ഗ്നു/ലിനക്സ് ഷെല്‍ പാഠങ്ങള്‍ – ഭാഗം 5

ഡയറക്റ്ററി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കമാന്‍ഡ് ആണ്  എം.കെ.ഡി.ഐ.ആര്‍. ( mkdir ) ഉപയോഗിക്കുന്ന വിധം: mkdir കമാന്‍ഡിനു ശേഷം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന ഡയറക്റ്ററിയുടെ ആബ്സൊല്യൂട്ട് അല്ലെങ്കില്‍  റിലേറ്റീവ് പാത്ത് നല്കുകയാണ് വേണ്ടത്.

ഉദാഹരണത്തിന് എനിക്കു എന്റെ ഹോം ഡയറക്റ്ററിക്കകത്ത് Finance എന്ന ഡയറക്റ്ററി (/home/prasobh/Finance) ഉണ്ടാക്കണം എന്നു വിചാരിക്കുക.  ഞാന്‍ ഇപ്പോള്‍ എന്റെ ഹോം ഡയറക്റ്ററിയില്‍ ആണെങ്കില്‍ “mkdir Finance” എന്ന കമാന്‍ഡ് ഉപയോഗിച്ചാല്‍ മതി.  ഇനി മറ്റെവിടെയെങ്കിലുമാണ് നില്‍ക്കുന്നതെങ്കില്‍ mkdir /home/prasobh/Finance എന്ന ആബ്സൊല്യൂട്ട് പാത്ത്  ഉപയോഗിക്കാം.

നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഡയറക്റ്ററികള്‍ ഉണ്ടാക്കണമെന്നുണ്ടെങ്കില്‍ mkdir നു ശേഷം ഓരോ സ്പെയ്സ് ഇട വിട്ടു ഡയറക്റ്ററികളുടെ പേരുകള്‍ നല്‍കിയാല്‍ മതി.  ഉദാഹരണത്തിന്  എന്റെ ഹോം ഡയറക്റ്ററിയിലെ  Documents എന്ന ഡയറക്റ്ററിക്കകത്ത് Linux,Windows എന്നിങ്ങനെ രണ്ടു ഡയറക്റ്ററികള്‍ ഉണ്ടാക്കണമെന്നു കരുതുക.  നിങ്ങള്‍ ഇപ്പോള്‍ /home/prasobh/Documents ല്‍ ആണെങ്കില്‍ “mkdir Linux Windows” എന്ന കമാന്‍ഡ് ഉപയോഗിച്ചാല്‍ മതി.  മറ്റെവിടെയെങ്കിലുമാണെങ്കില്‍ ആബ്സൊല്യൂട് പാത്തുകള്‍ ഉപയോഗിക്കാം, അപ്പോള്‍ കമാന്‍ഡ്   “mkdir /home/prasobh/Documents/Linux /home/prasobh/Documents/Windows” എന്നായി മാറും.  ഇനി ഇതില്‍ “Windows” എന്ന ഡയറക്റ്ററി എനിക്കു /tmp ക്കകത്താണ് ഉണ്ടാക്കേണ്ടിയിരുന്നത് എന്നു കരുതുക. അങ്ങനെയാണെങ്കില്‍ മുകളില്‍ പറഞ്ഞ കമാന്‍ഡിനു പകരം  “mkdir /home/prasobh/Documents/Linux /tmp/Windows” എന്നാണ് ഉപയോഗിക്കേണ്ടത്.

അഥവാ എന്റെ ഹോം ഡയറക്റ്ററിയില്‍ ‘Documents” എന്ന ഡയറക്റ്ററി ഇല്ലെങ്കിലോ? എങ്കില്‍ അവസാനം പറഞ്ഞ രണ്ടു കമാന്‍ഡുകളും ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക്  “No such file or directory” എന്നവസാനിക്കുന്ന ഒരു എറര്‍ മെസ്സേജ്  ലഭിക്കും. ഇതു സംഭവിച്ചത് നിങ്ങള്‍ നിലവിലില്ലാത്ത ഒരു ഡയറക്റ്ററിക്കുള്ളില്‍ വേറൊരു ഡയറക്റ്ററി ഉണ്ടാക്കാന്‍ ശ്രമിച്ചതു കൊണ്ടാണ്.  ഇതൊഴിവാക്കാനും  ഒറ്റയടിക്ക്  /home/prasobh/Documents എന്ന ഡയറക്റ്ററിയും അതിനുള്ളില്‍ Linux എന്ന സബ് ഡയറക്റ്ററിയും ഉണ്ടാക്കാന്‍ നമുക്കു “mkdir” കമാന്‍ഡിനോടൊപ്പം “-p” എന്ന ഓപ്ഷന്‍ ഉപയോഗിക്കാന്‍ കഴിയും. അതായത്
mkdir -p /home/prasobh/Documents/Linux എന്ന കമാന്‍ഡ്.  താഴെ കൊടുത്തിരിക്കുന്ന ഉദാഹരണം നോക്കുക.

[prasobh@localhost ~]$ ls /home/prasobh/Documents
ls: cannot access /home/prasobh/Documents: No such file or directory

/home/prasobh/Documents എന്ന ഡയറക്റ്ററി നിലവിലില്ലാത്തതു കൊണ്ടാണ് ls കമാന്‍ഡ് ഉപയോഗിച്ചപ്പോള്‍ മുകളില്‍ കണ്ട എറര്‍ മെസ്സേജ് ലഭിച്ചത്.  ഇനി നമുക്കു /home/prasobh/Documents നകത്തു Linux,Windows എന്നീ ഡയറക്റ്ററികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കാം.

[prasobh@localhost ~]$ mkdir /home/prasobh/Documents/Linux /home/prasobh/Documents/Windows
mkdir: cannot create directory `/home/prasobh/Documents/Linux’: No such file or directory
mkdir: cannot create directory `/home/prasobh/Documents/Windows’: No such file or directory

/home/prasobh/Documents നിലവിലില്ലാത്തതു കൊണ്ടു തന്നെ മേല്‍പറഞ്ഞ രണ്ടുഡയറക്റ്ററികളും ഉണ്ടാക്കാന്‍ സാധിക്കില്ല എന്ന എറര്‍  മെസ്സേജ് ലഭിക്കും. ഇതൊഴിവാക്കാന്‍ വേണ്ടി -pഓപ്ഷന്‍ ഉപയോഗിക്കാം:

[prasobh@localhost ~]$ mkdir -p /home/prasobh/Documents/Linux /home/prasobh/Documents/Windows
[prasobh@localhost ~]$ ls /home/prasobh/Documents
Linux  Windows

mkdir കമാന്‍ഡിനെക്കുറിച്ച് കൂടുതലറിയാന്‍ man mkdir എന്ന കമാന്‍ഡ് ഉപയോഗിക്കുക.

Advertisements