സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പിറന്നു.

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പിറന്നു

സ്ഥാപക സമ്മേളനം സിഎസ്ഐ റിട്രീറ്റു് സെന്റര്‍

കോട്ടയം-19-03-2011


ഡോ.ബി.ഇക്ബാല്‍

ഡോ. എം. ആര്‍. ബൈജു

റിപ്പോര്‍ടു്.

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സ്ഥാപക സമ്മേളനം 19-03-2011 നു് കോട്ടയം സിഎസ്ഐ റിട്രീറ്റു് സെന്ററില്‍ നടന്നു. 10.30 നാരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. ബി. ഇക്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ശ്രീ വി എന്‍ വാസവന്‍ എം എല്‍ എ സ്വാഗതം പറഞ്ഞു. സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സംഘാടക സമിതി കണ്‍വീനര്‍ ശ്രീ ജോസഫ് തോമസ് ഹ്രസ്വമായ പ്രവര്‍ത്തന റിപ്പോര്‍ടും സംഘടനയുടെ നയ പരിപാടി പ്രമേയവും അവതരിപ്പിച്ചു. 2008 ഡിസംബര്‍ 21 നു് എറണാകുളത്തു് ചേര്‍ന്ന സംഘാടക സമിതി രൂപീകരണയോഗം മുതല്‍ നാളിതു് വരെ നടന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പതിനാലു് ജില്ലകളിലും ജില്ലാ ഘടകങ്ങള്‍ രൂപീകരിക്കപ്പെടുകയും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്തതായി റിപ്പോര്‍ടു് ചെയ്യപ്പെട്ടു. നാളിതു് വരെ സമ്മേളനങ്ങളിലും ഇന്റര്‍നെറ്റിലും നടന്ന ചര്‍ച്ചകളുടെ ക്രോഡികരണമായും പ്രവര്‍ത്തനങ്ങളുടെ അനുഭവ പാഠമായും കണ്ടു് ഈ പ്രമേയം ചര്‍ച്ച ചെയ്തു് മെച്ചപ്പെടുത്തണമെന്നു് സമ്മേളനത്തോടു് കണ്‍വീനര്‍ ആവശ്യപ്പെട്ടു. ശ്രീ. പി രാജീവ് രാജ്യസഭാംഗം സമ്മേളനം ഉദ്ഘാടനം ചെയ്തു. അദ്ദേഹം വിജ്ഞാന സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ മാനങ്ങള്‍ വിശദീകരിച്ചു് കൊണ്ടു് സംസാരിച്ചു. എം.ജി.യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ രാജന്‍ ഗുരുക്കള്‍ മുഖ്യ പ്രഭാഷണം നടത്തി. വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വിശദീകരിച്ചു കൊണ്ടു് പുതുതായി രൂപീകരിക്കപ്പെടുന്ന സംഘടനയുടെ ആവശ്യകത അദ്ദേഹം സൂചിപ്പിച്ചു. അദ്ധ്യക്ഷ പ്രസംഗത്തില്‍ ഡോ ബി ഇക്ബാല്‍ ഈ സമ്മേളനത്തെ ആധുനിക കാലഘട്ടത്തിലെ ചരിത്ര സംഭവമെന്നു് വിശേഷിപ്പിച്ചു. ഈ ചരിത്ര സംഭവത്തിനു് വേദിയാകാന്‍ കഴിഞ്ഞതില്‍ കോട്ടയത്തിനു് അഭിമാനിക്കാമെന്നും ആദ്ദേഹം പറഞ്ഞു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സ്ഥാപനവും വാര്‍ത്താ മാധ്യമ സ്ഥാപനവും അടക്കം കോട്ടയം മുന്‍കാലഘട്ടങ്ങളിലും വിജ്ഞാനവുമായി ബന്ധപ്പെട്ട ഒട്ടേറെ ചരിത്രം സൃഷ്ടിച്ചിട്ടുള്ളതും അദ്ദേഹം എടുത്തു പറഞ്ഞു. സ്വാഗത സംഘത്തിന്റെ വൈസ് ചെയര്‍മാന്‍ ഡോ. എസ് ആര്‍ മോഹന ചന്ദ്രന്‍ നന്ദി പ്രകാശിപ്പിച്ചു. 12 മണിക്കു് പ്രതിനിധി സമ്മേളനം ആരംഭിച്ചു. സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം കോട്ടയം ജില്ലാ പ്രസിഡണ്ടു് ഡോ ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ശ്രീ. എം യു തോമസ് സ്വാഗതം ആശംസിച്ചു. സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സംഘാടക സമിതി കണ്‍വീനര്‍ ശ്രീ ജോസഫ് തോമസ് നയപരിപാടി പ്രമേയത്തിന്റെ അനുബന്ധമായി അടുത്ത വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പരിപാടി കൂടി അവതരിപ്പിച്ചു. നയപരിപാടി പ്രമേയവും പ്രവര്‍ത്തന പരിപാടിയും പ്രതിനിധികള്‍ക്കു് ജില്ലാ തലത്തില്‍ യോഗം ചേര്‍ന്നു് ചര്‍ച്ച ചെയ്തു് ഭേദഗതികള്‍ ആവശ്യമെങ്കില്‍ ഉന്നയിക്കുന്നതിനായി സമ്മേളനം 12.30 നു് പിരിഞ്ഞു. ജില്ലാ തലത്തില്‍ പ്രതിനിധികള്‍ നയപരിപാടി പ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ സംഘാടക സമിതിയും ജില്ലകളില്‍ നിന്നു് തെരഞ്ഞെടുക്കപ്പെട്ടു് വന്ന സെക്രട്ടറിമാരും കൂടി യോഗം ചേര്‍ന്നു് സംഘടനയുടെ ജനറല്‍ കൌണ്‍സിലിനും പ്രവര്‍ത്തക സമിതിക്കും കരടു് രൂപം നല്‍കി. ഭാരവാഹികളേക്കുറിച്ചും പ്രാഥമിക ധാരണ രൂപീകരിച്ചു. ഉച്ചയൂണിനു് ശേഷം രണ്ടു് മണിക്കു് പ്രതിനിധികളുടെ പൊതു യോഗം പുനരാരംഭിച്ചു. പതിമൂന്നു് ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ജില്ലാ തല ചര്‍ച്ചകളില്‍ നിന്നുരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ പൊതു വേദിയില്‍ അവതരിപ്പിച്ചു. ശ്രീ കെ. സി. സുധീര്‍മാസ്റ്റര്‍ (കണ്ണൂര്‍), ശ്രീ. കെ. വിജയന്‍ (മലപ്പുറം), ശ്രീ. പി. എസ്. രാജശേഖരന്‍ (തിരുവനന്തപുരം), അഡ്വ. ടി കെ സുജിത് (ആലപ്പുഴ), ഡോ. ജിജു പി അലക്സ് (തൃശൂര്‍), ശ്രീ. കെ വി സുധീന്ദ്രനാഥന്‍ (കോഴിക്കോടു്), ഡോ വി അജയകുമാര്‍ (കൊല്ലം), ശ്രീ. പ്രസാദ് മാത്യൂ (പാലക്കാടു്), ശ്രീ. അജയ് സി പിള്ള (പത്തനംതിട്ട), ശ്രീ. പ്രശോഭ് ജി ശ്രീധര്‍ (എറണാകുളം), ശ്രീ. വി. വി. ഷാജി (ഇടുക്കി), ശ്രി. ജിന്‍ സെബാസ്റ്റ്യന്‍ (കോട്ടയം), ശ്രീ. രാധാകൃഷ്ണന്‍ പി (കാസറഗോഡ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേരളത്തില്‍ ആദ്യമായി സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ എറണാകുളത്തെ മോഡല്‍ എഞ്ചിനിയറിങ്ങു് കോളേജിലെ ലാബു് പ്രവര്‍ത്തിപ്പിച്ചു് അതിന്റെ മേന്മ തെളിയിച്ച അന്നത്തെ വകുപ്പു് മേധാവിയും ഇന്നു് അടൂര്‍ എഞ്ചിനിയറിങ്ങു് കോളേജ് പ്രിന്‍സിപ്പാളുമായ പ്രൊ. ജ്യോതി ജോണ്‍ സമ്മേളനത്തിനു് ആശംസകളര്‍പ്പിച്ചു കൊണ്ടു് സംസാരിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ നയപരിപാടി പ്രമേയത്തെ മൊത്തത്തില്‍ അനുകൂലിച്ചു. അംഗത്വ ഫീസ് എല്ലാ വര്‍ഷവും തന്നെ പിരിക്കണം, മുതിര്‍ന്നവര്‍ക്കു് 100 രൂപയും വിദ്യാര്‍ത്ഥികള്‍ക്കു് 50 രൂപയും വേണം, ജില്ലാതലത്തിനു് താഴെയുള്ള ഘടകം മേഖല ഏതാണെന്നു് കൃത്യമായി നിര്‍ണ്ണയിക്കപ്പെടണം എന്നീ പ്രധാനപ്പെട്ട ഭേദഗതികള്‍ മുന്നോട്ടു് വെച്ചു. വിക്കീലീക്സ് അരാജക പ്രസ്ഥാനമാണെന്ന പരാമര്‍ശം ഒഴിവാക്കപ്പെടണമെന്ന അഭിപ്രായം വന്നു. തൊഴിലവസരം സൃഷ്ടിക്കുന്നതിനു് പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലേ എന്ന സംശയവും ഉന്നയിക്കപ്പെട്ടു. ഒട്ടേറെ പുതിയ പ്രവര്‍ത്തന പരിപാടികള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. സംഘാടക സമിതി കണ്‍വീനര്‍ ജോസഫ് തോമസ് ചര്‍ച്ച ക്രോഡീകരിച്ചു കൊണ്ടു് സംസാരിച്ചു. ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട സ്വീകാര്യമായ ഭേദഗതികള്‍ അംഗീകരിക്കാമെന്നു് പറഞ്ഞു. വിക്കീലീക്സിനേക്കുറിച്ചുള്ള പരാമര്‍ശം യുക്തമായ രീതിയില്‍ മാറ്റം വരുത്തുന്നതാണു് എന്നറിയിച്ചു. കൂടുതലായി ഉന്നയിക്കപ്പെട്ട പ്രവര്‍ത്തന പരിപാടികള്‍ ഉള്‍ക്കൊള്ളിക്കും. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിലെന്നതിനേക്കാള്‍ കൂടുതല്‍ മൂല്യ വര്‍ദ്ധിത തൊഴില്‍ സംരഭങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ കഴിയുമെന്നു് വിശദീകരിക്കപ്പെട്ടു. മേല്‍ പറഞ്ഞ വിശദീകരണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കപ്പെട്ട ഭേദഗതികളോടെ നയപരിപാടി പ്രമേയത്തിനു് അദ്ധ്യക്ഷന്‍ ഡോ ശശികുമാര്‍ പ്രതിനിധികളുടെ അംഗീകാരം ആവശ്യപ്പെട്ടു. നയപരിപാടി പ്രമേയം ഏക കണ്ഠമായി അംഗീകരിക്കപ്പെട്ടു. (അംഗീകരിക്കപ്പെട്ട നയപരിപാടി പ്രമേയം അന്യത്ര പ്രസിദ്ധീകരിക്കുന്നു.) മേല്‍ നയപരിപാടികളുടെ അടിസ്ഥാനത്തില്‍ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം രൂപീകരിക്കുന്നതിനുള്ള അംഗീകാരം അദ്ധ്യക്ഷന്‍ പ്രതിനിധികളോടു് ആവശ്യപ്പെട്ടു. സംഘടനാ രൂപീകരണത്തിനു് പ്രതിനിധികള്‍ ഏക കണ്ഠമായി അംഗീകാരം നല്‍കി. തുടര്‍ന്നു് സംഘാടക സമിതി കണ്‍വീനര്‍ ശ്രീ ജോസഫ് തോമസ് 95 പേരടങ്ങിയ ജനറല്‍ കൊണ്‍സില്‍ അംഗങ്ങളുടെ പേരു് വിവരം അവതരിപ്പിച്ചു. അതിനു് ഭേദഗതികളോ കൂട്ടിച്ചേര്‍ക്കലോ ഒഴിവാക്കലോ നടത്താവുന്നതാണെന്നു് അദ്ധ്യക്ഷന്‍ അറിയിച്ചു. അദ്ധ്യക്ഷന്‍ അവ ക്ഷണിച്ചു. ഭേദഗതികളൊന്നും ഉന്നയിക്കപ്പെട്ടില്ല. ജനറല്‍ കൌണ്‍സിലിനു് അദ്ധ്യക്ഷന്‍ പ്രതിനിധികളുടെ അംഗീകാരം ആവശ്യപ്പെട്ടു. പ്രതിനിധികള്‍ അംഗീകാരം അറിയിച്ചു. ഏക കണ്ഠമായി ജനറല്‍ കൌണ്‍സില്‍ തെരഞ്ഞെടുക്കപ്പെട്ടതായും സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം നിലവില്‍ വന്നതായും അദ്ധ്യക്ഷന്‍ ഡോ ശശികുമാര്‍ പ്രഖ്യാപിച്ചു. (ജനറല്‍ കൌണ്‍സില്‍ അംഗങ്ങളുടെ പട്ടിക വേറെ പ്രസിദ്ധീകരിച്ചിട്ടുണ്ടു്) തുടര്‍ന്നു് പ്രതിനിധി സമ്മേളനം ചായക്കു് പിരിയുകയും 3.40 നു് ജനറല്‍ കൌണ്‍സില്‍ അംഗങ്ങള്‍ അതേ ഹാളില്‍ പ്രത്യേകം യോഗം ചേരുകയും ചെയ്തു. യോഗത്തില്‍ അദ്ധ്യക്ഷനായി ഡോ. ശശികുമാര്‍ തന്നെ യോഗ നടപടികള്‍ നിയന്ത്രിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ശ്രീ ജോസഫ് തോമസ് ഭാരവാഹികളുടേയും പ്രവര്‍ത്തക സമിതി അംഗങ്ങളുടേയും കരടു് പട്ടിക അവതരിപ്പിച്ചു. അദ്ധ്യക്ഷന്‍ ഡോ ശശികുമാര്‍ നിര്‍ദ്ദേശങ്ങളും ഭേദഗതികളും ക്ഷണിച്ചു. ഭേദഗതികളും മറ്റു് നിര്‍ദ്ദേശങ്ങളും ഉണ്ടാകാതിരുന്ന സാഹചര്യത്തില്‍ ഭരണ സമിതിക്കും പ്രവര്‍ത്തക സമിതിക്കും ജനറല്‍ കൌണ്‍സിലിന്റെ അംഗീകാരം ആവശ്യപ്പെട്ടു. ഏക കണ്ഠമായി അംഗീകാരം നല്കപ്പെട്ടു. ഡോ. ബി. ഇക്ബാല്‍ (പ്രസിഡണ്ടു്), ഡോ. എ സാബു, ഡോ ബാബു ആന്റോ പി (വൈസ് പ്രസിഡണ്ടുമാര്‍), ഡോ. എം. ആര്‍. ബൈജു (ജനറല്‍ സെക്രട്ടറി), ശ്രീ. കെ വി അനില്‍കുമാര്‍, ശ്രീ. വിമല്‍കൃഷ്ണന്‍ ആര്‍ (സെക്രട്ടറിമാര്‍), ശ്രീ എം. യു. തോമസ് (ട്രഷറര്‍) എന്നിവരാണു് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടതു്. 20 പ്രവര്‍ത്തക സമിതി അംഗങ്ങളില്‍ ജില്ലാ സെക്രട്ടറിമാരും സംഘാടക സമിതി അംഗങ്ങളില്‍ ചിലരുമാണുള്ളതു്. പുതിയ ഭാരവാഹികള്‍ സ്വയം പരിചയപ്പെടുത്തി. ജനറല്‍ കൌണ്‍സില്‍ യോഗം പിരിഞ്ഞു. (പൂര്‍ണ്ണ പട്ടിക അന്യത്ര പ്രസിദ്ധീകരിച്ചിട്ടുണ്ടു്) 4 മണിക്കു് പ്രതിനിധിയോഗം വീണ്ടും ചേര്‍ന്നു. പുതിയ ഭാരവാഹികള്‍ വേദിയിലെത്തി. പരിചയപ്പെടുത്തപ്പെട്ടു. തുടര്‍ന്നു് അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനത്തിനു്, നാലു് കമ്യൂണിറ്റി പ്രോജക്ടുകള്‍ക്കുള്ള സംഘടനയുടെ വിത്തു് വിഹിതം അടക്കം 20 ലക്ഷം രൂപയുടെ ബഡ്ജറ്റു് നിര്‍ദ്ദേശിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ സമ്മേളനം അവസാനിച്ചതായി അദ്ധ്യക്ഷന്‍ പ്രഖ്യാപിച്ചു. വിജ്ഞാന സ്വാതന്ത്ര്യം സെമിനാര്‍ 4.15 നു് ചേര്‍ന്ന വിജ്ഞാന സ്വാതന്ത്ര്യം എന്ന വിഷയത്തിന്മേലുള്ള സെമിനാറില്‍ ശ്രീ കുര്യന്‍ സെബാസ്റ്റ്യന്‍ (KSEBOA) സ്വാഗതം ആശംസിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡണ്ടു് ഡോ എ സാബു അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യക്ഷ പ്രസംഗത്തില്‍ വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ പ്രസക്തി ചുരുക്കം വാക്കുകളില്‍ ഡോ. സാബു സൂചിപ്പിച്ചു. ശ്രീ ജോസഫ് തോമസ് വിഷയം അവതരിപ്പിച്ചു. ജനാധിപത്യ വികാസത്തില്‍ വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വിശദമാക്കപ്പെട്ടു. ജനാധിപത്യത്തിനു് അനുയജ്യമായ സാമൂഹ്യ സംഘടനയ്ക്കു് ജന്മിത്തത്തിലുരുത്തിരിഞ്ഞ സ്തൂപികാരൂപമാണെന്ന ധാരണ ജനാധിപത്യം പുലര്‍ന്നിട്ടു് ആറു് നൂറ്റാണ്ടുകള്‍ക്കു് ശേഷം ഇന്നും നിലനില്‍ക്കുന്നതാണു് ജനാധിപത്യ വികാസം പരിമിതപ്പെടുന്നതിന്റെ കാരണമെന്നു് ചൂണ്ടിക്കാട്ടപ്പെട്ടു. അതു് മാറി തിരശ്ചീന ഘടനയേക്കുറിച്ചു് സമൂഹത്തിനു് ധാരണയുണ്ടാകണമെന്നും തിരശ്ചീന സംഘടനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനു് ആവശ്യമായ സങ്കേതമാണു് ആധുനിക ശൃംഖലാബന്ധിത വിവര വിനിമയ സംവിധാനമെന്നും സൂചിപ്പിക്കപ്പെട്ടു. സങ്കേതം തനിയെ മാറ്റങ്ങള്‍ വരുത്തില്ല. സങ്കേതം ഉപയോഗിക്കപ്പെടണം. എങ്കിലേ ഫലമുണ്ടാകൂ. സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ പ്രസക്തിയും പ്രാധാന്യവും പ്രവര്‍ത്തന മേഖലയും ഇക്കാര്യം വ്യക്തമാക്കുന്നതായി ശ്രീ ജോസഫ് തോമസ് പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടു് ശ്രീ. കൃഷ്ണദാസ് എം, ശ്രീ അനില്‍കുമാര്‍ കെ വി, പ്രൊ ജ്യോതി ജോണ്‍ എന്നിവര്‍ വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ വിവിധ വശങ്ങള്‍ അവതരിപ്പിച്ചു. ശ്രീ ജോസഫ് തോമസ് ചര്‍ച്ച ക്രോഡികരിച്ചു് കൊണ്ടു്, ഈ ചര്‍ച്ച ഇവിടെ അവസാനിക്കുന്നതല്ലെന്നും തുടരേണ്ടതാണെന്നും പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീ സന്തോഷ്‌ലാല്‍ നന്ദി പ്രകാശിപ്പിച്ചതോടെ സെമിനാര്‍ അവസാനിച്ചു.

Advertisements

About പ്രശോഭ് ജി.ശ്രീധര്‍ -ചാത്തോത്ത്

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എ.ടി.പി.എസ്സ്. കൊച്ചി www.atps.in
This entry was posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w