തിയാണു് കോടതി നിയമനടപടി അവസാനിപ്പിച്ചതു്.
എന്നാല്‍ ഈ കേസ് ടെസ്റ്റ് ഡോസ് മാത്രമായിരുന്നു. വിയോ ശരിക്കും പ്രതിസന്ധിയിലായതു്, ലോകത്തിലെ ഏറ്റവും വലിയ മ്യൂസിക് ബ്രാന്‍ഡായ യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പ് റെക്കോര്‍ഡിങ്സ്, ഇന്‍കോര്‍പ്പറേറ്റഡ് (UMG) കാലിഫോര്‍ണിയ ജില്ലാ കോടതിയില്‍ 2007 സെപ്റ്റംബര്‍ 4നു് കേസ് ഫയല്‍ ചെയ്തതോടെയാണു്. ഡിഎംസിഎ പ്രകാരം യുഎംജിയുടെ പകര്‍പ്പവകാശം ലംഘിച്ച ഒരു ഫയല്‍ പോലും ചൂണ്ടിക്കാട്ടി ടേക്ഡൌണ് നോട്ടീസ് നല്കാന് അവര്‍ തയ്യാറായില്ല. ഇന്ഫ്രിഞ്ചിങ് കണ്ടന്റിനു പകരം Veoh എന്ന സ്ഥാപനം തന്നെ അടച്ചുപൂട്ടുക എന്നതായിരുന്നു, അവരുടെ ലക്ഷ്യം. അതിനു കാരണമാകട്ടെ, എന്റര്‍ടെയിന്‍മെന്റ് ഇന്ഡുസ്ട്രിയിലെ യുഎംജിയുടെ അപ്രമാദിത്വത്തിനു് മങ്ങലേല്‍ക്കുന്നതും.
ദശലക്ഷക്കണക്കിനു ഡോളര്‍ ചെലവുവന്ന ഈ നിയമപോരാട്ടം കമ്പനിയുടെ പ്രവര്‍ത്തനശേഷിയെ, മത്സരക്ഷമതയെ ഒക്കെത്തന്നെ ബാധിച്ചു. കമ്പനി എക്സിക്യൂട്ടീവ്സിന്റെ സമയമത്രയും നിയമപോരാട്ടത്തിനായി മാറ്റിവയ്ക്കേണ്ടിവന്നതും കമ്പനി അടച്ചുപൂട്ടേണ്ടിവന്നേക്കും എന്ന തോന്നല്‍ ശക്തമായതും ജീവനക്കാര്‍ക്കു കമ്പനിയിലുള്ള വിശ്വാസത്തെയും ആത്മബോധത്തെയും തകര്‍ത്തു. കമ്പനിയുടെ സാമ്പത്തികസ്രോതസ് അടഞ്ഞുവെന്നു് ഉറപ്പാക്കാന്‍ യുഎംജി, വിയോയുടെ ഇന്‍വെസ്റ്റര്‍മാരായ മൈക്കല്‍ എയ്സനര്, ആര്‍ട്ട് ബില്ജര്, സ്പാര്ക് ക്യാപിറ്റല്‍ എന്നിവര്‍ക്കെതിരെയും വ്യക്തിപരമായി പകര്‍പ്പവകാശലംഘനം ആരോപിച്ചു കേസ് ഫയല്‍ ചെയ്തു. കോടതി ഈ കേസ് എടുത്തു കൊട്ടയിലിട്ടെങ്കിലും യുഎംജി വീണ്ടും അപ്പീലിനു പോയി. ഈ നീക്കം കമ്പനിയുടെ പണവരവിനെ തടസ്സപ്പെടുത്തുകയും നിയമഭീഷണിക്കു മുമ്പില്‍ മുതല്‍മുടക്കിനു് പുതിയ ആളുകള്‍ തയ്യാറാവാതെവരികയും ചെയ്തു. ഇതോടെ ജീവനക്കാരെ വെട്ടിക്കുറയ്ക്കാതെ രക്ഷയില്ലെന്നായി. 120 ജീവനക്കാര്‍ വരെയുണ്ടായിരുന്ന കമ്പനിയില്‍ ഒടുക്കം 20 പേര് മാത്രമായി.
രണ്ടുവര്‍ഷത്തിനു ശേഷം സെപ്റ്റംബര്‍ 2009നു് കോടതി വിയോയ്ക്കു് അനുകൂലമായി വിധിച്ചു. എന്നാല്‍ ഇട്ടുമൂടാന്‍ പണമുള്ള യുഎംജിയാകട്ടെ, തെല്ലും കൂസാതെ അപ്പീല്‍ കൊടുത്തു. അപ്പീല്‍ നിലനില്‍ക്കെ ഫിനാന്‍സിങ് വീണ്ടും തടസ്സപ്പെട്ടു. ഒരു സമയത്തു് 130 മില്യന്‍ ഡോളര്‍ മൂല്യം കല്‍പ്പിച്ചിരുന്ന കമ്പനി, അതില്‍ ജീവിതമര്പ്പിച്ചിരുന്ന 120 ജീവനക്കാരും അവരുടെ കുടുംബങ്ങളും, വിവിധ ഇന്‍വെസ്റ്റര്‍മാര്‍ ഭരമേല്‍പ്പിച്ചിരുന്ന 70 മില്യന്‍ ഡോളര്‍ മുടക്കമുതല്, ദ്മിത്രിയുടെ ജീവിതത്തിന്റെ നല്ലകാലം, ഇതൊക്കെ യുഎംജിയുടെ ഈ പോരാട്ടത്തിനു മുന്നില്‍ അടിയറവയ്ക്കേണ്ടിവന്നു. ആദ്യവിധി വരുന്നതിനു രണ്ടുമാസം മുമ്പു് 2009 ജൂലായില്‍ അദ്ദേഹത്തിന്റെ പിതാവു് മകന്റെ സാമീപ്യമോ ശുശ്രൂഷയോ വേണ്ടുംവണ്ണം അനുഭവിക്കാന്‍ കൂടി കഴിയാതെ അസുഖബാധിതനായി മരണമടഞ്ഞു. കേസിന്റെ ഭാരം മൂലം ദ്മിത്രിയുടെ കുടുംബജീവിതം താറുമാറായി. 2009ല്‍ വിവാഹമോചനത്തിലേക്കു് അതുചെന്നെത്തി. നിവൃത്തികെട്ടു് ദ്മിത്രി ഷാപിറോയ്ക്ക് 2010 ഏപ്രില്‍ ആയപ്പോഴേക്കും കമ്പനി വിറ്റൊഴിയേണ്ടിവന്നു. ക്യുലിപ്സോ എന്ന ഇസ്രായേലിയന്‍ സ്റ്റാര്‍ട്ട് അപ്പ് ആണു് പെടാവിലയ്ക്കു് വിയോയെ വാങ്ങിയതു്. ഇങ്ങനെ ആ സ്വപ്നം നശിച്ചു നാറാണക്കല്ലുപിടിച്ചതിനു ശേഷം ഇക്കഴിഞ്ഞമാസം (2011 ഡിസംബര്‍) ഫെഡറല്‍ അപ്പീല്‍ കോടതി ഒരിക്കല്‍ കൂടി വിയോയ്ക്കു് അനുകൂലമായി വിധി പറഞ്ഞു.
അതായതു്, കോപ്പിറൈറ്റ് ഇന്ഡുസ്ട്രിയെ സംബന്ധിച്ചിടത്തോളം ഡിഎംസിഎ മുത്താണു്. എന്നാല്‍ അവര്‍ക്കത്രയും പോര. സോപ്പായും പിപ്പായും ഉപയോഗിച്ചു് ഇന്നവേഷന്‍ തടയാനും അവരുടെ സാമ്രാജ്യാതിര്‍ത്തി സംരക്ഷിക്കാനുമാണു് മ്യൂസിക് ലേബലുകളും ഹോളിവുഡ് സ്റ്റുഡിയോകളും ശ്രമിക്കുന്നതു്. പരസ്പരം അതിര്‍ത്തിലംഘിക്കാതെ ഒരുമിച്ചു് ദാദാഗിരി കളിക്കുന്ന അധോലോക ഗുണ്ടകളെപ്പോലെ പകര്പ്പവകാശവ്യവസായികള് പുതിയ ആശയങ്ങളെ, പുതിയ വിപണനരീതിയെ, പുതിയ കമ്പനികളെ, പുതിയ വ്യക്തികളെ, തങ്ങളുടെ തട്ടകത്തിലേക്കു് കടന്നുകയറുന്നതില്‍ നിന്നു തടയുകയാണു്. പുതിയ ഗായകരെ സൃഷ്ടിക്കുന്നതു്, പുതിയ സംഗീതം നിര്‍മ്മിക്കുന്നതു്, പുതിയ സംവിധായകരെ സൃഷ്ടിക്കുന്നതു്, നടീനടന്മാരെ സൃഷ്ടിക്കുന്നതു് ഒക്കെ തങ്ങള്‍ മാത്രമായിരിക്കണം എന്നാണു് ഇവരുടെ സമീപനം. ഇതിനെ അരക്കിട്ടുറപ്പിക്കുന്ന ഉദാഹരണമാണു് നേരത്തെ സൂചിപ്പിച്ച മെഗാഅപ്ലോഡ് ഡോട്ട് കോമിന്റെ അടച്ചുപൂട്ടല്‍.

ഉപയോക്താക്കള്‍ക്കു് അക്കൌണ്ട് എടുത്തു് ഫയലുകള്‍ സൂക്ഷിക്കാനും അതു് മറ്റുള്ളവര്‍ക്കു് ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കുന്ന ഫയല്‍ ഹോസ്റ്റിങ് സേവനമാണു് മെഗാ അപ്ലോഡ് നല്കിവന്നതു്. ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി പ്രവര്‍ത്തിച്ചിരുന്നതു് ന്യൂസിലാന്‍ഡ് കേന്ദ്രമാക്കിയാണു്. ജനുവരി 18ന്റെ ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട് കഴിഞ്ഞു് മണിക്കൂറുകള്ക്കകമാണു്, ഡിഎംസിഎ ഉപയോഗിച്ചു് കമ്പനിയുടെ ഉടമസ്ഥരും ഉന്നതഉദ്യോഗസ്ഥരുമടക്കം നാലുപേരെ ഇന്റര്‍പോളിന്റെ സഹായത്തോടെ ന്യൂസീലാന്‍ഡില്‍ നിന്നു് ജനുവരി 19നു് അറസ്റ്റ് ചെയ്യുന്നതു്. കലാസൃഷ്ടികളും ലക്ഷ്വറി കാറുകളുമടക്കം, 17 മില്യന്‍ ഡോളറിന്റെ വസ്തുവകകള്‍ കണ്ടുകെട്ടി. കമ്പനിയുടെ സ്ഥാപകന്‍ കിം ഡോട്ട്കോം എന്ന കിം സ്ക്മിറ്റ്സിന്റെ പിറന്നാള്‍ ആഘോഷത്തിനിടയിലായിരുന്നു, അറസ്റ്റ്. പിറ്റേദിവസം ജനുവരി 20നു് ഹോങ്കോങ്, മെഗാഅപ്ലോഡിന്റെ ഉടമസ്ഥതയിലുള്ള 300 മില്യന്‍ ഹോങ്കോങ് ഡോളര്‍ മതിപ്പുവരുന്ന സ്വത്തുവകകള്‍ ജപ്തിചെയ്തു. ലോകത്തു് അനേകം രാജ്യങ്ങളില്‍ സര്‍വര്‍ സ്ഥാപിച്ചു പ്രവര്‍ത്തിക്കുന്ന വലിയ കമ്പനിയായിരുന്നു, മെഗാഅപ്ലോഡ്. അവരുടെ ഉടമസ്ഥതയിലുള്ള എല്ലാ യുആര്‍എല്ലുകളും പിടിച്ചെടുക്കുകയും ഡിഎന്‍എസ് സേവനം ബ്ലോക്ക് ചെയ്യുകയും പകരം എഫ്ബിഐയുടെ സന്ദേശം പതിച്ചിരിക്കയുമാണിപ്പോള്. കമ്പനിയുടെ സേവനം ഉപയോഗിച്ചിരുന്നവരുടെയെല്ലാം ഫയലുകള്‍ തീര്‍ത്തും നഷ്ടമായി. തന്നെയുമല്ല, ആരൊക്കെ ഏതേതൊക്കെ ഫയലുകള്‍ അപ്ലോഡ് ചെയ്തുവെന്നും ഡൌണ്‍ലോഡ് ചെയ്തുവെന്നുമുള്ള വിവരങ്ങളും ഇതിനകം എഫ്ബിഐ കൈക്കലാക്കിയിട്ടുണ്ടാവും. വ്യക്തികള്‍ക്കെതിരായ നീക്കം പിന്നാലെ പ്രതീക്ഷാം എന്നുസാരം.
എന്നാല്‍ സോപയോ പിപയോ ഉപയോഗിക്കാതെ തന്നെ മെഗാഅപ്ലോഡ് അടച്ചുപൂട്ടാന്‍ എഫ്ബിഐയ്ക്കായി എന്നു കാണണം. മെഗാഅപ്ലോഡിന്റെ അനേകം സര്‍വറുകളില്‍ ഒന്നു് യുഎസിലെ വിര്‍ജീനിയയില്‍ ആയിരുന്നു എന്ന ലൂപ്ഹോള്‍ ഉപയോഗിച്ചാണു്, ഈ കമ്പനിക്കെതിരെ ഡിഎംസിഎ ഉപയോഗിച്ചു നടപടിയെടുത്തതു്. വിയോയ്ക്കു് ലഭിച്ചതുപോലെ സുരക്ഷിതതുറമുഖ ആനുകൂല്യം ഇവര്‍ക്കു നല്‍കിയതുമില്ല. മെഗാഅപ്ലോഡിനെതിരെ പക്ഷെ പെട്ടെന്നു നടപടിയെടുക്കാന്‍ എന്താണു കാരണം എന്നു് പരതുമ്പോഴാണു് മ്യൂസിക് ഇന്ഡുസ്ട്രിയുടെ കളി മനസ്സിലാവുക.

ഈ നടപടിവരുന്നതിനു് ഏതാനും ആഴ്ചകള്ക്കുമുമ്പാണു് ഡിജിറ്റല്‍ മ്യൂസിക് ന്യൂസ് എന്ന വെബ്സൈറ്റ് മെഗാഅപ്ലോഡ് പുതുതായി കമ്പോളത്തിലിറക്കാന്‍ പോകുന്ന സേവനത്തെ കുറിച്ചു റിപ്പോര്‍ട്ട് ചെയ്തതു്. സംഗീതവ്യവസായത്തിന്റെ ആണിക്കല്ലിളക്കാന്‍ പോന്നതായിരുന്നു, ഈ സേവനം. ക്ലൌഡ് കേന്ദ്രീകൃതമായ മെഗാബോക്സ് എന്ന സമാന്തര മ്യൂസിക് സ്റ്റോര്‍ ആണു്, മെഗാഅപ്ലോഡ് ഉടമകള്‍ പ്രഖ്യാപിച്ചതു്.
യുഎംജിയെ പേടിപ്പെടുത്താന്‍ പോന്ന നടപടിയായിരുന്നു, അതു്. കാരണമെന്തെന്നല്ലേ? പുതിയ പാട്ടുകാര്‍ക്കും സംഗീതജ്ഞര്‍ക്കും അവരുടെ ആല്‍ബങ്ങള്‍ സ്വതന്ത്രമായി റിലീസ് ചെയ്യാനുള്ള സംവിധാനമായിരുന്നു, മെഗാബോക്സ് ഒരുക്കാനിരുന്നതു്. കലാകാരന്മാര്‍ക്കു് മ്യൂസിക് ലേബലുകളുടെ ഇടനിലയില്ലാതെ ഉപഭോക്താക്കളുമായി നേരിട്ടിടപെടാന്‍ കഴിയുന്ന ഒരു ചന്തസ്ഥലം. എന്നുമാത്രമല്ല, അതിലൂടെയുള്ള വില്പ്പനവരുമാനത്തിന്റെ 90ശതമാനവും കലാകാരന്മാര്‍ക്കു് എടുക്കുകയും ചെയ്യാം. യുഎംജിയും മറ്റും പാട്ടുകാര്‍ക്കു് റോയല്‍റ്റിയുടെ ചെറുഭാഗം മാത്രം നല്കുമ്പോഴാണിതു് എന്നോര്‍ക്കണം.
ഇങ്ങനെ പാട്ടു് നേരിട്ടു് വില്ക്കാന് അനുവദിക്കുക മാത്രമല്ല, പണം കൊടുത്തുവാങ്ങാതെ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന പാട്ടുകള്‍ക്കു പോലും ഗായകര്ക്കു് പണം ലഭിക്കാന്‍ മെഗാബോക്സ് സംവിധാനം ഒരുക്കിയിരുന്നു. മെഗാകീ എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു് സൌജന്യ ഡൌണ്‍ലോഡുകള്‍ ട്രാക്ക് ചെയ്തു്, പകരം പരസ്യവരുമാനത്തില്‍ നിന്നു് ഗായകര്ക്കു് പണം നല്‍കുക. മ്യൂസിക് ലേബലുകളുടെ ബിസിനസ് രീതിയെ തന്നെ പൊളിച്ചടുക്കുമായിരുന്ന ഈ സംവിധാനം നിലവില്‍ വരുന്നതിനു മുന്നെ, കമ്പനിയെ പൂട്ടിക്കുക അവയുടെ ആവശ്യമായില്ലെങ്കിലല്ലേ, അത്ഭുതമുള്ളൂ? കണ്ണും മൂക്കുമില്ലാത്ത ഡിജിറ്റല്‍ പകര്‍പ്പവകാശനിയമം എങ്ങനെ ഇന്നവേഷനെ തടയുന്നു എന്നും പുതിയ കളിക്കാരെ കളിക്കളത്തില്‍നിന്നു പുറത്താക്കുന്നു എന്നും തെളിയിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ ഉദാഹരണം വേറെ വേണോ? (എഫ്ബിഐയുടെ മറുവാദം ഇവിടെ)
ഈ ഡിഎംസിഎ യുഎസില്‍ സര്വറുള്ള സൈറ്റുകള്‍ക്കു മാത്രം ബാധമകാണെങ്കില് ഇതേ കാടന്‍ നിയമം വിദേശസൈറ്റുകള്ക്കു കൂടി ബാധകമാക്കാനാണു്, സോപ്പയും പിപ്പയും. അതിനെ എതിര്‍ക്കാതെ പിന്നെന്തുചെയ്യാന്‍?
ഇനി ഇതു് ഒറ്റപ്പെട്ട നിയമനിര്‍മ്മാണമല്ല, എന്നുകാണണം. ഇന്റര്‍നെറ്റില്‍ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്നു് ഈ രണ്ടുബില്ലുകളും താത്കാലികമായി മരവിപ്പിച്ചിരിക്കയാണു്. പകരം പിന്വാതിലില്കൂട്ടി ഭരണകൂടം വ്യക്തികളുടെ കമ്പ്യൂട്ടറുകളിലേക്കു് ഒളിനോട്ടം തുടരുമെന്നു് ഉറപ്പാക്കുകയാണു്. അതിനായി യുഎസ് കോണ്‍ഗ്രസ് തിടുക്കത്തില്‍ കൊണ്ടുവരുന്ന മറ്റൊരു നിയമമാണു് HR 1981. ഇന്റര്‍നെറ്റ് അശ്ലീലവ്യാപാരികളില് നിന്നും കുട്ടികളെ സംരക്ഷിക്കാനുള്ള നിയമം 2011 എന്ന മേല്ക്കുറിപ്പോടെയാണു് നിയമം എത്തുന്നതു്. സോപയുടെ പ്രൊപ്പോണന്റ് ആയ ലാമര്‍ സ്മിത്ത് തന്നെയാണു്, ഈ നിയമവും മുന്നോട്ടുനീക്കുന്നതു്.
ചൈല്‍ഡ് പോണോഗ്രഫിയും ശിശുലൈംഗികപീഡനവും തടയുക എന്ന ലക്ഷ്യത്തില്‍ പൊതിഞ്ഞാണു്, ബില്‍ അവതരിപ്പിക്കപ്പെടുന്നതു്. ഈ കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാവില്ല, എന്നതുകൊണ്ടുതന്നെ, ബില്‍ യുഎസ് കോണ്‍ഗ്രസില്‍ സുഖമമായി പാസാക്കപ്പെടും. പക്ഷെ ബില്ലിലെ വ്യവസ്ഥകളിലേക്കു് കടക്കുമ്പോഴാണു്, യഥാര്‍ത്ഥ ലക്ഷ്യം ചൈല്‍ഡ് പോണോഗ്രഫിയെ തടയുകയല്ലെന്നു വ്യക്തമാവുക. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഏതൊരുവ്യക്തിയേയും ശിശുപീഡകനായി സംശയിക്കുന്ന പ്രിമൈസുകളാണു് ബില്ലിലുള്ളതു്. ഇപ്പോഴത്തെ നിലയില്‍ ശിശുപീഡകരെ കണ്ടെത്തുക പ്രയാസമാണെന്നു് ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. അതിനുള്ള പരിഹാരമാണു്, പ്രശ്നകാരി. നിങ്ങള്‍ക്കു് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന സ്ഥാപനം (ISP) ഓരോ ഉപയോക്താവിന്റെയും ഇന്റര്‍നെറ്റ് ആക്റ്റിവിറ്റി ട്രാക് ചെയ്യുകയും അവ 18 മാസക്കാലം സൂക്ഷിക്കുകയും വേണം. ഉപയോക്താവിന്റെ പേരു്, വിലാസം, എവിടെവിടൊക്കെ നിന്നു് നെറ്റില്‍ കയറുന്നു, ബാങ്ക് അക്കൌണ്ട് നമ്പറുകള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പരുകള്‍, കണക്ഷനു് അസൈന്‍ ചെയ്തിരിക്കുന്ന ഐപി അഡ്രസുകള്‍ എന്നിവയൊക്കെ ഇതിനൊപ്പം സൂക്ഷിക്കണം.
“കോപ്പിറൈറ്റ് ഇന്ഡുസ്ട്രിയെ സംബന്ധിച്ചിടത്തോളം ഡിഎംസിഎ മുത്താണു്. എന്നാല്‍ അവര്‍ക്കത്രയും പോര. സോപ്പായും പിപ്പായും ഉപയോഗിച്ചു് ഇന്നവേഷന്‍ തടയാനും അവരുടെ സാമ്രാജ്യാതിര്‍ത്തി സംരക്ഷിക്കാനുമാണു് മ്യൂസിക് ലേബലുകളും ഹോളിവുഡ് സ്റ്റുഡിയോകളും ശ്രമിക്കുന്നതു്. പരസ്പരം അതിര്‍ത്തിലംഘിക്കാതെ ഒരുമിച്ചു് ദാദാഗിരി കളിക്കുന്ന അധോലോക ഗുണ്ടകളെപ്പോലെ പകര്പ്പവകാശവ്യവസായികള് പുതിയ ആശയങ്ങളെ, പുതിയ വിപണനരീതിയെ, പുതിയ കമ്പനികളെ, പുതിയ വ്യക്തികളെ, തങ്ങളുടെ തട്ടകത്തിലേക്കു് കടന്നുകയറുന്നതില്‍ നിന്നു തടയുകയാണു്. പുതിയ ഗായകരെ സൃഷ്ടിക്കുന്നതു്, പുതിയ സംഗീതം നിര്‍മ്മിക്കുന്നതു്, പുതിയ സംവിധായകരെ സൃഷ്ടിക്കുന്നതു്, നടീനടന്മാരെ സൃഷ്ടിക്കുന്നതു് ഒക്കെ തങ്ങള്‍ മാത്രമായിരിക്കണം എന്നാണു് ഇവരുടെ സമീപനം.”
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വളരെ വലിയ ജനസഞ്ചയത്തിനിടയില്‍ ഒളിഞ്ഞിരിക്കുന്ന ചെറുശതമാനം കുറ്റവാളികളെ / ശിശുപീഡകരെ കണ്ടെത്താന്‍ സകലരുടെയും ദൈന്യംദിനസ്വകാര്യപെരുമാറ്റങ്ങള് നിരീക്ഷണവിധേയമാക്കുന്നതു് തന്നെ പൊലീസ് സ്റ്റേറ്റിന്റെ സ്വഭാവമാണു്. ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫെഡറേഷന്റെ അറ്റോര്‍ണി അഭിപ്രായപ്പെടുന്നതു് “ബില്ലിലെ ഡേറ്റാ റിറ്റന്ഷന് വ്യവസ്ഥ, ഓരോ ഇന്റര്‍നെറ്റ് ഉപയോക്താവിനെയും കുറ്റവാളിയെ എന്നപോലെ പരിഗണിക്കുന്നതു് അമേരിക്കന്‍ പൌരത്വമുള്ള ഏവരുടെയും ഓണ്‍ലൈന്‍ സ്വകാര്യതയേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും ഹനിക്കും,” എന്നാണു്. ഇതിനേക്കാള്‍ കടുപ്പമാകുന്നതു്, ബില്ലിലെ വ്യവസ്ഥയനുസരിച്ചു് ഈ ഡേറ്റ അത്രയും കൈക്കലാക്കാന്‍ ഗവണ്മെന്റ് ആകെ ചെയ്യേണ്ടതു്, ഐഎസ്പികളോടു് വെറുതെ ചോദിക്കുക മാത്രമാണു് എന്നതാണു്. അതായതു്, യാതൊരുതരത്തിലുള്ള ജുഡീഷ്യല്‍ റിവ്യൂവും ഇതിനു പുറത്തില്ല. പൊലീസിനു് ഒരാളുടെ ഇന്റര്‍നെറ്റ് ഹിസ്റ്ററി പരിശോധിക്കാന്‍, ഈ ബില്‍ പ്രകാരം, അയാള്‍ ചൈല്‍ഡ് പോണോഗ്രഫി ചാര്ജസിന്റെ പുറത്തു് അന്വേഷണം നേരിടുന്നയാള്‍ പോലും ആകണമെന്നില്ല; ഏതെങ്കിലും കുറ്റകൃത്യം സംബന്ധിച്ച സംശയം മാത്രം മതി. വിവാഹമോചനക്കേസുകളും കുട്ടികളുടെ കൈവശാവകാശം സംബന്ധിച്ച തര്‍ക്കങ്ങളും പോലെയുള്ള സിവില്‍ കാര്യങ്ങള്‍ക്കുപോലും ഇതു ചെയ്യാനാകും. തന്നെയുമല്ല, പൊലീസിനു് ഈ ഡേറ്റ കൈവശപ്പെടുത്താന്‍, അതാരുടെയും ആവട്ടെ, കാരണം പോലും ബോധിപ്പിക്കേണ്ടതില്ല. ചുരുക്കത്തില്‍ ഈ നിയമം നിലവില്വരുന്നപക്ഷം ഏറ്റവുമധികം ഉപയോഗിക്കപ്പെടുക ബ്ലാക്മെയ്ലിങ്ങിനാവും.
ഇനി കേരളത്തിലെ ഇമെയ്ല് ചോര്‍ത്തല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇത്തരമൊരു നിയമത്തിന്റെ പ്രയോഗസാധ്യത ഒന്നു പരിശോധിച്ചുനോക്കൂ. അപ്പോഴറിയാം, എത്രമേല്‍ ഭീതിദമായ സ്റ്റേറ്റ് സര്‍വൈലന്‍സിന്റെ രാക്ഷസഭാവമാണു് നമ്മെ കാത്തിരിക്കുന്നതെന്നു്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഐടി ആക്റ്റ് (2000), 2008 ഡിസംബര്‍ 23നു് പാര്‍ലമെന്റ് സ്തംഭനങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍ ശബ്ദവോട്ടോടെ ഭേദഗതി ചെയ്യപ്പെട്ടിരുന്നു. ഈ ഭേദഗതിയിലെ പല വകുപ്പുകളും ഇന്ത്യന്‍ ഗവണ്മെന്റിനു് ഇത്തരം കാടന്‍ അധികാരങ്ങള്‍ വച്ചുനീട്ടുന്നുണ്ടു്. ഈ നിയമത്തിലെ 69-ാം വകുപ്പു്, ഭരണകൂടത്തിനു് ഏതു ഡിജിറ്റല്‍ സംഭാഷണവും ചോര്‍ത്താനുള്ള അനുമതി നല്കുന്നു. അതു് എത്രമാത്രം ദുരുപയോഗം ചെയ്യപ്പെടാം എന്നു് വരുംനാളുകളില്‍ നാം അനുഭവിച്ചറിയാന്‍ പോകുന്നതേയുള്ളൂ.
നമ്മുടെ വിചിത്രമായ നിയമവ്യാഖ്യാനങ്ങള്‍ പ്രകാരം ഒരാളെ എത്രവേണമെങ്കിലും പുകഴ്ത്താം. അതേ സമയം, അയാളെ വെറുക്കുന്നുവെന്നു് കുറഞ്ഞപക്ഷം ഇന്റര്‍നെറ്റിലെങ്കിലും പ്രഖ്യാപിക്കാനാവില്ല. ഐഎസ്പി കൊടുത്ത തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഓര്ക്കുട്ടിലൂടെ ഛത്രപതി ശിവജിയെ അപമാനിച്ചു എന്ന കുറ്റംചുമത്തി 2007 ഓഗസ്റ്റ് 31നു് ബാംഗ്ലൂരിലെ എച്ച്സിഎല്‍ കമ്പനിയില്‍ എഞ്ചിനീയറായിരുന്ന ലക്ഷ്മണ കൈലാസ് കെ എന്ന യുവാവിനെ അറസ്റ്റ് ചെയ്തു് വിചാരണപോലും നടത്താതെ 50 ദിവസം തടവില്‍ പാര്‍പ്പിച്ച ചരിത്രമാണു്, മഹാരാഷ്ട്ര പൊലീസിനുള്ളതു്. ഒടുവില്‍ ഇയാളെ പൊലീസ് വിട്ടയയ്ക്കുകയും മാദ്ധ്യമങ്ങളില്‍ നിന്നു് ഇക്കഥ മനസ്സിലാക്കിയ മനുഷ്യാവകാശ കമ്മിഷന് എയര്ടെല്ലിനോടു് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങളില്‍ നിന്ദാസ്തുതിയും ആക്ഷേപഹാസ്യവും മറ്റും ഉപയോഗിക്കുകയേ രക്ഷയുള്ളൂ എന്നുവരുന്നു. (ചേര്‍ത്തുവായിക്കാന്‍: ഇന്ത്യയുടെ അദൃശ്യ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് : അനിവര്‍ അരവിന്ദ്)
സോപ്പയും പിപ്പയും പൈതങ്ങളെങ്കില് അതിന്റെ വല്യൂപ്പാപ്പയായിട്ടുവരും, ആന്റി കൌണ്ടര്ഫീറ്റിങ് ട്രേഡ് എഗ്രിമെന്റ് (ACTA) എന്ന അന്താരാഷ്ട്ര കരാര്‍. ഒക്ടോബര്‍ 2010ല്‍ ഓസ്ട്രേലിയ, കാനഡ, ജപ്പാന്, മൊറോക്കോ, ന്യൂ സീലാന്‍ഡ്, സിംഗപ്പൂര്‍, ദക്ഷിണകൊറിയ, യുഎസ്എ എന്നീ രാഷ്ട്രങ്ങള്‍ ഒപ്പുചാര്ത്തിയതോടെ ഈ കരാര്‍ നിലവില്‍വന്നുകഴിഞ്ഞു. തൊട്ടുപിന്നാലെ യൂറോപ്യന്‍ യൂണിയനും അതിലെ 22 അംഗരാഷ്ട്രങ്ങളും ഇതിനകം ഈ കരാറില്‍ ഒപ്പുചാര്‍ത്തി.
ലോകരാഷ്ട്രങ്ങളുടെ തലയ്ക്കുമുകളിലൂടെ കോപ്പിറൈറ്റ് വ്യവസായ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കരാര്‍ ആണിതു്. ഉത്പന്നങ്ങളുടെ അനംഗീകൃത പകര്‍പ്പുകള്‍, ജനറിക് ഡ്രഗ്സ്, ഇന്റര്‍നെറ്റിലൂടെയുള്ള പകര്‍പ്പവകാശ ലംഘനം എന്നീ വിഷയങ്ങളില്‍ ലോകത്താകെ ബാധകമാവുന്ന നിയമങ്ങള്‍ നടപ്പിലാക്കാന്‍ നിലവിലുള്ള അന്താരാഷ്ട്ര ഫോറങ്ങളുടെ പുറത്തു് WTOയും, WIPOയും, UNഉം പോലെ ഒരു സ്വതന്ത്ര ഗവേണിങ് ബോഡി കരാറിന്റെ ഭാഗമായി നിലവില്‍വരും.
മേല്‍പ്പറഞ്ഞ കരിനിയമങ്ങളേക്കാള്‍ പ്രശ്നകാരിയാണു് ആക്റ്റ എന്നു മനസ്സിലാക്കാന്‍ ഒരേയൊരു കാര്യം പറഞ്ഞാല്‍ മതിയാവും. ഇന്റര്‍നെറ്റ് സേവനദാതാക്കളെ, അവരുടെ വരിക്കാരുടെ പ്രവൃത്തിദോഷങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നു് ഒഴിവാക്കുന്ന നിയമസംരക്ഷണം, ആക്റ്റ എടുത്തുകളയുന്നു. അതായതു്, ഈ കരാര്‍ നടപ്പാകുന്നതോടെ ഐഎസ്പികള്ക്കു് ഭരണകൂടങ്ങളുടെ കണ്ണുരുട്ടലിനു വഴങ്ങാതെവയ്യെന്നാകുന്നു. ഇതിനൊക്കെ പുറമേ പകര്‍പ്പവകാശസംരക്ഷിതമായ മീഡിയ ആക്സസ് ചെയ്യാനാവുന്ന സ്വതന്ത്ര സോഫ്റ്റ്വെയര് ആപ്ലിക്കേഷനുകള്‍ ഐഎസ്പി ഹോസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ആക്റ്റ അനുശാസിക്കുന്നു. DRM പൂട്ടിട്ട മീഡിയ പ്ലേചെയ്യാന്‍ സ്വതന്ത്ര/ഓപ്പണ്‍സോഴ്സ് സോഫ്റ്റ്വെയര് ഉപയോഗിക്കാന്‍ പാടില്ലെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.
യുഎസിലെ ബിസിനസ് സോഫ്റ്റ്വെയര് അലയന്‍സ്, മോഷന്‍ പിക്ചര്‍ അസോസിയേഷന് ഓഫ് അമേരിക്ക, റെക്കോഡിങ് ഇന്‍ഡുസ്ട്രി അസോസിയേഷന് ഓഫ് അമേരിക്ക തുടങ്ങിയ പ്രഷര്‍ ഗ്രൂപ്പുകളുടെ പൊതുസംഘടനയായ ഇന്റര്‍നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അലയന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് ആന്‍ഡ് മാനുഫാക്ടറേഴ്സ് ഓഫ് അമേരിക്ക എന്നീ സംഘടനകളും കരാറിലൊപ്പുവച്ച ഏതാനും രാഷ്ട്രങ്ങളും മാത്രമാണു്, ഈ കരാര്‍ സംബന്ധിയായ ചര്‍ച്ചകളില്‍ പങ്കെടുത്തതു്. അതില്‍നിന്നുതന്നെ, ഇതാരുടെ താത്പര്യമാണെന്നു വ്യക്തമാണു്. ഏറെ രഹസ്യാത്മകമായാണു് ആക്റ്റ സംബന്ധിച്ച ചര്‍ച്ചകളത്രയും നടന്നതു്. വിക്കിലീക്ക്സ് പുറത്തുകൊണ്ടുവന്ന ചില ഫയലുകളിലൂടെ മാത്രമാണു്, ലോകം ആദ്യമായി ഈ കരാറിനെക്കുറിച്ചു കേള്‍ക്കുന്നതു് എന്നുപറയുമ്പോള്‍ അറിയാമല്ലോ, ഇതിന്റെ പിന്നിലെ നിക്ഷിപ്തതാത്പര്യം.

ആക്റ്റയ്ക്കെതിരെ യൂറോപ്പിലെങ്ങും വമ്പന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നു. ജര്‍മ്മനി ഒപ്പിടാന്‍ വിസമ്മതിച്ചിരിക്കയാണു്. പോളണ്ട് പ്രതിഷേധച്ചൂടില്‍ നിന്നുകത്തുകയായിരുന്നു. വാഴ്സയിലെ പോളിഷ് പാര്‍ലമെന്റില്‍ ഇടതുപക്ഷകക്ഷിയായ പാലിക്കോട്ട്സ് മൂവ്മെന്റിന്റെ എംപിമാര്‍ പാര്ലമെന്റിലെത്തിയതു് ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ ബ്ലാക് ഹാറ്റ് ഹാക്കിങ് നെറ്റ്വര്ക്കായ അനോണിമസ് തങ്ങളുടെ ചിഹ്നമായി ഉപയോഗിക്കുന്ന മാസ്ക് ധരിച്ചാണു്. വിക്കിലീക്ക്സിന്റെ അക്കൌണ്ട് മുന്നറിയിപ്പില്ലാതെ പൂട്ടിയതിനെ തുടര്‍ന്നു് മാസ്റ്റര്‍ കാര്‍ഡ്, പേപാള്‍ തുടങ്ങിയ കമ്പനികളുടെ വെബ്സൈറ്റുകള്‍ ഡിനയല്‍ ഓഫ് സര്‍വീസ് അറ്റാക്കിലൂടെ ദിവസങ്ങളോളം പ്രവര്‍ത്തനരഹിതമാക്കിയ അതേ അനോണിമസ്!
നിലവിലുള്ള TRIPS കരാറുമായി ACTA പൊരുത്തപ്പെടുന്നില്ലെന്നു കാട്ടി ഏതാനും രാഷ്ട്രങ്ങള്‍ ഇപ്പോള്‍ തന്നെ വിമതസ്വരമുയര്ത്തിയിട്ടുണ്ടു്. ലോകത്തിലെ ഏറ്റവും വലിയ ജനറിക് ഡ്രഗ്സ് ഉത്പാദകരെന്ന നിലയില്‍ ഇന്ത്യയാണു് ഈ എതിര്‍പ്പുയര്‍ത്തുന്ന രാഷ്ട്രങ്ങളില്‍ പ്രധാനി. ഇന്ത്യന്‍ മരുന്നുകമ്പനികളുടെ ലോബിയിങ്ങിന്റെ ഫലമായി മാത്രമാണു്, ഇന്ത്യ ഈ കരാറിനെ എതിര്‍ക്കുന്നതു്. അതേ സമയം അതിലെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഇന്ത്യപോലും സ്വാഗതം ചെയ്യാനെ സാധ്യതയുള്ളൂ. ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് പോലെയുള്ള കടുത്ത ഐപി പ്രൊവിഷനുകളുടെ രഹസ്യാത്മകമായ വരവു പ്രവചിക്കുന്ന സ്നാപകയോഹന്നാന് മാത്രമാകും ആക്റ്റ എന്നുകൂടി കേള്‍ക്കുമ്പോള്‍ ഞെട്ടാതിരിക്കുന്നതെങ്ങനെ? വിദേശസൈറ്റുകള്ക്കു ബ്ലാങ്കറ്റ് നിരോധനം ഏര്‍പ്പെടുത്തിയ ബെലാറസുമുതല് സ്വന്തം ഇന്റര്‍നെറ്റ് കെട്ടിപ്പടുക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന ഇറാന് വരെയുള്ള സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ ജനാധിപത്യവിരുദ്ധ ചേരിചേരലിനെ പോലും അപ്രസക്തമാക്കുന്ന നിലയിലാണു് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്നു് മേനിനടിക്കുന്ന യുഎസിന്റെയും കൂട്ടാളികളുടെ മനുഷ്യത്വവിരുദ്ധമായ സന്ധിചേരല്‍. ഇതിനെതിരെ ഹാക്കര്‍മാര്‍ രംഗത്തുണ്ടെന്നതു് ആശ്വാസവും.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുസ്തകം 89, ലക്കം 50ല്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്‍ ഷെയര്‍ എലൈക് 2.5 ഇന്ത്യ (CC-BY-SA 2.5 In) ലൈസന്‍സ് പ്രകാരം പുനഃപ്രസിദ്ധീകരിക്കാന്‍ അനുമതി നല്കുന്നു.
സെബിന് ഏബ്രഹാം ജേക്കബ്
കടപ്പാടു് : സെബിന് ഏബ്രഹാം ജേക്കബ് (http://malayal.am)
11.542272
75.622716