സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതില്‍ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളുമില്ലാതെ എത്ര പകര്‍പ്പുകള്‍ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. സാധാരണയായി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സൌജന്യമായി ലഭ്യമാണ്. അതിന് ലഭ്യമാക്കാനാവശ്യമായ പണം മാത്രമേ നല്‍കേണ്ടിവരികയുള്ളു. കൂടാതെ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് അഥവാ അത് എഴുതപ്പെട്ടിരിക്കുന്ന പ്രോഗ്രാം കോഡ് എല്ലാവര്‍ക്കും വായിക്കാവുന്ന വിധത്തില്‍ ലഭ്യമായിരിക്കും. കൂടാതെ ഇത്തരം കോഡുകളുടെയും സോഫ്റ്റ്‌വെയറിന്റെയും കൂടെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുമതി പത്രം സാധാരണയായി ഉള്‍പ്പെടുത്തിയിരിക്കും. ഇത്തരം സോഫ്റ്റ്‌വെയറുകള്‍ എല്ലാം പൊതുസഞ്ചയത്തില്‍ ലഭ്യമാക്കിയവയായിരിക്കും.
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ചിലപ്പോള്‍ സൌജന്യമായി ലഭിക്കണമെന്നില്ല എന്നാല്‍ അത് ഉപയോഗിക്കുന്നതിന് പണം നല്‍കേണ്ടതില്ല. കൂടാതെ അത് ഏതൊരുപയോക്താവിനും സോഫ്റ്റ്‌വെയര്‍ സ്വാതന്ത്രം നല്‍കുന്നവയായിരിക്കും. സൌജന്യമായി ലഭിയ്ക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആകണമെന്നില്ല. സൌജന്യമായതും സ്വതന്ത്രമല്ലാത്തതുമായ സോഫ്റ്റ്‌വെയറുകളെ ഫ്രീവെയര്‍ (സൌജന്യസോഫ്റ്റ്‌വെയര്‍ )എന്നു് വിളിയ്ക്കുന്നു. സൌജന്യസോഫ്റ്റ്‌വെയര്‍ അതിന്റെ പകര്‍പ്പവകാശം നിര്‍മ്മാതാക്കളില്‍തന്നെ നിലനിറുത്തുന്നു. കൂടാതെ ഇവയുടെ സോഴ്സ് ലഭ്യമായിരിക്കുകയില്ല. ഇവയുടെ കൂടുതല്‍പകര്‍പ്പുകള്‍ ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കുകയില്ല

