മലയാളം പ്രസിദ്ധീകരണങ്ങള്‍ സ്വതന്ത്രസോഫ്റ്റു്വെയറിലൂടെ

കഴിഞ്ഞ ചില നൂറ്റാണ്ടുകളിലായി, ലോകത്തു് നിലനിന്നിരുന്ന ബ്രട്ടീഷു് പ്രാമാണിത്വത്തിന്റെ ഫലമായി, ആധുനിക വിവരസാങ്കേതികവിദ്യയുടെ സ്വാഭാവിക ഭാഷയായി മാറിയതു് ഇംഗ്ലീഷാണു്. എന്നാല്‍ ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്നത് പ്രാദേശികഭാഷകളെയാണു്. ഇംഗ്ലീഷു് അറിയാവുന്നതു് ചെറു ന്യൂനപക്ഷതിന് മാത്രമാണു്. മറ്റുള്ള വലിയൊരു വിഭാഗം ജനങ്ങള്‍ക്കു് ഇംഗ്ലീഷില്‍ സംവദിക്കുന്ന കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ ഏറെ പരിമിതികളുണ്ടു്. ഇതു് ജനങ്ങള്‍ക്കിടയിലുള്ള വിവരവിടവിനു് ഒരു പ്രധാനകാരണമാണു്.
മനുഷ്യര്‍ സ്വായത്തമാക്കിയ വളരെയേറെ അറിവുകളും, സംസ്കാരങ്ങളും പ്രാദേശിക ഭാഷകളിലൂടെയാണു് നിലനില്‍ക്കുന്നതു്. അവയുടെ നിലനില്‍പ്പിനും, പരിപോഷണത്തിനും, പ്രാദേശിക ഭാഷകള്‍ക്കു് വഴങ്ങുന്ന സാങ്കേതിക വിദ്യയെ വികസിപ്പിച്ചെടുക്കേണ്ടതുണ്ടു്. ഈ തിരിച്ചറിവില്‍ നിന്നുമാണു്, ലോകത്താകെ പ്രാദേശിക ഭാഷാസാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതു്. എന്നാല്‍ സോഫ്റ്റ്‌വെയര്‍ രംഗത്തു് വ്യാപകമായിരുന്ന കുത്തകവല്‍ക്കരണവും, അറിവു് പൂഴ്ത്തിവെക്കലും കാരണം, ആ ശ്രമങ്ങള്‍ കടുത്ത പ്രതിസന്ധികളെ നേരിടേണ്ടി വന്നു. ഒരു ഭാഷാസാങ്കേതിക വിദ്യ ഫലപ്രദമാകണമെങ്കില്‍, അവ ഭാഷയുടെ സ്വതന്ത്രമായ ഉപയോഗത്തെ തടയുന്നതാകരുതു്. ഭാഷാ സാങ്കേതികവിദ്യയുടെ വികസനത്തില്‍ പൊതുസമൂഹത്തിനു് ഇടപെടാന്‍ സാധിക്കണം, കൂടാതെ അവ സ്വതന്ത്രമായി പരിശീലിക്കുവാനും, പരിപാലിക്കുവാനും പരിഷ്കരിക്കുവാനും സാധിക്കണം. സ്വതന്ത്രസോഫ്റ്റ്‌വെയറിലൂടെ മാത്രമെ ഇതൊക്കെ സാദ്ധ്യമാകുകയുള്ളു. അതിനാല്‍ ഭാഷയ്ക്കു് സാങ്കേതികമായ സ്വയം പര്യാപ്തത ഉറപ്പാക്കാന്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ തന്നെ വേണം. കഴിഞ്ഞ രണ്ടു് ദശകങ്ങളിലൂടെ, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപകമാവുകയും, അതിനായുള്ള പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുകയും ചെയ്തതോടുകൂടി, ഭാഷാസാങ്കേതിക വിദ്യയുടെ വികസനം ഊര്‍ജ്ജിതപ്പെടുവാന്‍ തുടങ്ങി.

ചിത്രം, എഴുത്തു്, വായന, സംസാരം, കാഴ്ച, കേള്‍വി, ചലച്ചിത്രം എന്നീ സംവേദനരീതികളുടെയൊക്കെ എകോപിതസംവിധാനമാണു് വിവരസാങ്കേതികവിദ്യ. ഇവയൊക്കെ കൈകാര്യം ചെയ്യാന്‍ അനുയോജ്യമായ മലയാളം ഭാഷാസാങ്കേതിക വിദ്യ കൂടിയേതീരൂ. അവയില്‍ മിക്കതും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹം വികസിപ്പിച്ചിട്ടുണ്ടു്. പലതും സമൂഹത്തില്‍ ഫലപ്രദമായും വ്യാപകമായും ഉപയോഗിക്കപ്പെടുന്നുമുണ്ടു്. അതിലൂടെ നമ്മുടെ ഭാഷക്കും, സംസ്കാരത്തിനും പുത്തനുണര്‍വു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നല്‍കിയിട്ടുണ്ടു്. എങ്കിലും ഇനിയുമേറെ ഭാഷാസാങ്കേതിക വിദ്യകള്‍ വികസിപ്പിക്കേണ്ടതുണ്ടു്.

മലയാളം പ്രസിദ്ധീകരണങ്ങള്‍ രൂപപ്പെടുത്തുവാനുള്ള, യുണിക്കോഡ് പിന്തുണയുള്ള മലയാളം ഡി ടി പി സോഫ്റ്റ്‌വെയറുകള്‍ നിലവിലില്ലാതിരുന്നതു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഒരു വലിയ ന്യൂനതയായിരുന്നു. കുത്തക സോഫ്റ്റ്‌വെയര്‍ രംഗത്തും യുണിക്കോഡ് പിന്തുണയുള്ള ഡി ടി പി സോഫ്റ്റ്‌വെയറുകള്‍ നിലവിലില്ല. എന്നാല്‍ അവരുടെ വിപണനതന്ത്രത്തിലൂടെ ഇക്കാര്യം അവര്‍ മൂടിവെക്കുകയും, ഭിന്ന ഭാഷകളെ കൈകാര്യം ചെയ്യുന്നതില്‍ പരിമിതിയുള്ള ASCII സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡി ടി പി സോഫ്റ്റ്‌വെയറുകള്‍ പ്രസാധകരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. അവയുടെ നിരന്തരമായ ഉപയോഗത്തിലൂടെ ആ സോഫ്റ്റ്‌വെയറുകളോടു് ആശ്രിതത്വം പുലര്‍ത്തുന്ന മലയാളം പ്രസാധകര്‍, അവയേക്കാളേറെ സാദ്ധ്യത നല്‍കിയിരുന്ന, സ്ക്രൈബസ് (Scribus), ടെക്സ് (Tex) എന്നിവയെ അവഗണിച്ചു. മലയാളം പ്രസാധകര്‍ ഒന്നടങ്കം ASCII സംവിധാനത്തെ ആശ്രയിക്കുന്നതു് മലയാളം ഉള്ളടക്ക നിര്‍മ്മാണത്തെ, ഒരു സാങ്കേതിക പ്രതിസന്ധിയിലാഴ്ത്തുന്നുണ്ടു്.

ലോകത്താകെ ഫലപ്രദമായി ഉപയോഗിക്കുന്ന ഡി ടി പി സോഫ്റ്റ്‌വെയറായ സ്ക്രൈബസിനു്, ഇപ്പോള്‍ ഇന്ത്യന്‍ ഭാഷകള്‍ക്കായുള്ള യുണിക്കോഡ് പിന്തുണ വികസിപ്പിച്ചെടുത്തിരിക്കുന്നു. എറണാകുളത്തു് പ്രവര്‍ത്തിക്കുന്ന അനുയോജ്യ സാങ്കേതികവിദ്യാ പ്രോത്സാഹക സംഘം (ATPS) പ്രവര്‍ത്തകര്‍, തെലുങ്കു് ദിനപത്രമായ പ്രജാശക്തിയുടേയും, സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റേയും (DAKF) സഹായത്തോടുകൂടിയാണു് ഇതു് വികസിപ്പിച്ചതു്.

ഇതിന്റെ ഉപയോഗം വ്യാപകമാക്കി, മലയാളം ഉള്ളടക്ക നിര്‍മ്മാണ രംഗത്തെ സാങ്കേതിക പ്രതിസന്ധി മാറ്റിയെടുക്കേണ്ടതുണ്ടു്, അതിനായി വ്യാപകമായ പ്രചരണവും, പരിശീലനവും നല്‍കേണ്ടതുണ്ടു്. ഉപയോഗിച്ചുവരുമ്പോള്‍, എന്തെങ്കിലും പിഴവു് കണ്ടെത്തുകയാണെങ്കില്‍, അവ പരിഹരിക്കേണ്ടതുണ്ടു്. അതിനായി പ്രസാധകരുടേയും, മാധ്യമ പ്രവര്‍ത്തകരുടേയും, മറ്റു് അഭ്യുദയകാംക്ഷികളുടേയും സഹകരണം നമുക്കാവശ്യമാണു്.

സ്ക്രൈബസ് ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍
1. ലൈസന്‍സ് തുകയില്ല
2. യുണിക്കോഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാല്‍ തിരയലും വെബ്ബിലേക്ക് ചേര്‍ക്കുന്നക്കുന്നതുമെല്ലാം എളുപ്പമാകും
3. വികസിപ്പിക്കലില്‍ പൊതു സമൂഹത്തിനും പങ്കാളികളാവാം
4. ഭാഷയും സൌന്ദര്യവും തനിമയും നിലനിര്‍ത്തുന്നു
5. പഴയലിപി, പുതിയ ലിപി, മലയാള സംഖ്യാ രൂപങ്ങള്‍ എല്ലാം ലഭ്യം

Advertisements

About പ്രശോഭ് ജി.ശ്രീധര്‍ -ചാത്തോത്ത്

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എ.ടി.പി.എസ്സ്. കൊച്ചി www.atps.in
This entry was posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍. Bookmark the permalink.

One Response to മലയാളം പ്രസിദ്ധീകരണങ്ങള്‍ സ്വതന്ത്രസോഫ്റ്റു്വെയറിലൂടെ

  1. Jijimon Abraham പറയുക:

    വിന്റോസ് എക്സ്പിയിലുപയോഗിക്കുന്ന സ്ക്രൈബസ് മലയാളം വേര്‍ഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ ? എങ്കില്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w