ഗ്നു/ലിനക്സ്

ഗ്നു (GNU)

പരിപൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌‌വേര്‍ ഉപയോഗിച്ചുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഗ്നു (GNU pronounced /ˈɡnuː/ ( കേള്‍ക്കുക)), GNU എന്നതിന്റെ പൂര്‍ണ്ണരൂപം GNU’s not Unix!” എന്നാണ്. യുണിക്സ് സമാന എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌‌വേറും യുണിക്സുമായി യാതൊരു ബന്ധവുമില്ലാത്തതുമായ പദ്ധതിയായതുകൊണ്ടാണീ പേര് സ്വീകരിച്ചത്. ഗ്നുവിന്റെ വികസനം തുടങ്ങിവച്ചത് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ആണ്, അത് സ്വതന്ത്ര സോഫ്റ്റ്‌‌വേര്‍ സമിതിയുടെ (Free Software Foundation) നിര്‍മ്മാണത്തിനും കാരണമായി.

ഗ്നു പദ്ധതി പ്രകാരമാണ് ഗ്നുവിന്റെ വികസനം, ഇന്ന് കമ്പൈലറുകള്‍, ബൈനറി ഉപകരണങ്ങള്‍, ബാഷ് ഷെല്‍ തുടങ്ങി നിരവധി ഭാഗങ്ങള്‍ ഗ്നുവിനായി വികസിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും കെര്‍ണലിന്റെ വികസനം പൂര്‍ണ്ണമല്ല. അതുകൊണ്ട് ഗ്നു പദ്ധതിയില്‍ ലിനക്സ് കെര്‍ണല്‍ (ലിനസ് ടോര്‍വാര്‍ഡ്സ് വികസിപ്പിച്ചിടുത്ത കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റം കെര്‍ണലാണ് ലിനക്സ് (ആംഗലേയം: Linux). സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, ഓപ്പണ്‍സോഴ്സ് സോഫ്റ്റ്‌വെയര്‍ എന്നീ പ്രത്യയശാസ്ത്രങ്ങളുടെ ജൈവോദാഹരണമാണു് ലിനക്സ്. ഗ്നൂ/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഈ കെര്‍ണലാണ് ഉപയോഗിക്കുന്നത്. ലിനക്സ് ആദ്യമായി തയ്യാറാക്കപ്പെട്ടത് ഇന്റല്‍ മൈക്രൊപ്രോസസര്‍ കമ്പനിയുടെ i386 ചിപ്പുകള്‍ക്ക് വേണ്ടിയായിരുന്നു. ഇപ്പോള്‍ ലിനക്സ് മിക്ക പ്രധാന മൈക്രോപ്രോസസറുകളെയും പിന്തുണയ്ക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍, പേഴ്സണല്‍ കമ്പ്യൂട്ടര്‍ തുടങ്ങി സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ വരെ ഇന്നു് ലിനക്സ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.) ഉള്‍പ്പെടുത്തിയാണിപ്പോള്‍ ഉപയോഗിക്കുന്നത്. ഗ്നുവിന്റെ സ്വന്തം കെര്‍ണലിനെ ഗ്നു ഹര്‍ഡ്(gnu hurd) എന്നു വിളിക്കുന്നു. ഗ്നു സാര്‍വ്വ ജനിക അനുമതി, ഗ്നു ലഘു സാര്‍വ്വ ജനിക അനുമതി, ഗ്നു സ്വതന്ത്ര പ്രമാണ അനുമതി തുടങ്ങിയ സ്വത അനുമതികള്‍ അടിസ്ഥാനപരമായി ഗ്നു പദ്ധതിയ്ക്കു വേണ്ടി എഴുതപ്പെട്ടതാണെങ്കിലും നിരവധി മറ്റ് പദ്ധതികള്‍ ഇന്നവ ഉപയോഗിക്കുന്നു.

ഗ്നൂ/ലിനക്സ്

വളരെ പ്രശസ്തമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ് (ആംഗലേയം:GNU/Linux). 1983-ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ തുടക്കം കുറിച്ച ഗ്നു (ആംഗലേയം:GNU) പ്രൊജക്റ്റ് വികസിപ്പിച്ചെടുത്തതാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം. ലിനസ് ടോര്‍വാര്‍ഡ്സ് വികസിപ്പിച്ചെടുത്ത ലിനക്സ് എന്ന കെര്‍ണല്‍ 1992-ല്‍ ഗ്നു ജിപിഎല്‍ അനുമതിപത്രം സ്വീകരിച്ചതോടെയാണു് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗയോഗ്യമായതു്. ഗ്നു പ്രൊജക്റ്റിന്റെ ഭാഗങ്ങളും ലിനക്സ് കെര്‍ണലും ചേര്‍ന്നാണു് ഇതുണ്ടായതെന്നതുകൊണ്ടു് ഇതിനെ ഗ്നു/ലിനക്സ് എന്നു വിളിക്കുന്നു. പലപ്പോഴും തെറ്റിദ്ധാരണമൂലമോ, പറയാനുള്ള എളുപ്പം മൂലമോ ഗ്നു എന്നത് ഒഴിവാക്കി ലിനക്സ് എന്ന് മാത്രം ഉപയോഗിക്കാറുണ്ട്. ലിനക്സ് കെര്‍ണലും, ഗ്നു പ്രൊജക്റ്റും, മറ്റു സോഫ്റ്റ്‌വെയര്‍ ദാതാക്കള്‍ എന്നിവരില്‍ നിന്നുള്ള സോഫ്റ്റ്‌വെയറുകളും കൂടിച്ചേര്‍ന്ന സമ്പൂര്‍ണ്ണ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ്.

1983-ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ സ്ഥാപിച്ച ഗ്നു എന്ന സംഘടനയില്‍ നിന്നും വളര്‍ന്നു വന്ന സോഫ്റ്റ്‌വെയറും ടൂളുകളുമാണ് ഇന്ന് ഗ്നൂ/ലിനക്സില്‍ ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറില്‍ സിംഹഭാഗവും. ഗ്നു സംഘത്തിന്റെ മുഖ്യലക്ഷ്യം സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മാത്രം ഉപയോഗിച്ചുകൊണ്ട് യുണിക്സ് പോലുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കുന്നതായിരുന്നു. തൊണ്ണൂറുകളുടെ ആദ്യം തന്നെ ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിനു് ആവശ്യമായ പ്രധാനപ്പെട്ട സോഫ്റ്റ്‌വെയറുകള്‍ എല്ലാം തന്നെ ഗ്നു സംഘം സ്വന്തമായി തയ്യാറാക്കിയിരുന്നു. ഒന്നൊഴികെ; ഒരു ഓപ്പറേറ്റിങ് സിസ്റ്റം ഹാര്‍ഡ്‌വെയറുമായി സംവദിക്കുവാന്‍ ഉപയോഗിക്കുന്ന കെര്‍ണല്‍ എന്ന ഘടകം. ഗ്നു സ്വതന്ത്രമായി തന്നെ ഒരു കെര്‍ണല്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ബെര്‍ക്കെലി യൂണിവേഴ്‌സിറ്റി നിര്‍മ്മിച്ചെടുത്ത യുണിക്സ് സമാന ഓപ്പറേറ്റിങ് സിസ്റ്റം ആയ ബി.എസ്.ഡിയുടെ കെര്‍ണല്‍ ഉപയോഗിക്കുവാനായിരുന്നു ഗ്നു സംഘത്തിന്റെ ആദ്യ തീരുമാനം. ബെര്‍ക്കെലിയിലെ പ്രോഗ്രാമര്‍മാരുടെ നിസ്സഹകരണം മൂലം ഈ പദ്ധതി അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. സ്വന്തമായി ഒരു കെര്‍ണല്‍ നിര്‍മ്മിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതോടെ മന്ദമാവുകയും ചെയ്തു. എകദേശം ഇതേ കാലയളവില്‍, കൃത്യമായി 1991 -ല്‍ ലിനക്സ് എന്ന പേരില്‍ മറ്റൊരു കെര്‍ണല്‍, ലിനസ് ടോര്‍വാര്‍ഡ്സ് എന്ന ഫിന്‍ഡുകാരന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി, ഹെല്‍ങ്കി യൂണിവേഴ്‌സിറ്റിയിലെ പഠനവേളയില്‍ പണിതീര്‍ത്തിരുന്നു. ഈ കെര്ണലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയി ലഭ്യമായതോടെ ഒരു /ഓപ്പറേറ്റിംഗ് സിസ്റ്റത്തിനാവശ്യമായ എല്ലാ ഭാഗങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറായി ലഭ്യമാണ്. ഇങ്ങനെ ഗ്നു നിര്‍മ്മിച്ച ടൂളുകളും ലിനക്സ് എന്ന കെര്‍ണലും ചേര്‍ത്ത് ഗ്നു/ലിനക്സ് എന്ന പേരില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി. ഹേര്‍ഡ് എന്ന പേരില്‍ ഒരു പുതിയ മൈക്രോ കെര്‍ണല്‍ ഗ്നു സംഘം ഇപ്പൊഴും വികസിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടു്. ഗ്നു/ഹേര്‍ഡ് അഥവാ പൂര്‍ണ്ണ ഗ്നു സിസ്റ്റം എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പൂര്‍ണ്ണമായി ഉപയോഗ്യമായിട്ടില്ലെങ്കിലും ഇപ്പോള്‍ ലഭ്യമാണു്.

പ്രാരംഭഘട്ടത്തില്‍ ഗ്നു/ലിനക്സ് ഉപയോഗിച്ചിരുന്നതും മെച്ചപ്പെടുത്തിയിരുന്നതും ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാരായിരുന്നു. തുടര്‍ന്ന് പ്രധാന വിവരസാങ്കേതികദാതാക്കളായ ഐ.ബി.എം, സണ്‍ മൈക്രൊസിസ്റ്റംസ്, ഹ്യൂലറ്റ് പക്കര്‍ഡ്, നോവെല്‍ എന്നിവര്‍ സെര്‍വറുകള്‍ക്കായി ഗ്നു/ലിനക്സിനെ തിരഞ്ഞെടുക്കുവാന്‍ തുടങ്ങി.

ലിനസ്‌ ബെനഡിക്റ്റ്‌ ടോര്‍വാര്‍ഡ്സ്‌

സ്വതന്ത്ര സോഫ്റ്റ്‌വേര്‍ വിപ്ലവത്തില്‍ അഗ്രഗണ്യനായ ഗ്നൂ/ലിനക്സ്‌ കുടുംബത്തില്‍ പെട്ട ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്ന ലിനക്സ്‌ കെര്‍ണലിന്റെ രചയിതാവായ ലിനസ്‌ ബെനഡിക്റ്റ്‌ ടോര്‍ഡ്സ്‌ (Linus Benedict Torvalds ), ഒരു ലോകപ്രശസ്തനായ സോഫ്റ്റ്‌വേര്‍ എഞ്ചിനീയറാണ്‌.

1969 ഡിസംബര്‍ മാസം 28ആം തീയതി ഫിന്‍ലാന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ പത്രപ്രവര്‍ത്തക ദമ്പതികളായ അന്നയുടെയും നില്‍സ്‌ ടോര്‍വാര്‍ഡ്സിന്റെയും മകനായായും, പ്രശസ്ത കവിയായിരുന്ന ഒലേ ടോര്‍വാര്‍ഡ്സിന്റെ ചെറുമകനായുമാണു ലിനസ്‌ ജനിച്ചത്‌. പ്രശസ്ത രസതന്ത്രജ്ഞന്‍ ലിനസ്‌ പോളിങ്ങിനോടുള്ള ആദര സൂചകമായാണ്‌ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ‘ലിനസ്‌’ എന്ന പേരു തെരഞ്ഞെടുത്തത്‌ എന്നു കരുതപ്പെടുന്നുവെങ്കിലും അദ്ദേഹം അവകാശപ്പെടുന്നത്‌ പീനട്‌സ്‌ എന്ന ഒരു കാര്‍ട്ടൂണിലെ ലിനസ്‌ എന്ന കഥാപാത്രത്തില്‍ നിന്നാണ്‌ തന്റെ പേരു വന്നത്‌ എന്നാണ്‌.

ഹെല്‍സിങ്കി സര്‍വ്വകലാശാലയില്‍ അദ്ദേഹം 1988 മുതല്‍ 1996 വരെ പഠിച്ചിരുന്നു; 1996-ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ അദ്ദേഹം ബിരുദാനന്തര ബിരുദം നേടി. ഈ കാലയളവിലെ അദ്ദേഹത്തിന്റെ ഒരു പ്രബന്ധമായിരുന്നു “ലിനക്സ്‌:ഒരു പോര്‍ട്ടബിള്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റം (Linux: A portable operating system)”.

കമ്പ്യൂട്ടറുകളുമായുള്ള അദ്ദേഹത്തിന്റെ ചങ്ങാത്തം ചെറുപ്പം മുതല്‍ തുടങ്ങിയതാണ്‌. തന്റെ കമ്പ്യൂട്ടറിന്റെ സോഫ്റ്റ്‌വേര്‍ ഭാഗങ്ങളില്‍ മാറ്റംവരുത്തി ഉപയോഗിക്കുക എന്നത്‌ അദ്ദേഹത്തിന്റെ പതിവായിരുന്നു. അസ്സംബ്ലറുകളും, ടെക്സ്റ്റ്‌ എഡിറ്ററുകളും, കളികളും എല്ലാം അദ്ദേഹം നിര്‍മ്മിച്ചിരുന്നു. 1990-ല്‍ ഇന്റല്‍ 386 പ്രോസ്സസ്സര്‍ ഉപയോഗിക്കുന്ന ഒരു ഐ.ബി.എം പിസി അദ്ദേഹം വാങ്ങി, ആ കമ്പ്യൂട്ടര്‍, ലിനക്സ്‌ എന്ന സ്വപ്നത്തിനു സാക്ഷാത്കാകത്തിലേക്കുള്ള വഴിതെളിച്ചു എന്നു പറഞ്ഞാല്‍ അത്‌ അതിശയോക്തിയാവില്ല.

ആറു തവണ ഫിന്നിഷ്‌ കരാട്ടേ ജേതാവായ ടോവെ ടോര്‍വാര്‍ഡ്സ്‌(Tove Torvalds) ആണ്‌ അദ്ദേഹത്തിന്റെ പത്നി. 1993ലെ ഗ്രീഷ്മകാലത്താണ്‌ അവര്‍ കണ്ടുമുട്ടിയത്‌. ലിനസ്‌ അന്ന്‌ തന്റെ ശിഷ്യര്‍ക്ക്‌ കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങള്‍ ഉപദേശിക്കുകയായിരുന്നു; ഇ-മെയില്‍ അയക്കുന്നതെങ്ങനെ എന്ന് കാണിച്ചുകൊടുത്ത ശേഷം ശിഷ്യരോട്‌ തനിക്കൊരു സന്ദേശം അയക്കാന്‍ ആവശ്യപ്പെട്ടു; അതിനു മറുപടിയായി ടൊവെ അയച്ചത്‌ തന്റെ പ്രണയാഭ്യര്‍ത്ഥനയായിരുന്നു. ലിനസ്‌-ടൊവെ ദമ്പതികള്‍ക്ക്‌ പട്രീഷ്യ മിറാന്‍ഡ(Patricia Miranda), ഡാനിയേല യോളാന്‍ഡ(Daniela Yolanda),സെലസ്റ്റെ അമന്‍ഡ(Celeste Amanda) എന്നിങ്ങനെ മൂന്നു പെണ്മക്കളാണുള്ളത്‌. അദ്ദേഹത്തിന്റെ വ്യക്തിപരമായ ഭാഗ്യചിഹ്നം, ലിനക്സിന്റെ ഭാഗ്യചിഹ്നമായി ഒരു പെണ്‍ഗ്വിനെ ചേര്‍ക്കാം എന്ന ആശയം,  ടോര്‍വാര്‍ഡ്സ് ആണ്‌ മുന്‍പോട്ടുവച്ചത്‌. അലന്‍ കോക്സിന്റെ നിര്‍ദ്ദേശപ്രകാരം ടക്സിനെ സൃഷ്ടിച്ച്ത്‌ ലാറി എവിംഗ്‌ എന്നയാളാണ്‌. ഈ പെണ്‍ഗ്വിനെ ആദ്യമായി ടക്സ്‌ എന്ന് വിളിച്ചത്‌ ജയിംസ്‌ ഹ്യൂഗ്സ്‌ ആണ്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍; “(T)orvalds (U)ni(X)” (ടോര്‍വാര്‍ഡ്സിന്റെ യുണിക്സ്)‌ എന്നതിനെ Tux പ്രതിനിധാനം ചെയ്യുന്നു.

ലിനക്സ്‌ മുദ്ര(Linux Logo)യ്ക്കായുള്ള മത്സരത്തിനു വേണ്ടിയാണ്‌ ടക്സിനെ സൃഷ്ടിച്ചതെങ്കിലും; മൂന്നു പ്രത്യേക മത്സരങ്ങളുണ്ടായിരുന്നതില്‍ ഒന്നുപോലും ടക്സ്‌ വിജയിച്ചില്ല. അതിനാലാണ്‌ ടക്സ്‌ എന്നത്‌ ലിനക്സ്‌ മുദ്ര(Linux Logo) എന്നതിനു പകരം ലിനക്സ്‌ ഭാഗ്യചിഹ്നം(Linux mascot) എന്നറിയപ്പെടുന്നത്‌. 2006 വരെയുള്ള കണക്കനുസരിച്ച് ലിനക്സ്‌ കെര്‍ണലിന്റെ ഏകദേശം 2 ശതമാനം ഭാഗം അദ്ദേഹം സ്വന്തമായി എഴുതിയിട്ടുണ്ട്. പക്ഷെ ലിനക്സിന് ആയിരകണക്കിന് ഡെവലപ്പര്‍മ്മാര്‍ ഉള്ളതിനാല്‍ അത് മേന്മയേറിയ സംഭാവനയാണ്. കെര്‍ണലിന്റെ ഉത്തമ അധികാരം അദ്ദേഹത്തിന്‌ തന്നെയാണ്.

ഗ്നു-ചിഹ്നം

ടക്സ്-ചിഹ്നം

Advertisements