ടെലികോം സേവനങ്ങള്‍ സാമൂഹ്യ ഉടമസ്ഥതയിലാകണം

—-ജോസഫ് തോമസ്
ആര്‍ക്കും ആരോടും എവിടെനിന്നും അതിരുകളില്ലാതെ ആശയവിനിമയം ചെയ്യാന്‍ കഴിയും വിധം വിവര വിനിമയ സാങ്കേതിക വിദ്യയുടെ വികാസം നടന്നിരിക്കുന്നു. ഈ സാമൂഹ്യ നേട്ടത്തിന്റെ ഉറവിടം നാളിതു് വരെ ലോകമാകെ ഏറിയ പങ്കും പൊതു മേഖലയില്‍ പ്രവര്‍ത്തിച്ചു് പോന്ന ടെലികോം സേവന സംവിധാനമെന്നതു് പോലെ ടെലകോം ഉപകരണങ്ങളുടെ ഉല്പാദന മേഖലയുമായിരുന്നു. എന്നാല്‍ ഈ നേട്ടങ്ങളുടെ ഗുണഫലം സ്വകാര്യ മൂലധനത്തിനു് കയ്യടക്കാനുള്ള അവസരം ഒരുക്കി കൊടുക്കുകയാണു് മുതലാളിത്ത ഭരണകൂടങ്ങള്‍ നിലവില്‍ ചെയ്തു് കൊണ്ടിരിക്കുന്നതു്. അതിനായി ടെലികോം സേവനനിര്‍മ്മാണ മേഖലകള്‍ സ്വകാര്യ കുത്തകകള്‍ക്കു് കൈമാറുന്നു. ടെലികോം മേഖലയ്ക്കു് പുറത്തു് വിവര സാങ്കേതിക മേഖല എന്ന വലിയൊരു വ്യവസായ സാമ്രാജ്യം തന്നെ വളര്‍ന്നു് വികസിച്ചിരിക്കുന്നു. സാമൂഹ്യ സമ്പത്തിന്റെ സ്വകാര്യ കയ്യേറ്റം അനുവദിച്ചു് കൊടുക്കുന്ന മറ്റു് പലതും പോലെ ഒരു മേഖലയായി ടെലികോം മേഖലയും മാറിയിരിക്കുന്നു. ടെലികോം മേഖലയുടെ കാര്യത്തില്‍ ഈ കയ്യേറ്റത്തിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും.
കാരണം, വിവര വിനിമയത്തിന്റെ സാര്‍വ്വത്രികതയുടെ അടിസ്ഥാനം പ്രകൃതി വിഭവമായ സ്പെക്ട്രത്തെ അടിസ്ഥാനമാക്കിയുള്ള വികാസമാണു്. വെള്ളം പോലെ, വായു പോലെ, ആസൂത്രിതമായാണെങ്കില്‍ എത്രവേണമെങ്കിലും എടുത്തുപയോഗിക്കാവുന്ന ഒന്നായ സ്പെക്ട്രം സ്വകാര്യ മൂലധനത്തിനു് കൈമാറുന്നതു് സമൂഹത്തോടുള്ള വലിയൊരു വെല്ലുവിളിയാണു്. മാത്രമല്ല, ആശയ വിനിമയ രംഗത്തെ മൂലധന കുത്തകകളുടെ സ്വാധീനം വിദ്യാഭ്യാസവും ആരോഗ്യവും ബാങ്കിങ്ങും ധനകാര്യവും ആസൂത്രണവും ഭരണ നിര്‍വ്വഹണവും പോലെ ഇതര അവശ്യ സേവന മേഖലകളിലും മൂലധന കുത്തകകളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാനുപയോഗിക്കപ്പെടുകയും ചെയ്യും. മൊത്തത്തില്‍, ഈ രംഗത്തെ ചൂഷണം മാത്രമല്ല, എല്ലാ മേഖലകളിലും ധനമൂലധന കുത്തകയുടെ സമഗ്രാധിപത്യം സമൂഹത്തിനു് മേല്‍ അടിച്ചേല്പിക്കുന്നതിന്റെ ഉപാധിയായി കൂടി ഈ സാമൂഹ്യ സമ്പത്തിന്റെ കയ്യേറ്റത്തെ കാണണം.
ടെലികോം രഗത്തെ പൊതു മേഖലയുടെ സാന്നിദ്ധ്യം ഇന്ത്യയില്‍ ഇന്നു് പത്തിലൊന്നിലും താഴെയായി മാറിക്കഴിഞ്ഞിരിക്കുന്നു. മുപ്പതു് ശതമാനത്തിനു് താഴെയായതോടെ കമ്പോളത്തിലെ നിര്‍ണ്ണായക ഇടപെടല്‍ സാധ്യത പൊതുമേഖലയ്ക്കു് നഷ്ടപ്പെട്ടു് കഴിഞ്ഞു. ഇനി എന്നു് പൊതുമേഖല ഈ രംഗത്തു് നിന്നു് നിഷ്ക്രമിക്കുമെന്നു് മാത്രമേ കാണേണ്ടതുള്ളു. അതാകട്ടെ സര്‍ക്കാരിന്റെ ഒരു ഉത്തരവിനെ മാത്രം ആശ്രയിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ അത്തരം ഏക പക്ഷീയമായ തിട്ടൂരങ്ങളെ ചെറുക്കാനുള്ള പൊതു മേഖലാ ടെലികോം തൊഴിലാളി സംഘടനകളുടെ ശേഷി ഇന്നു് വലിയൊരു ചോദ്യചിഹ്നം തന്നെയാണു്. ഉപഭോക്താക്കളായ ജനങ്ങളാകട്ടെ പൊതു മേഖലയുടെ പ്രാധാന്യം വേണ്ടത്ര മനസിലാക്കുന്നുമില്ല. മനസിലാക്കുന്നവര്‍ക്കു് പോലും പൊതു മേഖലയുടെ സേവനം മാത്രം കൊണ്ടു് ആവശ്യങ്ങള്‍ നിറവേറ്റാനുതകും വിധം പൊതു മേഖലയുടെ സാന്നിദ്ധ്യം ഇല്ലാതെയുമായിരിക്കുന്നു. അതേ സമയം, ടെലികോം രംഗത്തു് നിന്നു് പൊതു മേഖല പുറത്തായാല്‍ പിന്നെ ഉപഭോക്താക്കളാകെ സ്വകാര്യ കുത്തകകളുടെ ദയാദാക്ഷിണ്യത്തിലായിരിക്കും. അപ്പോഴേയ്ക്കും പരിഹാരം അസാദ്ധ്യമായിക്കഴിഞ്ഞിരിക്കുകയും ചെയ്യും.
ഇതിന്റെ മറുവശം, സാങ്കേതികവിദ്യ കൈവരിച്ച ഈ വമ്പിച്ച വികാസം, ടെലികോം മേഖലയെ മൊത്തത്തില്‍ പൊതു മേഖലയേക്കാളും സര്‍ക്കാര്‍ മേഖലയെക്കാളും സാമൂഹ്യമാക്കാനുള്ള സാധ്യതകളാണു് ഒരുക്കിയിട്ടുള്ളതെന്നതാണു്. അടിസ്ഥാന ഘടകമായിട്ടുള്ള സൂക്ഷ്മ വിവര വിശകലനിയടക്കമുള്ള ടെലികോം ഉപകരണങ്ങളുടെ നിര്‍മ്മാണം പൊതു മേഖലയിലുള്ള വന്‍കിട കമ്പനികള്‍ നടത്തുമ്പോള്‍ തന്നെ, അവ വാങ്ങി സ്പെക്ടമോ കേബിളുകളോ ഉപയോഗിച്ചു് ടെലികോം സേവനങ്ങള്‍ സ്വയം ജനങ്ങളുടെ കൂട്ടായ്മകള്‍ക്കു് ഒരുക്കാവുന്നതാണു്. സ്വയംഭരണത്തിന്റെ ഭാഗമായി അവ അനുഭവിക്കാന്‍ സമൂഹത്തിനു് കഴിയും. അതിനു് സ്വകാര്യ കുത്തകകളുടെ ഇടത്തട്ടു് സേവനം ആവശ്യമില്ല തന്നെ. ഇന്നുള്ള പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു് (Local Self Govt Institutions – LSGIs) ഇക്കാര്യങ്ങള്‍ ചെയ്യാവുന്നതാണു്. അതല്ലെങ്കില്‍ സ്വയംഭരണ സമൂഹമെന്ന (Self Governing Communities) സങ്കല്പനം ഉപയോഗപ്പെടുത്താവുന്നതാണു്. സാങ്കേതികമായി ഇതു് സാധ്യമാണെന്നതിന്റെ തെളിവാണു് ഇന്നു് വിദേശ കോളുകള്‍ ചോര്‍ത്തിക്കൊടുത്തു് വന്‍കിട ടെലികോം കമ്പനികളുടെ വരുമാനം തട്ടിയെടുക്കുന്ന ഒറ്റപ്പെട്ടതെങ്കിലും കള്ളകമ്പനികളുടെ സാന്നിദ്ധ്യം.
മാത്രമല്ല, ഇന്റര്‍നെറ്റു് പോലെ തന്നെ ടെലികോം ശൃഖലയ്ക്കും വിതരിത ഘടന (Distributed Architecture) തന്നെയാണുള്ളതു്. ശൃംഖലകളുടെ ശൃംഖലയാണു് ദേശീയവും സാര്‍വ്വദേശീയവുമായ ശൃംഖല എന്ന കാര്യം ഈ സാങ്കേതിക വിദ്യയില്‍ സാമാന്യ വിവരമുള്ളവര്‍ക്കു് പോലും അറിയുന്ന കാര്യമാണു്. പക്ഷെ, ഇന്നത്തെ ആഗോള സാമൂഹ്യ മാധ്യമ ശൃംഖല അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കേന്ദ്രീകരിച്ചിരിക്കുന്നതു് കണ്ടു് വളരുന്ന സമൂഹം ഇന്റര്‍നെറ്റിനു് കേന്ദ്രീകൃത ഘടനയാണുള്ളതെന്ന വളരെ വികലമായ ധാരണ വെച്ചു് പുലര്‍ത്തുന്നതു് ബദല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനു്തടസ്സം സൃഷ്ടിക്കുന്നുണ്ടു്. നിലവിലുള്ള സാമൂഹ്യ മാധ്യമ ശൃംഖല ആഗോളമായി കേന്ദ്രീകരിച്ചിരിക്കുന്നു എന്നതു് ശരിയാണു്. കാരണം സാമൂഹ്യ മാധ്യമങ്ങളുടെ വിതരിത ഘടന ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നില്ല എന്നതു് മാത്രമാണു്. അതേ സമയം, ഈ ആഗോള സാമൂഹ്യ മാധ്യമ ശൃംഖലയുടെ സെര്‍വ്വറുകള്‍ മാത്രമാണു് കുത്തകകളുടേതായിട്ടുള്ളതു്. ഉപയോക്താക്കളുടെ ഉപകരണങ്ങളും പ്രാദേശിക സെര്‍വ്വറുകളും അവയും കേന്ദ്ര സെര്‍വ്വറുകളുമായുള്ളതടക്കം എല്ലാ ബന്ധ മാധ്യമങ്ങളും ജനങ്ങളുടെ വകയാണു്. പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോ ഉള്ള ദേശീയ ടെലികോം സേവന ദാതാക്കളാണു് അവയെല്ലാം ഒരുക്കിയിട്ടുള്ളതു്. അതായതു് ആഗോള സാമൂഹ്യ മാധ്യമങ്ങള്‍ സെര്‍വ്വറുകള്‍ മാത്രം കൈവശം വെച്ചു് സാര്‍വ്വദേശീയമായി തദ്ദേശീയ ടെലികോം വിഭവങ്ങള്‍ യാതൊരു ചെലവുമില്ലാതെ ഉപയോഗിച്ചു് വിവരം കേന്ദ്രീകരിക്കുകയും അവ ദുരുപയോഗം ചെയ്തു് വരുമാനമുണ്ടാക്കുകയും സാമ്രാജ്യത്വ താല്പര്യത്തില്‍ അവ യുഎസ് സര്‍ക്കാരിനു് ചോര്‍ത്തിക്കൊടുക്കുകയുമാണു് ചെയ്യുന്നതു്. (അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ സാങ്കേതിക കോണ്‍ട്രാക്ടറും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംരംഭകനുമായിരുന്ന എഡ്വേര്‍ഡു് സ്നോഡന്റെ വെളിപ്പെടുത്തലുകള്‍ ഓര്‍മ്മിക്കുക).
ചുരുക്കത്തില്‍, ടെലികോം സേവന ദാതാക്കള്‍ പശ്ചാത്തല സൌകര്യം മാത്രം ഒരുക്കി കൊടുത്തു് വരുമാന സ്രോതസുകളായ മേല്‍ത്തട്ടു് വിവര സേവനങ്ങള്‍ ആഗോള കുത്തകകള്‍ക്കു് അടിയറ വെയ്ക്കേണ്ടതില്ല. അവയും ഒരുക്കിക്കൊടുത്തു് വരുമാനമുണ്ടാക്കാന്‍ ദേശീയ സേവന ദാതാക്കള്‍ തയ്യാറാകണം. ബിഎസ്എന്‍എല്‍ ഇത്തരം സേവനങ്ങള്‍ കൊടുത്തു് തുടങ്ങണം. അതിലൂടെ സാമ്രാജ്യത്യാധിപത്യത്തോടുള്ള വിധേയത്വം ഏറിയെ പങ്കും ഒഴിവാക്കാനുമാകും.
മറ്റൊരു വശത്തു്, ടെലികോം രംഗത്തിന്റെ വികാസ ഫലമായ ഐടി സേവനങ്ങളുടെ ഉപഭോക്താക്കളായി ബിഎസ്എന്‍എല്‍ മാറിയിരിക്കുന്നു. ഇതു് തികച്ചും അയുക്തികവും അനാവശ്യവുമാണു്. ബിഎസ്എന്‍എല്‍ ന്റെ സേവന പ്രദാനവും ഭരണ നിര്‍വ്വഹണവും നടത്തുന്നതിനു് SAP ഏര്‍പ്പെടുത്തിയതു് 6000 കോടി രൂപയുടെ ആദ്യ നിക്ഷേപം മുടക്കിയാണു്. അതിന്നും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുമില്ല. 600 കോടിയില്‍ തടങ്ങി ഓരോ വര്‍ഷവും വര്‍ദ്ധിച്ചു് വരുന്ന വാര്‍ഷിക മെയിന്റനന്‍സ് ചെലവു് ഇന്നു് 900 കോടിയോളം എത്തിയിരിക്കുന്നു. വാര്‍ഷിക മെയിന്റനന്‍സ് ചെലവിന്റെ പകുതി തുക കൊണ്ടു് ബിഎസ്എന്‍എല്‍ നു് ഇതിനേക്കാല്‍ മെച്ചപ്പെട്ട സേവന ശൃംഖല സ്വന്തമായി സ്ഥാപിച്ചുപയോഗിക്കാം. മാത്രമല്ല, ഒരിക്കല്‍ അതിന്റെ സാങ്കേതികവിദ്യ സ്വായത്തമായിക്കഴിഞ്ഞാല്‍ ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളുടേയും ശൃംഖലാധിഷ്ഠിത സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ ക്ലൌഡ് മാതൃകയില്‍ നല്‍കുന്ന സ്ഥാപനമായി ബിഎസ്എന്‍എല്‍ നു് മാറാം. ബാങ്കു്, ഇന്‍ഷുറന്‍സ്, അടക്കം എല്ലാ പൊതു മേഖലാ സ്ഥാപനങ്ങളുടേയും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടേയും ശൃംഖലാധിഷ്ഠിത സേവനങ്ങളുടെ വിതരിത ഡാറ്റാ സെന്ററുകള്‍ സ്ഥാപിച്ചു് നല്‍കുക എന്ന സേവനം ബിഎസ്എന്‍എല്‍ നു് ചെയ്യാവുന്നതാണു്. ഇന്നു് അപ്രസക്തമായി വരുന്ന എക്സ്ചേഞ്ചു് പശ്ചാത്തല സൌകര്യങ്ങളായ ജനറേറ്ററും ബാറ്ററിയും യുപിഎസും സ്ഥലസൌകര്യവും അടക്കം വിഭവങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്ന സേവനമാണിതു്. മാത്രമല്ല, ബിഎസ്എന്‍എല്‍ ന്റെ ലൈനുകളുടെ വിപണനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗവുമാണതു്. ക്ലൌഡ് കേന്ദ്രങ്ങളായി വരുമാനസൃഷ്ടി നടത്തുകയും അതിലൂടെ സ്വന്തം ലൈനുകളുടെ വിപണനം ഉയര്‍ത്തുകയും അടക്കം ഒട്ടേറെ മൂല്യ വര്‍ദ്ധിത സേവനങ്ങളിലൂടെ സ്വന്തം കാലില്‍ നിന്നു് ജനങ്ങളെ സേവിക്കുന്ന സ്ഥാപനമായി ബിഎസ്എന്‍എല്‍ നു് മാറാം.
പകരം, ഇവിടെ നിര്‍മ്മിച്ചുപയോഗിക്കാവുന്ന ഉപകരണങ്ങളെല്ലാം (85% ഉം) വലിയ വില നല്‍കി ഇറക്കുമതി ചെയ്യുകയും സ്വന്തമായി വികസിപ്പിക്കാവുന്ന സേവന പ്രദാനഭരണ നിര്‍വ്വഹണ സംവിധാനങ്ങള്‍ വളരെ കൂടിയ സേവനത്തുക നല്‍കി ഏര്‍പ്പെടുത്തുതയും ചെയ്യുന്നതടക്കം ധൂര്‍ത്തില്‍ ആറാടുന്നതിലൂടെയാണു് ബിഎസ്എന്‍എല്‍ അതിന്റെ ഇന്നത്തെ പതനത്തിലെത്തിയിട്ടുള്ളതു്. ജിവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ കര്‍ശനമാക്കാനും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനും ശമ്പള പരിഷ്കരണം നിഷേധിക്കാനും ഈ നഷ്ടത്തിന്റെ കണക്കാണു് ഉപയോഗിക്കുന്നതു്. നഷ്ടം തനിയെ ഉണ്ടാകുന്നതല്ല. മാനേജ്മെന്റു് ദൌര്‍ബ്ബല്യങ്ങളും ധൂര്‍ത്തും മൂലവും മനപൂര്‍വ്വം നഷ്ടത്തിലാക്കി സ്വകാര്യവല്കരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയും വരുത്തി വെയ്ക്കുന്നതാണു്. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള വികസനവൈവിദ്ധ്യവല്കരണ പദ്ധതികള്‍ ആവിഷ്കരിച്ചു് നടപ്പിലാക്കിയും ചെലവു് കുറയ്ക്കാന്‍ വേണ്ടി ഇറക്കു് മതിക്കു് പകരമുള്ള ഉല്പാദനശേഷിയും സ്വയംനവീകരണശേഷിയും ആര്‍ജ്ജിക്കുകയും ചെയ്തു് കൊണ്ടു് ബിഎസ്എന്‍എല്‍ നു് ഇനിയും അതിന്റെ പ്രസക്തിയും പ്രാധാന്യവും തിരിയെ പിടിക്കാം.

അതിന്റെ തുടര്‍ച്ചയില്‍ ബിഎസ്എന്‍എല്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുകയും ഉപകരണങ്ങളുടെ ഉല്പാദനം നടത്തുകയും ചെയ്യുന്ന പൊതു മേഖലാ സംരംഭമായി ഉയരുകയും സേവനങ്ങള്‍ ആവശ്യാനുസരണം അനുഭവിക്കുന്ന സ്വയംഭരണ സമൂഹങ്ങളുടെ അതി വിപുലമായ ശൃംഖലയ്ക്കു് അവ ലഭ്യമാക്കുകയും വേണം. അത്തരത്തില്‍ ആശയ വിനിമയ ശൃംഖല സാമൂഹ്യമാക്കി മാറ്റിക്കൊണ്ടു് സ്വതന്ത്ര വിജ്ഞാന സമൂഹ സൃഷ്ടിയുടെ പ്രേരക ശക്തിയായി ടെലികമ്മ്യൂണിക്കേഷന്‍ മേഖല മാറണം.

കടപ്പാട്: http://vivaravicharam.blogspot.com/2018/04/blog-post.html

Advertisements
Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

Wikipedia and Democracy

Wikipedia and Democracy

Wikipedia is an online encyclopedia that is free and immensely “searchable”. You can access this through any Internet browser. Whether you wish to know about Reiki or about Stem Cells, all you need to do is to search for “Reiki Wiki” or “Stem Cell Wiki” through Google.

In fact I just did this, and got to the sites 

http://en.wikipedia.org/wiki/Reiki and http://en.wikipedia.org/wiki/Stem_cell

The most amazing fact about Wikipedia is that it is “open”. Anyone on the Internet can contribute articles to this on any subject. And any one can “edit” existing articles! What is more, the changes you make become immediately visible to the rest of the world!

When this concept was originally launched, there were some fears. Will the fact that this is “open” not swamp the system with information of doubtful validity? Will the noise not drown the signal?

The good news is that the project appears to be hugely successful! I have found the articles at Wikipedia to be informative and factually correct – to a great extent.

Of course, we will need to be cautious with topics that provoke political or religious passions. Usually such articles are “tagged” with editorial comments indicating that these do not meet quality standards. Some are even explicitly tagged with warnings such as “The neutrality of this article is disputed”. To further alert the readers, Wikipedia articles provide the history of past edits. Contents of articles that are seen to be very frequently edited ought to be taken with a pinch of salt. One may well say, Caveat Lector!

Wikipedia also offers guidelines for those wishing to contribute articles, or to edit existing articles. These clearly state the fact that Wikipedia is an encyclopedia. And that material that does not fit into an encyclopedia ought not to be posted here. Articles are to be written from a neutral point of view, and must represent differing views on a subject, factually and objectively. The guidelines acknowledge that Wikipedia contributors come from many different countries and cultures and have widely different views.

The participants who contribute articles are regarded as both writers and editors. Individual users are expected to enforce policies and guidelines by editing pages and by discussing matters with each other. Administrators and an Arbitration Committee do exist to deal with vandalism and disputes.

What are the reasons for the success of the Wikipedia experiment?

Perhaps there is an analogy in this – the rise of democracy in the past few centuries. What can be more counter-intuitive than a government that is elected based on universal adult franchise – rather than have an oligarchy consisting of experts in governance or economics? Yet we do know that experiments in democracy have been universally successful.

Indeed, it would appear that Wikipedia and democracy are both based upon the same first principles.

(In 2005, I had written a blog titled, Wikipedia and Democracy, when the “Wiki” was just 4 years old. I reproduce this below on the 15th birthday :- Anand Nair)

Courtesy: Anand Nair <asnair@gmail.com>

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരുക്കുന്ന സാദ്ധ്യതകള്‍

തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരുക്കുന്ന സാദ്ധ്യതകള്‍

കെ ചന്ദ്രന്‍ പിള്ള

ശാസ്ത്ര സാങ്കേതിക വിദ്യകളിലുള്ള കുതിച്ചു് ചാട്ടവും അതു് മൂലമുണ്ടായിക്കൊണ്ടിരിക്കുന്ന ഫലപ്രത്യാഘാതങ്ങളും നമ്മുടെ അനുഭവമാണു്. കടലാസിനു് പകരം ഡിജിറ്റല്‍ വിവര കൈകാര്യ രീതികളും തുടര്‍ന്നു് ശൃംഖലയിലൂടെ തത്സമയം എവിടെയിരുന്നും എവിടെയും അവ നടത്തുന്ന സിദ്ധിയും സമൂഹത്തിനു് കരഗതമായിരിക്കുന്നു. വിവര സാങ്കേതിക വിദ്യ മറ്റിതര ശാസ്ത്രസാങ്കേതിക രംഗങ്ങളിലും അവയുടെ സാധ്യതകള്‍ ഉയര്‍ത്തുന്നു. സമ്പദ്ഘടനയും കമ്പോളവും സമഗ്രമായി ആസൂത്രണം ചെയ്യാനും ഏതളവിലും ഉല്പാദനം വര്‍ദ്ധിപ്പിക്കാനും അവ കാര്യക്ഷമമായി വിതരണം ചെയ്യാനും ഉള്ള ശേഷി സമൂഹം നേടിക്കഴിഞ്ഞിരിക്കുന്നു. അതേ സമയം, നിലവിലുള്ള ഉല്പാദന ബന്ധങ്ങളും കമ്പോളവും അരാജകമായി തൂടരുന്നു. സമൂഹം നേടിയ ശേഷി ഉപയോഗിക്കാന്‍ ഉല്പാദന ശക്തികളെ നിലവിലുള്ള വ്യവസ്ഥ അനുവദിക്കുന്നില്ല. അങ്ങിനെ സമൂഹത്തിന്റെ പുരോഗതി തടയപ്പെട്ടിരിക്കുന്നു.

ഈ അരാജകത്വത്തിന്റെ നേരിട്ടുള്ള ദുരിതം അനുഭവിക്കുന്നതു് കഴിഞ്ഞ രണ്ടു് നൂറ്റാണ്ടുകളില്‍ സംഘടിച്ചു് ശക്തി നേടി സ്വന്തം ജീവിതം താരതമ്യേന മെച്ചപ്പെടുത്തിയ സംഘടിത തൊഴിലാളികളും അവരുടെ പ്രസ്ഥാനങ്ങളുമാണു്. ഒപ്പം പ്രകൃതി വിഭവങ്ങള്‍ ധൂര്‍ത്തടിക്കപ്പെടുകയും പരിസ്ഥിതിയും താറുമാറാക്കപ്പെടുകയും ചെയ്യുന്നു. അവയുടെ മേലാണു് കടുത്ത ആഘാതം കൂടുതലായി വിഴുന്നതു്. നിരക്ഷരതയില്‍ നിന്നും മുതലാളിത്ത ഉല്പാദന യന്ത്രത്തിന്റെ അനുബന്ധമായിരിക്കുന്നതില്‍ നിന്നും തൊഴിലാളികള്‍ മോചനം നേടി. പക്ഷെ, ഇന്നും സമൂഹത്തെ പൊതുവില്‍ ഡിജിറ്റല്‍ സങ്കേതങ്ങളും ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രവും ഉപയോഗിച്ചു് വളരുന്ന പുത്തന്‍ മുതലാളിത്ത സാംസ്കാരിക യന്ത്രത്തിന്റെ അനുബന്ധങ്ങളാക്കപ്പെട്ടിരിക്കുന്നു. അതിലൂടെ മുതലാളിത്ത സംസ്കാരത്തിന്റേയും ഒട്ടേറെ അപ്രസക്തമായ ചരക്കുകളുടേയും ഉപഭോക്താക്കളായി തളച്ചിടപ്പെട്ടിരിക്കുന്നു. ചൂഷിതരായ മറ്റിതര ജനവിഭാഗങ്ങള്‍ ചൂഷിതരായി തുടരുക തന്നെയാണു്. ആര്‍ക്കും കഴിഞ്ഞു് പോയ ദിവസം പോലെ ഇന്നും നാളെയും തള്ളി നീക്കാനാവാത്ത വിധം സാമൂഹ്യ ജിവിതം വഴിമുട്ടിയിരിക്കുന്നു. ജനങ്ങള്‍ ആശ്വാസം തേടി കൂടുതല്‍ കൂടുതല്‍ മതത്തേയും ദൈവത്തേയും പുതുതായി രംഗത്തു് വരുന്ന ആള്‍ ദൈവങ്ങളേയും ആശ്രയിക്കുന്ന കാഴ്ചയാണു് നാം കാണുന്നതു്.

സമൂഹത്തിനു് മാറ്റം കൂടിയേ തീരൂ. സ്വതന്ത്രരായ ഡിജിറ്റല്‍ വിജ്ഞാന സ്രഷ്ടാക്കള്‍ നമ്മുടെ മുമ്പില്‍ പുതിയൊരു മാതൃക അവതരിപ്പിക്കുകയാണു്. ജീവിതോപാധികളുടെയാകെ സ്വതന്ത്ര സൃഷ്ടാക്കളാണു് പുതിയ ഉല്പാദന ശക്തി. സ്വതന്ത്ര സ്രഷ്ടാക്കള്‍ തന്നെയാണു് ഉപഭോക്താക്കളും. സ്രഷ്ടാക്കളും ഉപഭോക്താക്കളും നേരിട്ടു് ബന്ധപ്പെടുന്നതാണു് പുതിയ ഉല്പാദനവിതരണവിനിമയ ബന്ധം. എല്ലാവരും സ്വതന്ത്രമായി ജീവിതോപാധികള്‍ സൃഷ്ടിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യും. അതിനിടയില്‍ മൂലധന ഉടമകളായ മുതലാളിമാരില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ മാതൃക ഭാവി സമൂഹത്തിന്റെ വ്യത്യസ്തമായ ഒരു രൂപ രേഖയാണു് വരച്ചു് കാണിക്കുന്നതു്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയും മുതലാളിത്തവും

ഡിജിറ്റല്‍ വിവര വിനിമയ ശൃംഖല, നിലവില്‍, മുതലാളിത്ത ചൂഷണത്തിന്റെ പ്രധാന ഉപാധികളിലൊന്നാണു്. ഉല്പാദന ചെലവു് കുറയ്ക്കാനുള്ള ഒട്ടേറെ സാദ്ധ്യതകള്‍ ഡിജിറ്റല്‍ ശൃംഖലയുടെ ഉപയോഗത്തിലൂടെ മുതലാളിത്തത്തിനു് ലഭ്യമായിരിക്കുന്നു. അസംസ്കൃത പദാര്‍ത്ഥങ്ങളുടേയും അദ്ധ്വാന ശേഷിയുടേയും ലഭ്യത, കമ്പോളത്തിന്റെ സാമിപ്യം തുടങ്ങി ചെലവു് കുറയ്ക്കാനാവുന്നയിടം നോക്കി ഉല്പാദനം വിതരിതമാക്കപ്പെടുന്നു (Distributed). വിതരിത ഉല്പാദന കേന്ദ്രങ്ങളെ, അവയുടെ ഉല്പന്നങ്ങളെ, വിവര വിനിമയ ശൃംഖല ഉപയോഗിച്ചു് കോര്‍ത്തിണക്കി മൂലധനത്തിന്റെ നിയന്ത്രണം ഉറപ്പിക്കുന്നു. ചരക്കുകളുടെ ആകര്‍ഷകമായ വിര്‍ച്വല്‍ രൂപം (പെരുപ്പിച്ച ഗുണഗണങ്ങള്‍ കാട്ടുന്ന ചിത്രം ശൃഖലയില്‍) കാട്ടി ആവശ്യം സൃഷ്ടിച്ചശേഷം ഉല്പാദിപ്പിച്ചു് മൂലധന നിക്ഷേപം കുറയ്ക്കുകയും വര്‍ദ്ധിച്ച ലാഭം കൊയ്യുകയും ചെയ്യുന്നു. കമ്യൂണിക്കേഷനും ബാങ്കിങ്ങും ഇന്‍ഷുറന്‍സും വിദ്യാഭ്യാസവും രോഗചികിത്സയുമടക്കം സേവനങ്ങള്‍ ശൃംഖലയില്‍ നേരിട്ടു് നല്‍കുന്നു. ബയോടക്നോളജിയടക്കം ഉപയോഗിച്ചുള്ള ഹൈടെക് കൃഷി രീതി, ബഹിരാകാശമടക്കം ഉപയോഗിക്കുക തുടങ്ങി ഒട്ടേറെ പുതിയ ഉല്പാദന രീതികള്‍ ആവിഷ്കരിക്കുന്നു. ചരക്കുകളുടെ വിനിമയ സേവനങ്ങള്‍ക്കു് തൊഴിലാളികളെ ഉപയോഗപ്പെടുത്താതെ, ഉപഭോക്താക്കളേക്കൊണ്ടു് തന്നെ പണി ചെയ്യിക്കുന്നു. അങ്ങിനെ കുറഞ്ഞ എണ്ണം തൊഴിലാളികളേയും സ്വയം തൊഴില്‍ സംരംഭകരേയും വെച്ചു് ഉല്പാദനവും വിതരണവും വിനിമയവും നടത്തപ്പെടുന്നു. അതിലൂടെയെല്ലാം, തൊഴിലാളികളുടെ കേന്ദ്രീകരണവും സംഘടനാ ശേഷിയും അവയുടെ ഇടപെടല്‍ ശേഷിയും അവരുടെ സമരങ്ങളുടെ പ്രഹര ശേഷിയും ഇടിയ്ക്കുന്നു. തൊഴിലാളികളെ അസംഘടിതരാക്കി നിര്‍ത്താനും നിലവിലുള്ള തൊഴില്‍ സംഘടനകളെ ക്ഷീണിപ്പിക്കാനും സ്ഥിരം തൊഴില്‍ നശിപ്പിക്കുന്നു. തൊഴിലുകള്‍ പുറം കരാര്‍ നല്‍കുന്നു. കരാര്‍ തൊഴിലും മണിക്കൂര്‍ തൊഴിലും ദിവസത്തൊഴിലും താല്കാലിക തൊഴിലും കുടിത്തൊഴിലും പെരുകുന്നു. ചുരുക്കത്തില്‍ അസംഘടിത തൊഴിലും അസംഘടിത തൊഴില്‍ മേഖലകളും വ്യാപിക്കുന്നു. ഇതിലൂടെയെല്ലാം പുതിയ അസംഘടിത തൊഴിലാളി വിഭാഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. തൊഴിലാളികളെ വെച്ചു് ഫാക്ടറി നടത്തുന്നതിനു് പകരം സ്വയം തൊഴില്‍ മേഖല വ്യാപിപ്പിക്കുന്നു. സ്വയം തൊഴില്‍ സംരംഭകരുടെ ഉല്പന്നങ്ങള്‍ ശേഖരിച്ചു് ബ്രാന്‍ഡ് ചെയ്തു് കുത്തക ഉല്പന്നങ്ങളായി വര്‍ദ്ധിച്ച വിലയ്ക്കു് വിറ്റു് പണം വാരുന്നു. തൊഴിലാളികളെന്ന പോലെ സ്വയംതൊഴില്‍ സംരംഭകരും ചൂഷണത്തിനു് വിധേയരാണു്. അവരുടെ വിലപേശല്‍ കഴിവു് കര്‍ഷകരുടേതു് പോലെ പരിമിതവും.

മൊത്തത്തില്‍, ഡിജിറ്റല്‍ ശൃംഖല ഉപയോഗിച്ചു്, മൂലധനത്തിന്റേയും ഉല്പാദനശാലകളുടേയും വിതരണത്തിന്റേയും തൊഴിലുകളുടേയും തൊഴിലാളി സംഘടനയുടേയും സംസ്കാരത്തിന്റേയും ജൈവ ഘടനയില്‍ മാറ്റം വരുത്തുന്നു. കൂലി ഇടിച്ചു് താഴ്ത്തപ്പെടുന്നു, തൊഴില്‍ കുറയ്ക്കപ്പെടുന്നു, സംഘടിത പ്രസ്ഥാനങ്ങളെ ക്ഷീണിപ്പിക്കുന്നു, ചൂഷണത്തോതു് കൂട്ടുന്നു, ലാഭം കുന്നു് കൂട്ടുന്നു.

മുതലാളിത്തം സമൂഹത്തിനു്, പ്രകൃതിക്കു്, പരിസ്ഥിതിക്കു് എല്ലാം ഭാരമായിരിക്കുന്നു

നിലവില്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ മൂലധനാധിപത്യ വ്യവസ്ഥയ്ക്കു് കഴിയുന്നില്ല. മാത്രമല്ല, കടുത്ത ചൂഷണം നടത്തുമ്പോഴും അതിലൂടെ വന്‍തോതില്‍ പെരുകിയ മൂലധനത്തിനു് ആനുപാതികമായി ലാഭം ഉയരാത്തതു് മൂലം ലാഭനിരക്കിടിയുകയും ചെയ്യുന്നു. ഇടിയുന്ന ലാഭനിരക്കു് ഓഹരി കമ്പോളത്തിന്റെ തകര്‍ച്ചയ്ക്കു് വഴിവെക്കാതെ നോക്കാന്‍ പൊതു സ്വത്തു് കൊള്ളയടിക്കുന്നു. വീണ്ടും പ്രാകൃത മൂലധന സഞ്ചയത്തിലേര്‍പ്പെടുന്നു. മൂലധനം പെരുപ്പിച്ചു് കാട്ടി ലാഭം കൂട്ടി ലാഭനിരക്കുയര്‍ത്തി നിര്‍ത്തുകയാണു്. അങ്ങിനെ പെരുപ്പിക്കപ്പെട്ട മൂലധനം ലാഭനിരക്കില്‍ വീണ്ടും ഇടിവുണ്ടാക്കാനാണുപകരിക്കുക എന്ന വിഷമ വൃത്തത്തിലാണു് ധന മൂലധനം എത്തിപ്പെട്ടിട്ടുള്ളതു്. ലാഭം വര്‍ദ്ധിപ്പിക്കാനായി പ്രകൃതി വിഭവങ്ങളുടെ ചൂഷണം വര്‍ദ്ധിപ്പിക്കുന്നു. പരിസ്ഥിതി നശിപ്പിച്ചും ലാഭം കൊയ്യുന്നു. മറുവശത്തു്, കടുത്ത തൊഴിലാളി ചൂഷണവും കടുത്ത കമ്പോള ചൂഷണവും മൂലം ജനങ്ങളുടെ ക്രയശേഷിയിലുണ്ടാകുന്ന ഇടിവു് വ്യാപാര മാന്ദ്യത്തിനു് വഴിവെക്കുന്നു. അതു് മറികടക്കാന്‍ ഉല്പാദനം വെട്ടിക്കുറയ്ക്കപ്പെടുന്നതും വളര്‍ച്ച മുരടിപ്പിക്കുന്നു. അതു് ഓഹരി കമ്പോളത്ത ബാധിക്കാതിരിക്കാന്‍ ഉല്പാദനം കൃത്രിമമായി ഉയര്‍ത്തി കാണിക്കുന്നതിനായി മുതലാളിത്തം ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നു.

നാളിതു് വരം സമൂഹം സ്വയം പ്രകൃതിയില്‍ നിന്നെടുത്തു് ഉപയോഗിച്ചിരുന്ന പ്രകൃതി വിഭവങ്ങള്‍ ചരക്കുകളാക്കപ്പെടുന്നു. വെള്ളം അതിലൊന്നാണു്. ഒരു വശത്തു് ജല സ്രോതസുകള്‍ മലിനമാകാന്‍ വിട്ടിരിക്കുന്നു. ജനങ്ങളുടെ കുടി വെള്ളം മുട്ടിക്കുന്നു. തുടര്‍ന്നു് കുടിവെള്ള കച്ചവടം പൊടി പൊടിക്കുന്നു. പട്ടണങ്ങളിലെ വായു മലിനീകരണത്തിന്റെ പ്രശ്നത്തില്‍ ഇന്നത്തെ നില തുടര്‍ന്നാല്‍ അടുത്ത ഭാവിയില്‍ തന്നെ ശുദ്ധവായു വിപണനം നമുക്കു് പ്രതീക്ഷിക്കാം. മരുന്നു് കമ്പനികള്‍ അവയുടെ വ്യാപാരം ഉയര്‍ത്താന്‍ രോഗം പെരുപ്പിക്കുന്നതിന്റെ ഫലമാണു് ഇന്നു് കാണുന്ന വര്‍ദ്ധിച്ചു് വരുന്ന രോഗങ്ങളില്‍ പലതും.

മറ്റൊന്നാണു് അദൃശ്യാസ്ഥികളുടെ വിപണനവും സമാന്തര സമ്പദ്ഘടനയും. സോഫ്റ്റ്‌വെയര്‍ അടക്കം ഇതര അറിവുകള്‍, ഓഹരി, ആസ്തികളുടെ പ്രമാണങ്ങളും അവയുടെ വകഭേദങ്ങളും (financial instruments and their derivatives) എന്നിങ്ങനെ ഒട്ടേറെ കൃത്രിമ ചരക്കുകള്‍ (വിര്‍ച്വല്‍ ചരക്കുകള്‍) സൃഷ്ടിക്കുന്നു. അവയുടെ ആവര്‍ത്തിച്ചുള്ള വ്യാപാരത്തിലൂടെ ഉല്പാദന വര്‍ദ്ധനവും വളര്‍ച്ചയും കണക്കില്‍ കാണിച്ചു് ഓഹരി ഉടമകളെ കബളിപ്പിക്കുകയാണു് ധന മൂലധനാധിപത്യം ചെയ്യുന്നതു്. അവധിക്കച്ചവടം പോലെ തന്നെ, ഇവയൊന്നും യഥാര്‍ത്ഥ സമ്പത്തുല്പാദനം ഉയര്‍ത്തുന്നില്ല. അതേ സമയം വില ഉയര്‍ത്തുകയും ഇടത്തട്ടുകാരുടെ ലാഭം കൂട്ടുകയും മാത്രമാണു്. വളര്‍ച്ച കണക്കില്‍ കാണുമ്പോഴും തൊഴില്‍ വളരാത്തതിനു് കാരണമായ തൊഴില്‍ രഹിത വളര്‍ച്ചഎന്ന പ്രതിഭാസം ഇതാണു്. തൊഴിലാളിയെ വെയ്ക്കാതെ, ഇത്തരത്തില്‍ കൃത്രിമമായി പെരുപ്പിച്ച ചരക്കുകളും കൊള്ളക്കൊടുക്കകളുമൊന്നും യഥാര്‍ത്ഥ മിച്ച മൂല്യമോ തദ്വാര ലാഭമോ സൃഷ്ടിക്കുന്നില്ല. കാരണം, ലാഭത്തിന്റെ അടിസ്ഥാനം അദ്ധ്വാന ശേഷിയുടെ ചൂഷണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന മിച്ചമൂല്യമാണു്. വ്യാപാര മിച്ചമെന്നാല്‍ മുതലാളിമാര്‍ തമ്മില്‍ പരസ്പരം ലാഭം പിടിച്ചുപറിക്കല്‍ മാത്രമാണു്. ഒരിടത്തെ ലാഭം മറ്റൊരിടത്തെ നഷ്ടമാണു്. തട്ടിക്കിഴിച്ചാല്‍ മൊത്തത്തില്‍ ലാഭമെ നഷ്ടമോ ഉണ്ടാകുന്നില്ല. ചുരുക്കത്തില്‍ തൊഴിലാളികളേയും ഉപഭോക്താക്കളേയും കൊള്ളയടിക്കുകയും പാപ്പരീകരിക്കുകയും ചെയ്തു് കുത്തക മൂലധനം പെരുപ്പിക്കുന്നതിന്റെ ഉപാധി മാത്രമാണു് ഇത്തരം കൃത്രിമ കമ്പോളം.

ഫ്രാന്‍സിസ് പാപ്പ മുതലാളിത്ത വ്യവസ്ഥയ്ക്കെതിരെ

പ്രബോധന രേഖയില്‍ ഫ്രാന്‍സിസ് പാപ്പ പറയുന്നതിതാണു്. ”നിയന്ത്രണങ്ങളില്‍ നിന്നു് വിമുക്തമാക്കപ്പെട്ട വിപണി പുതിയ സ്വേച്ഛാധിപത്യമാണു്. പൊതു നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഭരണകൂടങ്ങള്‍ക്കു് മേല്‍ വിപണി ശക്തികള്‍ ആധിപത്യം നേടി. . . . . . . ഇതു് സമ്പത്തിന്റെ കേന്ദ്രീകരണത്തിനും അതി ഭീകരമായ അസമത്വത്തിനും വഴിവെയ്ക്കുന്നു. എവിടെയും കേന്ദ്രസ്ഥാനത്തു് പണം, ധന മൂലധനത്തിന്റെ ചൂതാട്ടം.”

കടുത്ത മുതലാളിത്ത ചൂഷണം മൂലം ക്രയശേഷി നഷ്ടപ്പെടുന്ന ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ദുരിതത്തിലേയ്ക്കു് തള്ളിയിടപ്പെടുന്നു. അതാകട്ടെ, അമിതോല്പാദനക്കുഴപ്പത്തിനു് വഴിവെയ്ക്കുന്നു. ഉല്പാദനം കുറയ്ക്കുന്നു. തൊഴില്‍ കുറയുന്നു. അതിനു് പരിഹാരമായി കടം കൊടുത്തു് ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. അതിലൂടെ കമ്പോളം വികസിപ്പിക്കുന്നു. പക്ഷെ, പരിഹാരം തികച്ചും താല്കാലികം മാത്രമാണു്. കടം തിരിച്ചടവു് സമൂഹത്തെ കൂടുതല്‍ പാപ്പരാക്കുക മാത്രമാണു്. ക്രയ ശേഷി വീണ്ടും ചുരുങ്ങുന്നു. ദാരിദ്ര്യം പെരുകുന്നു. ചരക്കുകള്‍ കെട്ടിക്കിടക്കുന്നു.

ഒരു വശത്തു് ധാരാളിത്തവും മറുവശത്തു് ദാരിദ്ര്യവും ഒരേ സമയം നടമാടുന്നു. ഈ അസംബന്ധത്തിനെതിരെ ജനങ്ങള്‍ തിരിയാതിരിക്കാന്‍, എല്ലാ ജനതകളേയും തങ്ങളുടെ വരുതിയിലാക്കാനായി സാംസ്കാരിക മേധാവിത്തം സ്ഥാപിക്കുന്നു. എല്ലാ പ്രാദേശികദേശീയ സംസ്കാരങ്ങളേയും നശിപ്പിക്കുന്നു. അതിനായി മുതലാളിത്ത സാംസ്കാരിക യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നു. അതു് പ്രാദേശിക ഭാഷകളേയും പ്രാദേശിക സംസ്കാരത്തേയും തള്ളിമാറ്റുന്നു. സമൂഹമാകെ, കുട്ടികളും തൊഴിലാളികളുമടക്കം, മുതലാളിത്ത സാംസ്കാരിക യന്ത്രത്തിന്റെ അനുബന്ധങ്ങളായും അതിലൂടെ മുതലാളിത്ത സംസ്കാരത്തിന്റേയും ചരക്കുകളുടെ ഉപഭോക്താക്കളായും മാറുന്നു. അതേ സമയം, മുതലാളിത്തം ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വ്യാപനത്തിലൂടെയും അതും ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രവും ഉപയോഗിച്ചുള്ള പുതിയ സാംസ്കാരിക യന്ത്രത്തിന്റെ സൃഷ്ടിയിലൂടെയും അതിന്റെ നാശത്തിനുള്ള ആയുധത്തിന്റെ മൂര്‍ച്ചയും അതുപയോഗിക്കുന്നവരുടെ പ്രഹര ശേഷിയും കൂട്ടിയിരിക്കുകയാണു്. വിവര സാങ്കേതിക വിദ്യയുടെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായ സോഫ്റ്റ്‌വെയര്‍ മൂലധനാധിപത്യത്തില്‍ നിന്നു് സ്വതന്ത്രമാക്കപ്പെട്ടിരിക്കുന്നു. ഹാര്‍ഡ്‌വെയറിന്റെ രംഗത്തും സ്വതന്ത്ര സ്രഷ്ടാക്കള്‍ക്ക് മൂലധനാധിപത്യത്തെ അപ്രസക്തമാക്കാനാവും. അതോടെ സ്പെക്ട്രവും ശൃംഖലയും സ്വതന്ത്രമാക്കുന്നതിനുള്ള കഴിവു് സ്വതന്ത്ര സ്രഷ്ടാക്കള്‍ക്കു നേടാനാവും. ജീവിതോപാധികളുടെ സൃഷ്ടി നടത്തുന്ന തൊഴിലാളികള്‍ക്കും സമൂഹത്തിനു് ജീവിതോപാധികള്‍ നേരിട്ടു് സൃഷ്ടിച്ചു് നല്‍കുന്ന സ്വതന്ത്ര സ്രഷ്ടാക്കളായി ഉയരാം. കൂലിയടിമത്വം അവസാനിപ്പിക്കാം. പുതിയ ഉല്പാദന ശക്തിയായി മാറാം. പുതിയ ഉല്പാദന ബന്ധം സൃഷ്ടിക്കാം. വിവര സാങ്കേതിക വിദ്യയും ശൃംഖലയും ഇത്രയേറെ വികസിപ്പിച്ചതിലൂടെ പുതിയ ആയുധം എടുത്തുപയോഗിക്കാന്‍ ശേഷിയുള്ള ആധുനിക തൊഴിലാളി വര്‍ഗ്ഗത്തേയാണു് മുതലാളിത്തം സൃഷ്ടിച്ചിരിക്കുന്നതു്.

മുതലാളിത്തം മൂലധന ഉടമകള്‍ക്കു് അതിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലാഭം പോലും ഉറപ്പു് വരുത്താന്‍ കഴിയാത്തത്ര പ്രതിസന്ധിയിലാണു്. അതു്, ഇന്നു് കൊള്ള മുതലാളിത്തമായി അധ:പതിച്ചിരിക്കുന്നു. നിലവിലുള്ള മൂലധനതൊഴില്‍ ബന്ധം അവസാനിപ്പിക്കാതെ സമൂഹം നേരിടുന്ന ഈ കാതലായ പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരമില്ലെന്ന നിര്‍ണ്ണായകാവസ്ഥ സംജാതമായിരിക്കുന്നു. മാറ്റം സാധ്യമാക്കുന്ന എല്ലാ ഭൌതിക ഘടകങ്ങളും ഒത്തു് വന്നിരിക്കുന്നു. അതു് നടപ്പാക്കപ്പെടുകയേ വേണ്ടൂ.

രാഷ്ട്രീയ രംഗത്തു് ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രഭാവം

ഉല്പാദന രംഗത്തു് മാത്രമല്ല, രാഷ്ട്രീയ രംഗത്തും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടേയും ശൃംഖലയുടേയും പ്രഭാവം പ്രകടമാണു്. സാമ്രാജ്യത്വവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ലോകമാകെ സര്‍ക്കാരുകള്‍ക്കു് മേലും പൊതുവെ സമൂഹത്തിനു് മേലും അതിന്റെ ആധിപത്യം സ്ഥാപിക്കാനും നിലനിര്‍ത്താനും വിവര സാങ്കേതിക വിദ്യയില്‍ അവയ്ക്കുള്ള കുത്തകയും അതും സമൂഹ സമ്പത്തായ ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രവും ഉപയോഗിച്ചു് പ്രസരിപ്പിക്കപ്പെടുന്ന മൂലധന സംസ്കാരവും ഉപയോഗപ്പെടുത്തുകയാണു്. മൂലധനത്തിന്റെ പ്രാദേശികദേശീയ കെട്ടുപാടുകളറുത്തു് ആഗോള വ്യാപനവും ഒഴുക്കും സുഗമമാക്കപ്പെടുന്നതു് സാര്‍വ്വദേശീയ ശൃംഖല ഉപയോഗിച്ചാണു്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ പ്രധാന വാഹനങ്ങളിലൊന്നാണതു്. വിവര സാങ്കേതിക വിദ്യയില്‍ സാമ്രാജ്യത്വവും കോര്‍പ്പറേറ്റു് സ്ഥാപനങ്ങളും അവയുടെ മേധാവിത്വം സ്ഥാപിക്കുന്നതു് വിവിധ മേഖലകളിലുള്ള വിജ്ഞാനം സമൂഹത്തിനു് നിഷേധിക്കുന്ന തരത്തില്‍ അവയെ ഉല്പാദന ക്ഷമമല്ലാതാക്കിക്കൊണ്ടു് അയഥാര്‍ത്ഥമായ ഉടമാവകാശം സ്ഥാപിച്ചെടുത്തുകൊണ്ടാണു്. വിജ്ഞാനം ഉല്പാദന ക്ഷമമാകുന്നതു് സ്രഷ്ടാവിനു് അതുപയോഗി ക്കാനാകുമ്പോള്‍ മാത്രമാണു്. ഉപയോഗിക്കാനാകാതെ ശാസ്ത്രസാങ്കേതിക അറിവു് ഒളിപ്പിച്ചു് വെയ്ക്കുന്നതിലൂടെ സമൂഹം സൃഷ്ടിച്ചെടുത്ത ഉല്പാദന ശേഷി ഉപയോഗപ്പെടുത്താന്‍ അതിനെ അനുവദിക്കാതിരിക്കുകയാണു് കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന മുതലാളിത്തം ചെയ്യുന്നതു്. ആദിമ സംസ്കാരങ്ങളിലൊന്നാണു് സിന്ധു നദീതടത്തില്‍ രൂപപ്പെട്ടതു്. അന്നു് സാംസ്കാരികമായി ഈ ഭൂപ്രദേശം മുന്നിട്ടു് നിന്നിരുന്നു. അന്നു് നേടിയ വൈജ്ഞാനിക പുരോഗതിയും സാംസ്കാരികോന്നതിയും സമൂഹത്തിനു് പ്രയോജനപ്പെടാതായതും ക്രമേണ വിദേശാധിപത്യത്തിലേയ്ക്കെത്തുന്നതിനു് വഴിയൊരുക്കിയതും ആ വിജ്ഞാനം സമൂഹത്തില്‍ നിന്നു് പൊതുവെ മറച്ചു് വെച്ചു് ഒരു പിടി മേല്‍ത്തട്ടുകാരുടെ കുത്തകയാക്കിയ ജാതി സമ്പ്രദായം മൂലമായിരുന്നു. അതു് പുതിയ രീതിയില്‍ പുതിയ രൂപത്തില്‍ ബൌദ്ധിക സ്വത്തവകാശ നിയമങ്ങളിലൂടെ ലോകമാകെ നടപ്പാക്കപ്പെടുകയാണിന്നു്. ഇന്ത്യയിലാകട്ടെ, കൂട്ടത്തില്‍, ജാതി സമ്പ്രദായം, ഇന്നും, കൊടികുത്തി വാഴുന്നു. അതോടൊപ്പം, രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ മേല്‍ത്തട്ടു്കീഴ്ത്തട്ടു് ഘടനമൂലമുണ്ടാകുന്ന വിടവുകളും ഒപ്പം വര്‍ദ്ധിച്ചു് വരുന്ന വിവര വിടവും.

സമൂഹത്തിലെ ഓരോ അംഗത്തിന്റേയും ജന്മാവകാശമായ, വായുവും വെള്ളവും അറിവും പോലെ പ്രകൃതി വിഭവമായിട്ടുള്ള, ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം കുത്തക മുതലാളിമാര്‍ക്കു് അവയുടെ ഉടമകളായ സമൂഹത്തെ കൊള്ളയടിക്കാനുള്ള ഉപാധിയായി കൈമാറപ്പെടുകയാണു്. ഇന്ത്യയില്‍ 1.76 ലക്ഷം കോടി രൂപ ദല്ലാളന്മാരുടെ കൈകളിലെത്തിച്ചതിന്റെ കഥ പറയുന്ന സ്പെക്ട്രം അഴിമതിയുടെ മറുപുറം 2 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ഖജനാവിലെത്തിയതിന്റേതാണു്. അതായതു് നാലു് ലക്ഷം കോടിയോളം രൂപയാണു് സ്പെക്ട്രത്തിന്റെ പേരില്‍ അതിന്റെ യഥാര്‍ത്ഥ ഉടമകളായ ജനങ്ങളെ കൊള്ളയടിച്ചിരിക്കുന്നതു്. ഈ കൊള്ള തുടര്‍ന്നുള്ള കാലത്തും നടക്കുകയാണു്. ആ സ്പെക്ടം ഉപയോഗിക്കപ്പെടുന്നതു് സമൂഹാംഗങ്ങളുടെ സ്വതന്ത്രമായ ആശയ വിനിമയത്തിലുപരി, മൂലധന സംസ്കാരത്തിന്റെ വിതരണ വാഹനമായാണു്, അതിന്റെ പ്രസരണോപാധിയായാണു്. ജനങ്ങളുടെ സ്വത്തായ ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം, അങ്ങിനെ, കോര്‍പ്പറേറ്റു് നിയന്ത്രണത്തിലുള്ള ദൃശ്യശ്രാവ്യഉല്ലാസവാര്‍ത്താ വിതരണ വ്യവസ്ഥയുടെ, മൂലധന സംസ്കാരത്തിന്റെ ഉല്പാദനവിതരണ യന്ത്രത്തിന്റെ, ഭാഗമായി മാറി.

സ്വതന്ത്ര വിജ്ഞാനവും തൊഴിലാളികളും

സ്വതന്ത്ര സോഫ്റ്റ്‌വെയറും ഇതര സ്വതന്ത്ര വിജ്ഞാനശാഖകളും മൂലധന ചൂഷണത്തിനും കുത്തകയ്ക്കും സാമ്രാജ്യത്വത്തിനും എതിരായ ചെറുത്തു് നില്പിന്റെ രൂപങ്ങളായി ഉപയോഗിക്കാന്‍ നിലവില്‍ ചൂഷണത്തിനു് വിധേയരും അതില്‍ നിന്നു് മോചനം നേടാനായി പോരാട്ടത്തിലേര്‍പ്പെടുന്നവരുമായ വര്‍ഗ്ഗങ്ങള്‍ക്കു് കഴിയും. തങ്ങളുടെ ഭാവിയെന്തെന്നു് തിരിച്ചറിയാനും അതു് സ്വതന്ത്രമായി കരുപ്പിടിപ്പിക്കാനും അതിലേയ്ക്കുള്ള പ്രയാണത്തില്‍ സ്വയം മാറിത്തീരാനും സ്വതന്ത്ര വിജ്ഞാനാര്‍ജ്ജനവും അവയുടെ പ്രയോഗവും അനിവാര്യ ഘടകങ്ങളാണു്. സ്വതന്ത്ര വിജ്ഞാനാര്‍ജ്ജനവും പ്രയോഗവും പുതിയ വിജ്ഞാന സൃഷ്ടിക്കും തുടര്‍ന്നു് സ്വതന്ത്ര ദ്രവ്യോപാധികളുടെ സൃഷ്ടിക്കും അങ്ങിനെ, സ്വതന്ത്ര സ്രഷ്ടാക്കളുടെ തന്നെ സൃഷ്ടിക്കും, അവസാനം സ്വതന്ത്ര സമൂഹ സൃഷ്ടിക്കും വേണ്ടി ഉപയോഗിക്കുക എന്നതു് തൊഴിലാളികളുടേയും തൊഴിലാളി പ്രസ്ഥാനങ്ങളുടേയും വര്‍ഗ്ഗപരമായ അടിയന്തിര കടമയാണു്.

ധന മൂലധന കുത്തകയ്ക്കും സാമ്രാജ്യാധിപത്യത്തിനും എതിരായ സമരത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാതൃക ഇതര രംഗങ്ങളിലും പ്രയോഗക്ഷമമാണു്. സമൂഹത്തില്‍ നിന്നെടുത്ത സോഫ്റ്റ്‌വെയറില്‍ പുതിയ ചില ഘടകം കൂട്ടിച്ചേര്‍ത്തു് അതു് രഹസ്യമാക്കി വെച്ചു് വര്‍ദ്ധിച്ച ചൂഷണം നടത്തുകയാണു് കുത്തകകള്‍ ചെയ്യുന്നതു്. കുത്തകയ്ക്കെതിരെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്രഷ്ടാക്കള്‍ നടത്തിയ കലാപം സ്വന്തമായി കൂടുതല്‍ ഗുണ മേന്മയുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചുകൊണ്ടാണു്. അതിന്റെ വിതരണത്തിനും തുടര്‍ന്നങ്ങോട്ടു് സ്വകാര്യമാക്കപ്പെടാതിരിക്കാനും മെച്ചപ്പെട്ട നിയമ വ്യവസ്ഥയുമുണ്ടാക്കി. അതു് മൂലം ഇന്നു്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാമ്രാജ്യാധിപത്യത്തിനെതിരായ സമരത്തില്‍ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി പോരാടുന്ന രാജ്യങ്ങള്‍ക്കം പ്രസ്ഥാനങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും എടുത്തുപയോഗിക്കാന്‍ കഴിയുന്നു. അതേപോലെ, ഇതര മേഖലകളിലും നിലവില്‍ മുതലാളിത്തം ചൂഷണത്തിനായി സൃഷ്ടിച്ചിട്ടുള്ള ഉപാധികള്‍ക്കും വ്യവസ്ഥയ്ക്കും ബദലായി സാമൂഹ്യ പുരോഗതിക്കും സമൂഹത്തിന്റെ വിപ്ലവകരമായ പരിവര്‍ത്തനത്തിനും ഉതകുന്ന മാതൃകകള്‍ സൃഷ്ടിക്കാനാവും.

തൊഴിലാളികള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠിക്കണം, ഉപയോഗിക്കണം

തൊഴിലാളികള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സൃഷ്ടിക്കാനും ഉപയോഗിക്കാനും പഠിക്കണം. ഇതിനര്‍ത്ഥം എല്ലാവരും സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നവരായി മാറണമെന്നല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവര്‍ നമ്മോടൊപ്പമുണ്ടു്. നമുക്കു് നമ്മുടെ കുട്ടികളെ അതു് പഠിപ്പിക്കാനാവണം. ആവശ്യമായത്ര, കൂടുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്രഷ്ടാക്കളെ നമുക്കു് വളര്‍ത്തിയെടുക്കണം. നമ്മള്‍, നമ്മുടെ ആവശ്യങ്ങള്‍ക്കു്, സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കുകയും പകരം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുകയും ചെയ്തു് തുടങ്ങണം. ക്രമേണ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവരായി മാറണം. രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാവുകയാണു് പ്രധാനം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് സ്വതന്ത്ര വിജ്ഞാനം സൃഷ്ടിക്കുന്നവരായി വളരണം. വിവിധ പ്രാദേശിക ഭാഷകളുടെ വളര്‍ച്ചയ്ക്കും പ്രാദേശിക ഭാഷകളില്‍ ഭരണത്തിനും സ്ഥാപന നടത്തിപ്പിനും ആസൂത്രണത്തിനും ജീവിതോപാധികളുടെ സൃഷ്ടിക്കും വിതരണത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനുമടക്കം എണ്ണമറ്റ വിജ്ഞാന ശാഖകളില്‍ സ്വതന്ത്ര വിജ്ഞാനം സൃഷ്ടിക്കേണ്ടതും വികസിപ്പിക്കേണ്ടതും അത്യാവശ്യമായിരിക്കുന്നു. തുടര്‍ന്നു് നമുക്കു് സ്വതന്ത്രമായി ജീവിതോപാധികള്‍ സൃഷ്ടിക്കുന്നവരായി വളരാന്‍ കഴിയണം. തൊഴിലാളികളായിരിക്കുമ്പോള്‍ തന്നെ, സ്വതന്ത്രമായി ജീവിതോപാധികള്‍ സൃഷ്ടിക്കുന്നതിന്റെ സ്വതന്ത്ര മാതൃകകള്‍ നമുക്കുണ്ടാക്കിത്തുടങ്ങാം. നമ്മുടെ സംഘടനകള്‍ക്കു് അതിനു് നേതൃത്വം കൊടുക്കാനാവും. അതിലൂടെ പുതിയ സമൂഹ സൃഷ്ടിക്കുള്ള മുന്നൊരുക്കത്തില്‍ പങ്കാളികളാകാം.

സ്വതന്ത്ര സമൂഹ സൃഷ്ടിയ്ക്കായുള്ള പ്രവര്‍ത്തന പരിപാടികള്‍

 1. സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകളുടെ സ്ഥാനത്തു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ബോധപൂര്‍വ്വം ഉപയോഗിച്ചു് തുടങ്ങുക.

 2. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായി പങ്കു് വെച്ചു് പഠിക്കാനായും സ്വതന്ത്ര വിജ്ഞാനാര്‍ജ്ജനത്തിനായും ഓരോ തൊഴില്‍ സ്ഥാപനത്തിലും സ്വതന്ത്ര വിജ്ഞാന ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുക, അവയെ ശൃംഖലയില്‍ ബന്ധിപ്പിക്കുകയും ചെയ്യുക.

 3. വിവര സാങ്കേതിക വിദ്യ പഠിക്കുന്ന കുട്ടികളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠിപ്പിച്ചു് സ്വതന്ത്ര സ്രഷ്ടാക്കളായി വളര്‍ത്തുക. സ്വതന്ത്ര വിജ്ഞാന വ്യാപനത്തിനായി മാതൃകാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു് പ്രവര്‍ത്തിപ്പിക്കുക.

 4. ആരോഗ്യ സംരക്ഷണം ഉറപ്പു് വരുത്തുന്നതിനായി മാതൃകാ ആരോഗ്യ പരിപാലന സ്ഥാപനങ്ങള്‍ സ്ഥാപിച്ചു് പ്രവര്‍ത്തിപ്പിക്കുക.

 5. തൊഴില്‍ സ്ഥാപനങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നതിനായി മാനേജ്മെന്റില്‍ ഇടപെടുക. മാനേജ്മെന്റിനേയും സര്‍ക്കാരിനേയും അതിന്റെ സാധ്യതകളും ആവശ്യകതയും പ്രായോഗികതയും ബോധ്യപ്പെടുത്താനുള്ള ഇടപെടല്‍ നടത്തുക.

 6. തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുകയും തൊഴിലാളി സംഘടനകളുടെ വിവര വിനിമയഅച്ചടിവിജ്ഞാന ലഭ്യതാവ്യാപനാപ്രചരണാവശ്യങ്ങള്‍ക്കു് പൊതുവായ ശൃംഖലയും ശൃംഖലാകേന്ദ്രവും വിവര സംഭരണിയും ഇമെയില്‍ സംവിധാനവും സ്വതന്ത്ര മാധ്യമ ശൃഖലയും സ്വന്തമായി സ്ഥാപിച്ചു് പ്രവര്‍ത്തിപ്പിക്കുക.

 7. സ്വതന്ത്ര ശൃംഖലാ കേന്ദ്രത്തില്‍ തൊഴിലാളികളുടെ വിവരം ആവാസ കേന്ദ്രാടിസ്ഥാനത്തില്‍ ശേഖരിച്ചു് സംഭരിച്ചു് അവയുടെ വിശകലനത്തിലൂടെ വിവിധ അസംഘടിത മേഖലകളുടെ സംഘടനാ കേന്ദ്രങ്ങള്‍ നിലവില്‍ വരുത്തുകയും ആവാസ കേന്ദ്രാടിസ്ഥാനത്തിലുള്ള ഘടകങ്ങളിലൂടെ ഭാവി പ്രവര്‍ത്തനം സംഘടിപ്പിക്കുകയും ചെയ്യുക. സംഘടനാ ചര്‍ച്ച നടത്തുക, തൊഴിലാളികളില്‍ നിന്നുള്ള പ്രതികരണം സംഭരിക്കുക, അതനുസരിച്ചുള്ള സമരപ്രക്ഷോഭപ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയവയ്ക്കെല്ലാം പ്രസ്തുത കേന്ദ്രം ഉപകരിക്കും.

 8. സഖ്യ ശക്തികളായ കര്‍ഷകര്‍ക്കും സ്വയംതൊഴില്‍ സംരംഭകര്‍ക്കും സ്വതന്ത്ര സോഫ്റ്റ്‌വെയറും സ്വതന്ത്ര വിജ്ഞാനവും സ്വതന്ത്ര സേവനങ്ങളും ലഭ്യമാക്കുകയും അവരേയും അവരവരുടെ മേഖലകളില്‍ സ്വതന്ത്ര സ്രഷ്ടാക്കളായി മാറാന്‍ പ്രാപ്തരാക്കുകയും ചെയ്യുക.

 9. സാമ്രാജ്യത്വ സാംസ്കാരികാധിനിവേശം തടയാന്‍ മലയാളികളുടെ സംസ്കാരം ഉറപ്പിച്ചു് പിടിക്കാനും പുതിയ ഡിജിറ്റല്‍ ശൃംഖലയുടെ സാധ്യതകളുപയോഗിച്ചു് അതിനെ വികസിപ്പിക്കാനും മലയാള ഭാഷയെ മറ്റേതു് ലോക ഭാഷയ്ക്കുമൊപ്പം വളര്‍ത്താനും മറ്റു് ഭാഷകളുമായി വിജ്ഞാനത്തിന്റെ നിരന്തരമായ ആദാനപ്രദാനം നടത്താനുമുള്ള സാമൂഹ്യ പദ്ധതിക്കു് മലയാളികളെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക.

മേല്പറഞ്ഞവയില്‍ നിന്നു് മുന്‍ഗണനയും സാധ്യതയും പരിഗണിച്ചു് പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കാവുന്നതാണു്.

ചുരുക്കത്തില്‍, നിലവില്‍ തൊഴിലാളി സംഘടനാ തലത്തില്‍ സാധ്യമായ തോതിലുള്ള ചെറുത്തു് നില്പു് തുടരുന്നതോടൊപ്പം അതിന്റെ ശക്തിയും വ്യാപ്തിയും ഫലപ്രാപ്തിയും ഉയര്‍ത്തുക കൂടി ചെയ്യുന്നതിനു് ഈ രംഗത്തെ ഇടപെടല്‍ സഹായിക്കും. ഇതിലൂടെ സംഘടനയും സംഘടനാ പ്രവര്‍ത്തകരും തൊഴിലാളികളും നേടിയെടുക്കുന്ന സ്വതന്ത്ര വിജ്ഞാനവും മാനേജ്മെന്റു് വൈദഗ്ദ്ധ്യവും ഇന്നത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു് മുതല്‍ കൂട്ടാവും. മാനേജ്മെന്റുമായും സര്‍ക്കാരുമായും നടക്കുന്ന വ്യവസായ തര്‍ക്കങ്ങളിലും ചര്‍ച്ചകളിലും കൂടുതല്‍ ഫലപ്രാപ്തിക്കിടയാക്കും. ക്രമേണ, മൂലധന ശക്തികളില്‍ നിന്നു് സമൂഹത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അടക്കം ഉല്പാദനവിതരണവിനിമയ പ്രക്രികളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുമുള്ള പ്രാപ്തി നേടുന്നതിനും അങ്ങിനെ സമൂഹത്തെയാകെ നല്ല ഭാവിയിലേയ്ക്കു് നയിക്കാന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് കഴിയുമെന്ന കാര്യം പ്രായോഗിക ഉദാഹരണങ്ങളിലൂടെ കര്‍ഷകരും ചെറുകിടഇടത്തരം സംരംഭകരുമടക്കം സഖ്യ ശക്തികളെ ബോധ്യപ്പെടുത്തുന്നതിനും അവരെ കൂടെവരാന്‍ പ്രേരിപ്പിക്കുന്നതിനും ഉപകരിക്കുന്നതാണു് ഈ രംഗത്തെ ഇടപെടലുകള്‍.

കടപ്പാട്:- കെ ചന്ദ്രന്‍ പിള്ള

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

സാമ്രാജ്യത്വ സാംസ്കാരികാധിനിവേശം പ്രതിരോധിക്കാന്‍ പ്രാദേശിക ഭാഷാ വികസനം

സാമ്രാജ്യത്വ സാംസ്കാരികാധിനിവേശം പ്രതിരോധിക്കാന്‍

പ്രാദേശിക ഭാഷാ വികസനം

ജോസഫ് തോമസ്

സാമ്രാജ്യത്വ സാമ്പത്തികാധിനിവേശത്തിനെതിരെ തദ്ദേശീയ ജനവിഭാഗങ്ങളുടെ സമ്മതി നിര്‍മ്മിക്കപ്പെടുന്നതു് ചരക്കുകളുടെ കുറഞ്ഞ വിലയെന്നതു് പോലെ സാമ്രാജ്യത്വ സംസ്കാരികാധിനിവേശത്തിലൂടെ കൂടിയാണു്. വിവര സാങ്കേതിക വിദ്യയുടെ വികാസ ഫലമായി ആര്‍ക്കും ആരുമായും വിവര വിനിമയം സാധ്യമായ പശ്ചാത്തലം ഉപയോഗിച്ചു് ആഗോളവല്കരണത്തിനു് അനുകൂലമായ സമ്മതി നേടിയെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ടു്. ആഗോള ഗ്രാമമെന്നും മറ്റും പല സങ്കല്പങ്ങളും മുന്നോട്ടു് വെയ്ക്കപ്പെടുന്നുണ്ടു്. സാമ്രാജ്യത്വം വിഭാവനം ചെയ്യുന്ന ആഗോള ഗ്രാമത്തിന്റെ പൂന്തോട്ടം വികസിത രാജ്യങ്ങളും അടുക്കളത്തോട്ടം പിന്നോക്ക നാടുകളും ആണു്. എല്ലാക്കാലത്തേയ്ക്കും പിന്നോക്ക നാടുകളെ അത്തരത്തില്‍ പിന്നോക്കം തളച്ചിടുകയും ചൂഷണം ചെയ്യുകയും എന്നതാണാ സങ്കല്പം. അതു് നടപ്പാക്കുന്നതിന്റെ പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗമാണു് വികസ്വരപിന്നോക്ക നാടുകള്‍ക്കു് മേല്‍ നടക്കുന്ന സാംസ്കാരികാധിനിവേശം. അതിന്റെ പ്രധാനപ്പെട്ട ഉപാധി തദ്ദേശീയ ഭാഷകളുടെ വികാസം തടയുകയും ഭാഷാ സമൂഹങ്ങള്‍ക്കു് മേല്‍ ഇംഗ്ലീഷിന്റെ മേധാവിത്വം അടിച്ചേല്പിക്കപ്പെടുകയും ചെയ്യുന്നതാണു്.

മാതൃഭാഷയുടെ പ്രാധാന്യം

പുതിയ ആശയം സൃഷ്ടിക്കാന്‍ മാതൃഭാഷയാണു് സഹായിക്കുക. പുതിയ ചിന്തകള്‍ക്കു് രൂപം നല്‍കാന്‍ കഴിയുന്നതു് സ്വാംശീകരിക്കപ്പെട്ട വിജ്ഞാനത്തിന്റെ അടിത്തറയിന്മേലാണു്. വിജ്ഞാന സ്വാംശീകരണം അതിന്റെ പരമാവധി നടക്കുന്നതു് മാതൃഭാഷയിലാണു്. കാരണം, മുമ്പു് സ്വാംശീകരിക്കപ്പെട്ട അറിവുകളുമായി ബന്ധിപ്പിച്ചാണു് പുതിയ അറിവുകള്‍ സംഭരിക്കപ്പെടുന്നതു്. അതായതു്, മാതൃഭാഷയിലാണു് കാര്യങ്ങള്‍ നന്നായി മനസിലാക്കാന്‍ കഴിയുന്നതു്. സമഗ്രമായ അറിവില്‍ നിന്നേ ശരിയായ പുതിയ ചിന്ത ഉരുത്തിരിയുകയുള്ളു. സമഗ്രമായ അറിവു് മാതൃഭാഷയില്‍ മാത്രമേ സാധ്യമാകൂ. അന്യ ഭാഷയിലുള്ള വിദ്യാഭ്യാസം ഭാഗിക ഫലമേ തരൂ. പുതിയ തലമുറയിലെ മലയാളികളില്‍ ഗണ്യമായ ഒരു വിഭാഗം അത്തരത്തില്‍ അല്പ വിദ്യരായി മാറ്റിക്കഴിഞ്ഞിരിക്കുന്നു.

അന്യ ഭാഷാ വിദ്യാഭ്യാസത്തിനു് പ്രേരണയായതു് ഭരണ ഭാഷയും കോടതി ഭാഷയും ബോധന മാധ്യമവും ഇംഗ്ലീഷായതിനാലാണു്. ശാസ്ത്രത്തിന്റെ ഭാഷയും സാങ്കേതിക വിദ്യയുടെ ഭാഷയും കമ്പ്യൂട്ടറിന്റെ ഭാഷയും ഇംഗ്ലീഷാണെന്ന ധാരണയും ഇന്നു് പ്രബലമാണു്. ഭരണം നടപ്പാക്കുന്നതോടെ ഉള്ള മലയാളം കൂടി ഭരണ രംഗത്തു് നിന്നു് പുറത്താക്കപ്പെടും. ഭരണാധികാരികളുടെ വീഴ്ച ഇവിടെ പ്രകടമാണു്. സ്വാതന്ത്ര്യാനന്തരം, പുതുതായി ഉയര്‍ന്നു് വന്ന ഭരണവര്‍ഗ്ഗത്തിലേയ്ക്കു് ചേക്കേറാന്‍ കഴിഞ്ഞ മുറി ഇംഗ്ലീഷുകാരാണു് ഈ ദുസ്ഥിതിക്കു് കാരണം. അവരെ നയിക്കുന്നതു് വിദ്യാദരിദ്രരെ ഭരിക്കാനും അവരുടെ മേല്‍ ആധിപത്യം നിലനിര്‍ത്താനും തങ്ങള്‍ക്കറിയുന്ന മുറി ഇംഗ്ലീഷാണു് മലയാളത്തേക്കാള്‍ നല്ലതെന്ന സ്വാര്‍ത്ഥ താല്പര്യത്തിലൂന്നിയ വികലമായ കാഴ്ചപ്പാടാണു്. മാത്രമല്ല, കേരളത്തിലും രാജ്യത്തു് തന്നെയും തൊഴിലവസര സൃഷ്ടി ഗണ്യമായി കുറഞ്ഞിരിക്കുന്നു. തൊഴിലന്വേഷിച്ചു് നാടു് വിടാന്‍ നിര്‍ബ്ബന്ധിതരായിരിക്കുന്ന യുവതലമുറ എന്തിനു് മലയാളം പഠിക്കണമെന്ന കാര്യത്തില്‍ സംശയാലുക്കളാണു്.

ബ്രിട്ടീഷ് ഭരണകാലത്തു് പോലും ഭരണവും കോടതിയും വിദ്യാഭ്യാസവും മലയാളത്തില്‍ നടന്നിരുന്നു. യൂറോപ്യന്‍ മിഷണറിമാര്‍ ഇവിടെ വന്നു് പ്രേഷിത പ്രവര്‍ത്തനം നടത്തിയതു് മലയാളം പഠിച്ചായിരുന്നു. അവര്‍ മലയാളത്തിന്റെ വളര്‍ച്ചയ്ക്കു് വലിയ സംഭാവന നല്‍കുകയും ചെയ്തു. മലയാളത്തിനു് ആദ്യമായി നിഘണ്ഡുവും പ്രദേശിക വിഭവങ്ങളുടെ വിവര ശേഖരങ്ങളും നിര്‍മ്മിച്ചു് നല്‍കിയതു് അവരാണു്. എന്നാല്‍, അവരുടെ നാടന്‍ പിന്മുറക്കാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേയ്ക്കു് കേരളത്തെ നയിക്കുന്നതിനു് കാരണക്കാരായി. അവരെ അനുകരികരിച്ചു് ഇതര മതജാതിസമുദായ സംഘടനകളും ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നു. ചിന്താ ദരിദ്രമായ തലമുറയെ വാര്‍ത്തെടുക്കുന്നു. ഇതു് സാമ്രാജ്യത്വ സാംസ്കാരികാധിനിവേശത്തിന്റെ സുഗമ മാര്‍ഗ്ഗമായും മാറിയിരിക്കുന്നു. അതിനു് ദേശീയപ്രാദേശിക മൂലധനവും മതജാതിസമുദായ സംഘടനകളും മാധ്യമങ്ങളും കൂട്ടു് നില്കുകയാണു്. ഒരു സമൂഹത്തിനു് അതിന്റെ ഭാഷ നഷ്ടമായാല്‍ ആ സമൂഹം രക്ഷപ്പെടില്ല എന്നാണു് ചൊല്ലു്. ഭാഷ നഷ്ടപ്പെട്ട സമൂഹങ്ങള്‍ക്കു് ധന മൂല ധനം നയിക്കുന്ന ആഗോള മുതലാളിത്ത സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു് കഴിയുക മാത്രമേ വഴിയുള്ളു. കാരണം, സ്വന്തം മാതൃ ഭാഷ ഉപയോഗിക്കുന്നവരോടൊപ്പമെത്താന്‍ ഒരിക്കലും അന്യ ഭാഷ ഉപയോഗിക്കുന്നവര്‍ക്കു് കഴിയില്ല തന്നെ.

മാതൃ ഭാഷാ വികസനത്തിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍

ഭാഷ വളരുന്നതു് പ്രയോഗത്തിലൂടെയാണു്. പ്രയോഗത്തില്‍ പുറകോട്ടു് പോയതു് മൂലം മലയാളത്തിന്റെ (പ്രാദേശിക ഭാഷകളുടേയെല്ലാം സ്ഥിതിയിതാണു്) വികാസം തടയപ്പെട്ടു. ഇന്നതു് മുരടിച്ചു് നില്കുന്നു. ഇംഗ്ലീഷ് ഭാഷ ആധുനിക വിവര സങ്കേതങ്ങള്‍ ഉപയോഗിച്ചു് വികസിക്കുമ്പോള്‍ മലയാളം ഇക്കാര്യത്തില്‍ വളരെ പിന്നിലാണു്. എല്ലാക്കാലവും മലയാളത്തേയും മലയാളികളേയും പിന്നണിയില്‍ തളച്ചിടും വിധത്തില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള വിവര സാങ്കേതികാധിഷ്ഠിത വിജ്ഞാനോപകരണങ്ങളാണു് മലയാളികള്‍ പഠിക്കുന്നതും ഉപയോഗിക്കുന്നതും. മലയാളികള്‍ ഉപയോഗിക്കുന്ന വിവരവിജ്ഞാനവിനിമയ സങ്കേതങ്ങള്‍ പരിഷ്കരിക്കാനോ മെച്ചപ്പെടുത്താനോ വികസിപ്പിക്കാനോ മലയാളികള്‍ക്കാവില്ല. ഉപയോഗിക്കാനുള്ള ലൈസന്‍സ് മാത്രമാണു് സമൂഹത്തിനുള്ളതു്. ഉടമകളായ കമ്പനികള്‍ക്കു് മാത്രമേ അവ ചെയ്യാനാവൂ. ഈ സ്ഥിതി തുടര്‍ന്നാല്‍ വിദേശികളായ സ്വകാര്യ കുത്തക കമ്പനികളുടെ ലാഭ സാധ്യത നോക്കിയുള്ള മുന്‍ഗണനയില്‍ മാത്രമേ മലയാളവും മലയാളികളും വളരുകയുള്ളു. അതായതു്, എല്ലാക്കാലത്തും മലയാളികള്‍ മറ്റിതര ഭാഷാ സമൂഹങ്ങള്‍ക്കു് പിന്നില്‍ തളച്ചിടപ്പെടാനിടയാകും. പ്രാദേശിക ഭാഷയുടേയും ഭാഷാ സമൂഹത്തിന്റേയും സ്വതന്ത്രമായ വികാസത്തിനും സാമ്രാജ്യത്വ സാംസ്കാരികാധിനിവേശത്തിനെതിരായ ചെറുത്തു് നില്പിനും അവശ്യം ആവശ്യമായ ഉപാധിയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. മലയാളത്തിനാവശ്യമായ ഭാഷാ സങ്കേതങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് മലയാളികള്‍ തന്നെ വികസിപ്പിക്കണം. അതു് പ്രാദേശിക ശാക്തീകരണത്തിന്റെ ഉപാധിയാണു്. സാമ്രാജ്യാധിപത്യത്തിനെതിരായ ഫല പ്രദമായ ചെറുത്തു് നില്പിന്റെ മാര്‍ഗ്ഗവുമാണു്.

കടപ്പാട്: ജോസഫ് തോമസ്

ഇ-മെയില്‍ – thomasatps@gmail.com

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

മലയാളവും ഭാഷാ സാങ്കേതിക വിദ്യയും

അനില്‍കുമാര്‍ കെ വി

മലയാളത്തിന്റെ വകാസത്തിനും വളര്‍ച്ചയ്ക്കും അതിനെ ആധുനിക വിവര സാങ്കേതിക വിദ്യയ്ക്കു് വഴങ്ങുന്നതാക്കണമെന്ന ധാരണയാണു് പൊതുവെ മലയാള ഭാഷാ സമൂഹം വെച്ചു് പുലര്‍ത്തുന്നതു്. ഭാഷയെ സാങ്കേതിക വിദ്യക്കു് വഴങ്ങുന്നതാക്കുക എന്ന ആശയം കാലഹരണപ്പെട്ടതാണു്. ടെപ്പ്റൈറ്റര്‍ യുഗത്തിലുണ്ടായ സാങ്കേതിക പരിമിതി ആധുനിക വിവരസാങ്കേതിക വിദ്യക്കില്ല. ഭാഷാ നിയമങ്ങള്‍ക്കും ഭാഷാ സമൂഹത്തിന്റെ താല്പര്യങ്ങള്‍ക്കും അനുസൃതമായി സാങ്കേതിക വിദ്യ പാകപ്പെടുത്തിയെടുക്കാന്‍ സാധിക്കും.


ഭാഷാ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ സമൂഹത്തില്‍ വേണ്ടവിധത്തില്‍ പ്രചാരം നേടിയിട്ടില്ലെന്നതാണു് ഇന്നത്തെ അവസ്ഥ.. അതിനായി ഈ രംഗത്തുള്ള സംഘടനളുടേയും വ്യക്തികളുടേയും ഇടപെടലുകള്‍ ഇനിയുമേറെ ഉണ്ടാകേണ്ടതുണ്ടു്.

 1. ഭാഷ സമൂഹത്തില്‍ സ്വതന്ത്രമായി വികസിച്ചു് വന്നതാണു്. ഭാഷയ്ക്കു് മാറ്റം സ്വാഭാവികമായും സ്വതന്ത്രമായും ഉണ്ടാകേണ്ടതാണു്. മലയാളത്തിനു് ഒരു ബോധപൂര്‍വ്വമായ പരിഷ്കരണത്തിന്റെ ആവശ്യമില്ല, വേണ്ടതു് ചില പരിപാലനങ്ങളാണു്.

 2. ഭാഷയുടെ സജീവത നിലനിര്‍ത്തിയാണു്, അതിനോടു് നീതിപുലര്‍ത്തേണ്ടതു്. മലയാളത്തിന്റെ പരിപാലനത്തിനാവശ്യമായ സംവിധാനങ്ങള്‍ ഇന്നു് തന്നെ കേരളത്തിലേറെയുണ്ടു്. വിവിധ സര്‍വ്വകലാശാലകളിലെ മലയാളംവകുപ്പുകള്‍, മലയാളം പഠനകേന്ദ്രങ്ങള്‍, മറ്റു വിദ്യാലയങ്ങള്‍, വായനശാലകള്‍, സാസ്കാരിക കേന്ദ്രങ്ങള്‍, സാഹിത്യകൂട്ടായ്മകള്‍, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും സംഘടനകളും, ഭാഷാ സാങ്കേതിക കൂട്ടായ്മകള്‍ എന്നിവയൊക്കെ അതില്‍പെടുന്നു. അവയെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു് ശക്തിപ്പെടുത്തുകയാണു് സര്‍ക്കാര്‍ ചെയ്യേണ്ടതു്. മലയാളത്തിന്റെ സജീവത നിലനിര്‍ത്താന്‍, അതു് എല്ലാ തുറകളിലും ഉപയോഗിക്കുകയാണു് വേണ്ടതു്. അതിനുള്ള നടപടിക്രമങ്ങളുണ്ടാകണം.

 3. മനുഷ്യര്‍ കൈകാര്യം ചെയ്യുന്ന എല്ലാ ക്രീയകളേയും, അവയുടെ അവസ്ഥാ വിശേഷണങ്ങളേയും സൂചിപ്പിക്കാനുള്ള പദശൈലി സമ്പത്തു് മലയാളത്തിനുണ്ടു്. പുതുതായി ഉരുത്തിരിഞ്ഞ അറിവുകളോ, അന്യനാട്ടില്‍നിന്നും വന്ന കാര്യങ്ങളോ സൂചിപ്പിക്കുന്ന ചില നാമപദങ്ങള്‍ ഒരു പക്ഷെ ഇല്ലെന്നു് വന്നേക്കാം. അതു് മറ്റു് ഭാഷകളില്‍ നിന്നും നേരിട്ടു് സ്വീകരിക്കാവുന്നവയാണു്. അന്യഭാഷാപദം സ്വീകരിക്കുന്നതിനോടൊപ്പം തന്നെ, അതിനേക്കാള്‍ ഉചിതമായ ഒരു മലയാളപദം തേടിയെടുക്കാവുന്നതാണു്. സാംസ്കാരിക മാറ്റത്തിന്റേയും മറ്റും ഫലമായി ഉപയോഗിക്കാതെ, അന്യംനിന്നുപോയ പദങ്ങളും, ശൈലികളും, പുതിയകാര്യങ്ങളെ സൂചിപ്പിക്കാന്‍ അനുയോജ്യമാണെങ്കില്‍ അവയെ വീണ്ടും പ്രയോഗത്തില്‍ കൊണ്ടുവരാനും ശ്രദ്ധിക്കേണ്ടതാണു്. പ്രാദേശിക വ്യതിയാനങ്ങള്‍കൊണ്ടു് സമ്പന്നമായ മലയാളത്തില്‍ അത്തരം സാദ്ധ്യതകള്‍ ധാരാളമുണ്ടു്. മലയാളത്തില്‍ നിലവിലുള്ള നാമപദങ്ങള്‍ക്കു് പകരമായി ഒരു അന്യഭാഷാപദത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതില്ല. ഉപയോഗിക്കാതെ ലോപിച്ചുപോകുന്ന വാക്കുകളെ തിരിച്ചുപിടിക്കാന്‍ വിക്കിപീഡിയയില്‍ ഉള്ളതുപോലെ ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഒരു പരിപാടി ഗുണംചെയ്യും.

 4. സ്വതന്ത്രമായി വികസിച്ചുവന്ന ഭാഷ സമൂഹത്തിന്റെയാകെ സ്വത്താണു്. അവ സ്വതന്ത്രമായി തന്നെ ഇനിയും വികസിക്കണം. അതിനാല്‍ ഭാഷയുടെ സാങ്കേതിക സംവിധാനങ്ങളും സ്വതന്ത്രമായിരിക്കണം. അതിനാല്‍ ഭാഷയുടെ സാങ്കേതിക വിദ്യാ വികസനം സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ തന്നെ വേണം.

 5. മലയാളം ഭാഷാ സാങ്കേതിക വിദ്യാ രംഗത്തു് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചതു്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാധീനമുള്ളതുകൊണ്ടാണു് ഇതു് സാദ്ധ്യമായതു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ടു് മാത്രമേ, ഭാഷാ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ മലയാളത്തിനു് നന്നായി ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുകയുള്ളു. ഒപ്പം തന്നെ ഇത്തരം കൂട്ടായ്മകളുടെ പാരസ്പര്യവും മെച്ചപ്പെടുത്തേണ്ടതുണ്ടു്.

 6. പൊതുമേഖലാ സ്ഥാപനങ്ങള്‍ എറ്റെടുത്തിട്ടുള്ള ഭാഷാ സാങ്കേതിക വിദ്യാ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശ്രമം വേണം, അവയുടെ സ്രോതസുകള്‍ സ്വതന്ത്ര ഉപയോഗ അനുമതിയോടെ പ്രസിദ്ധപ്പെടുത്തണം. കേവലം പ്രദര്‍ശന കാര്യങ്ങളായി (show casing) മാത്രം അതിനെ കാണാതെ, അവയുടെ ഉപയോഗം ജനങ്ങളിലേക്കെത്തിക്കാനുള്ള പ്രായോഗിക സമീപനം കൂടി വേണം. ഉപയോഗിക്കുന്നവരുമായി സംവദിക്കുവാന്‍ സജീവമായ വേദികള്‍ രൂപപ്പെടുത്തണം.

 7. ഭാഷാ സാങ്കേതിക വിദ്യാ രംഗത്തെ സര്‍ക്കാര്‍ പദ്ധതികള്‍, ആ രംഗത്തു് പ്രവര്‍ത്തിക്കുന്ന സംഘങ്ങളുമായി സഹകരിച്ചു് നടപ്പിലാക്കുമെന്നു് പറയാറുണ്ടെങ്കിലും, പലപ്പോഴും നടക്കാറില്ല. അത്തരം യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കു് വ്യക്തമായ രൂപരേഖയും പ്രായോഗിക സമീപനവും രൂപപ്പെടുത്തണം.

 8. മലയാളം ലിപി സാക്ഷാല്‍ക്കരണത്തില്‍ പരിഹരിക്കപ്പെടേണ്ടുന്ന ചില കാര്യങ്ങള്‍ ഇനിയുമുണ്ടു്. അവയ്ക്കു്, അക്ഷര സഞ്ചയങ്ങള്‍, റെന്‍ഡറിങ് ലൈബ്രറികള്‍, തുടങ്ങി പലതലങ്ങളിലുള്ള പ്രതിവിധികളാണു് വേണ്ടതു്. ഓരോ തലത്തിലേയും പ്രശ്നങ്ങള്‍ക്കു്, അതാതുതലത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പരിഹാരം കണ്ടെത്തണം.

 9. മലയാളത്തില്‍ അക്ഷര സഞ്ചയങ്ങള്‍ (Fonts) കുറവാണു്, പ്രത്യേകിച്ചു് അലങ്കാര അക്ഷര സഞ്ചയങ്ങള്‍. കേരളത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനകളുമായി സഹകരിച്ചു് അവ വികസിപ്പിക്കണം. ഈ അക്ഷര സഞ്ചയങ്ങള്‍ സ്വതന്ത്ര ഉപയോഗ അനുമതിയോടെ വേണം വിതരണം ചെയ്യാന്‍.

 10. പല ഭാഷാ സാങ്കേതിക സംവിധാനങ്ങള്‍ രൂപപ്പെടുത്താനും വലിയ തോതില്‍ മലയാളം ഉള്ളടക്കം ആവശ്യമാണു്. അതിനാല്‍ ഉള്ളടക്ക നിര്‍മ്മാണത്തിനു് വളരെയേറെ ഊന്നല്‍ കൊടുക്കണം.

 11. ഉപയോഗ യോഗ്യമായ യാന്ത്രിക എഴുത്തു്, വിവര്‍ത്തനം എന്നീ സംവിധാനങ്ങള്‍ മലയാളത്തിനു് വേണ്ടി വികസിപ്പിക്കുന്നതിലുള്ള കാലതാമസം വലിയ ദോഷം ചെയുന്നുണ്ടു്. പലതലങ്ങളില്‍ പാരസ്പര്യമില്ലാതെ നടക്കുന്ന ശ്രമങ്ങളെ ഏകോപിപ്പിച്ചു് ഇവ പെട്ടന്നു് തന്നെ യാഥാര്‍ത്ഥ്യമാക്കണം.

 12. സര്‍ക്കാര്‍ അധീനതയിലുള്ള പ്രസിദ്ധീകരണങ്ങളും രേഖകളും സ്വതന്ത്ര ഉപയോഗ അനുമതിയോടെ പ്രസിദ്ധപ്പെടുത്തണം. അവ വിക്കിപീഡിയ പോലുള്ള സ്വതന്ത്ര വിജ്ഞാന സംരംഭങ്ങള്‍ക്കു് ഏറെ സഹായയകരമാകും.

 13. സ്കൂള്‍ വിക്കി പദ്ധതികള്‍ ശക്തിപ്പെടുത്തണം. കുട്ടികളെ മലയാളത്തിലുള്ള സ്വതന്ത്ര പ്രാദേശിക ഭൂപടനിര്‍മ്മാണം പരിശീലിപ്പിക്കണം

 14. കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു് ഭാഷാ സാങ്കേതിക വിദ്യാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കുകയും പ്രോത്സാഹനം നല്‍കുകയും വേണം.

 15. പാഠ്യപദ്ധതിയുടെ ബന്ധപ്പെട്ട തലങ്ങളിലൊക്കെ ഭാഷാ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തണം. അവയെ കാലോചിതമായി പിഷ്കരികരിക്കാനുള്ള സംവിധാനമൊരുക്കണം.

 16. കമ്പ്യുട്ടര്‍ സംബന്ധമായ ബിരുദങ്ങളുടെ പാഠ്യപദ്ധതികളില്‍ ഭാഷാ കമ്പ്യൂട്ടിങ്ങ് ഉള്‍പ്പെടുത്തണം.

മലയാളത്തിന്റെ സജീവത വരും കാലങ്ങളിലും നിലനിര്‍ത്താന്‍, താഴെ പറയുന്ന ഏതാനം കാര്യങ്ങള്‍ നടപ്പിലാക്കാനെങ്കിലും സര്‍ക്കാരും, തല്‍പരരായ സ്ഥാപനങ്ങളും, സംഘടനകളും, വ്യക്തികളും ശ്രദ്ധിക്കണം.

 • കുട്ടികളുടെ പഠനം അവരവരുടെ മാതൃഭാഷയിലാക്കണം

 • കേരളത്തിന്റെ ഭരണഭാഷ പെട്ടന്നു് തന്നെ മലയാളത്തിലാക്കണം. കോടതി ഭാഷ മലയാളത്തിലാക്കണം.

 • ശാസ്ത്ര സാങ്കേതിക രംഗത്തെ വിഷയങ്ങള്‍ മലയാളത്തില്‍ അപ്പപ്പോള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നു് ഉറപ്പു് വരുത്തണം

 • ശ്രദ്ധേയങ്ങളായ അന്യഭാഷാ പുസ്തകങ്ങള്‍ മലയാളത്തിലേക്കു് കാലംവിനാ വിവര്‍ത്തനം ചെയ്യപ്പെടാനുള്ള സംവിധാനമൊരുക്കണം

 • മലയാളരചനകള്‍ അന്യഭാഷക്കാര്‍ക്കു് പരിചയപ്പെടുത്താനുള്ള വേദിയൊരുക്കണം.

 • പ്രാദേശികമായി മലയാളം സാംസ്കാരിക സദസ്സുകള്‍ ഇടക്കിടെ നടത്തണം. പ്രഗത്ഭര്‍ വന്നു് സംസാരിച്ച് സ്ഥലം വിടുന്ന പതിവു് മാറ്റി, സജീവസംവാദ വേദികളായി ഇവ മാറണം.

 • കുട്ടികളുടെ പരന്ന വായനയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പാഠ്യപദ്ധതികള്‍ ക്രമീകരിക്കണം.

 • പ്രാദേശികചരിത്രം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം

 • സര്‍ക്കാരിന്റെ പ്രസിദ്ധീകരണങ്ങള്‍, രേഖകള്‍ എന്നിവ മലയാളത്തില്‍ സ്വതന്ത്രോപയോഗ അനുമതിയോടെ പ്രസിദ്ധീകരിക്കണം.

 • പരമ്പരാഗത തൊഴില്‍ വൈദഗ്ദ്യം, പ്രാദേശികമായ ചികിത്സാരീതികള്‍, കൃഷിരീതികള്‍, ജൈവവൈവിദ്ധ്യങ്ങള്‍, കാലാവസ്ഥാ, ഭൂപ്രകൃതി, ആചാരാനുഷ്ഠാനങ്ങള്‍, കളികള്‍, തുടങ്ങിയ നാട്ടറിവുകള്‍ രേഖപ്പെടുത്തിവെക്കണം.

 • പുതുതായി വരുന്ന സാങ്കേതിക വിദ്യകള്‍ ഭാഷക്കു് വഴങ്ങുന്നതിനായുള്ള സംവിധാനങ്ങളൊരുക്കണം. കമ്പ്യൂട്ടർ, മൊബൈൽ നിര്‍മ്മാതക്കാളുമായി ബന്ധപ്പെട്ടു് അവരുടെ ഉല്‍പന്നങ്ങള്‍ മലയാളഭാഷയ്കുതകുന്നതരത്തിലാക്കുവാൻ ഔദ്യോഗികമായ ശ്രമം നടക്കേണ്ടതുണ്ടു്.

 • സ്കൂളുകളിൽ ആരംഭിച്ചിട്ടുള്ള ഐ.ടി പഠനം കോളേജുകളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ടു്

 

കടപ്പാട് : അനില്‍ കുമാര്‍.കെ.വി (anilankv@gmail.com)

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ തത്വശാസ്ത്രം

കെ വി അനില്‍കുമാര്‍

മനുഷ്യര്‍ കൂട്ടായ പരിശ്രമത്തിലൂടെയാണു് അറിവു് സ്വായത്തമാക്കുന്നതു്. ഇങ്ങനെ നേടുന്ന അറിവും, അവ പ്രയോഗിക്കാനുള്ള സങ്കേതങ്ങളും എല്ലാ മനുഷ്യര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കുവാന്‍ അവകാശമുണ്ടു്. എന്നാല്‍ അവ നിഷേധിച്ചു് അറിവിനെ സ്വന്തം വരുതിയില്‍ നിര്‍ത്താനുള്ള ശ്രമം എന്നുമുണ്ടായിട്ടുണ്ടു്. മുതലാളിത്തം സാമ്രാജത്വ കാലഘട്ടത്തിലേക്കു് കടന്നതോടു് കൂടി കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ എതുതരം അറിവിനേയും വളച്ചുകെട്ടി അവരുടെ കൊള്ളലാഭത്തിനു് വഴിയൊരുക്കുന്ന സ്ഥിതി വന്നുചേര്‍ന്നു.

സമൂഹത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ കായികശേഷി ഉപയോഗിച്ചാണു് മനുഷ്യര്‍ ഉപജീവനം നടത്തിയിരുന്നതു്. ആ ഘട്ടത്തില്‍ ഉല്‍പാദനോപാധിയായിരുന്ന ഭൂമിയിലും യന്ത്രോപാധികളിലും അധികാരം സ്ഥാപിച്ചാണു് സമുഹത്തിന്റെ അധികാരം ഒരു ചെറു വിഭാഗം കൈയ്യടിക്കിയിരുന്നതു്. കായിക അദ്ധ്വാനത്തെ ബൌദ്ധിക അദ്ധ്വാനത്തിലൂടെ ലഘൂകരിക്കാനുള്ള ശ്രമം ചരിത്രത്തിലുടനീളം, നടന്നതായി കാണാം. ഇതിലൂടെ മനുഷ്യരുടെ ബുദ്ധിശക്തി ക്രമമായി വര്‍ദ്ധിക്കുകയും ചെയ്തു. അന്നന്നത്തെ സാമൂഹ്യബന്ധത്തിനനുസൃതമായി, അദ്ധ്വാനശേഷി വിറ്റു് ഉപജീവനം നടത്തുന്ന തൊഴിലാളികളുടെ ബുദ്ധിശക്തി മുതലാളി വര്‍ഗ്ഗം ഉപയോഗപ്പെടുത്താന്‍ തുടങ്ങി. ഇതിലൂടെ ഒരു ബൌദ്ധിക ഉത്പാദന ക്രമം രൂപംകൊണ്ടു. അതിനാല്‍ ബൌദ്ധിക ഉത്പാദന ക്രമം, സാമൂഹ്യ സാമ്പത്തിക വികാസത്തിന്റെ തുടര്‍ച്ച തന്നെയാണു്, ഈ വികാസം സമൂഹത്തിലെ ഭിന്ന ശക്തികളുടെ താത്പര്യ സംഘട്ടനത്തിലൂടെയാണു് രൂപപ്പെടുന്നതു്.

അദ്ധ്വാനഭാരം ലഘൂകരിക്കുന്നതിനായുള്ള ബൌദ്ധിക ഉല്‍പ്പന്നങ്ങളാണു് തൊഴിലാളികള്‍ സ്വാഭാവികമായും ഉപയോഗിച്ചിരുന്നതു്. അവ സമൂഹത്തിന്റെ നന്മക്കു് വേണ്ടിയുള്ളവയായിരുന്നു. എന്നാല്‍ മുതലാളിത്ത ഘടന ശക്തിപ്രാപിച്ചതോടുകൂടി, കച്ചവടതാല്‍പര്യത്തിനു വേണ്ടി എന്തുംചെയ്യാമെന്നു് വന്നു. സമൂഹത്തെ മുച്ചൂടും നശിപ്പിക്കുന്ന വിധത്തിലുള്ള യുദ്ധംവരെ ഉണ്ടാക്കമെന്ന അവസ്ഥ കൈവന്നു.

അതേസമയം കായിക ഉദ്പാദന മേഖലയില്‍, തൊഴിലാളിവര്‍ഗ്ഗത്തിന്റെ സംഘടിതശേഷി, വര്‍ദ്ധിക്കുകയും, പ്രമാണിവര്‍ഗ്ഗത്തിനു്, അവരെ ചൂഷണംചെയ്തു് കൊള്ളലാഭമുണ്ടാക്കുന്നതു് പണ്ടേപോലെ സാദ്ധ്യമല്ലാതാവുകയും ചെയ്തു. തൊഴിലാളിവര്‍ഗ്ഗത്തെ അവരാല്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ നിന്നും അന്യം നിര്‍ത്തിയും, തൊഴില്‍ശാലകളെ വിഭജിച്ചു്, ശിഥിലമാക്കിയും, തൊഴിലാളികളുടെ എണ്ണം കുറച്ചും, ഒരു ചെറിയവിഭാഗം തൊഴിലാളികള്‍ക്കു് മാത്രം ഉന്നതവേതനം നല്‍കിയും, അവരില്‍ ഭിന്നിപ്പുണ്ടാക്കിയും ഒക്കെയാണു് പ്രമാണിവര്‍ഗ്ഗം ഇതാനോടു് പ്രതികരിച്ചതു്. അതിനായി അവര്‍ക്കു് പുതിയ മേച്ചില്‍പുറം തേടേണ്ടിയിരുന്നു. അങ്ങിനെ ബൌദ്ധിക ഉത്പാദന ക്രമം പൂര്‍ണ്ണമായും തങ്ങളുടെ പിടിയില്‍ നിര്‍ത്താനുള്ള ശ്രമം കോര്‍പ്പറേറ്റു് സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാവുകയും, ബൌദ്ധിക ഉത്പാദന ക്രമം കുത്തകവല്‍ക്കരണത്തിന്റേതായ അശാസ്ത്രീയമായൊരു രൂപം കൈകൊള്ളുവാന്‍ തുടങ്ങുകയും ചെയ്തു.

ഈ സാഹചര്യത്തിലാണു്, ബൌദ്ധികസ്വത്തു് വ്യാപകമായി കുത്തകവല്‍ക്കരിക്കാനും, കമ്പോളത്തില്‍ അവയുടെ ഉപഭോക്താവകാശം വിപണനം ചെയ്യാനും ആരംഭിച്ചതു്. മനുഷ്യസമൂഹത്തിന്റെ പുരോഗതിക്കൊപ്പം വികാസം പ്രാപിച്ച അറിവിനെ, ചെറിയ ചില മാറ്റങ്ങള്‍ വരുത്തി, പ്രമാണിവര്‍ഗ്ഗത്തിന്റെ മാത്രം ബൌദ്ധികസ്വത്തായി ചിത്രീകരിച്ചു. അവയെ രഹസ്യമാക്കിവെച്ചു. സ്വാഭാവികമായ പങ്കുവെക്കലിനെ തടഞ്ഞു. അതിന്റെ ഉപയോഗാവകാശത്തെ മാത്രം ആവര്‍ത്തിച്ചു് വിപണനം ചെയ്തു് കൊള്ളലാഭമുണ്ടാക്കലാണിതിന്റെ രീതി.

ഈ പശ്ചാത്തലത്തില്‍ വേണം ആധുനിക വിവരസാങ്കേതിക രംഗത്തെ സോഫ്റ്റ് വെയര്‍ കുത്തകവല്‍ക്കരണത്തെ കാണേണ്ടതു്. ആദ്യ കാലഘട്ടത്തില്‍ സ്വതന്ത്രമായി കൈകാര്യം ചെയ്യാനും തന്റെ സഹപ്രവര്‍ത്തകരുമായി സോഫ്റ്റ്‌വെയര്‍ സ്രോതസു് കൈമാറാനും പറ്റുന്ന സഹകരണരീതി സോഫ്റ്റ്‌വെയര്‍ രംഗത്തു് നിലനിന്നിരുന്നു. 1980-കളുടെ ആദ്യപകുതിയിലാണു് കുത്തക സോഫ്റ്റ്‌വെയറുകള്‍ പ്രത്യക്ഷപ്പെടുന്നതു്. ഇതുമുലം സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമായി ഉപയോഗിക്കുന്നതും, കെമാറ്റം ചെയ്യുന്നതു് തടയപ്പെട്ടു. അവ വില്‍ക്കുമ്പോള്‍ മൊത്തം അവകാശം കൈമാറ്റം ചെയ്യുന്നതിനു് പകരം അവ ഉപയോഗിക്കാന്‍ മാത്രമായുള്ള അനുമതിപത്രങ്ങളായി കൈമാറ്റം ചെയ്യുന്നതു്. ഇതു് സാദ്ധ്യമാക്കുന്ന പല ബൌദ്ധികസ്വത്താവകാശ നിയമങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇതുമുലം സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്‍ക്കും, ഉപഭോക്താക്കള്‍ക്കും പല അവകാശങ്ങളും നിഷേധിക്കപ്പെട്ടു.

ഇതിനെതിരെ 1980-കളില്‍ തന്നെ സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്‍ സംഘടിച്ചു് തുടങ്ങിയിരുന്നു. അതിന്റെ ഫലമായി, ശ്രി റിച്ചാള്‍ഡു് സ്റ്റാള്‍മാന്റെ നേതൃത്വത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസഥാനം രുപംകൊണ്ടു. സോഫ്റ്റ്‌വെയര്‍ വികസനത്തിനും, വിതരണത്തിനും, ഉപയോഗത്തിനും പുതിയ രീതികള്‍ ഈ പ്രസ്ഥാനം മുന്നോട്ടു് വെച്ചു. ആർക്കും സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റം വരുത്താനും എത്ര പകർപ്പുകൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും അനുമതിയുള്ള സോഫ്റ്റ്‌വെയറുകളാണ് സ്വതന്ത്രസോഫ്റ്റ്‌വെയർ. അവയുടെ നിർമ്മാണ സ്രോതസ് എല്ലാവർക്കും വായിക്കാവുന്ന വിധത്തിൽ ലഭ്യമായിരിക്കും. ഇവയുടെ വിതരണത്തോടൊപ്പം കൂടെ സ്വതന്ത്ര അനുമതി രേഖയും സാധാരണയായി ലഭ്യമാക്കും. പകർപ്പവകാശത്തിനു് പകരം പകർപ്പുപേക്ഷ പ്രകാരമാണു് സ്വതന്ത്രസോഫ്റ്റ്‌വെയർ വിതരണം ചെയ്യുന്നതു്. സൗജന്യമായി ലഭിയ്ക്കുന്ന ഒരു സോഫ്റ്റ്‌വെയർ സ്വതന്ത്രസോഫ്റ്റ്‌വെയർ ആകണമെന്നില്ല. അതേപോലെ സ്വതന്ത്രസോഫ്റ്റ്‌വെയർ എപ്പോഴും സൗജന്യമായി ലഭിക്കണമെന്നില്ല. സ്വതന്ത്രസോഫ്റ്റ്‌വെയർ അതിന്റെ ഉപയോക്താവിനു് താഴെപ്പറയുന്ന സ്വാതന്ത്ര്യങ്ങൾ ഉറപ്പു് നൽകുന്നു.

 • ആവശ്യാനുസരണം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം

 • സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നു് പഠിക്കാനും അതില്‍ ആവശ്യാനുസരണം മാറ്റം വരത്താനുമുള്ള സ്വാതന്ത്ര്യം. (ഈ സ്വാതന്ത്ര്യം ഉറപ്പു് വരുത്താനായി സോഫ്റ്റ്‌വെയര്‍സ്രോതസും ഉപഭോക്താവിനു് ലഭ്യമാക്കണം)

 • സോഫ്റ്റ്‌വെയര്‍ മറ്റുള്ളവര്‍ക്കു് വിതരണം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം

 • സോഫ്റ്റ്‌വെയര്‍ മികവുറ്റതാക്കുന്നതിനും അവ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി പ്രസിദ്ധപ്പെടുത്തുന്നതിനുമുള്ള സ്വാതന്ത്ര്യം

രഹസ്യ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന കുത്തക സോഫ്റ്റ്‌വെയർ സംവിധാനങ്ങളെ അപേക്ഷിച്ചു്, സാമൂഹ്യവും സാങ്കേതികവും സാമ്പത്തികവുമായ മികവു് സ്വതന്ത്ര സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ നൽകുന്നുണ്ടു്.

സാമൂഹ്യ മികവുകൾ

 • അറിവിന്റേയും, അതുവഴി സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലുമുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നു

 • സമൂഹത്തിനകത്തെ പരസ്പര സഹകരണം വളര്‍ത്തുന്നു

 • നടത്തിപ്പുകാരുടേയും, തൊഴിലാളികളുടേയും,സാങ്കേതിക ശേഷിയും, തൊഴിൽ പ്രാഗത്ഭ്യവും വര്‍ദ്ധിപ്പിക്കുന്നു

 • പ്രാദേശിക ശാക്തീകരണം ഉറപ്പാക്കുന്നു. സ്ഥായിയായ പുരോഗമനം ഉറപ്പാക്കുന്നു

 • തൊഴിലവസരങ്ങള്‍ കേരളത്തില്‍ തന്നെ വിനിയോഗിക്കപ്പെടുന്നതിനാൽ, പ്രാദേശിക തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നു

സാങ്കേതിക മികവുകൾ

 • ലോകമെമ്പാടും വ്യാപിച്ചു് കിടക്കുന്ന തലച്ചോറുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നത്.

 • സുതാര്യമായ രീതിയിൽ അപ്പപ്പോള്‍ തന്നെ ഉപഭോക്താവിന്റെ പ്രതികരണം കിട്ടുന്നതുകൊണ്ട് ഉപഭോക്താവ് ഉദ്ദേശിക്കുന്ന രീതിയിലാവും സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കപ്പെടുക.

 • സോഫ്റ്റ്‌വെയറിന്റെ ടെസ്റ്റിങ്ങിനും, തെറ്റുകള്‍ കണ്ടെത്താനും കൂടുതല്‍ ആളുകള്‍ ഉള്ളതുകൊണ്ട് അവ എളുപ്പവും മികച്ചരീതിയിലും നടക്കുന്നു

 • സോഫ്റ്റ്‌വെയറിന്റെ പഠനരേഖകളും വിവരണങ്ങളും മികച്ചതാകുന്നു.

 • സാങ്കേതിക വിദ്യയുടെ പൂര്‍ണ്ണ കൈമാറ്റം നടക്കുകയും, സ്വതന്ത്രമായ തുടർപ്രവർത്തനം സാദ്ധ്യമാകുകയും ചെയ്യുന്നു

സാമ്പത്തിക മികവുകൾ

 • ലൈസന്‍സ് തുകയോ, ഒളിഞ്ഞിരിക്കുന്ന മറ്റ് ചെലവുകളോ ഇല്ല

 • കൂടുതൽ ഉപയോക്താക്കൾക്കോ, കമ്പ്യൂട്ടറിലോ ഉപയോഗിക്കാൻ അധിക ചെലവില്ല

 • ഒറ്റത്തവണ ചെലവു് മാത്രമേ സ്ഥാപനങ്ങൾക്കു് ഉണ്ടാകുള്ളു

 • വാര്‍ഷിക പരിപാലനത്തിനായി കേരളത്തില്‍ തന്നെയുള്ള വിദഗ്ദ്ധരെ ഉപയോഗിക്കാം

 • നിലവിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ നിന്നാണ് പുതിയവ ഉത്പാദിപ്പിക്കുന്നത് എന്നതിനാല്‍ ഉത്പാദന ചിലവ് കുറയും

 • പ്രാദേശിക ശാക്തീകരണം വഴി സമൂഹത്തിന്റെ സാമ്പത്തികവ്യവസായിക വളർച്ചയെ സഹായിക്കുന്നു.

 • ഹാർഡ്‌വെയർ ഉപകരണങ്ങളുടെ മിതമായ ഉപയോഗത്താൽ അവയുടെ ചെലവും ഗണ്യമായി കുറയും.

മനഷ്യരുടെ ബുദ്ധി ഉപയോഗിച്ചു് പ്രവര്‍ത്തിച്ചിരുന്ന ഭരണമടക്കമുള്ള പലമേഖലകളും, ഇന്നു് സോഫ്റ്റ്‌വെയര്‍ മുഖേനെയാണു് പ്രവര്‍ത്തിക്കുന്നതു്. പരമ്പരാഗതമായി മനുഷ്യര്‍ ചിന്തിച്ചു് പ്രവര്‍ത്തിച്ച ഭരണമേഖലയില്‍, സാങ്കേതികവിദ്യയുടെ സ്വാഭാവിക പ്രയോഗം വളരെ വിനാശകരമായിരിക്കും. അതിനാല്‍ തന്നെ നമ്മുടെ മൌലികാവകാശത്തയും, പരമാധികാരത്തേയും സംബന്ധിച്ചിടത്തോളം സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ടതാണു്.

ഏതൊരു ആധുനിക സാങ്കേതിക വിദ്യയും പോലെ, ആധുനിക വിവര സാങ്കേതിക വിദ്യക്കും വര്‍ഗ്ഗ പക്ഷപാതിത്വമില്ല, എന്നാല്‍ അവയുടെ പ്രയോഗത്തിനു് വര്‍ഗ്ഗ സ്വഭാവമുണ്ടു്. അവയുടെ സ്വാഭാവിക പ്രയോഗം പലപ്പോഴും സമൂഹത്തിലെ അധീശവര്‍ഗ്ഗത്തിന്റെ താല്‍പര്യത്തിനനുസരിച്ചായിരിക്കും, അവ ബഹുഭൂരിപക്ഷം ജനങ്ങളുടെ താല്‍പര്യത്തിനെതിരായിയരിക്കും. എന്നാല്‍ സാങ്കേതികവിദ്യയുടെ പ്രയോഗത്തില്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തി, അവ ജനപക്ഷമാക്കാനും, അതുവഴി, മികച്ച സാമൂഹ്യ മാറ്റങ്ങള്‍ക്കു് തുടക്കമിടാനും സാധിക്കും.

അത്തരമൊരു പ്രവര്‍ത്തനത്തിന്റെ തുടക്കമായിട്ടു് വേണം സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിനായുള്ള പ്രവര്‍ത്തനങ്ങളെ കാണാന്‍. ഇതിന്റെ സാദ്ധ്യതകളെ, അറിവിന്റെ മറ്റു് മേഖലകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ടു്.

കടപ്പാട് : ശ്രീ കെ.വി. അനില്‍കുമാര്‍

ഇമെയില്‍: anilankv@gmail.com

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

ചങ്ങലയ്ക്കിട്ട അറിവിനെ സ്വതന്ത്രമാക്കാനുള്ള ഒളിപ്പോരിന്റെ പ്രകടന പത്രിക

ആരണ്‍ സ്വാര്‍ട്സ് അനുസ്മരണയില്‍.....
Aaron_Swartz_2_at_Boston_Wikipedia_Meetup,_2009-08-18
അറിവു് അധികാരമാണു്. എന്നാല്‍ എല്ലാ അധികാരങ്ങളേയും പോലെ മറ്റാര്‍ക്കും കൊടുക്കാതെ
സ്വന്തമാക്കി വയ്ക്കുന്നവരുണ്ടു്. നൂറ്റാണ്ടുകളായി പുസ്തകങ്ങളിലൂടേയും മറ്റു് പത്രികകളിലൂടെയും
പ്രസിദ്ധീകരിച്ച ലോകത്തിലെ എല്ലാ ശാസ്ത്രീയ സാംസ്കാരിക പാരമ്പര്യങ്ങളും ഒരു കൂട്ടം സ്വകാര്യ
കോര്‍പ്പറേറ്റുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി അടച്ചുപൂട്ടി വച്ചുകൊണ്ടിരിയ്ക്കുകയാണു്. ശാസ്ത്രങ്ങളുടെ
ഏറ്റവും പ്രസിദ്ധങ്ങളായ ഫലങ്ങളുള്ള പ്രസിദ്ധീകരണങ്ങള്‍ വായിയ്ക്കാനാഗ്രഹിയ്ക്കുന്നോ? റീഡ്
എല്‍സെവിയര്‍ പോലത്തെ പ്രസാധകര്‍ക്കു് നിങ്ങള്‍ വലിയ തുക അയച്ചുകൊടുക്കേണ്ടി വരും.
ഇതിനു് ഒരു മാറ്റം വരുത്താന്‍ പലരും ശ്രമിക്കുന്നുണ്ട്. ശാസ്ട്രജഞന്മാര്‍ പകര്‍പ്പവകാശം ഒപ്പിട്ടു
കൊടുക്കാതെ ഇരിക്കുവാനും പകരം അവരുടെ രചനകള്‍ ആര്‍ക്കും ലഭ്യമാവുമെന്ന നിബന്ധനകളോടെ
ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കപ്പെടുവാനും സ്വതന്ത്ര ലഭ്യതാ പ്രസ്ഥാനം ധീരതയോടെ
പോരാടിയിട്ടുണ്ട്. പക്ഷെ ഉത്തമ സാഹചര്യങ്ങളില്‍ പോലും, ഇതു് ഭാവിയില്‍
പ്രസിദ്ധീകരിക്കപ്പെടുന്നവയ്ക്കേ ബാധകമാവുകയുള്ളൂ. അതുവരെയുള്ള എല്ലാം അപ്പോഴേക്കും നമുക്കു്
നഷ്ടപെട്ടിരിക്കും.
അതു് വളരെ ഉയര്‍ന്ന തുകയാണ്. അക്കാദമിക്കുകളെ അവരുടെ സഹപ്രവര്‍ത്തകരുടെ രചനകള്‍
വായിക്കുന്നതിനായി പണം നല്‍കാന്‍ നിര്‍ബന്ധിക്കുകയോ? ലൈബ്രറികളിലുള്ള സകലതും സ്കാന്‍
ചെയ്യുകയും പക്ഷേ ഗൂഗിളുമായി ബന്ധപ്പെട്ടവരെ മാത്രം അവ വായിക്കാനനുവദിക്കുകയും ചെയ്യുകയോ?
ശാസ്ത്രലേഖനങ്ങള്‍ ഒന്നാം ലോകരാഷ്ട്രങ്ങളിലെ വരേണ്യ സര്‍വ്വകലാശാലകളിലുള്ളവര്‍ക്കു് മാത്രം
ലഭ്യമാക്കുകയും വികസ്വര രാജ്യങ്ങളിലുള്ള കുട്ടികള്‍ക്കു് കിട്ടാതാക്കുകയും ചെയ്യുകയോ? തീര്‍ച്ചയായും
ഇതു് അക്രമവും അസ്വീകാര്യവുമാണു്.
“ഞാന്‍ സമ്മതിക്കുന്നു” എന്നു പലരും പറയും, “പക്ഷെ നമുക്കെന്തു് ചെയ്യാനാകും? പകര്‍പ്പവകാശം
കമ്പനികളുടെ കയ്യിലാണു്, അവര്‍ അവ ലഭ്യമാക്കുന്നതിനു് പണം ഈടാക്കുന്നതിലൂടെ ഭീമമായ തുകകള്‍
സമ്പാദിക്കുന്നു, അതാണെങ്കില്‍ സമ്പൂര്‍ണമായും നിയമ വിധേയവുമാണു് – അവരെ തടയാന്‍ നമുക്കൊന്നും
ചെയ്യാനും കഴിയില്ല.” പക്ഷേ നമുക്കു് സാധിക്കുന്ന ചിലതുണ്ടു്, നമ്മള്‍ ചെയ്തു കൊണ്ടിരിക്കുന്ന
ചിലതു്: നമുക്കു് തിരിച്ചു് പൊരുതാം.
ഈ വിഭവശേഖരങ്ങള്‍ ലഭ്യമായവര്‍ – വിദ്യാര്‍ത്ഥികള്‍, ഗ്രന്ഥശാലാധികാരികള്‍, ശാസ്ത്രജ്ഞര്‍ –
നിങ്ങള്‍ക്കെല്ലാം ഒരു വിശേഷാനുകൂല്യം കിട്ടിയിട്ടുണ്ടു്. ലോകത്തിന്റെ ശേഷിച്ച ഭാഗങ്ങള്‍
അടച്ചുപൂട്ടപ്പെടുമ്പോഴും ഈ വിജ്ഞാനവിരുന്നു് നിങ്ങള്‍ക്കു് പോഷിപ്പിക്കാം. പക്ഷേ നിങ്ങള്‍ ഈ
വിശേഷാനുകൂല്യം സ്വന്തമാക്കി സൂക്ഷിച്ചു വയ്ക്കേണ്ടതില്ല – ധാര്‍മ്മികമായി, തീര്‍ച്ചയായും
നിങ്ങള്‍ക്കതിനു് സാധിക്കില്ല. നിങ്ങള്‍ക്കു് അതു് ലോകത്തോടു് പങ്കു വയ്ക്കേണ്ട ചുമതലയുണ്ടു്. നിങ്ങള്‍
സഹപ്രവര്‍ത്തകരുമായി പാസ്‌വേര്‍ഡുകള്‍ (അടയാളവാക്കുകള്‍?) കൈമാറേണ്ടതും, സുഹൃത്തുക്കള്‍ക്കു
വേണ്ടി ഡൌണ്‍ലോഡ് അപേക്ഷകള്‍ പൂരിപ്പിക്കേണ്ടതുമുണ്ടു്.
അതിനിടെ, പ്രവേശിക്കപ്പെടാതെ മാറ്റിനിര‍ത്തപ്പെട്ടവര്‍ നിഷ്ക്രിയരായിരുന്നില്ല. അവര്‍
ദ്വാരങ്ങളിലൂടെ ഇഴഞ്ഞും വേലികള്‍ കടന്നും പ്രസാദകര്‍ പൂട്ടിവച്ച വിവരങ്ങള്‍ സ്വതന്ത്രമാക്കി
സുഹൃത്തുക്കളുമായി പങ്കുവെച്ചുകൊണ്ടിരിക്കുന്നു.
പക്ഷേ ഈ പ്രവൃത്തികളെല്ലാം പുറത്തറിയാതെയാണു് നടക്കുന്നതു്. അറിവിന്റെ സമ്പത്തു് പങ്കുവെയ്ക്കുന്നതു്
കപ്പലുകളെ ആക്രമിച്ചു് കൊള്ളയടിക്കുന്നതിനും അതിലെ യാത്രക്കാരെ കൊല ചെയ്യുന്നതിനും
തുല്ല്യമാണെന്ന മട്ടില്‍ കൊള്ളയെന്നോ പൈറസിയെന്നോ ഒക്കെയാണു് ഇതിനെ വിളിക്കുന്നതു്. പക്ഷേ
പങ്കുവെയ്ക്കുന്നതു് അധാര്‍മ്മികമല്ല – ധാര്‍മ്മികമായ കടമയാണു്. അത്യാഗ്രഹം കൊണ്ടു് അന്ധരായവര്‍
മാത്രമേ ഒരു സഹൃത്തിനുൊരു പകര്‍പ്പു് കൊടുക്കാതിരിക്കുകയുള്ളൂ.
വലിയ കമ്പനികള്‍ അത്യാര്‍ത്തി കൊണ്ടുള്ള അന്ധതയിലാണു്. അവര്‍ പ്രവര്‍ത്തിക്കുന്ന നിയമങ്ങള്‍
അവരെ അതിനു് നിര്‍ബന്ധിക്കുന്നു – അവരുടെ ഓഹരിയുടമകള്‍ അതില്‍കുറഞ്ഞതൊന്നും സ്വീകരിക്കുകയില്ല.
അവര്‍ പണം കൊടുത്തു് വാങ്ങിയ രാഷ്ട്രീയക്കാര്‍ ആര്‍ക്കൊക്കെ പകര്‍പ്പെടുക്കാമെന്നു്
തീരുമാനിക്കാനുള്ള പരമാധികാരം അവര്‍ക്കു് നല്‍കുന്ന നിയമങ്ങളുണ്ടാക്കിയിട്ടുണ്ടു്.
അന്യായമായ നിയമങ്ങള്‍ പാലിക്കുന്നതില്‍ ഒരു നീതിയും ഇല്ല. പുറത്തേക്ക് വരാന്‍ സമയാമായി;
നിസ്സഹകരണത്തിന്റെ മഹത്തായ പാരമ്പര്യത്തെ പിന്തുടര്‍ന്ന്, നമ്മുക്ക് പൊതു സംസ്കാരത്തിന്‍റെ
സ്വകാര്യ പൂഴ്ത്തിവയ്പ്പിനെതിരെ എതിരേ പ്രതിഷേധം രേഖപ്പെടുത്താം.
വിവരം എവിടെ സൂക്ഷിച്ചിട്ടുണ്ടെങ്കിലും നമ്മള്‍ അവ എടുക്കണം, നമ്മുടെ പകര്‍പ്പുകള്‍ ഉണ്ടാക്കുകയും
എല്ലാവര്‍ക്കുമായി പങ്കുവെയ്ക്കുകയും വേണം. പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ വസ്തുക്കള്‍ നമ്മള്‍
എടുത്തു് നമ്മുടെ പൊതുശേഖരത്തില്‍ ചേര്‍ക്കണം. രഹസ്യ വിവരശേഖരങ്ങള്‍ വാങ്ങി വെബ് വഴി
ലഭ്യമാക്കണം. ശാസ്ത്ര പ്രസിദ്ധീകരണങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് ഫയല്‍ ഷെയറിങ്ങ് സൈറ്റുകളില്‍
ലഭ്യമാക്കണം. നമ്മളെല്ലാവരും സ്വതന്ത്ര വിവരത്തിനായി ഒളിപ്പോരിനിറങ്ങണം.
ലോകമെമ്പാടുമുള്ള നമ്മളോരോരുത്തരും ഇതിനിറങ്ങിയാല്‍ അറിവിന്റെ
കുത്തകവത്കരണത്തിനിറങ്ങുന്നവര്‍ക്കെതിരെ ശക്തമായൊരു സന്ദേശം മാത്രമല്ല – നമ്മളതു് കഴിഞ്ഞുപോയ
കാലത്തെ സംഭവമാക്കും. നിങ്ങള്‍ ഞങ്ങളോടൊപ്പം ചേരുമോ?
ആരണ്‍ സ്വാര്‍ട്സ്

ജൂലൈ 2008, എറീമോ, ഇറ്റലി
പരിഭാഷയുടെ ഉറവിടെ: https://etherpad.mozilla.org/openaccess-manifesto-mal

സ്വതന്ത്രം മാഗസിനില്‍ വന്നതു് http://swathanthram.in/2014/09/ചങ്ങലയ്ക്കിട്ട-അറിവിനെ-സ/

പരിഭാഷ : സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
കടപ്പാട് :സ്വവതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്(smc.org.in), ml.wikipedia.org,commons
Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

ഡോട്ടു്കമ്യൂണിസ്റ്റു് മാനിഫെസ്റ്റോ

എബന്‍ മോഗ്ലന്‍

640px-Eben_Moglen,_2010-08-05

ഡോട്കമ്മ്യൂണിസ്റ്റു് മാനിഫെസ്റ്റോ

എബന്‍ മോഗ്ലന്‍

(ജനുവരി 2003)

മലയാളം തര്‍ജ്ജമയ്ക്കുള്ള ആമുഖം

(നവമ്പര്‍ 2014)

എബന്‍ മോഗ്ലന്‍ കൊളംബിയ സര്‍വ്വകലാശാലാ നിയമ വിദ്യാലയത്തില്‍ പ്രൊഫസറാണു്. സ്വതന്ത്ര (ഫ്രീ) സോഫ്റ്റ്‌വെയറിന്റെ വിതരണാനുമതിപത്രമായ പൊതു സമൂഹ ഉപയോഗാനുമതി പത്രത്തിന്റെ (Gnu General Public License – GPL) സൃഷ്ടിയില്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്റെ നിയമോപദേഷ്ടാവായിരുന്നു. തുടര്‍ന്നു് ഫ്രീസോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡംഗമായും പ്രവര്‍ത്തിച്ചു. അതില്‍ നിന്നൊഴിഞ്ഞ ശേഷം 2005 ല്‍ അദ്ദേഹം സോഫ്റ്റ്‌വെയര്‍ ഫ്രീഡം ലോ സെന്റര്‍ സ്ഥാപിച്ചു. അതിന്റെ സ്ഥാപക ഡയറക്ടറും കൌണ്‍സലും ആയിരുന്നു. ഇപ്പോള്‍ ചെയര്‍മാനാണു്. 2011 ല്‍ അദ്ദേഹം ഫ്രീഡം ബോക്സു് എന്ന പേരില്‍ ചെറിയ സെര്‍വ്വര്‍ വികസിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു് പ്രവര്‍ത്തിച്ചു് തുടങ്ങി. എബന്‍ മോഗ്ലന്‍ 2003 ല്‍ തന്റെ വെബ്ബ് സൈറ്റായ http://moglen.law.columbia.edu/publications/dcm.html പ്രസിദ്ധീകരിച്ചതാണു് ഈ രേഖ.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ അനുഭവപാഠങ്ങളില്‍ നിന്നു് അദ്ദേഹത്തിനുണ്ടായ ഉള്‍ക്കാഴ്ചകള്‍ കമ്യൂണിസ്റ്റു് മാനിഫെസ്റ്റോയുടെ ശൈലിയിലും ആശയാനുവാദ രീതിയിലുമാണു് അദ്ദേഹം എഴുതിയിരിക്കുന്നതു് എന്നതു് പ്രത്യേകം ശ്രദ്ധേയമാണു്. മാത്രമല്ല, “പക്ഷെ, വിപ്ലവം യഥാര്‍ത്ഥത്തില്‍ നടന്നില്ല, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ഉയര്‍ന്നു് വന്നിടത്തു്, അഥവാ വന്നു എന്നു് അവകാശപ്പെട്ടിടത്തു്, സ്വാതന്ത്ര്യം ഉറപ്പിക്കുന്നതിനു് കഴിയില്ലെന്നു് തെളിഞ്ഞു. പകരം, സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുതലാളിത്തം അതിനു് വലിയൊരളവു് സമ്മതി നേടിയെടുത്തു.” എന്നു് പറയുന്നിടത്തെ വിമര്‍ശനം ഒഴിച്ചാല്‍ ഒരിടത്തും അദ്ദേഹം കമ്യൂണിസ്റ്റു് മാനിഫെസ്റ്റോയേയോ അതു് ഇന്നും ഉയര്‍ത്തിപ്പിടിച്ചു് സാമൂഹ്യമാറ്റത്തിനായി നിലകൊള്ളുന്ന കമ്മ്യൂണിസ്റ്റുകാരേയോ തള്ളിപ്പറയുന്നില്ല. മേല്പറഞ്ഞതാകട്ടെ, വിശദാംശങ്ങളില്‍ വ്യത്യസ്തമായ വിശദീകരണമോ വ്യാഖ്യാനമോ ആര്‍ക്കെങ്കിലുമൊക്കെ ഉണ്ടാകാമെങ്കിലും, വസ്തുതകള്‍ മാത്രവുമാണു്. സോവിയറ്റു്കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസറ്റു് പരീക്ഷണങ്ങളുടെ തകര്‍ച്ചയോടെ ആഗോള ധനമൂലധനാധിപത്യം കൈവരിച്ച മേല്കൈ കണ്ടു് വിവിധ കമ്യൂണിസ്റ്റു് പാര്‍ടികള്‍ പോലും കമ്യൂണിസം തള്ളിക്കളഞ്ഞു് സോഷ്യല്‍ ഡെമോക്രസി ലക്ഷ്യമായി പ്രഖ്യാപിച്ചപ്പോഴും എബന്‍ മോഗ്ലന്‍ കമ്യൂണിസ്റ്റു് മാനിഫെസ്റ്റോയെ ഇത്രയേറെ ഉയര്‍ത്തിപ്പിടിക്കുന്നു എന്നതു് പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. കമ്യൂണിസ്റ്റു് മാനിഫെസ്റ്റോയിലെ ഒരൊറ്റ നിഗമനത്തേയും നിരീക്ഷണത്തേയും പോലും അദ്ദേഹം ഈ രേഖയില്‍ നിരാകരിക്കുന്നില്ല. കമ്യൂണിസ്റ്റു് മാനിഫെസ്റ്റോ പൊതു തൊഴിലാളി വര്‍ഗ്ഗത്തേക്കുറിച്ചു് പറയുന്ന കാര്യങ്ങള്‍ ഡിജിറ്റല്‍ തൊഴിലാളികളേക്കുറിച്ചുള്ളവയാക്കി അവതരിപ്പിക്കുകയാണു് അദ്ദേഹം ഇതില്‍ ചെയ്തിരിക്കുന്നതു്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ അനുഭവം

1980 കളുടെ ആദ്യ പാദം മുതല്‍ പ്രതിഫലത്തോടെയും പ്രതിഫലമില്ലാതെ സന്നദ്ധമായും ലോകമാകെയുള്ള പ്രോഗ്രാമര്‍മാരുടെ അദ്ധ്വാനം ഉപയോഗപ്പെടുത്തിയാണു് ഗ്നൂ/ലിനക്സ് എന്ന ഫ്രീ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കപ്പെട്ടതു്. ഗ്നൂ ലിനക്സും അനുബന്ധ സോഫ്റ്റ്‌വെയറുകളും അതുപയോഗിക്കുന്നവര്‍ക്കെല്ലാം സ്വതന്ത്രമായി ആവശ്യാനുസരണം ഉപയോഗിക്കുകയും പഠിക്കുകയും പകര്‍ത്തുകയും മെച്ചപ്പെടുത്തുകയും വിസിപ്പിക്കുകയും കൈമാറുകയും ചെയ്യാവുന്നതാണു്. ഇത്തരമൊരു സാങ്കേതിക പരിതോവസ്ഥ, ഇപ്പോള്‍ എല്ലായിടത്തും ലഭ്യവും മത്സരക്ഷമവും സ്വകാര്യ വ്യവസായ കമ്പനികളുടെ ഉല്പന്നങ്ങളേക്കാള്‍ ബഹുവിധം മേന്മയേറിയതുമാണു്. അവ പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ ഉപയോഗത്തില്‍ മുതലാളിത്തം മുന്നില്‍ കണ്ട വിധത്തിലുള്ള കുത്തകകളുടെ സാങ്കേതിക നിയന്ത്രണത്തില്‍ നിന്നു് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരെ മോചിതരാക്കുകയും ചെയ്തു.

ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കുത്തകകളുടെ ഉല്പന്നങ്ങളേക്കാള്‍ ഗുണമേന്മയുള്ളതും അവയേക്കാള്‍ വേഗം മെച്ചപ്പെടുത്തപ്പെടുന്നതുമായ സൃഷ്ടികള്‍ നിലവില്‍ വരുത്തുകയും തുടര്‍ന്നു് കാല്‍ നൂറ്റാണ്ടോളം നിലനില്‍ത്തുകയും ചെയ്യുന്നതിലൂടെയും അതിലൂടെ സോഫ്റ്റ്‌വെയര്‍ കുത്തക അവസാനിപ്പിച്ചതിലൂടെയും ഡിജിറ്റല്‍ തൊഴിലാളികളുടെ കൂട്ടായ്മയ്ക്കു് സ്വകാര്യ കമ്പനികളേക്കാള്‍ മെച്ചപ്പെട്ട ഗുണമേന്മയുള്ള സേവനങ്ങളും വിജ്ഞാനോപകരണങ്ങളും സൃഷ്ടിക്കാനാവുമെന്നും നാമമാത്രമായ ചെലവില്‍ അവ വിതരണം ചെയ്യാനാവുമെന്നും ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് തെളിയിച്ചു. മൂലധനകുത്തകസാമ്രാജ്യ വിരുദ്ധ സമരത്തിലെ വിജയ ഗാഥയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ചരിത്രം.

വിജ്ഞാനത്തിന്റെ ഇതരമേഖലകളില്‍ സമാന പ്രസ്ഥാനങ്ങള്‍ മുന്നേറുന്നു. വിജ്ഞാനത്തിന്റെ രംഗത്തു് പൊതു ഉടമസ്ഥതയുടെ മേന്മ തെളിയിക്കപ്പെട്ടതു് മുഴുവന്‍ ജീവിതോപാധികളുടെ കാര്യത്തിലും പൊതു ഉടമസ്ഥതയുടെ സാധ്യതകള്‍ മുന്നോട്ടു് കൊണ്ടു് വന്നിരിക്കുന്നു. മറ്റിതര ജീവിതോപാധികള്‍ സൃഷ്ടിക്കുന്ന കാര്യത്തിലും സമൂഹത്തിനും അദ്ധ്വാനിക്കുന്നവര്‍ക്കും കാല്‍ ചങ്ങലകളയായി മാറിക്കഴിഞ്ഞ മുതലാളിത്ത സ്വത്തുടമാ ബന്ധം അവസാനിപ്പിച്ചു് പൊതു ഉടമസ്ഥത സ്ഥാപിക്കാനാവുമെന്ന മാര്‍ക്സിസത്തിന്റെ പ്രതീക്ഷാ നിര്‍ഭരമായ കാഴ്ചപ്പാടിന്റെ സാധൂകരണമാണിതു്. ഇതിനേക്കാള്‍ മാര്‍ക്സിസത്തേയും കമ്യൂണിസ്റ്റു് മാനിഫെസ്റ്റോയേയും ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു അഭിപ്രായ പ്രകടനം നാളിതു് വരെ കണ്ടിട്ടില്ല.

അദ്ധ്വാനിക്കുന്നവരുടെ ഭാവി രൂപം

മാര്‍ക്സോ എംഗത്സോ തങ്ങളുടെ കാലഘട്ടത്തിന്റെ പരിമിതി മൂലം അഭിപ്രായം പറയാതെ വിട്ടുകളഞ്ഞ ചില പ്രസക്തമായ ചോദ്യങ്ങള്‍ക്കു് ഉത്തരം കണ്ടെത്തുകയാണു് എബന്‍ മോഗ്ലന്‍ ചെയ്യുന്നതു്. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യ ഘട്ടത്തിലെ തൊഴിലാളിയുടെ അദ്ധ്വാന രീതിയും അതിന്റെ പ്രതിഫലവും എങ്ങിനെയായിരിക്കുമെന്നു് അവര്‍ പറഞ്ഞിട്ടില്ല. അന്നു് പണിയെടുപ്പിക്കുന്നതും കൂലി കൊടുക്കുന്നതും മുതലാളിയാകില്ല. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നു് നിര്‍വ്വചിക്കപ്പെട്ട ഭരണകൂടമാകും മുതലാളിയുടെ ധര്‍മ്മം ഏറ്റെടുക്കുക എന്ന ധാരണയാണു് നാളിതു് വരെ പലരും അവതരിപ്പിച്ചു് പോരുന്നതു്. ഭരണകൂടം തന്നെ മൂലധനം നേരിട്ടു് നിയന്ത്രിക്കുന്ന സംവിധാനത്തെ, പക്ഷെ, ഭരണകൂട മുതലാളിത്തമായി (State Capitalism) മാത്രമേ കാണാനാവൂ. കാരണം, ഭരണ കൂടം മര്‍ദ്ദനോപകരണമാണു്. അധികാര കേന്ദ്രീകരണത്തിന്റെ ഉപകരണമാണു്. അതു് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമായാലും അതിന്റെ കേന്ദ്രീകരണ സ്വഭാവം അവസാനിക്കുന്നില്ല. ലോകത്ത് നിന്നാകെ മുതലാളിത്ത ഭരണ കൂടങ്ങള്‍ തുടച്ചു് നീക്കപ്പെടുവോളം അതി കേന്ദ്രീകൃതമായ ബൂര്‍ഷ്വാ ഭരണകൂടത്തിന്റെ കടന്നാക്രമണങ്ങളില്‍ നിന്നും മര്‍ദ്ദനങ്ങളില്‍ നിന്നും സമൂഹത്തെ രക്ഷിച്ചു് പുതിയ സോഷ്യലിസ്റ്റു് സമൂഹം നിര്‍മ്മിക്കാനും തുടര്‍ന്നു് സംരക്ഷിക്കാനും സമാനമായി കേന്ദ്രീകൃതമായ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം കൂടിയേ തീരൂ എന്നതാണു് മാര്‍ക്സിസത്തിന്റെ കാഴ്ചപ്പാടു്. അത്തരം ഒരു വ്യവസ്ഥ അതിന്റെ കേന്ദ്രീകരണ സ്വഭാവം കൊണ്ടു് തന്നെ ഉദ്യോഗസ്ഥ കേന്ദ്രീകരണത്തിലേക്കു് എത്തുമെന്നതു് ഇന്നു് നമ്മുടെ അനുഭവവുമാണു്. ജനാധിപത്യവികാസവും സ്വാതന്ത്ര്യവും മുന്‍കാല സോഷ്യലിസ്റ്റു് പരീക്ഷണങ്ങളില്‍ ഉറപ്പിക്കാനാവാതെ പോയതു് ഇത്തരത്തില്‍ ഭരണകൂടം മുതലാളിയുടെ ധര്‍മ്മം കൂടി ഏറ്റെടുത്തതു് കൊണ്ടാണെന്നു് വ്യക്തമാണു്.

തൊഴിലാളികളല്ല പകരം സ്വതന്ത്ര സ്രഷ്ടാക്കള്‍

അവിടെയാണു് ഭാവി തൊഴിലാളി വര്‍ഗ്ഗത്തിന്റെ രൂപം അവതരിപ്പിക്കുന്ന എബന്‍ മോഗ്ലന്റെ ഈ രേഖയുടെ പ്രസക്തി. അദ്ദേഹം ഇതില്‍ പറയുന്നതു് ഭാവിയില്‍ തൊഴിലാളി അല്ല, സ്വതന്ത്ര സ്രഷ്ടാവാണു് ഉണ്ടാവുക എന്നാണു്. കാരണം, അന്നു് കൂലിത്തൊഴിലാകാന്‍ തരമില്ല. കൂലി കൊടുക്കുന്നവനും കൂലി പറ്റുന്നവനും എന്ന അവസ്ഥ വര്‍ഗ്ഗ വിഭജനം നിലനില്‍ക്കാനിടയാക്കും. ഭാവി സ്രഷ്ടാവിന്റെ ഭ്രൂണ രൂപം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്രഷ്ടാവില്‍ അദ്ദേഹം കാണുന്നു. ഭാവിയില്‍ നിലവില്‍ വരുന്ന ഉല്പാദന ബന്ധത്തെ അദ്ദേഹം സ്വതന്ത്ര സ്രഷ്ടാക്കളുടെ പരസ്പര ബന്ധമായിട്ടാണു് കാണുന്നതു്.

ചരക്കല്ല പകരം സ്വതന്ത്ര സൃഷ്ടികള്‍

മുതലാളിത്തത്തിന്റെ പ്രത്യേകത ചരക്കുകളുടെ സാര്‍വ്വത്രികതയാണു്. ആരും സ്വന്തം ആവശ്യത്തിനായി ഉല്പാദിപ്പിക്കുന്നില്ല. അഥവാ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ നശിപ്പിച്ചു് ചരക്കുല്പാദനം വര്‍ദ്ധിപ്പിക്കുകയാണു് മുതലാളിത്തത്തില്‍ നടക്കുന്നതു്. ചരക്കാണു്, മറ്റുള്ളവര്‍ക്കു് വില്കാന്‍ വേണ്ടിയാണു് ഉല്പാദിപ്പിക്കപ്പെടുന്നതു് എന്നതു് മൂലമാണു് ഇന്നു് സമൂഹം നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങളുണ്ടാകുന്നതു്. പച്ചക്കറികളിലെ അമിതമായ വിഷപ്രയോഗം, ഫോര്‍മാലിനിലിട്ട മത്സ്യം, പാരഫിന്‍ ചേര്‍ത്ത എണ്ണ, എണ്ണയുടെ ചെലവു് കുറയ്ക്കാനും പലഹാരം കേടു് വരാതിരിക്കാനും കരുകരുപ്പു് നിലനിര്‍ത്താനും മണ്ണെണ്ണയെന്നു് വിളിക്കേണ്ട പെട്രോളിയത്തിന്റെ ഉപോല്പന്നമായ എണ്ണയില്‍ ഉണ്ടാക്കുന്ന വറപൊരികള്‍ തുടങ്ങി ഭക്ഷണത്തിലും മരുന്നുകളിലും ഉള്ള കൃത്രിമങ്ങളെല്ലാം ചരക്കുകളാണു് ഉല്പാദിപ്പിക്കപ്പെടുന്നതു് എന്നതു് കൊണ്ടുണ്ടാകുന്നതാണു്. സ്വന്തം ആവശ്യത്തിനാണു് ഉല്പാദിപ്പിക്കുന്നതെങ്കില്‍ ആരും ഇങ്ങിനെ ചെയ്യില്ല.

സ്വയം തൊഴില്‍ സംരംഭകരും കര്‍ഷകരും സ്വതന്ത്ര സ്വഷ്ടാക്കളാകണം

ഇന്നു്, മുതലാളിത്തം സംഘടിത തൊഴിലാളികളുടെ ശക്തി കുറയ്ക്കാനായി പ്രോത്സാഹിപ്പിക്കുന്ന സ്വയം തൊഴില്‍ സംരംഭകര്‍ ഉല്പാദിപ്പിക്കുന്നതു് ചരക്കുകളാണെങ്കിലും അവരുടേയും സാമൂഹ്യ നില കര്‍ഷകരുടേതു് തന്നെയാണു്. ഈ രണ്ടു് വര്‍ഗ്ഗങ്ങളും സ്വതന്ത്ര സൃഷ്ടാക്കളായി മാറാന്‍ പരിപക്വമാണു്. കൂലി തൊഴിലാളികളാകട്ടെ, മുതലാളി ഇല്ലാതാകുന്നതോടെ സ്വയം സ്വതന്ത്ര സ്രഷ്ടാവാകാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയും ചെയ്യും.

വിഭവങ്ങളെല്ലാം പൊതു ഉടമസ്ഥതയില്‍

അടുത്ത പ്രശ്നം സൃഷ്ടിക്കാവശ്യമുള്ള വിഭവങ്ങളുടെ ലഭ്യതയാണു്. ഭാവിയില്‍ വിഭവങ്ങളെല്ലാം സ്വതന്ത്രമായി എടുത്തുപയോഗിക്കാനാവുന്ന പൊതു ഉടമസ്ഥതയില്‍ ലഭ്യമാകണം. അടിസ്ഥാന വിഭവങ്ങളെല്ലാം, ഭൂമി, വായു, ജലം, സ്പെക്ട്രം തുടങ്ങിയ പ്രകൃതി വിഭവങ്ങളും വന്‍കിട യന്ത്രോപകരണങ്ങള്‍, ഫാക്ടറികള്‍, സാങ്കേതിക വിദ്യ, വിജ്ഞാനം, സോഫ്റ്റ്‌വെയര്‍ തുടങ്ങി സമൂഹ സൃഷ്ടമായവയും പൊതു ഉടമസ്ഥതയില്‍ ലഭ്യമാകും. സാങ്കേതിക വിവരങ്ങളടക്കം വിജ്ഞാനം ശൃംഖലയില്‍ ലഭ്യമാകും. ഭൂമിയുടെ മേല്‍ എല്ലാക്കാലത്തും പൊതു ഉടമസ്ഥത തന്നെയാണു് നിലനിന്നു് പോന്നിട്ടുള്ളതു്. ഉപയോഗാവകാശമാണു് രാജേച്ഛയോ നിയമമോ മൂലം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മറ്റും നല്‍കപ്പെട്ടു് പോന്നതു്. കൃഷി ഭൂമി കൃഷി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് അവര്‍ക്കു് സാധ്യമായത്ര നല്‍കുകയാണു് സമൂഹത്തിന്റെ താല്പര്യം. തരിശിടുന്നതിനോ ഉപയോഗിക്കാതിരിക്കുന്നതിനോ അവകാശമുണ്ടാവില്ല. അവ ഉപയോഗിക്കുന്നവര്‍ക്കു് പുനര്‍വിതരണം നടക്കും. വന്‍കിട ഫാക്ടറികളും യന്ത്രങ്ങളും അടക്കം മറ്റുല്പാദനോപാധികള്‍ ഇപ്പോള്‍ തന്നെ ഡയറക്ടര്‍മാരും മാനേജര്‍മാരും അടക്കം തൊഴിലാളികളാണു് കൈകാര്യം ചെയ്യുന്നതു്. അവ തൊഴിലാളികളുടെ കൂട്ടായ്മകളുടെ നിയന്ത്രണത്തില്‍ അവ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കപ്പെടും. നിലവില്‍ പൊതു മേഖല നശിപ്പിക്കുന്നതു് അവയുടെ ആസ്തികളും അവയുടെ കമ്പോളവും ധന മൂലധാനാധിപത്യത്തിനു് കൈമാറാനുള്ള വ്യഗ്രതയില്‍ അവയുടെ ഉടമാവകാശം മാത്രമുള്ള സര്‍ക്കാരാണെന്നതു് നമ്മുടെ ഇന്നത്തെ അനുഭവം. ചുരുക്കത്തില്‍, ഉല്പാദനോപാധികളെല്ലാം പൊതു ഉടമസ്ഥതയിലും അവയുടെ ഉപയോഗാവകാശം ജീവിതോപാധികളുടെ സ്രഷ്ടാക്കളായ വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും എന്നതായിരിക്കും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പോലെ പൊതു ഉടമാവകാശം ഏര്‍പ്പെടുത്തുമ്പോള്‍ ലഭിക്കുന്ന സ്വത്തുടമാ ബന്ധം. ഇതിനെല്ലാം ആവശ്യമായ നിയമം സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പൊതു സമൂഹ ഉപയോഗാനുമതി പോലെ സമൂഹം തന്നെ സൃഷ്ടിക്കുന്നതായിരിക്കും.

ലാഭത്തിനു് പകരം പ്രേരണ ജീവിതോപാധികളുടെ നേട്ടം

എല്ലാം വെറുതേ കിട്ടുന്നിടത്തു് പണിയെടുക്കാനുള്ള പ്രേരണയുണ്ടാവില്ലെന്നും ലാഭം മാത്രമാണാ പ്രേരണയുണ്ടാക്കുന്നതെന്നുമാണു് മുതലാളിത്ത ഭാഷ്യം. മേല്പറഞ്ഞ പൊതു ഉടമാവകാശവും സ്രഷ്ടാക്കളുടെ ഉപയോഗ സ്വാതന്ത്ര്യവും എന്നതിലൂടെ പണിയെടുക്കുന്നവര്‍ക്കു് അവസര സമത്വവും സ്വന്തം സൃഷ്ടിപരമായ ശേഷി ഉപയോഗിക്കാനുള്ള അവകാശവും ഉറപ്പാക്കുന്നതോടൊപ്പം ആര്‍ക്കും വെറുതെ ഒന്നും കിട്ടുന്നില്ല എന്നുറപ്പാക്കപ്പെടുക കൂടിയാണു്. ആര്‍ക്കു് എന്തു് വേണമെങ്കിലും അവര്‍ പണിയെടുത്തു് സൃഷ്ടിച്ചാല്‍ മാത്രമേ ലഭിക്കൂ എന്നതാണു് പുതിയ സാമൂഹ്യ ക്രമം. അവിടെ എല്ലാവരും പണിയെടുക്കണം എന്നതാണു് മര്‍ദ്ദനമോ കയ്യേറ്റമോ അടിച്ചമര്‍ത്തലോ ഒന്നുമില്ലാതെ സ്വാഭാവികയും നൈസര്‍ഗ്ഗികമായും ചെലുത്തപ്പെടുന്ന നിര്‍ബ്ബന്ധം. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കൊഴിച്ചു് പണിയെടുക്കാത്തവര്‍ക്കു് ജീവിതോപാധികള്‍ ലഭിക്കില്ല. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ കാര്യത്തില്‍ സമൂഹം അതു് നല്‍കും.

മുതലാളി തൊഴിലാളി ഉല്പാദന ബന്ധത്തിനു് പകരം സ്വതന്ത്ര സ്രഷ്ടാക്കളുടെ കൂട്ടായ്മ

സ്വതന്ത്ര സ്രഷ്ടാക്കള്‍ സൃഷ്ടിക്കുന്നതു് സ്വന്തം ജീവിതോപാധികള്‍ നേടാനായി സ്വതന്ത്രമായി ഉപയോഗിക്കാം. മിച്ചമുള്ളവ സമൂഹത്തിനു് നല്‍കാം. സമൂഹത്തിലാകെയുള്ള മിച്ചം വരും കാലത്തേയ്ക്കു് വെയ്ക്കാം. ഓരോരുത്തര്‍ക്കും അവരവരുടെ സൃഷ്ടികള്‍ സ്വന്തമായി ഉപയോഗിക്കുകയോ മറ്റാവശ്യക്കാരുമായി പങ്ക് വെയ്ക്കുകയോ ചെയ്യാം. അത്തരത്തില്‍ ജീവിതോപാധികളുടെ ആവശ്യവും ലഭ്യതയും ശൃംഖലയിലൂടെ ആര്‍ക്കും അറിയാവുന്നതും അതനുസരിച്ചു് കൊടുക്കുകയോ വാങ്ങുകയോ ചെയ്യാവുന്നതുമാണു്. പ്രാദേശികമായി നേരിട്ടുള്ള കൈമാറ്റവും ദൂരേയ്ക്കടക്കം ശൃംഖലയിലുള്ള കൈമാറ്റവും ആണു് നടക്കുക. അത്തരത്തില്‍ ശൃംഖലയുടെ ഉപയോഗം കമ്പോളത്തിന്റെ സമഗ്രമായ ആസൂത്രണത്തിനു് സഹായിക്കും. നിലവില്‍ മുതലാളിത്തത്തില്‍ കമ്പോളം സമൂഹത്തെ ഭരിക്കുന്ന സ്ഥിതിക്കു് പകരം ഭാവി സമൂഹത്തില്‍ കമ്പോളം സമൂഹത്തിന്റെ പൂര്‍ണ്ണമായ നിയന്ത്രണത്തിലാകും. പണത്തിന്റെ അമിതാധിപത്യം താനേ ഇല്ലാതാകും.

നിയമ നിര്‍മ്മാണവും നിര്‍വ്വഹണവും ഏറ്റെടുക്കുന്ന സമൂഹം ഭരണ കൂടം കൊഴിഞ്ഞു് പോകുന്ന അവസ്ഥ

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്രഷ്ടാക്കള്‍ അവയുടെ വിതരണത്തിന്റെ ക്രമീകരണത്തിനായി സൃഷ്ടിച്ച പൊതു സമൂഹ ഉപയോഗാനുമതിയെന്ന (GPL) നിയമം പാര്‍ലമെണ്ടു് നിര്‍മ്മിച്ചതോ കോടതിയോ പോലീസോ നടപ്പാക്കുന്നതോ അല്ല.നിയമ നിര്‍മ്മാണ സഭയും സര്‍ക്കാരും പോലീസും കോടതിയുമടക്കം ഭരണ കൂടത്തിന്റെ യാതൊരു ഇടപെടലുമില്ലാതെ ഈ നിയമം കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സ്വതന്ത്ര സോഫ്റ്റ്‌വെറിന്റെ വികാസത്തിനും വിതരണത്തിനും വിനിമയത്തിനുമുള്ള നിയമാവലിയായി നടപ്പാക്കപ്പെട്ടു് വരികയാണു്. മര്‍ദ്ദനോപകരണമായ ഭരണകൂടം വര്‍ഗ്ഗ വിഭജിത സമൂഹത്തിന്റെ സൃഷ്ടിയാണെന്നും വര്‍ഗ്ഗങ്ങളില്ലാതായാല്‍ അത്തരം ഭരണകൂടത്തിന്റെ ആവശ്യമില്ലതാകുമെന്നും ഭാവിയില്‍ ഭരണ കൂടം കൊഴിഞ്ഞു് പോകുമെന്നും മാര്‍ക്സിസം പറയുന്നതു്, ഇവിടെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടു് കാലം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിജ്ഞാനത്തിന്റെ മേഖലയില്‍ പ്രസ്ഥാനം പ്രായോഗികമായി തെളിയിച്ചിരിക്കുകയാണു്.

വര്‍ഗ്ഗ രഹിത സമൂഹത്തിന്റെ മാതൃക

ഇതാണു് എബന്‍ മോഗ്ലന്റെ രേഖയുടെ പശ്ചാത്തലം. മോഗ്ലന്‍ മുന്നോട്ടു് വെയ്ക്കുന്ന സ്വതന്ത്ര സ്രഷ്ടാക്കളുടെ സ്വതന്ത്ര സൃഷ്ടികളുടെ സ്വതന്ത്ര കൈമാറ്റത്തിന്റെ സൃഷ്ടി ബന്ധം തുടര്‍ന്നങ്ങോട്ടു് സമൂഹത്തിലുള്ള എല്ലാ വര്‍ഗ്ഗ വൈരങ്ങളും ഇല്ലാതാക്കപ്പെടുന്നതിനും സമൂഹവും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെ നിര്‍ദ്ധാരണത്തിനു് സമൂഹം ഒറ്റക്കെട്ടായി പ്രകൃതി നിയമങ്ങളനുസരിച്ചു് പ്രവര്‍ത്തിക്കുന്നതിനും വഴിയൊരുക്കും. ഭാവിയില്‍ ചരക്കുകളല്ല, അതു് കൊണ്ടു് തന്നെ ഉല്പാദനമല്ല, നടക്കുക. സ്വന്തം ആവശ്യത്തിനുള്ള സൃഷ്ടികളാണു് നടക്കുക. അതു് നടത്തുന്നതു് സ്വതന്ത്ര സ്രഷ്ടാക്കളും. അവരുടെ സ്വന്തം ആവശ്യത്തിനായാണു് സൃഷ്ടിക്കുന്നതു്. അതു് ആഹാരമാകാം. വസ്ത്രമാകാം, മരുന്നാകാം. സോഫ്റ്റ്‌വെയര്‍ ആകാം. പാട്ടാകാം. കവിതയാകാം. ഇതര വിജ്ഞാനമോ ജീവിതോപാധിയോ ആകാം. അവരവരുടെ ആവശ്യം കഴിഞ്ഞു് ബാക്കി മറ്റുള്ളവരുമായി പങ്കു് വെയ്ക്കുന്നു. അതോടെ അന്യവല്കരണത്തിന്റെ എല്ലാ ഘടകങ്ങളും ഫലങ്ങളും പ്രത്യാഘാതങ്ങളും ഒഴിവാക്കപ്പെടും. മായം ചേര്‍ക്കലടക്കം എല്ലാ കൃത്രിമങ്ങളും ഇല്ലാതാകും. അതോടെ പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗവും പരിസ്ഥിതി നാശവും കടങ്കഥയായി മാറുകയും ചെയ്യും.

മുതലാളിത്തത്തിന്റെ ഗര്‍ഭത്തില്‍ ഭാവി സോഷ്യലിസത്തിന്റെ ഭ്രൂണം

പുതിയ സമൂഹത്തിന്റേയും പുതിയ സമൂഹാംഗങ്ങളുടേയും അവരുടെ സൃഷ്ടിപരതയുടേയും അവരേര്‍പ്പെടുന്ന സൃഷ്ടിഉപഭോഗ ബന്ധത്തിന്റേയും ഭ്രൂണ രൂപങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്രഷ്ടാക്കളിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിലും കാണാം. എബന്‍ മോഗ്ലന്റെ ഈ രേഖ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സമൂഹത്തിന്റെ പ്രകടന പത്രികയാണു്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സാധ്യമായ വിജ്ഞാനമടക്കം വിഭവോപയോഗത്തിനുള്ള സ്വാതന്ത്ര്യത്തിലും അവസര സമത്വത്തിലും ഊന്നിയ ജനാധിപത്യ ക്രമം എന്ന നിലയില്‍ ശാസ്ത്രീയ സോഷ്യലിസം നിര്‍വ്വചിക്കുന്നതില്‍ ഒട്ടേറെ അടിസ്ഥാന ധാരണകള്‍ രൂപപ്പെടുത്താന്‍ എബന്‍ മോഗ്ലന്റെ ഈ രേഖ ഉപകരിക്കും.

തൊഴിലാളികളും കര്‍ഷകരും സ്വയംതൊഴില്‍ സംരംഭകരും സ്വതന്ത്ര സ്രഷ്ടാക്കളായി ഉയരണം

ഈ രേഖ ആഹ്വാനം ചെയ്യുന്നതു് എല്ലാവരും സ്വതന്ത്ര സ്രഷ്ടാക്കളായി മാറിക്കൊണ്ടു് സാമൂഹ്യമാറ്റം കൈവരിക്കാനാണു്. അവരുടെ ഭ്രൂണ രൂപം വിജ്ഞാന വിഭവങ്ങളുടെ രംഗത്തു് നിലവില്‍ വന്നു് കഴിഞ്ഞു. മുതലാളിത്തത്തിന്റെ ഗര്‍ഭപാത്രത്തില്‍ തന്നെ. അതു് വളരണം. വളരുന്നതു് അത്തരത്തിലുള്ള വളര്‍ച്ചയ്ക്കു് പാകമായ കര്‍ഷകരും സ്വയംതൊഴില്‍ സംരംഭകരും തൊഴിലാളികളും അത്തരത്തിലുള്ള പരിവര്‍ത്തനത്തിനു് തയ്യാറാകുന്നതിലൂടെയാണു്. അവര്‍ അവരവരുടെ മേഖലകളില്‍ സ്വതന്ത്ര സ്രഷ്ടാക്കളായി ഉയരുകയാണു് വേണ്ടതു്. അവര്‍ക്കു് നഷ്ടപ്പെടാനൊന്നുമില്ല. നേടാന്‍ പുതിയൊരു ലോകമുണ്ടു് താനും. അതിന്റെ ചിത്രം വ്യക്തമാക്കുകയാണിവിടെ. അറിവും ബൌദ്ധികാദ്ധ്വാന ശേഷിയും ശാരീരികാദ്ധ്വാന ശേഷിയും കൈമുതലായുള്ള സ്വതന്ത്ര സ്രഷ്ടാക്കളെ നേരിടാന്‍ അയുക്തികമായ സ്വത്തുടമാവകാശം മാത്രം കൈവശമുള്ള ഇത്തിക്കണ്ണികളായ ചൂഷകര്‍ക്കു് കഴിയില്ലെന്നാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ അനുഭവ പാഠങ്ങളെ ആധാരമാക്കി ഈ രേഖ സമര്‍ത്ഥിക്കുന്നതും പ്രഖ്യാപിക്കുന്നതും.

പരിവര്‍ത്തനം സമാധാനപരമായി നടക്കണം

സമാധാന പരമായ പരിവര്‍ത്തനമാണു് എല്ലാവരും ആഗ്രഹിക്കുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തു് അങ്ങിനെയാണ് നടന്നതു്. അവിടെ സാമൂഹ്യമായിരുന്ന സോഫ്റ്റ്‌വെയര്‍ സ്വകാര്യമാക്കുകയാണു് മൂലധന ശക്തികള്‍ ചെയ്തതു്. അവരുടെ സ്വകാര്യമെന്നു് പറഞ്ഞവയൊന്നും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്രഷ്ടാക്കള്‍ പിടിച്ചെടുത്തില്ല. പകരം പൊതു സമൂഹ ഉടമസ്ഥതയിലൂണ്ടായിരുന്ന വിഭവങ്ങളുപയോഗിച്ചു് സ്വന്തമായി പുതിയവ സൃഷ്ടിക്കുകയാണു് ചെയ്തതു്. സ്വതന്ത്ര സ്രഷ്ടാക്കളുടെ സാര്‍വ്വദേശീയ കൂട്ടായ്മയുടെ സംഘടിതമായ ബൌദ്ധിക ശേഷി, ഏതു് കോര്‍പ്പറേറ്റു് സ്ഥാപനത്തിലെ കൂലിത്തൊഴിലാളികളുടെ ശേഷിയേക്കാള്‍ എത്രയോ മികച്ചതാണെന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മേഖലയുടെ വിജയം തെളിയിക്കുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ മുന്നേറ്റം പൊതു ഉടമസ്ഥതയുടെ സാമൂഹ്യ മേന്മകളും സാങ്കേതിക മേന്മകളും വെളിപ്പെടുത്തുകയും ചെയ്യുന്നു. ബല പ്രയോഗമോ പിടിച്ചെടുക്കലോ ഒന്നുമില്ലാതെ നടന്ന ഈ വിപ്ലവം മറ്റിതര ജീവിതോപാധികളുടെ കാര്യത്തിലും സമൂഹത്തിനു് കൊണ്ടു് വരാനാകും.

ഭൌതിക സ്വത്തുക്കളുടെ ഉടമസ്ഥതയുടെ കാര്യത്തിലും ബല പ്രയോഗം നടത്തിയിരിക്കുന്നതു് ഉടമാ വര്‍ഗ്ഗമാണു്. ഭൂമി മുഴുവനും ഏതാനും ചിലരുടെ കയ്യില്‍ കേന്ദ്രീകരിച്ചിരിക്കുന്നതു് നഗ്നമായ പിടിച്ചു് പറിയിലൂടെയാണു്. ഉപയോഗാവകാശത്തെ ഉടമാവകാശമായി വ്യാഖ്യാനിക്കുന്നതിലൂടെയാണു് ആ പ്രക്രിയ നടന്നതു്. അതു് രാജാധികാരത്തിന്റേയും വര്‍ഗ്ഗ ഭരണ കൂടത്തിന്റേയും സഹായത്തോടെയാണു് നടത്തിയതു്. മൂലധനാധിപതികള്‍ വ്യക്തിപരമായി ഉപയോഗിക്കുന്ന സ്വത്തിന്റെ ഒരു രൂപവും സമൂഹം പിടിച്ചെടുക്കില്ല. സാമൂഹ്യമായ ഉല്പാദന പ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഒരു വിഭവത്തിന്റെ മേലും ആര്‍ക്കും സ്വകാര്യമായ ഉടമാവകാശം അംഗീകരിത്തു് നല്കാനും കഴിയില്ല. സ്വന്തമായി ഉപയോഗിക്കാത്ത സ്വത്തിന്റെ ഒരു രൂപവും ഉടമാവകാശത്തിന്റെ പേരില്‍ ഉപയോഗാവകാശം കൈമാറുന്നതില്‍ നിന്നു് സമൂഹത്തെ തടയാനും അവര്‍ക്കാവില്ല. സമൂഹത്തിന്റെ താല്പര്യം അവയെല്ലാം ഉപയോഗിക്കുകയാണു്. അതിലൂടെ എല്ലാവര്‍ക്കും ആവശ്യമുള്ള ജീവിതോപാധികള്‍ സൃഷ്ടിക്കുക എന്നതാണു്. ചുരുക്കത്തില്‍, അന്യായമായി പിടിച്ചു് പറിച്ചതു് തിരിച്ചു് സാമൂഹ്യ ഉടമസ്ഥതയിലാക്കുക മാത്രമാണു് കുത്തക ഉടമാവകാശത്തിലുള്ള സ്വത്തുക്കള്‍ പൊതു ഉടമസ്ഥത സ്ഥാപിക്കുമ്പോള്‍ നടക്കുന്നതു്. ചെറുകിട സ്വത്തുടമകള്‍ക്കു് അവരുടെ ഉപയോഗാവകാശത്തില്‍ യാതൊരു മാറ്റവും അനുഭവിക്കേണ്ടി വരില്ല. അവര്‍ക്കു് അവ ഉപയോഗിക്കുന്നതിനും അതിലൂടെ അവര്‍ക്കാവശ്യമായ ജീവിതോപാധികള്‍ നേടുന്നതിനും സമൂഹത്തെ സേവിക്കുന്നതിനും കൂടുതല്‍ സൌകര്യങ്ങള്‍ ലഭിക്കുകയാണു് ഈ സാമൂഹ്യ മാറ്റത്തിലൂടെ ഉണ്ടാകുന്നതു്.

സാമൂഹ്യമാറ്റം സമാധാനപരമാകുമോ എന്നതു് നിലവില്‍ അധികാരം കയ്യാളുന്നവര്‍ ജനാധിപത്യത്തിനു് വഴങ്ങുമോ എന്നതിനെ മാത്രം ആശ്രയിച്ചാണിരിക്കുന്നതു്. ജനാധിപത്യത്തിന്റെ അവശ്യോപാധിയായ വിവരവും വിജ്ഞാനവും എല്ലാവര്‍ക്കും ലഭ്യമായിരിക്കുക എന്നതു് സ്വതന്ത്ര ശൃംഖല ഉറപ്പു് വരുത്തുന്നു. സ്വതന്ത്ര ശൃംഖല സൃഷ്ടിച്ചുപയോഗിക്കുന്ന കാര്യത്തില്‍ സ്വതന്ത്ര സ്രഷ്ടാക്കള്‍ക്കു് യാതൊരു പരിമിതിയുമില്ല. അദ്ധ്വാനിക്കുന്നവര്‍ സ്വതന്ത്ര സ്രഷ്ടാക്കളായി മാറുന്നതിലൂടെ വിജ്ഞാന ലഭ്യതയും വിജ്ഞാനാര്‍ജ്ജനവും അതിലൂടെ ജനാധിപത്യ വികാസവും സ്വാഭാവികമായി നടക്കും. മാറ്റവും സ്വാഭാവികമായി നടക്കും. സ്വാഭാവികമായി നടക്കുന്ന മാറ്റത്തെ ചെറുക്കാനോ അതിനായി ഈ മാറ്റത്തിലൂടെ വളര്‍ന്നു് വരുന്ന സ്വതന്ത്ര സ്രഷ്ടാക്കള്‍ക്കു് മേല്‍ മര്‍ദ്ദനം അഴിച്ചു് വിടാനോ ഭരണാധികാരികളായ ചൂഷക വര്‍ഗ്ഗം ശ്രമിക്കുന്നതാണു് ബല പ്രയോഗം. അതുണ്ടായാല്‍ വിജ്ഞാനവും അദ്ധ്വാനവും പോലെ ആയുധവും പുതിയ വര്‍ഗ്ഗത്തിനു് വഴങ്ങുമെന്ന കാര്യം വ്യക്തമാകും. ഒരു വശത്തു് അറിവും ശാരീരിക ശേഷിയും ആയുധോപയോഗ ശേഷിയും അവയുടെ യഥാര്‍ത്ഥമായ ഉടമസ്ഥതയും മാത്രമല്ല ഉപയോഗിച്ചു് നല്ല പരിചയവും ഓരോരുത്തര്‍ക്കും സ്വന്തമായുള്ള സ്വതന്ത്ര സ്രഷ്ടാക്കളും മറുവശത്തു് അറിവിന്റേയും വിഭവങ്ങളുടേയും ആയുധത്തിന്റേയും അയുക്തികവും അന്യായവുമായ ഉടമാവകാശം മാത്രം കയ്യിലുള്ളവരും അവ പ്രയോഗിക്കാന്‍ കൂലി തൊഴിലാളികളില്ലാതെ നിസ്സഹായരുമായ ഇത്തിക്കണ്ണികളുമാണു്. യഥാര്‍ത്ഥ ഉടമസ്ഥതയും ഉടമാവകാശവും തമ്മിലുള്ള ഈ ഏറ്റുമുട്ടലില്‍ ആരു് ജയിക്കുമെന്നതു് പ്രവചനം ആവശ്യമുള്ള കാര്യമേയല്ല. വിജ്ഞാനത്തിന്റെ മേഖലയില്‍ അതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തെളിയിച്ചും കഴിഞ്ഞു.

നിലവിലുള്ള പ്രതിസന്ധി നിറഞ്ഞ അയുക്തികമായ സ്വകാര്യ സ്വത്തുടമാവകാശത്തില്‍ അധിഷ്ഠിതമായ സമൂഹ ഘടന മാറ്റി വിഭവങ്ങളുടെ പൊതു സാമൂഹ്യ ഉടമസ്ഥതയിലും അവയുടെ അവസര സമത്വത്തോടെയുള്ള ഉപയോഗാവകാശത്തിലും ഊന്നിയ പുതിയൊരു സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സമൂഹ സൃഷ്ടിയില്‍ താല്പര്യമുള്ള ഏവരും മനസിരുത്തി വായിച്ചിരിക്കേണ്ട ഒന്നാണിതു്.

14-11-2014 ജോസഫ് തോമസ്

കൊച്ചി പ്രസിഡണ്ടു്, ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ

_______________________________________________________

ഡോട്കമ്മ്യൂണിസ്റ്റു് മാനിഫെസ്റ്റോ

എബന്‍ മോഗ്ലന്‍

2003

(വിവര്‍ത്തനം ജോസഫ് തോമസ്)

ബഹുരാഷ്ട്ര മുതലാളിത്തത്തെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു‘. — ‘സ്വതന്ത്ര വിജ്ഞാനത്തിന്റെ ഭൂതം‘. ആഗോളമേധാവിത്വത്തിന്റെ എല്ലാ ശക്തികളും ആ ഭൂതത്തെ ഒഴിപ്പിക്കാനായി ഒരു അവിശുദ്ധ കൂട്ടുകെട്ടിലേര്‍പ്പെട്ടിരിക്കുന്നു : മൈക്രോസോഫ്റ്റും ഡിസ്നിയും, ലോക വ്യാപാര സംഘടനയും, ഐക്യ അമേരിക്കന്‍ കോണ്‍ഗ്രസും യുറോപ്യന്‍ കമ്മീഷനും. കൊള്ളക്കാരെന്നും അരാജകവാദികളെന്നും കമ്യൂണിസ്റ്റുകാരെന്നും വിളിച്ചാക്ഷേപിക്കപ്പെടാത്തവരായി സ്വാതന്ത്ര്യത്തിന്റെ വക്താക്കളെവിടെയാണുള്ളതു് ? ആ വാക്കു് നമുക്കെതിരെ എടുത്തെറിയുന്ന അധികം പേരും അധികാരത്തിലിരിക്കുന്ന കള്ളന്മാരും ബൌദ്ധിക സ്വത്തവകാശത്തേക്കുറിച്ചുള്ള അവരുടെ വാക്കുകള്‍ തിരിച്ചു് വരാനാവാത്ത വിധം മാറിക്കൊണ്ടിരിക്കുന്നൊരു ലോകത്തു് അന്യായമായ പ്രത്യേകാധികാരങ്ങള്‍ സംരക്ഷിക്കാനാഗ്രഹിക്കുന്നവരുമാണെന്ന കാര്യം നാം കാണുന്നില്ലേ ? എന്നാല്‍ ആഗോള മേധാവിത്വത്തിന്റെ എല്ലാ ശക്തികളും സ്വാതന്ത്ര്യത്തിനു് വേണ്ടിയുള്ള പ്രസ്ഥാനം അതില്‍ത്തന്നെ ഒരു ശക്തി തന്നെയാണെന്നു് അംഗീകരിച്ചിരിക്കുന്നു. സ്വതന്ത്ര വിജ്ഞാനമെന്ന ഭൂതത്തേക്കുറിച്ചുള്ളഈ താരാട്ടു് കഥ നേരിടാന്‍ നമ്മുടേതായ ഒരു പ്രകടന പത്രിക ഇറക്കി മുഴുവന്‍ ലോകത്തിനു് മുമ്പിലും നമ്മുടെ നിലപാടുകള്‍ വിശദീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഉടമസ്ഥരും സ്രഷ്ടാക്കളും

ലോകമാകെ, സ്വതന്ത്ര വിജ്ഞാനത്തിനായുള്ള പ്രസ്ഥാനം പുതിയൊരു സാമൂഹ്യ ഘടനയുടെ വരവു് പ്രഖ്യാപിക്കുന്നു. സ്വന്തം കണ്ടു് പിടുത്തമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യവഴിയുണ്ടാകുന്ന പരിവര്‍ത്തനത്തിലൂടെ ബൂര്‍ഷ്വാ വ്യവസായ സമൂഹത്തില്‍ നിന്നു് ജനിക്കുന്ന പുതിയ സമൂഹം.

നാളിതു് വരെ നിലവില്‍ വന്ന സമൂഹങ്ങളുടെ ചരിത്രം വര്‍ഗ്ഗ സമരങ്ങളുടെ ചരിത്രമാണു് വെളിപ്പെടുത്തുന്നതു്.

സ്വതന്ത്രനും അടിമയും, പാട്രീഷ്യനും പ്ലേബിയനും ജന്മിയും കുടിയാനും, ഗില്‍ഡ്‌മാസ്റ്ററും അപ്രന്റീസും ബൂര്‍ഷ്വായും തൊഴിലാളിയും സാമ്രാജ്യവാദിയും പ്രാന്തവല്‍ക്കരിക്കപ്പെട്ടവനും, ഒരു വാക്കില്‍ പറഞ്ഞാല്‍, അടിച്ചമര്‍ത്തുന്നവനും അടിച്ചമര്‍ത്തപ്പെടുന്നവനും നേര്‍ക്കുനേര്‍ നിന്നു്, ചിലപ്പോള്‍ ഒളിഞ്ഞും, ചിലപ്പോള്‍ തെളിഞ്ഞും, സമൂഹത്തിന്റെയാകെ പുനസംഘാടനത്തിലോ സംഘട്ടനത്തിലേര്‍പ്പെടുന്ന വര്‍ഗ്ഗങ്ങളുടെ പൊതു നാശത്തിലോ കലാശിക്കുന്ന പരസ്പര ഏറ്റുമുട്ടല്‍ തുടര്‍ന്നു വരുന്നു.

ആധുനികത കൊണ്ടുവന്ന യൂറോപ്യന്‍ അധികാരത്തിന്റെ ആഗോള വ്യാപനത്തിലൂടെ മുളച്ച വ്യവസായ സമൂഹം വര്‍ഗ്ഗ വൈരുദ്ധ്യം അവസാനിപ്പിച്ചില്ല. അതു്, പക്ഷെ, പഴയവയുടെ സ്ഥാനത്തു് പുതിയ വര്‍ഗ്ഗങ്ങളും പുതിയ മര്‍ദ്ദനത്തിന്റെ മാര്‍ഗ്ഗങ്ങളും പുതിയ സമര രൂപങ്ങളും സൃഷ്ടിച്ചു. ബൂര്‍ഷ്വാ കാലഘട്ടം വര്‍ഗ്ഗ വൈരങ്ങള്‍ ലളിതമാക്കി. സമൂഹമാകെ രണ്ടു് ശത്രു വര്‍ഗ്ഗങ്ങളായി, രണ്ടു് വലിയ വര്‍ഗ്ഗങ്ങളായി ബൂര്‍ഷ്വാസിയും തൊഴിലാളിയും തിരിഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുന്നു.

പക്ഷെ, വിപ്ലവം യഥാര്‍ത്ഥത്തില്‍ നടന്നില്ല, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ഉയര്‍ന്നു് വന്നിടത്തു്, അഥവാ വന്നു എന്നു് അവകാശപ്പെട്ടിടത്തു്, സ്വാതന്ത്ര്യം ഉറപ്പിക്കുന്നതിനു് കഴിയില്ലെന്നു് തെളിഞ്ഞു. പകരം, സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുതലാളിത്തം അതിനു് വലിയൊരളവു് സമ്മതി നേടിയെടുത്തു. വികസിത സമൂഹങ്ങളില്‍, വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം, സ്വന്തം വര്‍ഗ്ഗത്തിന്റെ നിലനില്പിന്റെ മാനദണ്ഡങ്ങള്‍ക്കു് കീഴേയ്ക്കു് കൂടുതല്‍ കൂടുതല്‍ താണു് പോകുന്നതിനു് പകരം, ആധുനിക തൊഴിലാളി ഉയര്‍ന്നു് വന്നു. ജനസംഖ്യയുടേയും സമ്പത്തിന്റേയും വളര്‍ച്ചയേക്കാള്‍ വേഗത്തില്‍ പാപ്പരീകരണം ഉണ്ടായില്ല. ഫോര്‍ഡിസ്റ്റു് രീതിയില്‍ ഏകീകരിക്കപ്പെട്ട വ്യവസായം തൊഴിലാളികളെ പാപ്പരീകരിക്കപ്പെട്ട തൊഴിലാളികളായല്ല മറിച്ചു് വന്‍തോതില്‍ ഉല്പാദിപ്പിക്കപ്പെട്ട ചരക്കുകളുടെ ഉപഭോക്താക്കളായാണു് മാറ്റിയതു്. തൊഴിലാളി വര്‍ഗ്ഗത്തെ പരിഷ്കരിക്കുന്നതു് ബൂര്‍ഷ്വാസിയുടെ സ്വയം സംരക്ഷണത്തിനുള്ള പരിപാടിയുടെ ഭാഗമായി.

ഇത്തരത്തില്‍, സാര്‍വ്വത്രിക വിദ്യാഭ്യാസവും വ്യവസായങ്ങള്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതവസാനിപ്പിക്കലും തൊഴിലാളി വര്‍ഗ്ഗ വിപ്ലവകാരികളുടെ ശപിക്കപ്പെട്ട (despised) പരിപാടികളല്ലാതായി, പകരം ബൂര്‍ഷ്വാസിയുടെ സാമൂഹ്യ ധാര്‍മ്മികതയുടെ മാനദണ്ഡമായി മാറി. സാര്‍വ്വത്രിക വിദ്യാഭ്യാസത്തോടെ, കൂടുതല്‍ ഉപഭോഗം പ്രോത്സാഹിപ്പിക്കും വിധം തൊഴിലാളികള്‍ മാധ്യമങ്ങളില്‍ സാക്ഷരരായി. ശബ്ദരേഖയുടേയും ടെലിഫോണിന്റേയും സിനിമയുടേയും റേഡിയോയുടേയും ടെലിവിഷന്‍ പ്രസരണത്തിന്റേയും വികാസം സംസ്കാരത്തെ തന്നെ വലിയ തോതില്‍ മാറ്റി മറിക്കുന്നതോടൊപ്പം ബുര്‍ഷ്വാ സംസ്കാരത്തോടുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്റെ ബന്ധത്തിലും മാറ്റം വരുത്തി.

ഉദാഹരണത്തിനു്, നാളിതു് വരേയുള്ള മാനവ സംസ്കാരത്തില്‍, സംഗീതം അതിന്റെ സ്രഷ്ടാക്കളെന്നോ ഉപഭോഗം ചെയ്യുന്നവരെന്നോ വ്യത്യാസമില്ലാതെ ഒരു സ്ഥലത്തു് ഒരു സമയത്ത് സൃഷ്ടിക്കുകയും അവിടെ അവര്‍ തന്നെ ഉപഭോഗം ചെയ്യുകയും ചെയ്യുന്ന, വളരെ വേഗം നശിച്ചു് പോകുന്ന (Acutely perishable commodity, സൃഷ്ടിയുടെ സമയം കഴിഞ്ഞാല്‍ ഉപഭോഗം സാദ്ധ്യമല്ലാത്ത വിവര്‍ത്തകന്‍), ഒരു സാമൂഹ്യ പ്രക്രിയയായിരുന്നു. റെക്കോഡിങ്ങിന്റെ വരവോടെ, സംഗീതം ബഹുദൂരം നീക്കാവുന്നതും അതു് മൂലം സ്രഷ്ടാക്കളില്‍ നിന്നു് അന്യവല്കരിക്കപ്പെടുന്നതുമായ നാശമടയാത്ത ചരക്കായി മാറി. സംഗീതം, അതിന്റെ ഉടമസ്തര്‍ക്കു് പുതിയ ഉപഭോഗം നിര്‍ണ്ണയിക്കാനും ഉപഭോഗം ചെയ്യുന്ന വര്‍ഗ്ഗത്തിനു് പുതിയ ആവശ്യം സൃഷ്ടിക്കാനും ഉടമസ്തര്‍ക്കു് ലാഭം സാധ്യമാകും വിധം വിവിധ ദിശകളില്‍ ആവശ്യം സൃഷ്ടിക്കാനും ഉതകും വിധം പുതിയൊരു അവസരം നല്‍കുന്ന ഉപഭോഗം ചെയ്യാവുന്ന ചരക്കായി മാറി. അതേപോലെ തന്നെ, സിനിമയെന്ന പുതിയ മാധ്യമം, ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍, ഓരോ തൊഴിലാളിയുടേയും പ്രവൃത്തി ദിവസത്തിന്റെ ഗണ്യമായ ഒരു ഭാഗം കൂടുതല്‍ ഉപഭോഗത്തിനായുള്ള സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി നീക്കിവെയ്പിച്ചുകൊണ്ടു്. മനുഷ്യന്റെ അറിവു് സമ്പാദനത്തിന്റെ രീതിയേത്തന്നെ മാറ്റിത്തീര്‍ത്തു. ഉല്പാദനയന്ത്രത്തിന്റെ (ഫാക്ടറിയില്‍ അവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു് നോക്കിയിരുന്നതു് ഏറെയും കുട്ടികളായിരുന്നു ബാലവേല) അടിമത്തത്തില്‍ നിന്നു് രക്ഷപ്പെട്ട ഓരോ കുട്ടിയുടേയും കണ്ണുകള്‍ക്കു് മുമ്പിലൂടെ, ഉപഭോഗത്തിന്റെ യന്ത്രം നോക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടു് ഓരോ വര്‍ഷവും പതിനായിരക്കണക്കിനു് അത്തരം പരസ്യങ്ങള്‍ കടന്നു് പോയി.

അങ്ങിനെ ബൂര്‍ഷ്വാ സമൂഹത്തിന്റെ മാനദണ്ഡങ്ങള്‍, അവര്‍ സൃഷ്ടിച്ച സമ്പത്തു് ഉള്‍ക്കൊള്ളാന്‍ കഴിയും വിധം ഇടുങ്ങിയതല്ലാതാക്കി. അത്തരത്തിലാണു്, ആവര്‍ത്തിച്ചുണ്ടായ അയുക്തികമായ അമിതോല്പാദനക്കുഴപ്പം പരിഹരിച്ചതു്. അമിതമായ നാഗരികതയില്ലാതായി, അമിതമായ ജീവിതോപാധികളില്ലാതായി, അമിതമായ വ്യവസായങ്ങളില്ലാതായി, അമിതമായ കച്ചവടവും ഇല്ലാതായി. (കമ്യൂണിസ്റ്റു് മാനിഫെസ്റ്റോയുടെ പ്രവചനം നടക്കാതെ നോക്കാന്‍ മുതലാളിത്തത്തിന്റെ ശ്രമം ഇതിലൂടെ ഒരു പരിധിവരെ വിജയിച്ചു. എങ്കിലും അതിലേറെ കുഴപ്പം സൃഷ്ടിക്കപ്പെട്ടുകൊണ്ടാണതു് സാധിച്ചതു് വിവര്‍ത്തകന്‍)

പക്ഷെ, ബൂര്‍ഷ്വാസിക്കു് ഉല്പാദനോപകരണങ്ങളും അതു് കൊണ്ടു് തന്നെ ഉല്പാദന ബന്ധങ്ങളും അതോടൊപ്പം മൊത്തം സാമൂഹ്യ ബന്ധങ്ങളും ഇടതടവില്ലാതെ വിപ്ലവകരമായി പരിഷ്കരിച്ചുകൊണ്ടല്ലാതെ നിലനില്കാനാവില്ല. ഉല്പാദനത്തിന്റെ ഇടതടവില്ലാത്ത വിപ്ലവകരമായ പരിഷ്കാരം, സാമൂഹ്യോപാധികളുടെ ഇടതടവില്ലാത്ത മാറ്റംമറിക്കലുകള്‍, അവസാനിക്കാത്ത അനിശ്ചിതത്വവും കുഴപ്പങ്ങളും ബൂര്‍ഷ്വാ കാലഘട്ടത്തെ മുന്‍ കാലഘട്ടങ്ങളില്‍ നിന്നു് വ്യത്യസ്തമാക്കുന്നു. എല്ലാ ഉറച്ചതും ഉറഞ്ഞു് കട്ടിയായതുമായ ബന്ധങ്ങളും, അവയുടെ പുരാതനവും അഭിജാതവുമായ മുന്‍വിധികളുടേയും അഭിപ്രായങ്ങളുടേയും നീണ്ട നിരയ്ക്കൊപ്പം ഒഴുകിപ്പോകുന്നു. പുതിയതായുണ്ടാകുന്നവ ഉറയ്ക്കുന്നതിനു് മുമ്പു് പഴഞ്ചനാകുന്നു. കട്ടിയായതെല്ലാം ഉരുകി ആവിയാകുന്നു.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വരവോടെ, വമ്പിച്ച ഉപഭോഗ സംസ്കാരത്തിന്റെ പിന്തുണയോടെ, വമ്പിച്ച ഉപഭോഗ ഉല്പാദന വ്യവസ്ഥ പുതിയ സാമൂഹ്യ (മാനദണ്ഡങ്ങള്‍ക്കു്) ജന്മം നല്‍കി. അതില്‍ നിന്നു് പുതിയ വര്‍ഗ്ഗ വൈരുദ്ധ്യങ്ങളുടെ ഘടന ഉറഞ്ഞു് കൂടുന്നു.

ബൂര്‍ഷ്വാസി, ഉല്പാദനോപകരണങ്ങളുടെ അതിവേഗത്തിലുള്ള മെച്ചപ്പെടുത്തലിലൂടെ, വന്‍തോതില്‍ സാധ്യമാകുന്ന ആശയ വിനിമയ ബന്ധങ്ങളിലൂടെ, ഏറ്റവും കാടത്വത്തില്‍ കഴിയുന്നവയടക്കം എല്ലാ രാഷ്ട്രങ്ങളേയും നാഗരികതയിലേയ്ക്കു് വലിച്ചടുപ്പിക്കുന്നു.

ചരക്കുകളുടെ കുറഞ്ഞ വില എന്ന ആയുധമുപയോഗിച്ചു് എല്ലാ ചൈനീസ് മതിലുകളും അവര്‍ തകര്‍ത്തെറിയുന്നു, അതുപയോഗിച്ചു് വിദേശികളോടു് കടുത്ത വിരോധം വെച്ചുപുലര്‍ത്തുന്ന അപരിഷ്കൃതരെ പോലും കീഴടങ്ങാന്‍ നിര്‍ബ്ബന്ധിക്കുന്നു. നിലനില്പപകടപ്പെടുന്നതിന്റെ വേദനയില്‍, അതെല്ലാ രാഷ്ട്രങ്ങളേയും, തങ്ങളുടെ സംസ്കാരവും ബൌദ്ധിക ഉടമസ്തതയുടെ നിയമങ്ങളും അംഗീകരിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നു, അവര്‍ നാഗരികതയെന്നു് പറയുന്നതു് തങ്ങളുടെ ഇടയിലും ഏര്‍പ്പെടുത്താന്‍ നിര്‍ബ്ബന്ധിക്കുന്നു, അതായതു്, സ്വയം ബൂര്‍ഷ്വാ ആയി മാറാന്‍ നിര്‍ബ്ബന്ധിക്കുന്നു. ഒറ്റവാക്കില്‍ സ്വന്തം ഛായയില്‍ ബൂര്‍ഷ്വാസി ഒരു ലോകത്തെ സൃഷ്ടിക്കുന്നു. പക്ഷെ, അവര്‍ സൃഷ്ടിച്ച ആശയ വിനിമയ മാധ്യമത്തിന്റേയും മാറ്റത്തിന്റേയും അതേ ഉപകരണങ്ങള്‍ ചെറുത്തുനില്പിന്റെ ഉപാധികളായി അവര്‍ക്കെതിരെ തിരിയുന്നു.

ഡിജിറ്റല്‍ ടെക്നോളജി ബൂര്‍ഷ്വാ സമ്പദ്ഘടനയെ മാറ്റത്തിനു് വിധേയമാക്കുന്നു. ഉല്പാദന വ്യവസ്ഥയിലെ പ്രധാന ചരക്കായ, ഒരേ സമയം വില്കപ്പെടുന്ന ചരക്കുകളും അതേ സമയം എന്തു് എങ്ങിനെ വാങ്ങണമെന്നുള്ള നിര്‍ദ്ദേശങ്ങളായ സാംസ്കാരിക ഉപഭോഗത്തിനുള്ള വസ്തുക്കള്‍ കൂടുതലായുണ്ടാക്കാനുള്ള ചെലവു് ഇപ്പോള്‍ പൂജ്യത്തിലേക്കെത്തിയിരിക്കുന്നു. ആര്‍ക്കും, എല്ലാവര്‍ക്കും തന്നെ, എല്ലാ സാംസ്കാരികോല്പന്നങ്ങളുടേയും : സംഗീതം, കല, സാഹിത്യം, സാങ്കേതിക വിജ്ഞാനം, ശാസ്ത്രം തടങ്ങി വിജ്ഞാനത്തിന്റെ എല്ലാ രൂപങ്ങളുടേയും നേട്ടം കൈവരിക്കാനാകുന്നു. സാമൂഹ്യാസമത്വത്തിന്റേയും ഭൂപരമായ ഒറ്റപ്പെടലിന്റേയും കടമ്പകള്‍ അലിഞ്ഞില്ലാതാകുന്നു. പ്രാദേശികവും ദേശീയവുമായ പഴയ ഒറ്റപ്പെടലിന്റേയും സ്വയം പര്യാപ്തതയുടേയും സ്ഥാനത്തു്, ജനങ്ങളുടെ എല്ലാ ദിശകളിലുമുള്ള പരസ്പര വിനിമയവും സാര്‍വ്വത്രിക പരസ്പരാശ്രിതത്വവും നമുക്കുണ്ടാകുന്നു. ദ്രവ്യോല്പാദനത്തിലെന്ന പോലെ ബൌദ്ധികോല്പാദനത്തിലും. വ്യക്തിപരമായി സൃഷ്ടിക്കപ്പെടുന്ന ബൌദ്ധികോല്പന്നങ്ങള്‍ പൊതു സ്വത്തായി മാറുന്നു. വമ്പിച്ച ഉല്പാദനവിതരണ വ്യവസ്ഥ സൃഷ്ടിച്ചെടുത്ത ആധുനിക ബൂര്‍ഷ്വാ സമൂഹം അതിന്റെ ഉല്പാദനവിതരണഉടമാ ബന്ധങ്ങള്‍ മൂലം ഭൂതബാധ ഉച്ചാടനം ചെയ്യുന്ന മന്ത്രവാദിയുടെ ശിഷ്യനേപ്പോലെയാണു്, അതിന്റെ കഴിവു് മൂലം പാതാളത്തില്‍ നിന്നു് ആവാഹിച്ചു് കൊണ്ടു് വന്ന ഭൂതത്തെ നിയന്ത്രിക്കാന്‍ കഴിയാതെ അന്തം വിട്ടു് നില്കുകയാണു്.

ഈ മാറ്റത്തോടെ, മനുഷ്യന്‍ അവന്റെ യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളേയും സ്വന്തം സഹജീവികളുമായുള്ള ബന്ധങ്ങളേയും സമചിത്തതയോടെ സമീപിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയാണു്. വിജ്ഞാന വര്‍ദ്ധനയുടെ എല്ലാ മാനുഷിക മൂല്യങ്ങളും അതു് മറ്റേതൊരു വ്യക്തിക്കും കരഗതമാക്കാനാവശ്യമായ ചെലവില്‍ തന്നെ കൊയ്തെടുക്കാമെന്ന ലളിത സത്യം – – എല്ലാവര്‍ക്കും എല്ലാ സൌന്ദര്യാത്മകവും ഉപയോഗപ്രദവുമായ ബൌദ്ധിക സൃഷ്ടികളും കയ്യാളാമെന്ന ലളിതമായ വസ്തുത – – സമൂഹം നേരിടുന്നു – – ആരേയും ഒഴിവാക്കുന്നതു് ധാര്‍മ്മികമല്ലാതായിരിക്കുന്നു. സീസറിന്റെ തീന്‍മേശയിലെ വിഭവം കൊണ്ടു് എല്ലാവരേയും മതിയാകും വിധം തീറ്റിപ്പോറ്റാനുള്ള ശേഷി റോമിനുണ്ടായിരുന്നെങ്കില്‍, ആരെയെങ്കിലും പട്ടിണിക്കിട്ടാല്‍ ജനങ്ങള്‍ സീസറെ തൂത്തെറിയുമായിരുന്നു. പക്ഷെ, വിജ്ഞാനവും സാംസ്കാരവും വില നല്‍കാനുള്ള ശേഷിക്കനുസരിച്ചു് റേഷന്‍ നല്‍കണമെന്നു് ബൂര്‍ഷ്വാ സ്വത്തുടമാ വ്യവസ്ഥ ആവശ്യപ്പെടുന്നു.

പരസ്പര ശൃംഖലാ ബന്ധത്തിന്റെ സാങ്കേതിക വിദ്യ പുതുതായി സാധ്യമാക്കുന്ന പരമ്പരാഗത രൂപങ്ങള്‍, സൃഷ്ടിക്കുന്നവരുടേയും പിന്തുണക്കുന്നവരുടേയും സന്നദ്ധ കൂട്ടായ്മകള്‍ ഉള്‍ക്കൊള്ളുന്ന ബദലുകള്‍, ഊഹാതീതമായ ശേഷിയുള്ള വമ്പന്‍ വിജ്ഞാന വിനിമയ വ്യവസ്ഥയുടെ ഉടമസ്ഥതയുമായി, അസമമായ മത്സരത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. മറുവശത്തു്, ഈ വമ്പന്‍ വിനിമയ വ്യവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു്, എലക്ട്രോമാഗ്നറ്റിക് സ്പെക്ട്രത്തില്‍, ജനങ്ങളുടെ പൊതു അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെയാണു്. ഡിജിറ്റല്‍ സമൂഹത്തിലാകെ, വിജ്ഞാന സ്രഷ്ടാക്കള്‍ – – കലാകാരന്മാര്‍, സംഗീതജ്ഞര്‍, എഴുത്തുകാര്‍, വിദ്യാര്‍ത്ഥികള്‍, സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങി വിജ്ഞാനം പകര്‍ത്തിയും മെച്ചപ്പെടുത്തിയും തങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനാഗ്രഹിക്കുന്ന മറ്റെല്ലാവരും അതു് സാധ്യമാണെന്ന അവരുടെ അറിവും ബൂര്‍ഷ്വാസി അവരെ അംഗീകരിക്കാന്‍ നിര്‍ബ്ബന്ധിക്കുന്ന തങ്ങളുടെ പ്രത്യയശാസ്ത്രവും തമ്മിലുള്ള വൈരുദ്ധ്യം മൂലം വ്യവസ്ഥാ മാറ്റത്തെ അനുകൂലിക്കുന്നവരാക്കുന്നു. ഈ വൈരുദ്ധ്യത്തില്‍ നിന്നു് പുതിയ വര്‍ഗ്ഗത്തിന്റെ ബോധം ഉരുത്തിരിയുന്നു, അതിന്റെ സ്വയം ബോധത്തിലേയ്ക്കുള്ള ഉയര്‍ച്ചയില്‍ നിന്നു് ഉടമസ്തതയുടെ പതനം ആരംഭിക്കുന്നു.

മത്സരം മൂലം, ബൂര്‍ഷ്വാസി അബോധപൂര്‍വ്വമായി പ്രോത്സാഹിപ്പിക്കുന്ന ഡിജിറ്റല്‍ സമൂഹത്തിന്റെ മുന്നേറ്റം, സ്രഷ്ടാക്കളുടെ ഒറ്റപ്പെടലിന്റെ സ്ഥാനത്തു്, കൂട്ടായ്മയിലൂടെ ഉരുത്തിരിയുന്ന വിപ്ലവ സംഘടന പകരം വെയ്ക്കുന്നു. വിജ്ഞാനത്തിന്റേയും സാങ്കേതികവിദ്യയുടേയും സംസ്കാരത്തിന്റേയും സ്രഷ്ടാക്കള്‍ അവര്‍ക്കിനിയങ്ങോട്ടു് ഉടമസ്ഥതയിലൂന്നിയ ഉല്പാദന ഘടനയും വില നിര്‍ബ്ബന്ധിക്കുന്ന വിതരണ ഘടനയും ആവശ്യമില്ലെന്നു് തിരിച്ചറിയുന്നു. കൂട്ടായ്മയും, അതിന്റെ അരാജക മാതൃകയായ സ്വത്തവകാശമില്ലാത്ത ഉല്പാദനവും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാദ്ധ്യമാക്കിയിരിക്കുന്നു. അതിലൂടെ, അവയുടെ സ്രഷ്ടാക്കള്‍ തുടര്‍ന്നുള്ള ഉല്പാദനത്തിന്റെ സാങ്കേതിക വിദ്യയുടെ മേല്‍ നിയന്ത്രണം കൈവരിച്ചിരിക്കുന്നു. ബ്രോഡ്കാസ്റ്റര്‍മാരുടേയും ബാന്‍ഡ്‌വിഡ്ത്തു് ഉടമകളുടേയും പിടിയില്‍ നിന്നു് മോചിപ്പിക്കപ്പെടുന്ന ശൃംഖല തന്നെ, ശ്രേണീഘടനയുടെ നിയന്ത്രണമില്ലാതെ വ്യക്തികള്‍ സ്വയം പരസ്പരം ബന്ധപ്പെടുന്ന ശൃംഖല, വിതരണത്തിന്റെ പുതിയ വ്യവസ്ഥയായി മാറുന്നു. അതു് സംഗീതത്തിന്റേയും വീഡിയോയുടേയും അടക്കം ഇതര വിജ്ഞാനോല്പന്നങ്ങളുടെ വില നിര്‍ബ്ബന്ധമാക്കുന്ന വിതരണ ഘടനയ്ക്കു് പകരം വെയ്ക്കപ്പെടുന്നു. യൂണിവേഴ്സിറ്റികളും ലൈബ്രറികളും ബന്ധപ്പെട്ട മറ്റു് സ്ഥാപനങ്ങളും പുതിയ കാലഘട്ടം തങ്ങളിലര്‍പ്പിച്ചിരിക്കുന്ന, വിജ്ഞാനത്തിന്റെ വിതരണക്കാരെന്ന നിലയില്‍ തങ്ങളുടെ പക്കലുള്ള വിജ്ഞാന ശേഖരത്തിലേയ്ക്കു് എല്ലാ ജനങ്ങള്‍ക്കും സ്വതന്ത്രവും തടസ്സങ്ങളില്ലാത്തതുമായ പ്രവേശനം ഉറപ്പുവരുത്തുകയെന്ന ചരിത്രപരമായ ദൌത്യം നിറവേറ്റിക്കൊണ്ടു് പുതിയ വര്‍ഗ്ഗത്തിന്റെ സഖ്യശക്തികളായി മാറുന്നു. ഉടമസ്ഥാവകാശത്തിന്റെ നിയന്ത്രണത്തില്‍ നിന്നുള്ള വിജ്ഞാനത്തിന്റെ മോചനം തൊഴിലാളിയെ യന്ത്രത്തിന്റെ കാവല്‍ക്കാരന്‍ എന്ന പദവിയില്‍ നിന്നു് മോചിപ്പിക്കുന്നു. സ്വതന്ത്രമായ അറിവു് തൊഴിലാളിയെ തന്റെ സമയം ബൂര്‍ഷ്വാ സംസ്കാരത്തിന്റെ വന്ധ്യമായ ഉപഭോഗത്തിനു് വേണ്ടി കൂടുതല്‍ കൂടുതല്‍ അടിയന്തിരമായി ക്ഷണിക്കുന്ന അതിന്റെ ഉപഭോക്താവെന്ന നിലയില്‍ വിനിയോഗിക്കുന്നതിനു് പകരം അവളുടെ മനസും കഴിവുകളും സംസ്കരിക്കാനായി ഉപയോഗിക്കും. അവളുടെ സൃഷ്ടിക്കാനുള്ള ശേഷിയില്‍ ബോധവതിയാകുന്ന അവള്‍, ബര്‍ഷ്വാ സമൂഹം കുരുക്കിയിട്ടിരിക്കുന്ന ആ ഉല്പാദനത്തിന്റേയും അതിന്റെ അനാവശ്യ ചരക്കുകളുടെ ഉപഭോഗത്തിന്റേയും വ്യവസ്ഥകളില്‍ സക്രിയമല്ലാത്ത പങ്കാളിത്തം അവസാനിപ്പിക്കുന്നു.

പക്ഷെ, ബൂര്‍ഷ്വാസി, എവിടെവിടെ അതിനു് മേല്‍ക്കൈ ഉണ്ടോ, അവിടെയൊക്കെ, ഫ്യൂഡല്‍, പിതൃതന്ത്രാത്മക, അകൃത്രിമ ഗ്രാമ്യ ബന്ധങ്ങള്‍ക്കു് അറുതിവരുത്തി. മനുഷ്യരെ അവരുടെ സ്വാഭാവിക മേലധികാരികളുമായി ബന്ധിപ്പിക്കുന്ന വിവിധങ്ങളായ ഫ്യൂഡല്‍ ബന്ധങ്ങള്‍ അതു് ദാക്ഷിണ്യമില്ലാതെ പിച്ചിച്ചീന്തിയെറിയുക തന്നെ ചെയ്തു. നഗ്നമായ വ്യക്തി താല്പര്യവും ദയാരഹിതമായ രൊക്കം പണക്കൈമാറ്റവുമല്ലാതെ മറ്റൊരു ബന്ധവും മനുഷ്യനും മനുഷ്യനും തമ്മില്‍ അവശേഷിപ്പിച്ചില്ല. മതത്തിന്റെ പേരിലുള്ള ആവശത്തിന്റേയും നിസ്വാര്‍ത്ഥമായ വീരശൂരപരാക്രമണങ്ങളുടേയും ഫിലിസ്റ്റൈനുകളുടെ വികാരപരതയുടേയും ഏറ്റവും ദിവ്യമായ ആനന്ദനിര്‍വൃതികളെ അതു് സ്വാര്‍ത്ഥപരമായ കണക്കുകൂട്ടലുകളുടെ മഞ്ഞുവെള്ളത്തിലാഴ്ത്തി.

അതു് വ്യക്തിയോഗ്യതകളെ വിനിമയ മൂല്യമാക്കി മാറ്റി. അനുവദിച്ചു് കിട്ടിയതും നേടിയെടുത്തതുമായ അസംഖ്യം സ്വാതന്ത്ര്യങ്ങളുടെ സ്ഥാനത്തു് അതു് മനസാക്ഷിക്കു് നിരക്കാത്ത സ്വതന്ത്ര വ്യാപാരമെന്ന ഒരേയൊരു സ്വാതന്ത്ര്യത്തെ കുടിയിരുത്തി. ഒറ്റവാക്കില്‍ പറഞ്ഞാല്‍, മതാത്മകവും രാഷ്ട്രീയവുമായ വ്യാമോഹങ്ങളില്‍ പൊതിഞ്ഞ ചൂഷണത്തിനു് പകരം നഗ്നവും നിര്‍ലജ്ജവും പ്രത്യക്ഷവും മൃഗീയവുമായ ചൂഷണം അതു് നടപ്പാക്കി.

തൊഴിലാളി വര്‍ഗ്ഗങ്ങള്‍ ഭാവിയില്‍ കൈവരിക്കാന്‍ പോകുന്ന മഹത്തായ വിമോചനത്തിന്റെ പശ്ചാത്തലത്തില്‍, ലഭ്യമാകുന്ന വിജ്ഞാനവും അറിവും ബൂര്‍ഷ്വാ സംസ്കാരത്തിന്റെ ഉപഭോക്താക്കളെന്ന അവരുടെ മുന്‍കാല സങ്കുചിത പങ്കിന്റെ അതിരുകള്‍ ഭേദിക്കുന്നു, ബൂര്‍ഷ്വാ ഉടമാവ്യവസ്ഥ അതിനാല്‍ സ്വാഭാവികമായി അതിന്റെ അവസാനം വരെ മത്സരത്തിലേര്‍പ്പെടുന്നു. അതു് ഒരിക്കല്‍ ഭയപ്പെട്ടിരുന്ന അമിതോല്പാദനം അതിന്റെ ഇഷ്ടപ്പെട്ട ഉപാധിയായ സ്വതന്ത്ര വ്യാപാരം ഉപയോഗിച്ചു് തിരിച്ചു് കൊണ്ടുവരാന്‍ ഉടമാവ്യവസ്ഥ പരിശ്രമിക്കുന്നു. സ്രഷ്ടാക്കളെ ബൂര്‍ഷ്വാ ഉടമാവ്യവസ്ഥയുടെ കൂലിവേലക്കാരായ ഉപഭോക്താക്കളെന്ന നിലയില്‍ കുടുക്കിയിടാനുള്ള അങ്ങേയറ്റം നിരാശപൂണ്ട തത്രപ്പാടില്‍, കാടന്മാരെയല്ല, മറിച്ചു്, ഏറ്റവും വികസിത സമൂഹങ്ങളിലെ അവരുടെ ഏറ്റവും മഹത്തായ നേട്ടമായഭിമാനിക്കുന്ന വിദ്യാസമ്പന്നരായ സാങ്കേതിക വിദഗ്ദ്ധര്‍ക്കു് അവരുടെ സാംസ്കാരിക നിഷ്ക്രിയത്വത്തിനുള്ള കൈക്കൂലിയായി ഭൂഗോളത്തിന്റെ ചില ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന വസ്തുക്കളുടെ ക്ഷാമത്തെ വിലകുറഞ്ഞ ചരക്കുകളുടെ സ്രോതസാക്കി മാറ്റാന്‍ പരിശ്രമിക്കുന്നു.

ഈ അവസരത്തില്‍, തൊഴിലാളികളും സ്രഷ്ടാക്കളും തങ്ങളുടെ പരസ്പര മത്സരത്തിലൂടെ വിഭജിക്കപ്പെട്ടു് ഭൂഗോളമാകെ ചിന്നിച്ചിതറി അസംഘടിത ശക്തിയായി തുടരുന്നു. ചിലപ്പോഴൊക്കെ സ്രഷ്ടാക്കള്‍ വിജയികളാകുന്നു, പക്ഷെ, കുറച്ചു് സമയത്തേയ്ക്കു് മാത്രം. അവരുടെ സമരങ്ങളുടെ യഥാര്‍ത്ഥ നേട്ടം കിടക്കുന്നതു്, അടിയന്തിര ഫലങ്ങളിലല്ല, മറിച്ചു്, നിരന്തരം വികസിച്ചു് വരുന്ന ഐക്യത്തിലാണു്. ആധുനിക വ്യവസായം സൃഷ്ടിച്ച നിരന്തരം വികസിച്ചു് വരുന്ന മെച്ചപ്പെട്ട വിവര വിനിമയോപാധികള്‍ വിവിധ പ്രദേശങ്ങളിലുള്ള തൊഴിലാളികളേയും സ്രഷ്ടാക്കളേയും പരസ്പരം ബന്ധപ്പെടാന്‍ ഇടയാക്കുന്നതിലൂടെ ഈ ഐക്യത്തെ സഹായിക്കുന്നു. ഈ പരസ്പര ബന്ധമാണു്, ഒരേ പോലുള്ള അസംഖ്യം പ്രാദേശിക സമരങ്ങളെ ദേശീയാടിസ്ഥാനത്തില്‍ വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള ഒരു സമരമായി കേന്ദ്രീകരിക്കാന്‍ ആവശ്യമായിരുന്നതു്. പക്ഷെ, ഓരോ വര്‍ഗ്ഗ സമരവും ഒരു രാഷ്ട്രീയ സമരമാണു്. ആ ഐക്യം നേടാന്‍, മധ്യകാലഘട്ടത്തിലെ ബര്‍ഗ്ഗര്‍മാര്‍ക്കു് , അവരുടെ ഗതികെട്ട പെരുവഴികള്‍ ഉപയോഗിച്ചു് നൂറ്റാണ്ടുകള്‍ വേണ്ടിയിരുന്നിടത്തു്, ശൃംഖലയ്ക്കു് നന്ദി, ആധുനിക വിജ്ഞാന തൊഴിലാളികള്‍ക്കു് ഏതാനും വര്‍ഷങ്ങള്‍ മതി.

സ്വാതന്ത്ര്യവും സൃഷ്ടിയും

ബൂര്‍ഷ്വാസി അതിന്റെ മരണം ഉറപ്പാക്കുന്ന ആയുധങ്ങള്‍ നിര്‍മ്മിക്കുക മാത്രമല്ല, ആ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളുകളേയും സൃഷ്ടിച്ചു – – ഡിജിറ്റല്‍ തൊഴിലാളി വര്‍ഗ്ഗം സ്രഷ്ടാക്കള്‍. സാമൂഹ്യമൂല്യവും വിനിമയ മൂല്യവും സൃഷ്ടിക്കുകയും അവയെ ചരക്കുകളായി തരം താഴ്ത്തുന്നതിനെ ചെറുക്കുകയും സ്വതന്ത്ര സാങ്കേതിക വിദ്യ കൂട്ടായി സൃഷ്ടിക്കുകയും ചെയ്യാന്‍ പര്യാപ്തമായ വൈദഗ്ദ്ധ്യവും അറിവും സ്വന്തമായുള്ള തൊഴിലാളികളെ യന്ത്രത്തിന്റെ അനുബന്ധമായി തരം താഴ്ത്താനാവില്ല.

ഒരിക്കല്‍, തൊഴിലാളികള്‍, അജ്ഞതയുടെ കെട്ടുപാടുകളും ഭൂപരമായ ഒറ്റപ്പെടലും കൊണ്ടു് വേര്‍തിരിച്ചു് കാണാനാവാത്തതും ഒഴിവാക്കപ്പെടാവുന്നതുമായ വ്യവസായ പട്ടാളമായി കെട്ടിയിടപ്പെട്ടിരുന്നിടത്തു്, മനുഷ്യന്റെ വിവര വിനിമയ ശൃംഖലയ്ക്കു് മേല്‍ കൂട്ടായ നിയന്ത്രണമുള്ള സ്രഷ്ടാക്കള്‍, അവരുടെ വ്യക്തിത്വം കാത്തു് സൂക്ഷിക്കുകയും അവരുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും, ബൂര്‍ഷ്വാ ഉടമാവകാശ വ്യവസ്ഥ മുമ്പേതു് കാലത്തും അനുവദിച്ചതിനേക്കാളും കൂടുതല്‍, അനുകൂലമായ അസംഖ്യം മാര്‍ഗ്ഗങ്ങളിലൂടെ അവരുടെ ബൌദ്ധിക അദ്ധ്വാനത്തിന്റെ മൂല്യം നല്‍കുകയും ചെയ്യുന്നു.

എന്നാല്‍, ശരിയായ സ്വതന്ത്ര സമ്പദ്ഘടന സ്ഥാപിക്കുന്നതില്‍ സ്രഷ്ടാക്കളുടെ വിജയത്തിന്റെ കൃത്യമായ അനുപാതത്തില്‍, “സ്വതന്ത്രകമ്പോളത്തോടും സ്വതന്ത്രവ്യാപാരത്തോടും അതിനുണ്ടെന്നു് കാണിക്കപ്പെടുന്ന ആഭിമുഖ്യത്തിന്റെ മറവില്‍, ഉല്പാദനത്തിന്റേയും വിതരണത്തിന്റേയും മര്‍ദ്ദന ഘടന ബൂര്‍ഷ്വാസി ഉറപ്പിച്ചു് നിര്‍ത്തുക തന്നെ ചെയ്യും. വളരെയേറെ മറച്ചു് പിടിക്കപ്പെട്ട ബലപ്രയോഗത്തിന്റെ രൂപങ്ങളുപയോഗിച്ചു് അവസാനം ബലപ്രയോഗത്തിലൂടെ പ്രതിരോധിക്കാന്‍ ബൂര്‍ഷ്വാസി തയ്യാറാണെന്നിരിക്കിലും, ആദ്യ ഘട്ടത്തില്‍ അതിനാഭിമുഖ്യമുള്ള സമ്മര്‍ദ്ദത്തിന്റെ ഉപാധികളായ അതിന്റെ നിയമ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടു് അവര്‍ത്തിച്ചു് നിര്‍ബ്ബന്ധം ചെലുത്താന്‍ ശ്രമിക്കുന്നു. സമൂഹം ആധുനികവല്‍ക്കരിക്കപ്പെട്ടപ്പോഴും യാഥാസ്ഥിതിക നിയമ വ്യവസ്ഥകളിലൂടെ ഫ്യൂഡല്‍ സ്വത്തുടമാ സമ്പ്രദായം നിലനിര്‍ത്താമെന്നു് വിശ്വസിച്ച ഫ്രാന്‍സിലെ വിപ്ലവപൂര്‍വ്വ ഭരണക്രമം പോലെ ബൂര്‍ഷ്വാ സംസ്കാരത്തിന്റെ ഉടമകളും അവര്‍ തന്നെ ഇറക്കിവിട്ട ശക്തികള്‍ക്കെതിരായ സംരക്ഷണത്തിന്റെ മാന്ത്രിക കോട്ടയായി അവരുടെ സ്വത്തുടമാ വ്യവസ്ഥ വര്‍ത്തിക്കുമെന്നു് പ്രതീക്ഷിക്കുന്നു.

ഉല്പാദനത്തിന്റേയും വിനിമയത്തിന്റേയും ഉപാധികളുടെ വികാസത്തിന്റെ ഒരു ഘട്ടത്തില്‍, ഫ്യൂഡല്‍ സമൂഹം ഉല്പാദിപ്പിക്കുകയും വിനിമയം ചെയ്യുകയും ചെയ്ത വ്യവസ്ഥകള്‍, കൃഷിയുടേയും നിര്‍മ്മാണ വ്യവസായത്തിന്റേയും ഫ്യൂഡല്‍ സംഘടന, ഒറ്റവാക്കില്‍, ഫ്യൂഡല്‍ സ്വത്തുടമാ ബന്ധം, വികസിച്ചു് വന്ന ഉല്പാദന ശക്തികളുമായി പൊരുത്തപ്പെടാതായി, അവ കാല്‍ ചങ്ങലകളായി. അവ പൊട്ടിച്ചെറിയപ്പെടേണ്ടതുണ്ടായിരുന്നു; പൊട്ടിച്ചെറിയപ്പെടുകയും ചെയ്തു.

അവയുടെ സ്ഥാനത്തു്, അവയോടു് പൊരുത്തപ്പെടുന്ന സാമൂഹ്യരാഷ്ട്രീയ ഭരണഘടനയോടും ബൂര്‍ഷ്വാ വര്‍ഗ്ഗത്തോടു് ചായ്‌വുള്ള സാമ്പത്തികരാഷ്ടീയത്തോടുമൊപ്പം സ്വതന്ത്ര മത്സരം കടന്നു് വന്നു.

എന്നാല്‍, മുതലുടമകള്‍ക്കു് നിരന്തം കുത്തകയോടുണ്ടായിരുന്ന അദമ്യമായ ആഭിമുഖ്യം അനുഭവപ്പെട്ടിരുന്ന സ്വതന്ത്ര മത്സരംബൂര്‍ഷ്വാ സമൂഹത്തിന്റെ ഒരാഗ്രഹത്തിനപ്പുറം ഒന്നുമായിരുന്നില്ല. ബൂര്‍ഷ്വാ നിയമം തുടര്‍ച്ചയായി പ്രഘോഷിക്കുന്ന സ്വാതന്ത്ര്യം എന്ന ആശയം പ്രായോഗിക തലങ്ങളില്‍ തള്ളിക്കളഞ്ഞു് കൊണ്ടു്, ബൂര്‍ഷ്വാ സ്വത്തു് കുത്തകയെന്ന കാഴ്ചപ്പാടു് ഉയര്‍ത്തിപ്പിടിച്ചു. പുതിയ ഡിജിറ്റല്‍ സമൂഹത്തില്‍, സ്രഷ്ടാക്കള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമായ സാമ്പത്തിക പ്രവര്‍ത്തന രൂപങ്ങള്‍ സ്ഥാപിക്കുമ്പോള്‍, ബൂര്‍ഷ്വാ സ്വത്തുടമസ്ഥതയുടെ തത്വങ്ങളും ബൂര്‍ഷ്വാ സ്വാതന്ത്ര്യത്തിന്റെ തത്വങ്ങളും തമ്മില്‍ നിരന്തരം ഏറ്റുമുട്ടാനിടയാക്കുന്നു. ആശയങ്ങളുടെ ഉടമസ്ഥത സംരക്ഷിക്കാന്‍ സ്വതന്ത്ര സാങ്കേതിക വിദ്യ അടിച്ചമര്‍ത്തേണ്ടതു് ആവശ്യമാകുന്നു, അതിനര്‍ത്ഥം, അഭിപ്രായ സ്വാതന്ത്ര്യത്തെ തന്നെ അടിച്ചമര്‍ത്തുന്നു എന്നാണു്. സ്വതന്ത്രമായ സൃഷ്ടി തടയാന്‍ ഭരണകൂടത്തിന്റെ ശക്തി പ്രയോഗിക്കുന്നു. സാംസ്കാരിക ഉല്പാദനവിനിമയ വ്യവസ്ഥയില്‍ ഉടമസ്ഥരുടെ സ്വത്തു് അപകടപ്പെടുന്നതിന്റെ പേരില്‍ ശാസ്ത്രജ്ഞരും കലാകാരന്മാരും വിദ്യാര്‍ത്ഥികളും സ്വതന്ത്രമായി വിജ്ഞാനം സൃഷ്ടിക്കുന്നതും പങ്കു് വെയ്ക്കുന്നതും തടയപ്പെടുന്നു. ഉടമസ്ഥരുടെ കോടതികളിലാണു് സ്രഷ്ടാക്കള്‍ അവരുടെ വര്‍ഗ്ഗ വ്യക്തിത്വം ഏറ്റവും വ്യക്തമായി തിരിച്ചറിയുന്നതും, അതിനാല്‍ തന്നെ, അവിടെയാണു് ഏറ്റുമുട്ടല്‍ ആരംഭിക്കുന്നതും.

പക്ഷെ, ബൂര്‍ഷ്വാ സ്വത്തിന്റെ നിയമങ്ങള്‍ ബൂര്‍ഷ്വാ സാങ്കേതിക വിദ്യയുടെ പ്രത്യാഘാതങ്ങള്‍ക്കെതിരെ സംരക്ഷണമൊരുക്കുന്ന മാന്ത്രിക കവചമൊന്നുമല്ല : മാന്ത്രികന്റെ ശിഷ്യന്റെ (അപ്രന്റീസ്) ചൂലു് തൂത്തു്കൊണ്ടേയിരുക്കുന്നു, വെള്ളം പൊങ്ങിക്കൊണ്ടുമിരിക്കുന്നു. പുതിയ ഉല്പാദനക്രമവും വിതരണക്രമവും കാലഹരണപ്പെട്ട നിയമങ്ങളാകുന്ന കാല്‍ച്ചങ്ങല പൊട്ടിക്കുന്നതോടെ സാങ്കേതിക വിദ്യയുടെ മേഖലയിലാണു് അവസാനം ഉടമസ്ഥതയുടെ പരാജയം സംഭവിക്കുന്നതു്.

മേല്‍ക്കൈ നേടിയ എല്ലാ മുന്‍ വര്‍ഗ്ഗങ്ങളും, മൊത്തം സമൂഹത്തിനു് മേല്‍ അവരുടെ സ്വായത്തമാക്കലിന്റെ മാര്‍ഗ്ഗം അടിച്ചേല്പിച്ചുകൊണ്ടു് അവര്‍ക്കു് കിട്ടിയ സ്ഥാനം കോട്ടകെട്ടി സംരക്ഷിക്കാനാണു് ശ്രമിച്ചതു്. വിജ്ഞാന തൊഴിലാളികള്‍ക്കു്, അവരുടെ മുന്‍ സ്വായത്തമാക്കലിന്റെ മാര്‍ഗ്ഗം ഇല്ലായ്മ ചെയ്തുകൊണ്ടല്ലാതെ, അതിലൂടെ എല്ലാ മുന്‍ സ്വായത്തമാക്കലിന്റേയും മാര്‍ഗ്ഗങ്ങള്‍ ഇല്ലായ്മ ചെയ്തുകൊണ്ടല്ലാതെ, സമൂഹത്തിന്റേയാകെ ഉല്പാദന ശക്തികളുടെ നിയന്താക്കളായി മാറാനാവില്ല. അവരുടേതു് സ്വാതന്ത്ര്യത്തിനു് വേണ്ടിയുള്ള, വിജ്ഞാനത്തിന്റെ മേലുള്ള ഉടമസ്ഥാവകാശം ഇല്ലായ്മ ചെയ്യാനുള്ള, വിജ്ഞാനത്തിന്റെ സ്വതന്ത്രമായ ചംക്രണത്തിനുള്ള, അതേപോലെ, എല്ലാ മനുഷ്യരും പങ്കുവെയ്ക്കുന്ന പൊതു ബിംബമായി സംസ്കാരത്തെ പുനപ്രതിഷ്ഠിക്കാനുള്ള, വിപ്ലവസമര്‍പ്പണമാണു്.

സംസ്കാരത്തിന്റെ ഉടമസ്ഥരോടു് നമ്മള്‍ പറയുന്നു : ആശയത്തിന്റെ സ്വകാര്യ ഉടമസ്ഥത ഞങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ നിങ്ങള്‍ സംഭീതരാണു്. പക്ഷെ, നിങ്ങളുടെ നിലവിലുള്ള സമൂഹത്തില്‍ പത്തിലൊമ്പതു് ആളുകള്‍ക്കും സ്വകാര്യ സ്വത്തില്ലാതാക്കപ്പെട്ടിരിക്കുന്നു. അവരെന്തു് സൃഷ്ടിച്ചാലും, ഉടന്‍, അവരുടെ ബൌദ്ധികാദ്ധ്വാനത്തിന്റെ ഫലം പേറ്റന്റു്, പകര്‍പ്പവകാശം, വ്യാപാര രഹസ്യം തുടങ്ങി വിവിധ ബൌദ്ധിക സ്വത്തവകാശം പറഞ്ഞു് അവരെ കൂലിക്കു് വെച്ചവര്‍ സ്വായത്തമാക്കുകയാണു്.

നാമമാത്രമായ ചെലവിലും സ്വതന്ത്രമായും എല്ലാവര്‍ക്കും മറ്റെല്ലാവരുമായി ആശയ വിനിമയം ചെയ്യാനും പരസ്പരം പഠിക്കാനും അനുവദിക്കുന്നതും ഉപയോഗത്താല്‍ തീര്‍ന്നു് പോകാത്തതുമായ ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രത്തിലുള്ള അവരുടെ ജന്മാവകാശം ബൂര്‍ഷ്വാസി കയ്യടക്കുകയും വലിയ വില നല്‍കേണ്ടതായിട്ടുള്ള സംസ്കാര പ്രസരണം, ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ തുടങ്ങിയ ഉപഭോഗ ചരക്കുകളായി അവര്‍ക്കു് തിരിയെ നല്‍കുകയും ചെയ്തിരിക്കുന്നു. അവരുടെ ക്രിയാത്മകതയ്ക്കു് ബഹിര്‍ഗമനമാര്‍ഗ്ഗമില്ല : അവരുടെ സംഗീതം, അവരുടെ കല, അവരുടെ കഥ പറച്ചില്‍ തുടങ്ങിയവ മൂലധന സംസ്കാരത്തിന്റെ ചരക്കുകള്‍ക്കിടയില്‍ മുങ്ങിപ്പോയിരിക്കുന്നു, കുത്തകാവകാശത്തിന്റെ സമാഹൃത ശക്തിയാല്‍ ആക്കം കൂട്ടപ്പെട്ട പ്രസരണത്തിനു്മുമ്പില്‍ നിഷ്ക്രിയരായി, സൃഷ്ടിക്കുന്നതിനു് പകരം ഉപഭോഗം ചെയ്യുന്നു. ചുരുക്കത്തില്‍, നിങ്ങള്‍ വിലപിക്കുന്ന സ്വത്തു് കൊള്ളമുതലാണു്, കുറച്ചു് പേര്‍ക്കു് ഉണ്ടെന്നുള്ളതു് മറ്റുള്ള ആരുടേയും കയ്യിലില്ലാതാകുന്നതു് കൊണ്ടു് മാത്രമാണു്.

അതിനാല്‍, സമൂഹത്തിലെ വലിയ ഭൂരിപക്ഷത്തിനും സ്വത്തവകാശം നിഷേധിക്കുന്ന സ്വത്തിന്റെ മാതൃക ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നതിനു് നിങ്ങള്‍ ഞങ്ങളോടു് പരിഭവിക്കുന്നു.

ബൌദ്ധിക സ്വകാര്യ സ്വത്തിന്റേയും അതിലധിഷ്ഠിതമായ സംസ്കാരത്തിന്റേയും ഉച്ഛാടനത്തോടെ, “പ്രോത്സാഹനമില്ലാത്തതിന്റെ പേരില്‍ എല്ലാ സൃഷ്ടികളും നിലയ്ക്കുമെന്നും സാര്‍വ്വത്രിക അലസത ബാധിക്കുമെന്നുമാണു് എതിര്‍പ്പു്.

അതംഗീകരിച്ചാല്‍, വിജ്ഞാനത്തേയും സംസ്കാരത്തേയും, മുഴുവനായും, പണവ്യവസ്ഥയുമായി ബന്ധപ്പെടുത്തുന്ന സാധ്യത കണ്ടെത്തിയ ബൂര്‍ഷ്വാസിയുടെ വരവിനു് മുമ്പു് സംഗീതമോ കലയോ സാങ്കേതിക വിദ്യയോ പഠനമോ ഉണ്ടാകുമായിരുന്നില്ല. സ്വതന്ത്ര ഉല്പാദനവും സ്വതന്ത്ര സാങ്കേതിക വിദ്യയും സ്വതന്ത്ര സോഫ്റ്റ്‌വെയറും അതിന്റെ ഫലമായുണ്ടായ വികാസവും സാങ്കേതിക വിദ്യയുടെ സ്വതന്ത്ര വിതരണക്രമവും രംഗത്തെത്തി കണ്ടതോടെ, ഇത്തരം വാദഗതികള്‍, കാണപ്പെടുന്നതും ഉത്തരം പറയാനാവാത്തതുമായ വസ്തുതകളെ നിഷേധിക്കുക മാത്രമാണെന്നു് വ്യക്തമായിരിക്കുന്നു. ഭൂതകാലത്തേയും വര്‍ത്തമാനകാലത്തേയും തെളിവുകള്‍ നിലനില്‍ക്കേ, ബൂര്‍ഷ്വാസിയുടെ കുറഞ്ഞ കാലത്തേതു് മാത്രമാണു് ബൌദ്ധികോല്പാദനത്തിന്റേയും സാംസ്കാരിക വിതരണത്തിന്റേയും സാധ്യമായ ഒരേയൊരു ഘടന എന്ന വാദം കൊണ്ടു് വസ്തുതകളെ വാദത്തിനു് കീഴ്പ്പെടുത്തുന്നു.

അങ്ങിനെ, നാം ഉടമകളോടു് പറയുന്നു : എക്കാലത്തേയ്ക്കും ബാധകമായ പ്രകൃതി നിയമങ്ങളും യുക്തിയും എന്നതിലേയ്ക്കെത്താന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന തെറ്റിദ്ധാരണ, നിങ്ങളുടെ നിലവിലുള്ള ഉല്പാദന രീതിയില്‍ നിന്നും സ്വത്തുടമാരൂപത്തില്‍ നിന്നും ഉരുത്തിരിയുന്ന സാമൂഹ്യ ഘടനകള്‍ – – ഉല്പാദനവളര്‍ച്ചയുടെ ഗതിക്രമത്തില്‍ ഉയരുകയും അസ്തമിക്കുകയും ചെയ്യുന്ന ചരിത്രപരമായ ബന്ധങ്ങള്‍ – – നിങ്ങള്‍ക്ക് മുമ്പേ കടന്നു് പോയ എല്ലാ ഭരണ വര്‍ഗ്ഗങ്ങളുമായി നിങ്ങള്‍ ഈ തെറ്റിദ്ധാരണ പങ്കു് വെയ്ക്കുന്നു.

നമ്മുടെ ദാര്‍ശനിക നിഗമനങ്ങള്‍ ഒരു വിധത്തിലും ലോക പരിഷ്കര്‍ത്താവെന്നറിയപ്പെടാന്‍ പോകുന്ന ആരെങ്കിലും കണ്ടു് പിടിച്ച ആശയങ്ങളേയോ തത്വങ്ങളേയോ അടിസ്ഥാനപ്പെടുത്തിയതല്ല. അവ, നിലവില്‍ നടക്കുന്ന വര്‍ഗ്ഗ സമരത്തില്‍ നിന്നു്, നമ്മുടെ കണ്‍മുമ്പില്‍ നടക്കുന്ന ചരിത്രപരമായ പ്രസ്ഥാനത്തില്‍ നിന്നു് ഉയരുന്ന യഥാര്‍ത്ഥ ബന്ധങ്ങളെക്കുറിച്ചു് പ്രകടിപ്പിക്കപ്പെടുന്ന പൊതു പ്രസ്താവനകള്‍ മാത്രമാണു്.

സമൂഹത്തെ വിപ്ലവവല്‍ക്കരിക്കുന്ന ആശയങ്ങളേക്കുറിച്ചു് ജനങ്ങള്‍ പറയുമ്പോള്‍, അവര്‍, പക്ഷെ, പഴയ സമൂഹത്തിനകത്തു്, പുതിയതിന്റെ ഘടകങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടു് എന്നും പഴയ ആശയങ്ങളുടെ നിരാകരണം പഴയ നിലനില്പിന്റെ സാഹചര്യങ്ങളുടെ തിരോധാനത്തോടു് പൊരുത്തപ്പെടുന്നതാണെന്നുമുള്ള വസ്തുതകള്‍ പ്രകടിപ്പിക്കുക മാത്രമാണു്.

നാം, സ്വതന്ത്ര വിജ്ഞാന സമൂഹത്തിന്റെ സ്രഷ്ടാക്കള്‍, മനുഷ്യ സമൂഹത്തിന്റെ പങ്കാളിത്ത പൈതൃകം (Shared patrimony) ബൂര്‍ഷ്വാസിയില്‍ നിന്നു് ക്രമാനുഗതമായി പിടിച്ചെടുക്കാനാണു് ഉദ്ദേശിക്കുന്നതു്. ബൌദ്ധിക സ്വത്തവകാശത്തിന്റയും ഇലക്ട്രോമാഗ്നറ്റിക് വിനിമയ മാധ്യമത്തിന്റേയും പേരില്‍ കവര്‍ന്നെടുക്കപ്പെട്ട സാംസ്കാരിക പൈതൃകം തിരിച്ചു് പിടിക്കാനാണു് നാം ദ്ദേശിക്കുന്നതു്. നാം സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനും സ്വതന്ത്ര വിജ്ഞാനത്തിനും സ്വതന്ത്ര സാങ്കേതിക വിദ്യയ്ക്കും വേണ്ടിയുള്ള സമരത്തിനു് വേണ്ടി നിലകൊള്ളുന്നു. ആ സമരത്തിന്റെ മുന്നേറ്റത്തിനു് നാം കൈക്കൊള്ളുന്ന നടപടികള്‍, തീര്‍ച്ചയായും, വിവിധ രാജ്യങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കും, പക്ഷെ, താഴെപ്പറയുന്നവ പൊതുവെ ബാധകമായിരിക്കും.

 1. ആശയ രംഗത്തു് എല്ലാ തരത്തിലുമുള്ള സ്വകാര്യ സ്വത്തിന്റെ നിര്‍മ്മാര്‍ജ്ജനം
 2. ഇലക്ട്രോണിക് സ്പെക്ട്രം ഉപയോഗിക്കാനുള്ള എല്ലാ ലൈസന്‍സുകളും പ്രത്യേകാധികാരങ്ങളും അവകാശങ്ങളും റദ്ദാക്കല്‍, ഇലക്ട്രോമാഗ്നറ്റിക് ഫ്രീക്വന്‍സികള്‍ക്കു് സ്ഥിരമായ അവകാശം നല്‍കിക്കൊണ്ടുള്ള രേഖകള്‍ റദ്ദാക്കല്‍
 3. ഓരോ വ്യക്തിക്കും വിവിര വിനിമയത്തിനുള്ള തുല്യ അവകാശം നടപ്പാക്കും വിധം ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രത്തിന്റെ പശ്ചാത്തല സൌകര്യ വികസനം
 4. കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളുടേയും ജനറ്റിക് വിവരം അടക്കം മറ്റിതര സോഫ്റ്റ്‌വെയറുകളുടേയും പൊതു സാമഗ്രികളെന്ന നിലവിലുള്ള പൊതു സാമൂഹ്യ വികാസം.
 5. സാങ്കേതിക മാധ്യമങ്ങളുപയോഗിച്ചുള്ളവയടക്കം എല്ലാ വിധ അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള പൂര്‍ണ്ണമായ ബഹുമാനം.
 6. സൃഷ്ടികള്‍ക്കുള്ള സംരക്ഷണം.
 7. പൊതു വിഭവം ഉപയോഗിച്ചു് സൃഷ്ടിക്കപ്പെടുന്നതും പൊതു വിദ്യാസ സ്ഥാപനങ്ങളുപയോഗിക്കുന്നതുമായ എല്ലാ വിവരങ്ങളും സ്വതന്ത്രമായും തുല്യതയോടെയും പ്രാപ്യതയും ലഭ്യതയും

ഈ മാര്‍ഗ്ഗങ്ങളിലൂടെ, മറ്റുള്ളവയടക്കം, നാം മനുഷ്യ മനസിനെ മോചിപ്പിക്കുന്ന വിപ്ലവത്തോടു് പ്രതിബദ്ധരായിരിക്കുന്നു. ആശയ രംഗത്തു് സ്വകാര്യ സ്വത്തുടമാ സമ്പ്രദായം തൂത്തെറിയുന്നതിലൂടെ നാം ഓരോരുത്തരുടേയും സ്വതന്ത്രമായ വികാസം എല്ലാവരുടേയും വികാസത്തിനുള്ള ഉപാധിയാകുന്ന യഥാര്‍ത്ഥത്തില്‍ നീതി പൂര്‍വ്വമായ സമൂഹം നിലവില്‍ വരുത്തുകയാണു്.

***

പരിഭാഷ : ശ്രീ ജോസഫ് തോമസ് (പ്രസിഡന്റ് – ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ)
EMAIL: thomasatps@gmail.com

Mobile: +919447738369

Read Eben Moglen at
http://moglen.law.columbia.edu/publications/dcm.html

കടപ്പാട് : എബന്‍ മോഗ്ലന്‍ 

ജോസഫ് തോമസ്

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

വിക്കിപീഡിയ:വിക്കിസംഗമോത്സവം – 2013

Wikisangamolsavam-logo-2013.png

 

മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം – 2013, ഡിസംബർ 21, 22 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. മലയാളം വിക്കിമീഡിയയുടെ രണ്ടാമത്തെ സംഗമോത്സവമാണു് ഈ വർഷം നടക്കുന്നത്

 

തീയ്യതി: : 2013 ഡിസംബർ 21, 22
സ്ഥലം: : വൈ.എം.സി.എ. ഹാൾ, ആലപ്പുഴ ഗൂഗിൾ മാപ്പിൽ ഈ സ്ഥലം കാണുക ഓപൺ സ്ട്രീറ്റ് മാപിൽ ഈ സ്ഥലം കാണുക
താമസം: :
ആതിഥേയർ: : മലയാളം വിക്കിസമൂഹം, വിക്കിസംഗമോത്സവം സംഘാടക സമിതി ആലപ്പുഴ
പങ്കാളികൾ/പ്രായോജകർ : പ്രായോജകർ
സാമൂഹ്യക്കൂട്ടായ്മ: : ഫേസ്ബുക്ക് താൾ, ഫേസ്‌ബുക്ക് ഇവന്റ് താൾ
ഇ-മെയിൽ : help@mlwiki.in , wikisangamolsavam@gmail.com
ചിത്രങ്ങൾ : സംഗമോത്സവം ചിത്രങ്ങൾ കോമൺസിൽ
പത്രക്കുറിപ്പ് : മലയാളത്തിലുള്ള പത്രക്കുറിപ്പ്
പരിപാടികൾ : പരിപാടികൾ കാണുന്നതിനായി ഇവിടെ നോക്കുക
സമിതികൾ : ഉൾപ്പെട്ടിട്ടുള്ള സമിതികൾ കാണുന്നതിനായി ഇവിടെ നോക്കുക
പ്രചാരണ പരിപാടികൾ : പ്രചാരണം
ലേഖനപരിപോഷണം : ലേഖനപരിപോഷണം, തിരുത്തൽ യജ്ഞം
ബന്ധപ്പെട്ട സംശയങ്ങൾ : പതിവ് ചോദ്യങ്ങൾ
പങ്കെടുക്കുവാൻ : പങ്കെടുക്കുവാൻ
അവലോകനം : പരിപാടികളുടെ അവലോകനം

`

 • പങ്കു ചേരൂ – വിക്കിസമൂഹത്തിന്റെ ഭാഗമായി വിക്കിസംഗമോത്സവത്തിൽ അണി ചേരൂ
 • ആശയങ്ങൾ പോരട്ടെ – സംഗമോത്സവത്തിന്റെ നടത്തിപ്പ് മെച്ചപ്പെടുത്താനുള്ള ആശയങ്ങൾ ഇവിടെ പറയൂ
 • സംശയമോ ധൈര്യസമേതം ചോദിക്കൂ – സംഗമോത്സവത്തെപ്പറ്റി സംശയമോ? ഇവിടെ ചോദിക്കൂ (ചില പതിവു ചോദ്യങ്ങൾ ഇവിടെ കാണാം)

പങ്കെടുക്കാൻ – സംഗമോത്സവത്തിൽ പങ്കെടുക്കാൻ ഈ താൾ സന്ദർശിക്കൂ

പ്രചരിപ്പിക്കുക:ഈ വെബ്സൈറ്റിൽ കാണുന്ന കോഡ് നിങ്ങളുടെ വെബ്സൈറ്റിലും ബ്ലോഗിലും പകർത്തി ഒട്ടിക്കുക !

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

വനിതാ തിരുത്തല്‍ യജ്ഞം വിക്കി പഠന ശിബിരം 2013 മാര്‍ച്ചു് 17 നു് എറണാകുളത്തു്

മലയാളത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് വിവരസംഭരണിയും ഓണ്‍ ലൈന്‍ സര്‍വ്വ വിജ്ഞാനകോശവുമായ വിക്കിപീഡിയ, അന്താരാഷ്ട്ര വനിതാദിനമായി ആഘോഷിച്ച മാർച്ച് 8- നോടനുബന്ധിച്ച് സ്ത്രീ വിക്കിമീഡിയർ മലയാളം വിക്കിപീഡിയയിൽ വനിതാദിന തിരുത്തൽ യജ്ഞംനടത്തി വരുന്നു. മാർച്ച് 1 മുതൽ 31 വരെയുള്ള ഒരു മാസമാണ് തിരുത്തൽ യജ്ഞം നടക്കുന്നതു്. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിച്ച ലേഖനങ്ങൾ വികസിപ്പിക്കുകയും, സ്ത്രീ ഉപയോക്താക്കളെ വിക്കിമീഡിയ സംരംഭങ്ങളിലേക്ക് ആകർഷിക്കുകയുമാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ ഉദ്ദേശം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, ലേഖനങ്ങൾ തിരുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ ഉപയോക്താക്കളെ തിരുത്താൻ സഹായിച്ചുമാണു് തിരുത്തല്‍ യജ്ഞം നടത്തുന്നതു്. ഓണ്‍ലൈന്‍ വനിതാ തിരുത്തൽ യജ്ഞത്തിന്റെ ആസൂത്രണ താൾ ഇവിടെ കാണാം : http://ml.wikipedia.org/wiki/WP:WHMIN13 .

Wiki_F_Edit

വനിതാദിന തിരുത്തൽ യജ്ഞത്തോടനുബന്ധിച്ച് മലയാളം വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർക്കായി എറണാകുളത്ത് 2013 മാർച്ച് 17 നു രാവിലെ 9.30 മുതൽ ഉച്ചക്ക് 12 വരെ നരേഷ്‌പാല്‍ സെന്ററില്‍ വിക്കിപഠനശിബിരം നടത്തുന്നു. വിക്കിപീഡിയയെക്കറിച്ചു് കൂടുതല്‍ അറിയാനം അതിലെ വിവരങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ രംഗങ്ങളില്‍ ഫലപ്രദമായി ഉപോയാഗിക്കാനും താല്പര്യമുള്ളവര്‍ക്കു് പ്രാഥമിക വിവരങ്ങള്‍ നല്‍കുവാനും വിക്കിപീഡിയ എഡിറ്റിങ്ങില്‍ പ്രായോഗിക പരിശീലനം നല്‍കുവാനും വനിതാ തിരുത്തല്‍ യജ്ഞം പഠനശിബിരക്കില്‍ സംവിധാനം ഒരുക്കിയിട്ടുണ്ടു്. വിക്കിപീഡിയയെക്കുറിച്ചു് മലയാളത്തില്‍ തയ്യാറാക്കിയിട്ടുള്ള കൈപ്പുസ്തകവും വിക്കി ഫ്ലാപ്പും ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കു് സൌജന്യമായി വിതരണം ചെയ്യും.

വിക്കിപീഡിയ വനിതാ തിരുത്തല്‍ യജ്ഞം പഠനശിബിരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്കു് http://ml.wikipedia.org/wiki/WP:Malayalam_Wiki_Workshop_Ernakulam_2എന്ന വെബ്സൈറ്റില്‍ ഓണ്‍ലാനായി പേരു് നല്കാം. സഹായത്തിനായി 9496436961,9446582918 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണു്.

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ