തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരുക്കുന്ന സാദ്ധ്യതകള്‍

തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരുക്കുന്ന സാദ്ധ്യതകള്‍

കെ ചന്ദ്രന്‍ പിള്ള

ശാസ്ത്ര സാങ്കേതിക വിദ്യകളിലുള്ള കുതിച്ചു് ചാട്ടവും അതു് മൂലമുണ്ടായിക്കൊണ്ടിരിക്കുന്ന ഫലപ്രത്യാഘാതങ്ങളും നമ്മുടെ അനുഭവമാണു്. കടലാസിനു് പകരം ഡിജിറ്റല്‍ വിവര കൈകാര്യ രീതികളും തുടര്‍ന്നു് ശൃംഖലയിലൂടെ തത്സമയം എവിടെയിരുന്നും എവിടെയും അവ നടത്തുന്ന സിദ്ധിയും സമൂഹത്തിനു് കരഗതമായിരിക്കുന്നു. വിവര സാങ്കേതിക വിദ്യ മറ്റിതര ശാസ്ത്രസാങ്കേതിക രംഗങ്ങളിലും അവയുടെ സാധ്യതകള്‍ ഉയര്‍ത്തുന്നു. സമ്പദ്ഘടനയും കമ്പോളവും സമഗ്രമായി ആസൂത്രണം ചെയ്യാനും ഏതളവിലും ഉല്പാദനം വര്‍ദ്ധിപ്പിക്കാനും അവ കാര്യക്ഷമമായി വിതരണം ചെയ്യാനും ഉള്ള ശേഷി സമൂഹം നേടിക്കഴിഞ്ഞിരിക്കുന്നു. അതേ സമയം, നിലവിലുള്ള ഉല്പാദന ബന്ധങ്ങളും കമ്പോളവും അരാജകമായി തൂടരുന്നു. സമൂഹം നേടിയ ശേഷി ഉപയോഗിക്കാന്‍ ഉല്പാദന ശക്തികളെ നിലവിലുള്ള വ്യവസ്ഥ അനുവദിക്കുന്നില്ല. അങ്ങിനെ സമൂഹത്തിന്റെ പുരോഗതി തടയപ്പെട്ടിരിക്കുന്നു.

ഈ അരാജകത്വത്തിന്റെ നേരിട്ടുള്ള ദുരിതം അനുഭവിക്കുന്നതു് കഴിഞ്ഞ രണ്ടു് നൂറ്റാണ്ടുകളില്‍ സംഘടിച്ചു് ശക്തി നേടി സ്വന്തം ജീവിതം താരതമ്യേന മെച്ചപ്പെടുത്തിയ സംഘടിത തൊഴിലാളികളും അവരുടെ പ്രസ്ഥാനങ്ങളുമാണു്. ഒപ്പം പ്രകൃതി വിഭവങ്ങള്‍ ധൂര്‍ത്തടിക്കപ്പെടുകയും പരിസ്ഥിതിയും താറുമാറാക്കപ്പെടുകയും ചെയ്യുന്നു. അവയുടെ മേലാണു് കടുത്ത ആഘാതം കൂടുതലായി വിഴുന്നതു്. നിരക്ഷരതയില്‍ നിന്നും മുതലാളിത്ത ഉല്പാദന യന്ത്രത്തിന്റെ അനുബന്ധമായിരിക്കുന്നതില്‍ നിന്നും തൊഴിലാളികള്‍ മോചനം നേടി. പക്ഷെ, ഇന്നും സമൂഹത്തെ പൊതുവില്‍ ഡിജിറ്റല്‍ സങ്കേതങ്ങളും ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രവും ഉപയോഗിച്ചു് വളരുന്ന പുത്തന്‍ മുതലാളിത്ത സാംസ്കാരിക യന്ത്രത്തിന്റെ അനുബന്ധങ്ങളാക്കപ്പെട്ടിരിക്കുന്നു. അതിലൂടെ മുതലാളിത്ത സംസ്കാരത്തിന്റേയും ഒട്ടേറെ അപ്രസക്തമായ ചരക്കുകളുടേയും ഉപഭോക്താക്കളായി തളച്ചിടപ്പെട്ടിരിക്കുന്നു. ചൂഷിതരായ മറ്റിതര ജനവിഭാഗങ്ങള്‍ ചൂഷിതരായി തുടരുക തന്നെയാണു്. ആര്‍ക്കും കഴിഞ്ഞു് പോയ ദിവസം പോലെ ഇന്നും നാളെയും തള്ളി നീക്കാനാവാത്ത വിധം സാമൂഹ്യ ജിവിതം വഴിമുട്ടിയിരിക്കുന്നു. ജനങ്ങള്‍ ആശ്വാസം തേടി കൂടുതല്‍ കൂടുതല്‍ മതത്തേയും ദൈവത്തേയും പുതുതായി രംഗത്തു് വരുന്ന ആള്‍ ദൈവങ്ങളേയും ആശ്രയിക്കുന്ന കാഴ്ചയാണു് നാം കാണുന്നതു്.

സമൂഹത്തിനു് മാറ്റം കൂടിയേ തീരൂ. സ്വതന്ത്രരായ ഡിജിറ്റല്‍ വിജ്ഞാന സ്രഷ്ടാക്കള്‍ നമ്മുടെ മുമ്പില്‍ പുതിയൊരു മാതൃക അവതരിപ്പിക്കുകയാണു്. ജീവിതോപാധികളുടെയാകെ സ്വതന്ത്ര സൃഷ്ടാക്കളാണു് പുതിയ ഉല്പാദന ശക്തി. സ്വതന്ത്ര സ്രഷ്ടാക്കള്‍ തന്നെയാണു് ഉപഭോക്താക്കളും. സ്രഷ്ടാക്കളും ഉപഭോക്താക്കളും നേരിട്ടു് ബന്ധപ്പെടുന്നതാണു് പുതിയ ഉല്പാദനവിതരണവിനിമയ ബന്ധം. എല്ലാവരും സ്വതന്ത്രമായി ജീവിതോപാധികള്‍ സൃഷ്ടിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യും. അതിനിടയില്‍ മൂലധന ഉടമകളായ മുതലാളിമാരില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ മാതൃക ഭാവി സമൂഹത്തിന്റെ വ്യത്യസ്തമായ ഒരു രൂപ രേഖയാണു് വരച്ചു് കാണിക്കുന്നതു്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയും മുതലാളിത്തവും

ഡിജിറ്റല്‍ വിവര വിനിമയ ശൃംഖല, നിലവില്‍, മുതലാളിത്ത ചൂഷണത്തിന്റെ പ്രധാന ഉപാധികളിലൊന്നാണു്. ഉല്പാദന ചെലവു് കുറയ്ക്കാനുള്ള ഒട്ടേറെ സാദ്ധ്യതകള്‍ ഡിജിറ്റല്‍ ശൃംഖലയുടെ ഉപയോഗത്തിലൂടെ മുതലാളിത്തത്തിനു് ലഭ്യമായിരിക്കുന്നു. അസംസ്കൃത പദാര്‍ത്ഥങ്ങളുടേയും അദ്ധ്വാന ശേഷിയുടേയും ലഭ്യത, കമ്പോളത്തിന്റെ സാമിപ്യം തുടങ്ങി ചെലവു് കുറയ്ക്കാനാവുന്നയിടം നോക്കി ഉല്പാദനം വിതരിതമാക്കപ്പെടുന്നു (Distributed). വിതരിത ഉല്പാദന കേന്ദ്രങ്ങളെ, അവയുടെ ഉല്പന്നങ്ങളെ, വിവര വിനിമയ ശൃംഖല ഉപയോഗിച്ചു് കോര്‍ത്തിണക്കി മൂലധനത്തിന്റെ നിയന്ത്രണം ഉറപ്പിക്കുന്നു. ചരക്കുകളുടെ ആകര്‍ഷകമായ വിര്‍ച്വല്‍ രൂപം (പെരുപ്പിച്ച ഗുണഗണങ്ങള്‍ കാട്ടുന്ന ചിത്രം ശൃഖലയില്‍) കാട്ടി ആവശ്യം സൃഷ്ടിച്ചശേഷം ഉല്പാദിപ്പിച്ചു് മൂലധന നിക്ഷേപം കുറയ്ക്കുകയും വര്‍ദ്ധിച്ച ലാഭം കൊയ്യുകയും ചെയ്യുന്നു. കമ്യൂണിക്കേഷനും ബാങ്കിങ്ങും ഇന്‍ഷുറന്‍സും വിദ്യാഭ്യാസവും രോഗചികിത്സയുമടക്കം സേവനങ്ങള്‍ ശൃംഖലയില്‍ നേരിട്ടു് നല്‍കുന്നു. ബയോടക്നോളജിയടക്കം ഉപയോഗിച്ചുള്ള ഹൈടെക് കൃഷി രീതി, ബഹിരാകാശമടക്കം ഉപയോഗിക്കുക തുടങ്ങി ഒട്ടേറെ പുതിയ ഉല്പാദന രീതികള്‍ ആവിഷ്കരിക്കുന്നു. ചരക്കുകളുടെ വിനിമയ സേവനങ്ങള്‍ക്കു് തൊഴിലാളികളെ ഉപയോഗപ്പെടുത്താതെ, ഉപഭോക്താക്കളേക്കൊണ്ടു് തന്നെ പണി ചെയ്യിക്കുന്നു. അങ്ങിനെ കുറഞ്ഞ എണ്ണം തൊഴിലാളികളേയും സ്വയം തൊഴില്‍ സംരംഭകരേയും വെച്ചു് ഉല്പാദനവും വിതരണവും വിനിമയവും നടത്തപ്പെടുന്നു. അതിലൂടെയെല്ലാം, തൊഴിലാളികളുടെ കേന്ദ്രീകരണവും സംഘടനാ ശേഷിയും അവയുടെ ഇടപെടല്‍ ശേഷിയും അവരുടെ സമരങ്ങളുടെ പ്രഹര ശേഷിയും ഇടിയ്ക്കുന്നു. തൊഴിലാളികളെ അസംഘടിതരാക്കി നിര്‍ത്താനും നിലവിലുള്ള തൊഴില്‍ സംഘടനകളെ ക്ഷീണിപ്പിക്കാനും സ്ഥിരം തൊഴില്‍ നശിപ്പിക്കുന്നു. തൊഴിലുകള്‍ പുറം കരാര്‍ നല്‍കുന്നു. കരാര്‍ തൊഴിലും മണിക്കൂര്‍ തൊഴിലും ദിവസത്തൊഴിലും താല്കാലിക തൊഴിലും കുടിത്തൊഴിലും പെരുകുന്നു. ചുരുക്കത്തില്‍ അസംഘടിത തൊഴിലും അസംഘടിത തൊഴില്‍ മേഖലകളും വ്യാപിക്കുന്നു. ഇതിലൂടെയെല്ലാം പുതിയ അസംഘടിത തൊഴിലാളി വിഭാഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. തൊഴിലാളികളെ വെച്ചു് ഫാക്ടറി നടത്തുന്നതിനു് പകരം സ്വയം തൊഴില്‍ മേഖല വ്യാപിപ്പിക്കുന്നു. സ്വയം തൊഴില്‍ സംരംഭകരുടെ ഉല്പന്നങ്ങള്‍ ശേഖരിച്ചു് ബ്രാന്‍ഡ് ചെയ്തു് കുത്തക ഉല്പന്നങ്ങളായി വര്‍ദ്ധിച്ച വിലയ്ക്കു് വിറ്റു് പണം വാരുന്നു. തൊഴിലാളികളെന്ന പോലെ സ്വയംതൊഴില്‍ സംരംഭകരും ചൂഷണത്തിനു് വിധേയരാണു്. അവരുടെ വിലപേശല്‍ കഴിവു് കര്‍ഷകരുടേതു് പോലെ പരിമിതവും.

മൊത്തത്തില്‍, ഡിജിറ്റല്‍ ശൃംഖല ഉപയോഗിച്ചു്, മൂലധനത്തിന്റേയും ഉല്പാദനശാലകളുടേയും വിതരണത്തിന്റേയും തൊഴിലുകളുടേയും തൊഴിലാളി സംഘടനയുടേയും സംസ്കാരത്തിന്റേയും ജൈവ ഘടനയില്‍ മാറ്റം വരുത്തുന്നു. കൂലി ഇടിച്ചു് താഴ്ത്തപ്പെടുന്നു, തൊഴില്‍ കുറയ്ക്കപ്പെടുന്നു, സംഘടിത പ്രസ്ഥാനങ്ങളെ ക്ഷീണിപ്പിക്കുന്നു, ചൂഷണത്തോതു് കൂട്ടുന്നു, ലാഭം കുന്നു് കൂട്ടുന്നു.

മുതലാളിത്തം സമൂഹത്തിനു്, പ്രകൃതിക്കു്, പരിസ്ഥിതിക്കു് എല്ലാം ഭാരമായിരിക്കുന്നു

നിലവില്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ മൂലധനാധിപത്യ വ്യവസ്ഥയ്ക്കു് കഴിയുന്നില്ല. മാത്രമല്ല, കടുത്ത ചൂഷണം നടത്തുമ്പോഴും അതിലൂടെ വന്‍തോതില്‍ പെരുകിയ മൂലധനത്തിനു് ആനുപാതികമായി ലാഭം ഉയരാത്തതു് മൂലം ലാഭനിരക്കിടിയുകയും ചെയ്യുന്നു. ഇടിയുന്ന ലാഭനിരക്കു് ഓഹരി കമ്പോളത്തിന്റെ തകര്‍ച്ചയ്ക്കു് വഴിവെക്കാതെ നോക്കാന്‍ പൊതു സ്വത്തു് കൊള്ളയടിക്കുന്നു. വീണ്ടും പ്രാകൃത മൂലധന സഞ്ചയത്തിലേര്‍പ്പെടുന്നു. മൂലധനം പെരുപ്പിച്ചു് കാട്ടി ലാഭം കൂട്ടി ലാഭനിരക്കുയര്‍ത്തി നിര്‍ത്തുകയാണു്. അങ്ങിനെ പെരുപ്പിക്കപ്പെട്ട മൂലധനം ലാഭനിരക്കില്‍ വീണ്ടും ഇടിവുണ്ടാക്കാനാണുപകരിക്കുക എന്ന വിഷമ വൃത്തത്തിലാണു് ധന മൂലധനം എത്തിപ്പെട്ടിട്ടുള്ളതു്. ലാഭം വര്‍ദ്ധിപ്പിക്കാനായി പ്രകൃതി വിഭവങ്ങളുടെ ചൂഷണം വര്‍ദ്ധിപ്പിക്കുന്നു. പരിസ്ഥിതി നശിപ്പിച്ചും ലാഭം കൊയ്യുന്നു. മറുവശത്തു്, കടുത്ത തൊഴിലാളി ചൂഷണവും കടുത്ത കമ്പോള ചൂഷണവും മൂലം ജനങ്ങളുടെ ക്രയശേഷിയിലുണ്ടാകുന്ന ഇടിവു് വ്യാപാര മാന്ദ്യത്തിനു് വഴിവെക്കുന്നു. അതു് മറികടക്കാന്‍ ഉല്പാദനം വെട്ടിക്കുറയ്ക്കപ്പെടുന്നതും വളര്‍ച്ച മുരടിപ്പിക്കുന്നു. അതു് ഓഹരി കമ്പോളത്ത ബാധിക്കാതിരിക്കാന്‍ ഉല്പാദനം കൃത്രിമമായി ഉയര്‍ത്തി കാണിക്കുന്നതിനായി മുതലാളിത്തം ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നു.

നാളിതു് വരം സമൂഹം സ്വയം പ്രകൃതിയില്‍ നിന്നെടുത്തു് ഉപയോഗിച്ചിരുന്ന പ്രകൃതി വിഭവങ്ങള്‍ ചരക്കുകളാക്കപ്പെടുന്നു. വെള്ളം അതിലൊന്നാണു്. ഒരു വശത്തു് ജല സ്രോതസുകള്‍ മലിനമാകാന്‍ വിട്ടിരിക്കുന്നു. ജനങ്ങളുടെ കുടി വെള്ളം മുട്ടിക്കുന്നു. തുടര്‍ന്നു് കുടിവെള്ള കച്ചവടം പൊടി പൊടിക്കുന്നു. പട്ടണങ്ങളിലെ വായു മലിനീകരണത്തിന്റെ പ്രശ്നത്തില്‍ ഇന്നത്തെ നില തുടര്‍ന്നാല്‍ അടുത്ത ഭാവിയില്‍ തന്നെ ശുദ്ധവായു വിപണനം നമുക്കു് പ്രതീക്ഷിക്കാം. മരുന്നു് കമ്പനികള്‍ അവയുടെ വ്യാപാരം ഉയര്‍ത്താന്‍ രോഗം പെരുപ്പിക്കുന്നതിന്റെ ഫലമാണു് ഇന്നു് കാണുന്ന വര്‍ദ്ധിച്ചു് വരുന്ന രോഗങ്ങളില്‍ പലതും.

മറ്റൊന്നാണു് അദൃശ്യാസ്ഥികളുടെ വിപണനവും സമാന്തര സമ്പദ്ഘടനയും. സോഫ്റ്റ്‌വെയര്‍ അടക്കം ഇതര അറിവുകള്‍, ഓഹരി, ആസ്തികളുടെ പ്രമാണങ്ങളും അവയുടെ വകഭേദങ്ങളും (financial instruments and their derivatives) എന്നിങ്ങനെ ഒട്ടേറെ കൃത്രിമ ചരക്കുകള്‍ (വിര്‍ച്വല്‍ ചരക്കുകള്‍) സൃഷ്ടിക്കുന്നു. അവയുടെ ആവര്‍ത്തിച്ചുള്ള വ്യാപാരത്തിലൂടെ ഉല്പാദന വര്‍ദ്ധനവും വളര്‍ച്ചയും കണക്കില്‍ കാണിച്ചു് ഓഹരി ഉടമകളെ കബളിപ്പിക്കുകയാണു് ധന മൂലധനാധിപത്യം ചെയ്യുന്നതു്. അവധിക്കച്ചവടം പോലെ തന്നെ, ഇവയൊന്നും യഥാര്‍ത്ഥ സമ്പത്തുല്പാദനം ഉയര്‍ത്തുന്നില്ല. അതേ സമയം വില ഉയര്‍ത്തുകയും ഇടത്തട്ടുകാരുടെ ലാഭം കൂട്ടുകയും മാത്രമാണു്. വളര്‍ച്ച കണക്കില്‍ കാണുമ്പോഴും തൊഴില്‍ വളരാത്തതിനു് കാരണമായ തൊഴില്‍ രഹിത വളര്‍ച്ചഎന്ന പ്രതിഭാസം ഇതാണു്. തൊഴിലാളിയെ വെയ്ക്കാതെ, ഇത്തരത്തില്‍ കൃത്രിമമായി പെരുപ്പിച്ച ചരക്കുകളും കൊള്ളക്കൊടുക്കകളുമൊന്നും യഥാര്‍ത്ഥ മിച്ച മൂല്യമോ തദ്വാര ലാഭമോ സൃഷ്ടിക്കുന്നില്ല. കാരണം, ലാഭത്തിന്റെ അടിസ്ഥാനം അദ്ധ്വാന ശേഷിയുടെ ചൂഷണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന മിച്ചമൂല്യമാണു്. വ്യാപാര മിച്ചമെന്നാല്‍ മുതലാളിമാര്‍ തമ്മില്‍ പരസ്പരം ലാഭം പിടിച്ചുപറിക്കല്‍ മാത്രമാണു്. ഒരിടത്തെ ലാഭം മറ്റൊരിടത്തെ നഷ്ടമാണു്. തട്ടിക്കിഴിച്ചാല്‍ മൊത്തത്തില്‍ ലാഭമെ നഷ്ടമോ ഉണ്ടാകുന്നില്ല. ചുരുക്കത്തില്‍ തൊഴിലാളികളേയും ഉപഭോക്താക്കളേയും കൊള്ളയടിക്കുകയും പാപ്പരീകരിക്കുകയും ചെയ്തു് കുത്തക മൂലധനം പെരുപ്പിക്കുന്നതിന്റെ ഉപാധി മാത്രമാണു് ഇത്തരം കൃത്രിമ കമ്പോളം.

ഫ്രാന്‍സിസ് പാപ്പ മുതലാളിത്ത വ്യവസ്ഥയ്ക്കെതിരെ

പ്രബോധന രേഖയില്‍ ഫ്രാന്‍സിസ് പാപ്പ പറയുന്നതിതാണു്. ”നിയന്ത്രണങ്ങളില്‍ നിന്നു് വിമുക്തമാക്കപ്പെട്ട വിപണി പുതിയ സ്വേച്ഛാധിപത്യമാണു്. പൊതു നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഭരണകൂടങ്ങള്‍ക്കു് മേല്‍ വിപണി ശക്തികള്‍ ആധിപത്യം നേടി. . . . . . . ഇതു് സമ്പത്തിന്റെ കേന്ദ്രീകരണത്തിനും അതി ഭീകരമായ അസമത്വത്തിനും വഴിവെയ്ക്കുന്നു. എവിടെയും കേന്ദ്രസ്ഥാനത്തു് പണം, ധന മൂലധനത്തിന്റെ ചൂതാട്ടം.”

കടുത്ത മുതലാളിത്ത ചൂഷണം മൂലം ക്രയശേഷി നഷ്ടപ്പെടുന്ന ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ദുരിതത്തിലേയ്ക്കു് തള്ളിയിടപ്പെടുന്നു. അതാകട്ടെ, അമിതോല്പാദനക്കുഴപ്പത്തിനു് വഴിവെയ്ക്കുന്നു. ഉല്പാദനം കുറയ്ക്കുന്നു. തൊഴില്‍ കുറയുന്നു. അതിനു് പരിഹാരമായി കടം കൊടുത്തു് ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. അതിലൂടെ കമ്പോളം വികസിപ്പിക്കുന്നു. പക്ഷെ, പരിഹാരം തികച്ചും താല്കാലികം മാത്രമാണു്. കടം തിരിച്ചടവു് സമൂഹത്തെ കൂടുതല്‍ പാപ്പരാക്കുക മാത്രമാണു്. ക്രയ ശേഷി വീണ്ടും ചുരുങ്ങുന്നു. ദാരിദ്ര്യം പെരുകുന്നു. ചരക്കുകള്‍ കെട്ടിക്കിടക്കുന്നു.

ഒരു വശത്തു് ധാരാളിത്തവും മറുവശത്തു് ദാരിദ്ര്യവും ഒരേ സമയം നടമാടുന്നു. ഈ അസംബന്ധത്തിനെതിരെ ജനങ്ങള്‍ തിരിയാതിരിക്കാന്‍, എല്ലാ ജനതകളേയും തങ്ങളുടെ വരുതിയിലാക്കാനായി സാംസ്കാരിക മേധാവിത്തം സ്ഥാപിക്കുന്നു. എല്ലാ പ്രാദേശികദേശീയ സംസ്കാരങ്ങളേയും നശിപ്പിക്കുന്നു. അതിനായി മുതലാളിത്ത സാംസ്കാരിക യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നു. അതു് പ്രാദേശിക ഭാഷകളേയും പ്രാദേശിക സംസ്കാരത്തേയും തള്ളിമാറ്റുന്നു. സമൂഹമാകെ, കുട്ടികളും തൊഴിലാളികളുമടക്കം, മുതലാളിത്ത സാംസ്കാരിക യന്ത്രത്തിന്റെ അനുബന്ധങ്ങളായും അതിലൂടെ മുതലാളിത്ത സംസ്കാരത്തിന്റേയും ചരക്കുകളുടെ ഉപഭോക്താക്കളായും മാറുന്നു. അതേ സമയം, മുതലാളിത്തം ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വ്യാപനത്തിലൂടെയും അതും ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രവും ഉപയോഗിച്ചുള്ള പുതിയ സാംസ്കാരിക യന്ത്രത്തിന്റെ സൃഷ്ടിയിലൂടെയും അതിന്റെ നാശത്തിനുള്ള ആയുധത്തിന്റെ മൂര്‍ച്ചയും അതുപയോഗിക്കുന്നവരുടെ പ്രഹര ശേഷിയും കൂട്ടിയിരിക്കുകയാണു്. വിവര സാങ്കേതിക വിദ്യയുടെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായ സോഫ്റ്റ്‌വെയര്‍ മൂലധനാധിപത്യത്തില്‍ നിന്നു് സ്വതന്ത്രമാക്കപ്പെട്ടിരിക്കുന്നു. ഹാര്‍ഡ്‌വെയറിന്റെ രംഗത്തും സ്വതന്ത്ര സ്രഷ്ടാക്കള്‍ക്ക് മൂലധനാധിപത്യത്തെ അപ്രസക്തമാക്കാനാവും. അതോടെ സ്പെക്ട്രവും ശൃംഖലയും സ്വതന്ത്രമാക്കുന്നതിനുള്ള കഴിവു് സ്വതന്ത്ര സ്രഷ്ടാക്കള്‍ക്കു നേടാനാവും. ജീവിതോപാധികളുടെ സൃഷ്ടി നടത്തുന്ന തൊഴിലാളികള്‍ക്കും സമൂഹത്തിനു് ജീവിതോപാധികള്‍ നേരിട്ടു് സൃഷ്ടിച്ചു് നല്‍കുന്ന സ്വതന്ത്ര സ്രഷ്ടാക്കളായി ഉയരാം. കൂലിയടിമത്വം അവസാനിപ്പിക്കാം. പുതിയ ഉല്പാദന ശക്തിയായി മാറാം. പുതിയ ഉല്പാദന ബന്ധം സൃഷ്ടിക്കാം. വിവര സാങ്കേതിക വിദ്യയും ശൃംഖലയും ഇത്രയേറെ വികസിപ്പിച്ചതിലൂടെ പുതിയ ആയുധം എടുത്തുപയോഗിക്കാന്‍ ശേഷിയുള്ള ആധുനിക തൊഴിലാളി വര്‍ഗ്ഗത്തേയാണു് മുതലാളിത്തം സൃഷ്ടിച്ചിരിക്കുന്നതു്.

മുതലാളിത്തം മൂലധന ഉടമകള്‍ക്കു് അതിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലാഭം പോലും ഉറപ്പു് വരുത്താന്‍ കഴിയാത്തത്ര പ്രതിസന്ധിയിലാണു്. അതു്, ഇന്നു് കൊള്ള മുതലാളിത്തമായി അധ:പതിച്ചിരിക്കുന്നു. നിലവിലുള്ള മൂലധനതൊഴില്‍ ബന്ധം അവസാനിപ്പിക്കാതെ സമൂഹം നേരിടുന്ന ഈ കാതലായ പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരമില്ലെന്ന നിര്‍ണ്ണായകാവസ്ഥ സംജാതമായിരിക്കുന്നു. മാറ്റം സാധ്യമാക്കുന്ന എല്ലാ ഭൌതിക ഘടകങ്ങളും ഒത്തു് വന്നിരിക്കുന്നു. അതു് നടപ്പാക്കപ്പെടുകയേ വേണ്ടൂ.

രാഷ്ട്രീയ രംഗത്തു് ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രഭാവം

ഉല്പാദന രംഗത്തു് മാത്രമല്ല, രാഷ്ട്രീയ രംഗത്തും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടേയും ശൃംഖലയുടേയും പ്രഭാവം പ്രകടമാണു്. സാമ്രാജ്യത്വവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ലോകമാകെ സര്‍ക്കാരുകള്‍ക്കു് മേലും പൊതുവെ സമൂഹത്തിനു് മേലും അതിന്റെ ആധിപത്യം സ്ഥാപിക്കാനും നിലനിര്‍ത്താനും വിവര സാങ്കേതിക വിദ്യയില്‍ അവയ്ക്കുള്ള കുത്തകയും അതും സമൂഹ സമ്പത്തായ ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രവും ഉപയോഗിച്ചു് പ്രസരിപ്പിക്കപ്പെടുന്ന മൂലധന സംസ്കാരവും ഉപയോഗപ്പെടുത്തുകയാണു്. മൂലധനത്തിന്റെ പ്രാദേശികദേശീയ കെട്ടുപാടുകളറുത്തു് ആഗോള വ്യാപനവും ഒഴുക്കും സുഗമമാക്കപ്പെടുന്നതു് സാര്‍വ്വദേശീയ ശൃംഖല ഉപയോഗിച്ചാണു്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ പ്രധാന വാഹനങ്ങളിലൊന്നാണതു്. വിവര സാങ്കേതിക വിദ്യയില്‍ സാമ്രാജ്യത്വവും കോര്‍പ്പറേറ്റു് സ്ഥാപനങ്ങളും അവയുടെ മേധാവിത്വം സ്ഥാപിക്കുന്നതു് വിവിധ മേഖലകളിലുള്ള വിജ്ഞാനം സമൂഹത്തിനു് നിഷേധിക്കുന്ന തരത്തില്‍ അവയെ ഉല്പാദന ക്ഷമമല്ലാതാക്കിക്കൊണ്ടു് അയഥാര്‍ത്ഥമായ ഉടമാവകാശം സ്ഥാപിച്ചെടുത്തുകൊണ്ടാണു്. വിജ്ഞാനം ഉല്പാദന ക്ഷമമാകുന്നതു് സ്രഷ്ടാവിനു് അതുപയോഗി ക്കാനാകുമ്പോള്‍ മാത്രമാണു്. ഉപയോഗിക്കാനാകാതെ ശാസ്ത്രസാങ്കേതിക അറിവു് ഒളിപ്പിച്ചു് വെയ്ക്കുന്നതിലൂടെ സമൂഹം സൃഷ്ടിച്ചെടുത്ത ഉല്പാദന ശേഷി ഉപയോഗപ്പെടുത്താന്‍ അതിനെ അനുവദിക്കാതിരിക്കുകയാണു് കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന മുതലാളിത്തം ചെയ്യുന്നതു്. ആദിമ സംസ്കാരങ്ങളിലൊന്നാണു് സിന്ധു നദീതടത്തില്‍ രൂപപ്പെട്ടതു്. അന്നു് സാംസ്കാരികമായി ഈ ഭൂപ്രദേശം മുന്നിട്ടു് നിന്നിരുന്നു. അന്നു് നേടിയ വൈജ്ഞാനിക പുരോഗതിയും സാംസ്കാരികോന്നതിയും സമൂഹത്തിനു് പ്രയോജനപ്പെടാതായതും ക്രമേണ വിദേശാധിപത്യത്തിലേയ്ക്കെത്തുന്നതിനു് വഴിയൊരുക്കിയതും ആ വിജ്ഞാനം സമൂഹത്തില്‍ നിന്നു് പൊതുവെ മറച്ചു് വെച്ചു് ഒരു പിടി മേല്‍ത്തട്ടുകാരുടെ കുത്തകയാക്കിയ ജാതി സമ്പ്രദായം മൂലമായിരുന്നു. അതു് പുതിയ രീതിയില്‍ പുതിയ രൂപത്തില്‍ ബൌദ്ധിക സ്വത്തവകാശ നിയമങ്ങളിലൂടെ ലോകമാകെ നടപ്പാക്കപ്പെടുകയാണിന്നു്. ഇന്ത്യയിലാകട്ടെ, കൂട്ടത്തില്‍, ജാതി സമ്പ്രദായം, ഇന്നും, കൊടികുത്തി വാഴുന്നു. അതോടൊപ്പം, രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ മേല്‍ത്തട്ടു്കീഴ്ത്തട്ടു് ഘടനമൂലമുണ്ടാകുന്ന വിടവുകളും ഒപ്പം വര്‍ദ്ധിച്ചു് വരുന്ന വിവര വിടവും.

സമൂഹത്തിലെ ഓരോ അംഗത്തിന്റേയും ജന്മാവകാശമായ, വായുവും വെള്ളവും അറിവും പോലെ പ്രകൃതി വിഭവമായിട്ടുള്ള, ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം കുത്തക മുതലാളിമാര്‍ക്കു് അവയുടെ ഉടമകളായ സമൂഹത്തെ കൊള്ളയടിക്കാനുള്ള ഉപാധിയായി കൈമാറപ്പെടുകയാണു്. ഇന്ത്യയില്‍ 1.76 ലക്ഷം കോടി രൂപ ദല്ലാളന്മാരുടെ കൈകളിലെത്തിച്ചതിന്റെ കഥ പറയുന്ന സ്പെക്ട്രം അഴിമതിയുടെ മറുപുറം 2 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ഖജനാവിലെത്തിയതിന്റേതാണു്. അതായതു് നാലു് ലക്ഷം കോടിയോളം രൂപയാണു് സ്പെക്ട്രത്തിന്റെ പേരില്‍ അതിന്റെ യഥാര്‍ത്ഥ ഉടമകളായ ജനങ്ങളെ കൊള്ളയടിച്ചിരിക്കുന്നതു്. ഈ കൊള്ള തുടര്‍ന്നുള്ള കാലത്തും നടക്കുകയാണു്. ആ സ്പെക്ടം ഉപയോഗിക്കപ്പെടുന്നതു് സമൂഹാംഗങ്ങളുടെ സ്വതന്ത്രമായ ആശയ വിനിമയത്തിലുപരി, മൂലധന സംസ്കാരത്തിന്റെ വിതരണ വാഹനമായാണു്, അതിന്റെ പ്രസരണോപാധിയായാണു്. ജനങ്ങളുടെ സ്വത്തായ ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം, അങ്ങിനെ, കോര്‍പ്പറേറ്റു് നിയന്ത്രണത്തിലുള്ള ദൃശ്യശ്രാവ്യഉല്ലാസവാര്‍ത്താ വിതരണ വ്യവസ്ഥയുടെ, മൂലധന സംസ്കാരത്തിന്റെ ഉല്പാദനവിതരണ യന്ത്രത്തിന്റെ, ഭാഗമായി മാറി.

സ്വതന്ത്ര വിജ്ഞാനവും തൊഴിലാളികളും

സ്വതന്ത്ര സോഫ്റ്റ്‌വെയറും ഇതര സ്വതന്ത്ര വിജ്ഞാനശാഖകളും മൂലധന ചൂഷണത്തിനും കുത്തകയ്ക്കും സാമ്രാജ്യത്വത്തിനും എതിരായ ചെറുത്തു് നില്പിന്റെ രൂപങ്ങളായി ഉപയോഗിക്കാന്‍ നിലവില്‍ ചൂഷണത്തിനു് വിധേയരും അതില്‍ നിന്നു് മോചനം നേടാനായി പോരാട്ടത്തിലേര്‍പ്പെടുന്നവരുമായ വര്‍ഗ്ഗങ്ങള്‍ക്കു് കഴിയും. തങ്ങളുടെ ഭാവിയെന്തെന്നു് തിരിച്ചറിയാനും അതു് സ്വതന്ത്രമായി കരുപ്പിടിപ്പിക്കാനും അതിലേയ്ക്കുള്ള പ്രയാണത്തില്‍ സ്വയം മാറിത്തീരാനും സ്വതന്ത്ര വിജ്ഞാനാര്‍ജ്ജനവും അവയുടെ പ്രയോഗവും അനിവാര്യ ഘടകങ്ങളാണു്. സ്വതന്ത്ര വിജ്ഞാനാര്‍ജ്ജനവും പ്രയോഗവും പുതിയ വിജ്ഞാന സൃഷ്ടിക്കും തുടര്‍ന്നു് സ്വതന്ത്ര ദ്രവ്യോപാധികളുടെ സൃഷ്ടിക്കും അങ്ങിനെ, സ്വതന്ത്ര സ്രഷ്ടാക്കളുടെ തന്നെ സൃഷ്ടിക്കും, അവസാനം സ്വതന്ത്ര സമൂഹ സൃഷ്ടിക്കും വേണ്ടി ഉപയോഗിക്കുക എന്നതു് തൊഴിലാളികളുടേയും തൊഴിലാളി പ്രസ്ഥാനങ്ങളുടേയും വര്‍ഗ്ഗപരമായ അടിയന്തിര കടമയാണു്.

ധന മൂലധന കുത്തകയ്ക്കും സാമ്രാജ്യാധിപത്യത്തിനും എതിരായ സമരത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാതൃക ഇതര രംഗങ്ങളിലും പ്രയോഗക്ഷമമാണു്. സമൂഹത്തില്‍ നിന്നെടുത്ത സോഫ്റ്റ്‌വെയറില്‍ പുതിയ ചില ഘടകം കൂട്ടിച്ചേര്‍ത്തു് അതു് രഹസ്യമാക്കി വെച്ചു് വര്‍ദ്ധിച്ച ചൂഷണം നടത്തുകയാണു് കുത്തകകള്‍ ചെയ്യുന്നതു്. കുത്തകയ്ക്കെതിരെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്രഷ്ടാക്കള്‍ നടത്തിയ കലാപം സ്വന്തമായി കൂടുതല്‍ ഗുണ മേന്മയുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചുകൊണ്ടാണു്. അതിന്റെ വിതരണത്തിനും തുടര്‍ന്നങ്ങോട്ടു് സ്വകാര്യമാക്കപ്പെടാതിരിക്കാനും മെച്ചപ്പെട്ട നിയമ വ്യവസ്ഥയുമുണ്ടാക്കി. അതു് മൂലം ഇന്നു്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാമ്രാജ്യാധിപത്യത്തിനെതിരായ സമരത്തില്‍ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി പോരാടുന്ന രാജ്യങ്ങള്‍ക്കം പ്രസ്ഥാനങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും എടുത്തുപയോഗിക്കാന്‍ കഴിയുന്നു. അതേപോലെ, ഇതര മേഖലകളിലും നിലവില്‍ മുതലാളിത്തം ചൂഷണത്തിനായി സൃഷ്ടിച്ചിട്ടുള്ള ഉപാധികള്‍ക്കും വ്യവസ്ഥയ്ക്കും ബദലായി സാമൂഹ്യ പുരോഗതിക്കും സമൂഹത്തിന്റെ വിപ്ലവകരമായ പരിവര്‍ത്തനത്തിനും ഉതകുന്ന മാതൃകകള്‍ സൃഷ്ടിക്കാനാവും.

തൊഴിലാളികള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠിക്കണം, ഉപയോഗിക്കണം

തൊഴിലാളികള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സൃഷ്ടിക്കാനും ഉപയോഗിക്കാനും പഠിക്കണം. ഇതിനര്‍ത്ഥം എല്ലാവരും സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നവരായി മാറണമെന്നല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവര്‍ നമ്മോടൊപ്പമുണ്ടു്. നമുക്കു് നമ്മുടെ കുട്ടികളെ അതു് പഠിപ്പിക്കാനാവണം. ആവശ്യമായത്ര, കൂടുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്രഷ്ടാക്കളെ നമുക്കു് വളര്‍ത്തിയെടുക്കണം. നമ്മള്‍, നമ്മുടെ ആവശ്യങ്ങള്‍ക്കു്, സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കുകയും പകരം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുകയും ചെയ്തു് തുടങ്ങണം. ക്രമേണ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവരായി മാറണം. രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാവുകയാണു് പ്രധാനം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് സ്വതന്ത്ര വിജ്ഞാനം സൃഷ്ടിക്കുന്നവരായി വളരണം. വിവിധ പ്രാദേശിക ഭാഷകളുടെ വളര്‍ച്ചയ്ക്കും പ്രാദേശിക ഭാഷകളില്‍ ഭരണത്തിനും സ്ഥാപന നടത്തിപ്പിനും ആസൂത്രണത്തിനും ജീവിതോപാധികളുടെ സൃഷ്ടിക്കും വിതരണത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനുമടക്കം എണ്ണമറ്റ വിജ്ഞാന ശാഖകളില്‍ സ്വതന്ത്ര വിജ്ഞാനം സൃഷ്ടിക്കേണ്ടതും വികസിപ്പിക്കേണ്ടതും അത്യാവശ്യമായിരിക്കുന്നു. തുടര്‍ന്നു് നമുക്കു് സ്വതന്ത്രമായി ജീവിതോപാധികള്‍ സൃഷ്ടിക്കുന്നവരായി വളരാന്‍ കഴിയണം. തൊഴിലാളികളായിരിക്കുമ്പോള്‍ തന്നെ, സ്വതന്ത്രമായി ജീവിതോപാധികള്‍ സൃഷ്ടിക്കുന്നതിന്റെ സ്വതന്ത്ര മാതൃകകള്‍ നമുക്കുണ്ടാക്കിത്തുടങ്ങാം. നമ്മുടെ സംഘടനകള്‍ക്കു് അതിനു് നേതൃത്വം കൊടുക്കാനാവും. അതിലൂടെ പുതിയ സമൂഹ സൃഷ്ടിക്കുള്ള മുന്നൊരുക്കത്തില്‍ പങ്കാളികളാകാം.

സ്വതന്ത്ര സമൂഹ സൃഷ്ടിയ്ക്കായുള്ള പ്രവര്‍ത്തന പരിപാടികള്‍

  1. സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകളുടെ സ്ഥാനത്തു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ബോധപൂര്‍വ്വം ഉപയോഗിച്ചു് തുടങ്ങുക.

  2. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായി പങ്കു് വെച്ചു് പഠിക്കാനായും സ്വതന്ത്ര വിജ്ഞാനാര്‍ജ്ജനത്തിനായും ഓരോ തൊഴില്‍ സ്ഥാപനത്തിലും സ്വതന്ത്ര വിജ്ഞാന ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുക, അവയെ ശൃംഖലയില്‍ ബന്ധിപ്പിക്കുകയും ചെയ്യുക.

  3. വിവര സാങ്കേതിക വിദ്യ പഠിക്കുന്ന കുട്ടികളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠിപ്പിച്ചു് സ്വതന്ത്ര സ്രഷ്ടാക്കളായി വളര്‍ത്തുക. സ്വതന്ത്ര വിജ്ഞാന വ്യാപനത്തിനായി മാതൃകാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു് പ്രവര്‍ത്തിപ്പിക്കുക.

  4. ആരോഗ്യ സംരക്ഷണം ഉറപ്പു് വരുത്തുന്നതിനായി മാതൃകാ ആരോഗ്യ പരിപാലന സ്ഥാപനങ്ങള്‍ സ്ഥാപിച്ചു് പ്രവര്‍ത്തിപ്പിക്കുക.

  5. തൊഴില്‍ സ്ഥാപനങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നതിനായി മാനേജ്മെന്റില്‍ ഇടപെടുക. മാനേജ്മെന്റിനേയും സര്‍ക്കാരിനേയും അതിന്റെ സാധ്യതകളും ആവശ്യകതയും പ്രായോഗികതയും ബോധ്യപ്പെടുത്താനുള്ള ഇടപെടല്‍ നടത്തുക.

  6. തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുകയും തൊഴിലാളി സംഘടനകളുടെ വിവര വിനിമയഅച്ചടിവിജ്ഞാന ലഭ്യതാവ്യാപനാപ്രചരണാവശ്യങ്ങള്‍ക്കു് പൊതുവായ ശൃംഖലയും ശൃംഖലാകേന്ദ്രവും വിവര സംഭരണിയും ഇമെയില്‍ സംവിധാനവും സ്വതന്ത്ര മാധ്യമ ശൃഖലയും സ്വന്തമായി സ്ഥാപിച്ചു് പ്രവര്‍ത്തിപ്പിക്കുക.

  7. സ്വതന്ത്ര ശൃംഖലാ കേന്ദ്രത്തില്‍ തൊഴിലാളികളുടെ വിവരം ആവാസ കേന്ദ്രാടിസ്ഥാനത്തില്‍ ശേഖരിച്ചു് സംഭരിച്ചു് അവയുടെ വിശകലനത്തിലൂടെ വിവിധ അസംഘടിത മേഖലകളുടെ സംഘടനാ കേന്ദ്രങ്ങള്‍ നിലവില്‍ വരുത്തുകയും ആവാസ കേന്ദ്രാടിസ്ഥാനത്തിലുള്ള ഘടകങ്ങളിലൂടെ ഭാവി പ്രവര്‍ത്തനം സംഘടിപ്പിക്കുകയും ചെയ്യുക. സംഘടനാ ചര്‍ച്ച നടത്തുക, തൊഴിലാളികളില്‍ നിന്നുള്ള പ്രതികരണം സംഭരിക്കുക, അതനുസരിച്ചുള്ള സമരപ്രക്ഷോഭപ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയവയ്ക്കെല്ലാം പ്രസ്തുത കേന്ദ്രം ഉപകരിക്കും.

  8. സഖ്യ ശക്തികളായ കര്‍ഷകര്‍ക്കും സ്വയംതൊഴില്‍ സംരംഭകര്‍ക്കും സ്വതന്ത്ര സോഫ്റ്റ്‌വെയറും സ്വതന്ത്ര വിജ്ഞാനവും സ്വതന്ത്ര സേവനങ്ങളും ലഭ്യമാക്കുകയും അവരേയും അവരവരുടെ മേഖലകളില്‍ സ്വതന്ത്ര സ്രഷ്ടാക്കളായി മാറാന്‍ പ്രാപ്തരാക്കുകയും ചെയ്യുക.

  9. സാമ്രാജ്യത്വ സാംസ്കാരികാധിനിവേശം തടയാന്‍ മലയാളികളുടെ സംസ്കാരം ഉറപ്പിച്ചു് പിടിക്കാനും പുതിയ ഡിജിറ്റല്‍ ശൃംഖലയുടെ സാധ്യതകളുപയോഗിച്ചു് അതിനെ വികസിപ്പിക്കാനും മലയാള ഭാഷയെ മറ്റേതു് ലോക ഭാഷയ്ക്കുമൊപ്പം വളര്‍ത്താനും മറ്റു് ഭാഷകളുമായി വിജ്ഞാനത്തിന്റെ നിരന്തരമായ ആദാനപ്രദാനം നടത്താനുമുള്ള സാമൂഹ്യ പദ്ധതിക്കു് മലയാളികളെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക.

മേല്പറഞ്ഞവയില്‍ നിന്നു് മുന്‍ഗണനയും സാധ്യതയും പരിഗണിച്ചു് പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കാവുന്നതാണു്.

ചുരുക്കത്തില്‍, നിലവില്‍ തൊഴിലാളി സംഘടനാ തലത്തില്‍ സാധ്യമായ തോതിലുള്ള ചെറുത്തു് നില്പു് തുടരുന്നതോടൊപ്പം അതിന്റെ ശക്തിയും വ്യാപ്തിയും ഫലപ്രാപ്തിയും ഉയര്‍ത്തുക കൂടി ചെയ്യുന്നതിനു് ഈ രംഗത്തെ ഇടപെടല്‍ സഹായിക്കും. ഇതിലൂടെ സംഘടനയും സംഘടനാ പ്രവര്‍ത്തകരും തൊഴിലാളികളും നേടിയെടുക്കുന്ന സ്വതന്ത്ര വിജ്ഞാനവും മാനേജ്മെന്റു് വൈദഗ്ദ്ധ്യവും ഇന്നത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു് മുതല്‍ കൂട്ടാവും. മാനേജ്മെന്റുമായും സര്‍ക്കാരുമായും നടക്കുന്ന വ്യവസായ തര്‍ക്കങ്ങളിലും ചര്‍ച്ചകളിലും കൂടുതല്‍ ഫലപ്രാപ്തിക്കിടയാക്കും. ക്രമേണ, മൂലധന ശക്തികളില്‍ നിന്നു് സമൂഹത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അടക്കം ഉല്പാദനവിതരണവിനിമയ പ്രക്രികളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുമുള്ള പ്രാപ്തി നേടുന്നതിനും അങ്ങിനെ സമൂഹത്തെയാകെ നല്ല ഭാവിയിലേയ്ക്കു് നയിക്കാന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് കഴിയുമെന്ന കാര്യം പ്രായോഗിക ഉദാഹരണങ്ങളിലൂടെ കര്‍ഷകരും ചെറുകിടഇടത്തരം സംരംഭകരുമടക്കം സഖ്യ ശക്തികളെ ബോധ്യപ്പെടുത്തുന്നതിനും അവരെ കൂടെവരാന്‍ പ്രേരിപ്പിക്കുന്നതിനും ഉപകരിക്കുന്നതാണു് ഈ രംഗത്തെ ഇടപെടലുകള്‍.

കടപ്പാട്:- കെ ചന്ദ്രന്‍ പിള്ള

Advertisements

About പ്രശോഭ് ജി.ശ്രീധര്‍ -ചാത്തോത്ത്

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എ.ടി.പി.എസ്സ്. കൊച്ചി www.atps.in
This entry was posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w