റൂട്ട് ഡയറക്റ്ററിയില്‍ നിന്നും ഒരു ഡയറക്റ്ററി/ഫയല്‍ ലേക്കു പോകാനുള്ള വഴിയാണ് ( പാത്ത് ) ആ ഡയറക്റ്ററി/ഫയലിന്റെ ആബ്സൊല്യൂട് പാത്ത്. ഉദാഹരണത്തിന് എന്റെ ഹോം ഡയറക്റ്ററിക്കകത്തുള്ള ( /home/prasobh) Documents എന്ന ഡയറക്റ്ററിയില്‍ reusume.pdf എന്ന ഫയല്‍ ഉണ്ടെന്നു വിചാരിക്കുക. അതിന്റെ ആബ്സൊല്യൂട്ട് പാത്ത് “/home/prasobh/Documents/resume.pdf” എന്നായിരിക്കും.
ഈ വഴികളെ രണ്ടിനെയും പൊതുവായി പാത്ത് എന്നും പറയാറുണ്ട്. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം ആബ്സൊല്യൂട്ട് പാത്തിന്റെ ഇടതു വശം “/” ല്‍ ആരംഭിക്കുമ്പോള്‍ റിലേറ്റീവ് പാത്തിന് അതിന്റെ ആവശ്യമില്ല എന്നുള്ളതാണ്. ഷെല്ലില്‍ നിങ്ങള്‍ എവിടയാണ് നില്‍ക്കുന്നത് ( പ്രസന്റ് വര്‍ക്കിങ്ങ് ഡയറക്ടറി ഏതാണ് ) എന്നു നിങ്ങള്‍ക്കറിയാമെങ്കില്‍ റിലേറ്റീവ് പാത്ത് ഉപയോഗിക്കുന്നതാണ് എളുപ്പം. അല്ലാത്ത പക്ഷം ആബ്സൊല്യൂട്ട് പാത്ത് തന്നെ ഉപയോഗിക്കുക.
ഒരു ഡയറക്റ്ററിയുടെ ആബ്സൊല്യൂട്ട് പാത്ത് കണ്ടു പിടിക്കാന്‍ ആ ഡയറക്ടറിയില്‍ നിന്നു കൊണ്ട് “pwd” എന്ന കമാന്‍ഡ് ടൈപ് ചെയ്താല്‍ മതി.
സിഡി (CD)
മേല്പറഞ്ഞ ഉദാഹരണങ്ങള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്നതു നോക്കു. ഓരൊ കമാന്‍ഡിനു മുന്‍പും പിന്‍പും ഞാന്‍ ഏതു ഡയറക്റ്ററിയിലായിരുന്നു എന്നറിയാന്‍ പിഡബ്ള്യുഡി കമാന്‍ഡ് ഉപയോഗിച്ചിട്ടുണ്ട്.
[prasobh@localhost ~]$ pwd
/home/prasobh
[prasobh@localhost ~]$cd Videos/Hindi/
[prasobh@localhost Hindi]$ pwd
/home/prasobh/Videos/Hindi
[prasobh@localhost home]$ pwd
/home
[prasobh@localhost home]$cd prasobh/Videos/Hindi/
[prasobh@localhost Videos]$pwd
/home/prasobh/Videos
സിഡി കമാന്‍ഡിന്റെ കൂടെ ഉപയോഗിക്കാവുന്ന ചില കുറുക്കുവഴികളുണ്ട്. ഇവ മിക്കതും ഏതെങ്കിലും ഡയറക്റ്ററിയ്ക്കുള്ള അപരനാമം (alias) ആയിരിക്കും. താഴെ കൊടുത്തവ നോക്കുക:
cd ~ അല്ലെങ്കില്‍ cd : ഇതിലേതു കമാന്‍ഡ് ടൈപ് ചെയ്താലും ഉപയോക്താവിന് അയാളുടെ ഹോം ഡയറക്റ്ററിയില്‍ എത്തിച്ചേരാന്‍ സാധിക്കും. ഇതില്‍ “~” എന്നതു ഉപയോക്താവിന്റെ ഹോം ഡയറക്റ്ററിയുടെ ഒരു അപര നാമം ആണ്. ഈ അപരനാമം നിങ്ങള്ക് ഏത് കമാന്‍ഡിന്റെ കൂടെയും ഉപയോഗിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് ഞാന്‍ /usr/share/doc ല്‍ നിന്നും ഇതിലേതെങ്കിലും കമാന്‍ഡ് ടൈപ് ചെയ്താല്‍ /home/prasobh ല്‍ എത്തിച്ചേരും.
[prasobh@localhost doc]$ pwd
/usr/share/doc
പ്രസന്റ് വര്‍കിങ്ങ് ഡയറക്റ്ററി യെക്കുറിച്ച് മുന്‍പ് വിശദീകരിച്ചല്ലോ, ഇതിന്റെ അപരനാമമായി “.” ( പൂര്‍ണവിരാമം ) ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് “/usr/share/doc” ല്‍ നിന്നു കൊണ്ടു “cd .” എന്നുപയോഗിക്കുന്നത് “cd /usr/share/doc” എന്ന കമാന്‍ഡിനു തുല്യമായിരിക്കും. ഒരു ഡയറക്ടറിയില്‍ നിന്നും ആ ഡയറക്റ്ററിയിലേക്കു തന്നെ മാറുക എന്നതു സാങ്കേതികമായി പ്രസക്തിയുള്ള ഒരു കാര്യമല്ല. എന്നാല്‍ മറ്റു പല കമാന്ഡുകളുടെയും കൂടെ ഉപയോഗിക്കുമ്പോള്‍ ഈ സംജ്ഞ കൊണ്ടു പ്രയോജനം ഉണ്ട്.
പിഡബ്ള്യുഡി എന്ന സംജ്ഞയുമായി ബന്ധമുള്ളതാണ് ഓള്‍ഡ് പിഡബ്ള്യുഡി ( ഓപിഡബ്ള്യുഡി ) എന്ന സംജ്ഞ. ഇതു നിങ്ങള്‍ പി.ഡബ്ള്യു.ഡി യിലേക്കു മാറുന്നതിനു തൊട്ടു മുന്‍പു ഏതു ഡയറക്റ്ററിയിലായിരുന്നു എന്നു സൂചിപ്പിക്കുന്നു. ഉദാഹണത്തിനു നിങ്ങള്‍ “/usr/share/doc” ല്‍ നിന്നു “/home/prasobh/Videos/Hindi/” ലേക്കു മാറി എന്നു കരുതുക. ഇവിടെ നിങ്ങളുടെ പിഡബ്ള്യുഡി /home/prasobh/Videos/Hindi/ ഉം ഓള്‍ഡ് പിഡബ്ള്യുഡി /usr/share/doc ഉം ആണ്. ഇനി നിങ്ങള്‍ക്ക് തിരിച്ചു ഓപിഡബ്ള്യുഡി യിലേക്കു പോകണം എന്നു വിചാരിക്കുക. സാധാരണ ഗതിയില്‍ നിങ്ങള്‍ക്ക് “cd /usr/share/doc” എന്നുപയോഗിക്കേണ്ടി വരും, എന്നാല്‍ നിങ്ങള്‍ തിരിച്ചു പോകുന്നത് ഓ.പി.ഡബ്ള്യു.ഡി യിലേക്കായതിനാല് ഇതിനു പകരം “cd – or (cd .. )” എന്നുപയോഗിച്ചാല്‍ മതി. താഴെ കൊടുത്തിരിക്കുന്ന ഉദാഹരണം നോക്കുക.
[prasobh@localhost doc]$ pwd
/usr/share/doc
[prasobh@localhost doc]$ cd /home/prasobh/Videos/Hindi/
[prasobh@ocalhost Hindi]$ pwd
/home/prasobh/Videos/Hindi
[prasobh@localhost Hindi]$ cd –
[prasobh@localhost doc]$ pwd
/usr/share/doc
പ്രസന്റ് വര്‍കിങ്ങ് ഡയറക്റ്ററിയുടെ പാരന്റ് ഡയറക്റ്ററിയെ സൂചിപ്പിക്കാന്‍ “..” എന്ന സംജ്ഞ ഉപയോഗിക്കറുണ്ട്. അതായത് നിങ്ങളുടെ പിഡബ്ള്യുഡി “/usr/share/doc” ആണെങ്കില്‍ “..” എന്നതു “/usr/share/” നെ സൂചിപ്പിക്കുന്നു.
[prasobh@localhost doc]$ pwd
/usr/share/doc
[prasobh@localhost doc]$ cd ..
[prasobh@localhost share]$ pwd
/usr/share
“..” ന്റെ ഉപയോഗം കുറച്ചു കൂടി വിശദമാക്കുന്ന ഒരു ഉദാഹരണത്തോടെ ഈ പാഠം അവസാനിപ്പിക്കാം.
/home/prasobh/Videos/ എന്ന ഡയറക്റ്ററിക്കകത്ത് Hindi, English എന്നിങ്ങനെ രണ്ട് ഡയറക്റ്ററികള്‍ ഉണ്ടെന്നും നിങ്ങള്‍ അതില്‍ Hindi ഡയറക്റ്ററിയില്‍ ആണെന്നും വിചാരിക്കുക. ഇവിടെ നിന്നും English എന്ന ഡയറക്റ്ററിയിലേക്കു പോകാന്‍ അതിന്റെ ആബ്സൊല്യൂട്ട് പാത്ത് ആയ “/home/prasobh/Videos/English” ഉപയോഗിക്കാം. എന്നാല്‍ “..” ഉപയോഗിച്ച് നമുക്കു ഇതിനു തുല്യമായ റിലേറ്റീവ് പാത്ത് ഉണ്ടക്കാന്‍ സാധിക്കും. നിങ്ങളുടെ പിഡബ്ള്യുഡി ആയ /home/prasobh/Videos/Hindi യുടെ പാരന്റ് ഡയറക്റ്ററിയായ /home/prasobh/Videos/ ന്റെ സബ് ഡയറക്റ്ററി തെന്നെയാണല്ലോ English. വേറൊരു രീതിയില്‍ പറഞ്ഞാല്‍ “..” ന്റെ സബ് ഡയറക്റ്ററി, അതായത് ../English. അപ്പോള്‍ /home/prasobh/Videos/Hindi ല്‍ നിന്നും /home/prasobh/Videos/English ലേക്കു പോകാന്‍ “cd ../English” എന്ന കമാന്‍ഡ് ഉപയോഗിച്ചാല്‍ മതി. ഇനി ഇവിടെ നിന്നു /home/prasobh ലേക്കു പോകണമെങ്കിലോ? “cd ../..” എന്ന കമാന്‍ഡ് ഉപയോഗിക്കാം.

