ഷെല്ലിലും ( മറ്റു മിക്ക സോഫ്റ്റ് വെയര്‍ പ്രോഗ്രാമുകളിലും ) ഉള്ള അടിസ്ഥാനമായ ഒരു സാങ്കേതിക സംജ്ഞയാണ് (Technical Term) പ്രസന്റ് വര്‍ക്കിങ്ങ് ഡയറക്ടറി (Present Working Directory ), ഇതിന്റെ ചുരുക്കെഴുത്തായി പി.ഡബ്ല്യു.ഡി. ( P.W.D.) എന്നും ഉപയോഗിക്കുന്നു.
[prasobh@localhost ~]$
ഷെല്‍ പ്രോംപ്റ്റില് കാണുന്ന ഈ വാക്ക് യഥാര്‍ഥത്തില്‍ പല ഭാഗങ്ങള്‍ കൂടിച്ചേര്‍ന്നതാണ്. “@” എന്ന ചിഹ്നത്തിനു മുന്‍പിലായി കാണുന്നത് എന്റെ ഉപയോക്തൃനാമമായ (username) പ്രശോഭ് (prasobh) ആണ്. “@” ചിഹ്നത്തിനു ശേഷം “:” നു മുന്‍പായി കാണുന്നത് എന്റെ കമ്പ്യൂട്ടറിന്റെ പേര് – ഹോസ്റ്റ്നെയിം (hostname) ആയ “localhost”. അതിനു ശേഷം “:” കഴിഞ്ഞു കാണുന്ന “~” എന്റെ പ്രസന്റ് വര്‍ക്കിംഗ് ഡയറക്ടറിയെ സൂചിപ്പിക്കുന്നു. മിക്ക പ്രോഗ്രാമുകളുടെയും തുടക്കത്തിലെ പി.ഡബ്ള്യു.ഡി. ഉപയോക്താവിന്റെ ഹോം ഡയറക്ടരി ആവും എന്നു നേരത്തെ പറഞ്ഞല്ലോ. എന്റെ കാര്യത്തില്‍ ഇത് “/home/prasobh” ആണ്. യഥാര്‍ഥത്തില്‍ “~” എന്നത് ഹോം ഡയറക്റ്ററിയുടെ ചുരുക്കെഴുത്ത് /അപരനാമം (alias) ആണ്. ഇത്തരത്തില്‍ നിരവധി അപരനാമങ്ങള്‍ ലിനക്സില്‍ ഉണ്ട്. പി.ഡബ്ള്യു.ഡി. മാറുന്നതനുസരിച്ച് ഷെല്പ്രോംപ്റ്റിന്റെ ഈ അവസാന ഭാഗവും മാറിക്കൊണ്ടിരിക്കും. ഈ ഷെല്‍ പ്രോംപ്റ്റിനെ ഇങ്ങനെ സംഗ്രഹിക്കാം: ” ഉപയോക്തൃനാമം@കംപ്യൂട്ടര്നാമം: പി.ഡബ്ള്യു.ഡി.$ “. ഷെല്‍ പ്രോംപ്റ്റുകള്‍ ഉപയോക്താക്കളുടെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാന്‍ കഴിയുമെങ്കിലും പൊതുവെ ആരും അതിനു മിനക്കെടാറില്ല. മിക്ക ഷെല്ലുകളിലും പ്രോംപ്റ്റ് മേല്പറഞ്ഞ രീതിയില്‍ ആയിരിക്കുമെങ്കിലും യുണിക്സ് അടിസ്ഥാനമായ പല ഓപറേറ്റിങ്ങ് സിസ്റ്റങ്ങളിലും ഇതില്‍ നിന്നു അല്പം വ്യത്യാസം കാണാം.
ഇനി നമുക്കു ഒരു ഷെല്‍ കമാന്‍ഡ് നോക്കാം. പി.ഡബ്ളു.ഡി. യെക്കുറിച്ചു നേരത്തെ സൂചിപ്പിച്ചല്ലൊ, ഇനി ഓപ്പണ്‍ ചെയ്ത ഷെല്ലിന്റെ നിലവിലുള്ള പി.ഡബ്ളു.ഡി. കാണാന്‍ “pwd” എന്ന കമാന്‍ഡ് ഉപയോഗിച്ചു നോക്കാം. ഈ കമാന്‍ഡ് ടൈപ് ചെയ്തു എന്റര്‍ അമര്‍ത്തിയാല്‍ ഇതിന്റെ ഔട്പുട്ട് ആയി എന്റെ നിലവിലെ പി.ഡബ്ളു.ഡി. ആയ ഹോം ഡയറക്റ്ററി കാണാം.
[prasobh@localhost ~]$ pwd
/home/prasobh
[prasobh@localhost ~]$ ls
10880.jpg Documents Public
AdbeRdr9.1.1-1_i386 linux_enu.deb downloads
main_inner_06072009.jpg
Videos ajax_chat-0.8.3.zip Music Transformers.avi
com_ccboard_1_1_RC.zip images
Personal
db_v2.jpg Y_Training
Desktop
GhulamAli-Gazal-1.mp3 Photos Network.odp
ഇനി ഹോം ഡയറക്റ്ററിയിലുള്ള ഡോക്യുമെന്റ്സ് എന്ന ഡയറക്ടറിയിലേക്കു പോകാന്‍ “cd” എന്ന കമാന്‍ഡ് ഉപയോഗിക്കാം. ഇതോടെ എന്റെ പി.ഡബ്ള്യു.ഡി. യും മാറും.
[prasobh@localhost ~]$ cd Documents/
[prasobh@localhost Documents]$ pwd
/home/prasobh/Documents
[prasobh@localhostDocuments]$ ls
ip-network.ml.pdf notes.txt
ഡയറക്റ്ററി മാറിയപ്പോള്‍ പ്രോംപ്റ്റ് മാറിയതു ശ്രദ്ധിച്ചു കാണുമല്ലോ. “pwd” ഉപയോഗിച്ചപ്പോള്‍ ആ ഡയറക്റ്ററി കാണിക്കുകയും ചെയ്തു. ഈ ഡയറക്റ്ററിയില്‍ ആകെ ഒരു പി.ഡി.എഫ് ഫയലും ഒരു ടെക്സ്റ്റ് ഫയലും മാത്രമേ ഉള്ളൂ എന്നു “ls” കമാന്‍ഡ് ഉപയോഗിച്ചും കാണാന്‍ കഴിഞ്ഞു.
ഇപ്പോള്‍ കണ്ട മൂന്നു കമാന്‍ഡുകളില്‍ pwd,ls എന്നിവയില്‍ ആ കമാന്‍ഡ് മാത്രം ഉപയോഗിച്ചപ്പോള്‍ cd എന്ന കമാന്‍ഡിന്റെ കൂടെ വലതുവശത്തായി “Documents/” എന്നും കൊടുത്തിരിക്കുന്നു. ഇതു കമാന്‍ഡിന് ആവശ്യമുള്ള ഒരു ഇന്‍പുട്ട് ആണ്. ഇത്തരത്തില്‍ കമാന്ഡുകള്ക്കാവശ്യമായ ഇന്‍പുട്ടുകളെ അതാതു കമാന്റുകളുടെ ആര്‍ഗ്യുമെന്റ്സ് എന്നാണു പറയുന്നത്. ഇതു ഓരോ കമാന്‍ഡിനും അതിന്റേതായ രീതിയില്‍ ആയിരിക്കും. ഒരോ കമാന്‍ഡുകളിലും ഉപയോഗിക്കാവുന്ന ആര്ഗ്യുമെന്റുസും മറ്റു ഓപ്ഷനുകളും കാണുന്നതിനു വേണ്ടി “man” എന്ന കമാന്‍ഡിനു ശേഷം ആവശ്യമുള്ള കമാന്‍ഡ് ടൈപ് ചെയ്താല്‍ മതി. ഉദാഹരണത്തിന് “ls” കമാന്‍ഡിനെ കുറിച്ചു കൂടുതല്‍ അറിയാന്‍ “man ls” എന്ന കമാന്‍ഡ് ഉപയോഗിക്കുക. ചില കമാന്‍ഡുകളുടെ സഹായം മാന്‍ ഉപയോഗിച്ചു ലഭ്യമായില്ല എന്നു വരും. അത്തരം കമാന്‍ഡുകളില്‍ കമാന്‍ഡിനു ശേഷം “–help” എന്നു ടൈപ് ചെയ്തു നോക്കാവുന്നതാണ്. ഉദാഹരണത്തിന് “cd –help”.

