പത്താം പിറന്നാള്‍ ആഘോഷം : വിക്കിപീഡിയര്‍ ഒത്തുചേര്‍ന്നു

വിക്കിപീഡിയ പത്താംപിറന്നാള്‍

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന സമ്മേളനം ബാബുജി എന്ന പേരില്‍ വിക്കിപീഡിയ ലേഖനങ്ങള്‍ എഴുതുന്ന ഏറ്റവും പ്രായം ചെന്ന വിക്കിപീഡിയനായ ബാലചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി. കെ. വേണു പിറന്നാള്‍ കേക്ക് മുറിയ്കുകയും വിക്കിപീഡിയ ഉപയോക്താവായി ചേരുകയും ചെയ്തു. പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും സാങ്കേതിക വിദഗ്ദ്ധനുമായ പ്രകാശ് ബാര, മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എ. സഹദേവന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. കേരളത്തിലെ മുതിര്‍ന്നപൗരന്മാര്‍ക്ക് തങ്ങളുടെ അറിവും അനുഭവവും പുതുതലമുറയ്ക്ക് പകരുവാനുള്ള അവസരമാണ് വിക്കിപീഡിയയിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് ബാബുജി
അഭിപ്രായപ്പെട്ടു. ആധുനിക കാലത്ത് വെല്ലുവിളി നേരിടുന്ന മലയാള ഭാഷയുടെ വളര്‍ച്ചയില്‍ വിക്കിപീഡിയ സുപ്രധാന പങ്കുവഹിക്കുന്നുവെന്ന് ആശംസകളര്‍പ്പിച്ച് സംസാരിച്ച പ്രകാശ് ബാര പറഞ്ഞു. ഇന്ത്യയിലെ മറ്റ് ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമകളും നാടകങ്ങളും അതത് നാടുകളിലെ ഭാഷാവികസനത്തെ വലുതായി
സ്വാധീനിക്കുന്നുവെന്ന് ബാര നിരീക്ഷിച്ചു. എന്നാല്‍ മലയാളത്തില്‍ നല്ല സിനിമയും നാടകവും കുറവാകുന്നത്
ഇത്തരത്തിലുള്ള സംഭാവനകള്‍ ഇവിടെ കുറയുന്നതിന് കാരണമാകുന്നു. ആ ഇടത്തിലേക്കാണ് പുതിയ സംരംഭമായ വിക്കിപീഡിയ പ്രമുഖ സ്ഥാനത്തേക്ക് വരുന്നത്. മലയാള ഭാഷയെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്നവര്‍ വിക്കിപീഡിയപോലുള്ള സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കാറില്ലെന്നത് ഒരു പരിമിതിയാണെന്ന് പ്രകാശ് ബാര അഭിപ്രായപ്പെട്ടു. മാതൃഭാഷ പഠിപ്പിക്കാതെ കുട്ടികളെ വഞ്ചിക്കുകയാണ് കേരള  സമൂഹം ചെയ്യുന്നതെന്ന് എ. സഹദേവന്‍ അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ മലയാളം കമ്പ്യൂട്ടിംഗും വിക്കിപീഡിയയും എന്ന വിഷയത്തില്‍ സെമിനാറും നടന്നു. കെ.വി അനില്‍കുമാര്‍ വിഷയമവതരിപ്പിച്ചു. വിശ്വപ്രഭ, ജോസഫ് തോമസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. മലയാളം കമ്പ്യൂട്ടിംഗിന്റെ വികാസത്തില്‍ വിക്കിപീഡിയയും ഇതരസംരഭങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് സെമിനാര്‍ വിലയിരുത്തി. വി.കെ ആദര്‍ശ് മോഡറേറ്ററായിരുന്നു. അശോകന്‍ ഞാറയ്കല്‍, കെ.ജെ ബിനു, സുഹൈറലി തുടങ്ങിയവര്‍ ചര്‍ച്ചയില്‍  പങ്കെടുത്തു. മലയാളത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് വിവരസംഭരണിയും ഓണ്‍ലൈന്‍ വിജ്ഞാനകോശവുമായ മലയാളം വിക്കിപീഡിയയ്ക്ക് ഡിസംബര്‍ 21 ന് പത്തുവയസ്സുതികഞ്ഞു. ഈ സ്വതന്ത്ര വിശ്വവിജ്ഞാനകോശം കൂടുതല്‍ നന്നാക്കുവാനായി വിക്കിപ്പീഡിയര്‍ 21-ആം തീയതി ഒരു ഇന്റര്‍നെറ്റ് യജ്ഞത്തിലായിരുന്നു. ഇതിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 176 പുതിയ ലേഖനങ്ങളും 784 പുതിയ
താളുകളും 4174 പുതിയ തിരുത്തലുകളും വിക്കിപ്പീഡിയയ്ക്ക് ലഭിച്ചു. 217 പുതിയ ഉപയോക്താക്കളാണ് വിക്കിപ്പീഡിയയില്‍ ആ ദിവസം അംഗത്വമെടുത്തത്. പത്തു വയസ്സുള്ള ഒരു കുട്ടി ഇഷ്ടപ്പെടുന്ന പിറന്നാള്‍ സമ്മാനമായിട്ടാണ് ഇത്രയധികം പുതിയ കൂട്ടുകാര്‍ എന്ന് മലയാളം വിക്കിപീഡിയ സമൂഹം വിലയിരുത്തി.
മലയാളം വിക്കിപീഡിയയുടെ പത്താം പിറന്നാള്‍ ആഘോഷം പരിപാടികള്‍ ഡിസംബര്‍ 8 ന് കണ്ണൂരില്‍ നടത്തിയ വിക്കി വന-വിജ്ഞാനയാത്രയോടെ ആരംഭിച്ചു. ഡിസംബര്‍ 15-നു തൃശൂര്‍ തേക്കിന്‍ കാട് മൈതാനത്ത് നെഹ്രു പാര്‍ക്കില്‍ വച്ച് ബ്ലോഗര്‍മാരും എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളും മറ്റും പങ്കെടുത്ത വിക്കി ഫേസ് പ്ലസ് എന്ന കൂട്ടായ്മ നടന്നു. 21-ന് കൊല്ലത്തും, 22-ന് ബാംഗ്ലൂരിലും പരിപാടികള്‍ നടന്നു.
മലയാളത്തിന്റെ പ്രിയ കവി ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ സമ്പൂര്‍ണ്ണ കൃതികള്‍ സമ്മേളനത്തിന്റെ ഭാഗമായി വിക്കിഗ്രന്ഥശാലയില്‍ ടൈപ്പ് ചെയ്ത് ചേര്‍ത്തു. വിക്കി ഗ്രന്ഥശാലയിലെ ഇടപ്പള്ളഇ കൃതികളുടെ പ്രകാശനം ജോസഫ് തോമസ് നിര്‍വ്വഹിച്ചു. ആതിഥേയ ജില്ലയ്ക്ക് വിക്കിമീഡിയര്‍ നല്‍കിയ സമ്മാനമായിരുന്നു ഇത്. ഇടപ്പള്ളി കൃതികള്‍ വിക്കിഗ്രന്ഥശാലയില്‍ എത്തുന്നതോടെ ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് അത്
എല്ലായ്‌പ്പോഴും സൗജന്യമായി ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകും. ഇത് പങ്കാളികള്‍ക്ക് വിക്കി എഡിറ്റിംഗില്‍
ഒരു പ്രായോഗിക പരിശീലനവുമായി. ഡോ. നത ഹുസൈന്‍ വിക്കിപ്പീഡിയ ഒരു വിഹഗവീക്ഷണം എന്ന
പേരില്‍ മലയാളം വിക്കിപ്പീഡിയയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ആമുഖം നല്‍കി. കണ്ണന്‍ ഷണ്മുഖം മലയാളം വിക്കിപീഡിയയുടെ ഇതുവരെയുള്ള നേട്ടങ്ങളും ഇപ്പോഴുള്ള സ്ഥിതിയും വിശദമാക്കുന്ന അവതരണം നടത്തി. മനോജ് കെ. മോഹന്‍ ഗ്രന്ഥശാല, ചൊല്ലുകള്‍, വിക്കിഗ്രന്ഥശാല തുടങ്ങിയവയുടെ ഇതുവരെയുള്ള നേട്ടങ്ങളും
ഇപ്പോഴുള്ള സ്ഥിതിയും വിശദമാക്കുന്ന അവതരണം നടത്തി. ശിവഹരി നന്ദകുമാര്‍, അഡ്വ, ടി.കെ സുജിത് എന്നിവര്‍ വിക്കിപീഡിയ പഠനശിബിരത്തിന് നേതൃത്വം നല്‍കി. പങ്കാളികളെല്ലാം പങ്കെടുത്ത പൊതുചര്‍ച്ചയും ഇതോടൊപ്പം നടന്നു. ഇംഗ്ലീഷിലും, മലയാളത്തിലും ഉള്ള വിക്കിപീഡിയകളും ഇതരസംരംഭങ്ങളായ വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകള്‍ തുടങ്ങിയവയും ഉപയോഗിക്കുന്നവരും ഇവയില്‍ ലേഖനങ്ങള്‍ ചേര്‍ക്കുന്നവരുമായ കേരളത്തിനകത്തും പുറത്തുമുള്ള വിക്കിമീഡിയന്മാരാണ് ഈ ആഘോഷത്തില്‍ ഒത്തുചേര്‍ന്നത്. വിക്കിപീഡിയയെക്കുറിച്ച് കൂടുതല്‍ അറിയാനും അതിലെ വിവരങ്ങള്‍ വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ രംഗങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാനും താല്പര്യമുള്ളവര്‍ക്ക് പ്രാഥമിക വിവരങ്ങള്‍ നല്‍കുവാനും വിക്കിപീഡിയ എഡിറ്റിംഗില്‍ പ്രായോഗിക പരിശീലനം നല്‍കുവാനും പിറന്നാള്‍ സമ്മേളനത്തില്‍ സംവിധാനം ഒരുക്കിയിരുന്നു. വിക്കിപീഡിയയെക്കുറിച്ച് മലയാളത്തില്‍ തയ്യാറാക്കിയിട്ടുള്ള കൈപ്പുസ്തകവും ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു.  2002  ഡിസംബര്‍  21  ന്  തിരുവനന്തപുരം  സ്വദേശിയായ  വിനോദ്  എം.പി.യാണ് മലയാളം വിക്കിപീഡിയ തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയ്യെടുത്തത്. മലയാളം വിക്കിപീഡിയ സൃഷ്ടിച്ച്, അതില്‍ ആദ്യമായി അദ്ദേഹം എഴുതിയയത് മലയാളം അക്ഷരമാലയാണ്. അതിനെ തുടര്‍ന്നുള്ള പത്തുവര്‍ഷം കൊണ്ട് ചില മാനകങ്ങളില്‍ ഇന്ത്യയിലെ മറ്റുഭാഷാ വിക്കിപീഡിയകളേക്കാള്‍ വളരെ മുന്നില്‍ ഇന്ന് മലയാളം വിക്കിപീഡിയ എത്തിച്ചേര്‍ന്നിരിക്കുന്നു. മിക്ക പ്രധാന വിഷയങ്ങളിലും വിശദമായ ലേഖനങ്ങള്‍ ഇക്കാലം കൊണ്ട് അതില്‍ ഉള്‍പ്പെടുത്തപ്പെട്ടു. ml.wikipedia.org എന്ന മലയാളം വിക്കിപീഡിയയില്‍ ഇപ്പോഴത്തെ ലേഖനങ്ങളുടെ എണ്ണം 28000- ഓളമാണ്. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും സജീവമായ ലേഖകരുടെ കൂട്ടായ്മ – വിക്കിമീഡിയ സമൂഹം – നിലനില്‍ക്കുന്നതും മലയാളത്തിലാണ്.  കണ്ണൂരില്‍ 23-നു തന്നെ ഞായറാഴ്ച രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ കാള്‍ ടെക്സ് ജംഗ്ഷനിലുള്ള ജില്ലാ ലൈബ്രറി കൗണ്സില്‍ ഹാളില്‍ വച്ചും പിറന്നാളാഘോഷം നടന്നു. ജനുവരി 3 ന് തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജ് അങ്കണത്തില്‍ വിക്കി- പഠനശിബിരത്തോട് ചേര്‍ന്ന് നടത്തുവാനുദ്ദേശിയ്ക്കുന്ന പരിപാടിയാണ് വിക്കി@ടെക്ക്. വിക്കിപീഡിയ ഉപയോഗിക്കുന്നവരും, മാറ്റങ്ങള്‍ വരുത്തുന്നവരും,ഇതേക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താത്പര്യപ്പെടുന്നവരും ആയ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയാണ് പരിപാടി സംഘടിപ്പിയ്ക്കുന്നത്.  മലയാളം വിക്കിപീഡിയയെക്കുറിച്ച് കേരളത്തിലെ പത്ര-ശ്രാവ്യ- ദൃശ്യമാദ്ധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു് ഗാഢമായ അവബോധം നല്‍കുവാന്‍ ഉദ്ദേശിച്ച് ഭാവിയില്‍ വിക്കിപീഡിയ മാദ്ധ്യമപരിചയക്യാമ്പ് എന്ന ദ്വിദിനപരിപാടി സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. വിക്കിപീഡിയാ സന്നദ്ധസേവകര്‍ക്കൊപ്പം, പ്രമുഖ മാദ്ധ്യമസ്ഥാപനങ്ങളില്‍ നിന്നും നിര്‍ദ്ദേശം ചെയ്യപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട ഒരു സംഘമായിരിക്കും ക്യാമ്പില്‍ പങ്കെടുക്കുക. 2013 ഫെബ്രുവരി എട്ടിന് വിക്കിപീഡിയയുടെ പത്താം പിറന്നാള്‍ ആഘോഷപരിപാടികള്‍ സമാപിക്കും.  പിറന്നാള്‍ ആഘോഷപരിപാടികള്‍ക്ക് ജോബി ജോണ്‍, ഡിറ്റി മാത്യു, തുടങ്ങിവര്‍ നേതൃത്വം നല്‍കി. അജയ് ബാലചന്ദ്രന്‍ സ്വാഗതവും പ്രൊഫ. ജോണ്‍സണ്‍ എ.ജെ കൃതജ്ഞതയും പറഞ്ഞു.

 

Advertisements

About പ്രശോഭ് ജി.ശ്രീധര്‍ -ചാത്തോത്ത്

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എ.ടി.പി.എസ്സ്. കൊച്ചി www.atps.in
This entry was posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )